Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

86-ാം വയസിലും രാഘവ വാര്യർക്ക് ഒന്നരലക്ഷം രൂപ ശമ്പളവും അതിന്റെ പകുതിയോളം പെൻഷനും കറങ്ങി നടക്കാൻ സർക്കാർ കാറും; മോൻസന്റെ വിവാദ ശബരിമല ചെമ്പോലയിൽ ചരിത്രകാരന്മാർ സംശയ നിഴലിൽ നിർത്തിയ ഇടതു ചരിത്രകാരന് വീണ്ടും കോളടിച്ചു; തൃപ്പുണ്ണിത്തുറയിലെ താക്കോൽ സ്ഥാനം വീണ്ടും നൽകി ആദരിച്ച് പിണറായി സർക്കാർ

86-ാം വയസിലും രാഘവ വാര്യർക്ക് ഒന്നരലക്ഷം രൂപ ശമ്പളവും അതിന്റെ പകുതിയോളം പെൻഷനും കറങ്ങി നടക്കാൻ സർക്കാർ കാറും; മോൻസന്റെ വിവാദ ശബരിമല ചെമ്പോലയിൽ ചരിത്രകാരന്മാർ സംശയ നിഴലിൽ നിർത്തിയ ഇടതു ചരിത്രകാരന് വീണ്ടും കോളടിച്ചു; തൃപ്പുണ്ണിത്തുറയിലെ താക്കോൽ സ്ഥാനം വീണ്ടും നൽകി ആദരിച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭകാലത്ത് ആ സമരം ഉയർത്തിയ വാദങ്ങളെ തകർക്കാൻ ആരൊക്കെയോ ചേർന്ന് നിർമ്മിച്ച ചെമ്പോല വായിച്ച് അതിന്റെ ഉള്ളടക്കം എന്താണെന്നും ആ ചെമ്പോലയ്ക്ക് 350 വർഷത്തെ പഴക്കമുണ്ടെന്നും ഗണിച്ചുപറഞ്ഞ ചരിത്രകാരനാണ് പ്രൊഫ. എംആർ രാഘവവാര്യർ. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനെ തുടർന്നു എം.ജി ശശിഭൂഷൺ അടക്കമുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ ബന്ധപ്പെട്ട് ഇത് തെറ്റാണെന്നും ചെമ്പോല വ്യാജമാണെന്ന് മുമ്പ് തന്നെ തെളിഞ്ഞിട്ടുള്ളതാണെന്നും തിരുത്തിയെങ്കിലും രാഘവവാര്യർ മൗനം പാലിക്കുകയായിരുന്നു.

തന്റെ കണ്ടെത്തൽ തെറ്റാണെന്ന് അദ്ദേഹം ഇതുവരെ ഒരിടത്തും പറഞ്ഞിട്ടില്ല. ശബരിമലയുടെ ആചാരങ്ങളെ രേഖപ്പെടുത്തി വച്ച ചെമ്പോലയുടെ ആധികാരികത വെളിപ്പെടുത്തിയ ചരിത്രകാരനായാണ് ഇന്നും രാഘവവാര്യർ അറിയപ്പെടുന്നത്. ഇത് ഇടതു സർക്കാരിനും തുണയായി എന്നത് വസ്തുതയാണ്. നിരവധി പരാതികളാണ് ചരിത്രകാരന്മാർ ഇതുമായി ബന്ധപ്പെട്ടുയർത്തിയത്. എന്നിട്ടും രാഘവവാര്യർക്ക് കോളടിക്കുകയാണ്. വിവാദങ്ങളിലൂടെ മോൻസൺ മാവുങ്കൽ അറസ്റ്റിന് ശേഷം ചർച്ചയായ വ്യക്തിക്ക് വീണ്ടും കോളടിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടർ ജനറലായി ഡോ. എംആർ രാഘവ വാര്യർക്ക് പുനർനിയമനം നൽകാനാണ് മന്ത്രിസഭയുടെ തീരുമാനം.

കേരള സർവകലാശാലയുടെ ചരിത്രവിഭാഗം തലവനും കേരളത്തിലെ അറിയപ്പെടുന്ന ചരിത്ര ഗവേഷകരിൽ ഒരാളുമായ ഡോ. രാഘവവാര്യർ ശബരിമല ചെമ്പോലയെ വെള്ളപൂശിയത് എന്തിനെന്ന ചോദ്യം നിർണ്ണായകമാണ്. രാഘവവാര്യർക്ക് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് തൃപ്പുണ്ണിത്തുറയിലെ നിയമനം ലഭിച്ചത്. 2018 ൽ തൃപ്പൂണിത്തുറയിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് എന്ന ചരിത്ര ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറാക്കി കൊണ്ട് നിയമിച്ചു. ഈ സ്ഥാനലബ്ദി വ്യാജ കണ്ടെത്തലിനുള്ള ഉപഹാരമാണെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാതെയാണ് വീണ്ടും നിയമനം.

എൺപത്തിയഞ്ച് വയസുള്ള അദ്ദേഹത്തെ ഏകദേശം ഒന്നരലക്ഷം രൂപ ശമ്പളത്തോടെയാണ് സംസ്ഥാനസർക്കാർ ആ പോസ്റ്റിൽ 2018ൽ നിയമിച്ചത്്. ശമ്പളത്തിന് പുറമെ ഔദ്യോഗിക വാഹനവും ഡ്രൈവറും മറ്റ് ആനുകൂല്യങ്ങളുമൊക്കെ സർക്കാർ നൽകി. പുനർനിയമനത്തിൽ ശമ്പളം കൂട്ടിയോ എന്ന് അറിയാൻ ഉത്തരവ് വരും വരെ കാത്തിരിക്കണം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് രാഘവവാര്യർക്ക് 86-ാം വയസ്സിൽ പുനർനിയമനം നൽകുന്നത്. ഈ സ്ഥാപനത്തെ നയിക്കാൻ കഴിവുള്ള നിരവധി പേർ കേരളത്തിൽ തന്നെയുണ്ട്. ഇത് സർക്കാരിനും അറിയാം.

കേരള സർവകലാശാലയിൽ നിന്നും വിരമിച്ച ഇദ്ദേഹത്തിന് എഴുപത്തയ്യായിരം രൂപ പെൻഷന് പുറമേയാണ് ഈ ശമ്പളം. പിണറായി വിജയൻ ഭരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്തുതിപാഠകർക്ക് ഇത്തരത്തിൽ പല ആനുകൂല്യങ്ങളും ലഭിക്കുന്നു എന്നത് മുമ്പ് തന്നെ ഉയർന്ന ആരോപണമാണ്. രാഘവവാര്യർക്ക് ഈ സ്ഥാനത്തിരിക്കുന്നതിന് യോഗ്യതക്കുറവൊന്നുമില്ല. എന്നാൽ ശബരിമല പോലൊരു ആരാധനാലയത്തെ തകർക്കാനും ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പ്രക്ഷോഭത്തെ പരാജയപ്പെടുത്തുന്നതിനും ബോധപൂർവ്വമായി ശ്രമിച്ചുവെന്ന ആരോപണവും നേരിട്ട വ്യക്തിക്ക് പുനർനിയമനം നൽകുന്നുവെന്നതാണ് വസ്തുത.

ചെമ്പോലയിൽ രാഘവവാര്യർ ഇപ്പോഴും സംശയ നിഴലിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല ബന്ധപ്പെട്ട വിവാദത്തിൽ രാഘവ വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ശബരിമല വിവാദ കാലത്ത് ചെമ്പോല മോൺസന്റെ വീട്ടിലെത്തി വായിക്കുകയും വിശ്വസിക്കാവുന്ന രേഖയെന്ന് പറയുകയും ചെയ്ത ആളാണ് രാഘവ വാര്യർ. താൻ വായിച്ച രേഖയിൽ ശബരിമലയിലെ ആചാരപരമായ കാര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അറിയാവുന്ന കാര്യങ്ങൾ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

'ശബരിമലയിൽ വെടിക്കുഴികളുണ്ട്, അവിടെ വെടിവഴിപാട് നടത്തണം, പുള്ളുവൻ പാട്ടും കണിയാൻ പാട്ടും പാടണം എന്നിവയാണ് ചെമ്പോലയിൽ പറയുന്നത്. ഈ മൂന്നെണ്ണത്തെ കുറിച്ചാണ് അതിൽ പറയുന്നത്. വൈദിക-താന്ത്രിക ആചാര വിധികളെ കുറിച്ച് രേഖയിൽ പറയുന്നില്ല. 17-18 നൂറ്റാണ്ടിലാണ് എഴുതിയിരിക്കുന്നതെന്നാണ് ഓർമ്മ. അത് തെറ്റിക്കൂടായ്കയില്ല. മോൻസന്റെ വീട്ടിലായിരിക്കണം ഈ രേഖ വായിച്ചത്. കൂട്ടിക്കൊണ്ട് പോയത് മറ്റൊരാളാണ്. എനിക്കാ വഴി അറിയില്ല. തൃശൂരിൽ നിന്ന് കിട്ടിയ രേഖകളെ കുറിച്ച് അറിയില്ല. വ്യാജമാണോയെന്ന് പരിശോധിക്കേണ്ടത് അന്വേഷണ സംഘമാണ്. താൻ പറയുന്നത് താൻ കണ്ട രേഖയെ കുറിച്ചാണ്' - ഇതായിരുന്നു ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.

ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കുകയോ കുറ്റപത്രം നൽകുകയോ ചെയ്തതായി അറിവില്ല. ഈ ഗൂഢാലോചനയിൽ രാഘവവാര്യർക്കും പങ്കുണ്ടാകാമെന്ന സംശയവും സജീവമാണ്. എംജി ശശിഭൂഷണെ പോലുള്ളവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഇത്തരത്തിൽ സംശയത്തിലുള്ള വ്യക്തിക്കാണ് സർക്കാർ പുനർനിയമനം നൽകുന്നത്. മോൻസന്റെ വീട്ടിൽ നിന്ന് കിട്ടിയ ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ചെമ്പോല വ്യാജമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല യാഥാർത്ഥ്യമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും അവകാശവാദമൊന്നും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു.

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണാണെന്നും അതിനുള്ള നടപടികൾ തുടങ്ങിയതായും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഈ വിവാദത്തിൽ പെട്ട വ്യക്തിക്കാണ് സർക്കാർ പുനർനിയമനം നൽകുന്നത്.

ശശിഭൂഷൺ ഉന്നയിച്ചത് ഗൗരവമുള്ള ആക്ഷേപം

വ്യാജ ചെമ്പോല ചർച്ചയാക്കി 24ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുക പോലും ചെയ്തില്ലെന്നതും മറ്റൊരു വസ്തുതയാണ്. പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ പക്കൽനിന്ന് പിടികൂടിയ ശബരിമല ചെമ്പോല വ്യാജമാണെന്ന് വ്യക്തമാക്കുന്ന ആധികാരികമായ തെളിവുണ്ടെന്ന് ചരിത്രകാരൻ എം.ജി. ശശിഭൂഷൺ തുറന്നു പറഞ്ഞിരുന്നു. ശബരിമലയിൽ അവകാശവാദം ഉന്നയിക്കുന്നതിനായുള്ള കോടതി വ്യവഹാരത്തിനായാണ് ഈ ചെമ്പോല നിർമ്മിച്ചതെന്നും അത് നിർമ്മിച്ചത് ആരാണ് എന്നത് അടക്കമുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചെമ്പോല വ്യാജമാണെന്ന കാര്യത്തിൽ സംശയമില്ല. 1965-66 കാലത്ത് ഉണ്ടായിരുന്ന കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് തെളിവായി സമർപ്പിച്ചതാണ് ഈ ചെമ്പോല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ തയ്യാറാണ്. ചെമ്പോലയിൽ കൊല്ലവർഷം, മാസം എന്നിവ പറയുന്നുണ്ട്. എന്നാൽ തീയതി പറയുന്നില്ല. ധനുമാസത്തിലെ ഒരു ഞായറാഴ്ചയാണ് ചെമ്പോല കൊടുക്കുന്നത് എന്നാണ് പറയുന്നത്. ധനുമാസത്തിൽ ഒരു ഞായർ അല്ലല്ലോ ഉള്ളത്. ചെമ്പോലയിൽ അനന്തരായൻ പണം എന്ന ഒരു നാണയത്തെക്കുറിച്ച് പറയുന്നുണ്ട്. 17-ാം നൂറ്റാണ്ടാണ് ചെമ്പോലയുടെ കാലമായി പറയുന്നത്. എന്നാൽ 17-ാം നൂറ്റാണ്ടിൽ അനന്തരായൻ പണമില്ല. പന്തളം രാജാവാണ് ചെമ്പോല നൽകുന്നത് എന്നാണ് പറയുന്നത്. എന്നാൽ പന്തളം രാജവംശം അക്കാലത്ത് അറിഞ്ഞിരുന്നത് പന്തളം രാജവംശം എന്ന പേരിലല്ല.

1965-66 കാലത്താണ് ചെമ്പോലയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ ഉണ്ടാകുന്നത്. 1964-ൽ അല്ലെങ്കിൽ 65ൽ ആണ് ചെമ്പോല നിർമ്മിക്കുന്നത്. അതിവിദഗ്ധനായ ഒരാളാണ് ഇത് തയ്യാറാക്കിയത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യ പരിചയം മാത്രമുള്ള ഒരാൾ ചെമ്പോലയെ യഥാർഥമായ ഒന്നായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. എവിടെവച്ചാണ് തയ്യാറാക്കിയത്, ഇതുണ്ടാക്കാൻ എത്ര രൂപ കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളും തനിക്കറിയാമെന്നും ശശിഭൂഷൺ പറഞ്ഞു. ചെമ്പോല വായിച്ചു എന്ന് വെളിപ്പെടുത്തിയ ചരിത്രകാരൻ എം.ആർ. രാഘവവാര്യർക്ക് ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാവുന്നതാണ്. എന്നാൽ അദ്ദേഹം ചെമ്പോലയുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയില്ല. അദ്ദേഹം ആരെയോ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്നതിൽ ഒരു സംശയവുമില്ല.

തൃശ്ശൂരിലെ ഒരു നാണയ സമിതിയിലെ അംഗത്തിന് തിരുവനന്തപുരത്തുനിന്നാണ് ഈ രേഖ കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകന്റെ കൈയിൽനിന്നാണ് ഇത് പുറത്തുപോയത്. ഇത്രയും കാര്യങ്ങൾ വ്യക്തമാണ്. വ്യാജ പുരാരേഖയാണെന്ന് മനസ്സിലാക്കാതെയാകാം ഇത് വാങ്ങിയത്. എന്നാൽ എംആർ രാഘവവാര്യരും അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തിയതാണ് തനിക്ക് അത്ഭുതമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP