Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിഹാറിൽ ജാതി സെൻസസിന് അനുമതി നൽകി സർവകക്ഷി യോഗം; എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി സെൻസസെന്ന് മുഖ്യമന്ത്രി; അജണ്ട പിന്തുടർന്ന് ബിജെപിയും; നീക്കം ഒബിസി വോട്ടു ബാങ്ക് കൈമോശം വരാതിരിക്കാൻ

ബിഹാറിൽ ജാതി സെൻസസിന് അനുമതി നൽകി സർവകക്ഷി യോഗം; എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തി സെൻസസെന്ന് മുഖ്യമന്ത്രി; അജണ്ട പിന്തുടർന്ന് ബിജെപിയും; നീക്കം ഒബിസി വോട്ടു ബാങ്ക് കൈമോശം വരാതിരിക്കാൻ

മറുനാടൻ ഡെസ്‌ക്‌

പട്ന: തുടക്കത്തിൽ എതിർത്തു നിന്ന ബിജെപി ആ എതിർപ്പ് മാറ്റിവെച്ച് ബിഹാറിൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസിന് അനുമതി നൽകുമ്പോൾ വിജയിക്കുന്നത് നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും അജണ്ട. സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് അനുമതി നൽകിയത് ഇന്ന് ചേർന്ന സർവകക്ഷി യോഗമാണ്. ബുധനാഴ്ച ചേർന്ന സർവ കക്ഷി യോഗത്തിലാണ് സെൻസസിന് അനുമതി നൽകിയത്. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഉടൻ ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

'എല്ലാ ജാതിയിലും സമുദായത്തിലും പെട്ടവരെ ഉൾപ്പെടുത്തി ആയിരിക്കും സെൻസസ് നടത്തുക. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. ഒരു വിഭാഗത്തെയും സെൻസസിൽ ഉൾപ്പെടുത്താതെ വിടില്ല,' നിതീഷ് കുമാർ പറഞ്ഞു. ബിജെപി, ജെ.ഡി.യു, കോൺഗ്രസ്, സിപിഐ.എം.എൽ (ലിബറേഷൻ), സിപിഐ, എച്ച്.എ.എം, എ.ഐ.എം.ഐ.എം, വി.ഐ.പി എന്നീ പാർട്ടി നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. എല്ലാ പാർട്ടി വക്താക്കളും ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സെൻസസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സർക്കാരിന്റെ പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം സമാന ആവശ്യമുന്നയിച്ച് ബിഹാർ സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ജാതി സെൻസസ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പിന് കാരണമാക്കുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ സെൻസസ് നടത്തുന്നത് വഴി മാത്രമേ സംസ്ഥാനത്തെ വ്യത്യസ്ത വിഭാഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കൂവെന്നും സർവകക്ഷി യോഗത്തിൽ പാർട്ടികൾ വ്യക്തമാക്കിയതായി നിതീഷ് കുമാർ പറഞ്ഞു.

ദേശീയതലത്തിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് അസാധ്യമെന്ന് പറഞ്ഞ ബിജെപിക്ക് ബിഹാറിൽ നിതീഷ് കുമാറിന്റെയും തേജസ്വി യാദവിന്റെയും അജണ്ടയെ എങ്ങനെ പിന്തുണയ്ക്കാൻ സാധിക്കുന്നു എന്ന ചോദ്യം ഇപ്പോഴും നില്ക്കുന്നണ്ട്. സംസ്ഥാനതലത്തിൽ ജാതി സെൻസസ് നടത്താൻ ആർജെഡിയുടെ പൂർണ പിന്തുണ നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിന് ലഭിച്ചിരുന്നു. ജാതി സെൻസസ് നടത്താൻ മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് കൊണ്ടുവരും. ഇത് പാസാക്കിയ ശേഷം ബിഹാറിൽ നടപ്പാക്കാനാണ് നിതീഷ് സർക്കാർ ശ്രമിക്കുന്നത്.

നിതീഷും തേജസ്വി ഒരേ മനസ്‌ക്കർ, ഗിയർ മാറ്റി ബിജെപിയും

52 ശതമാനത്തിലധികം ജനസംഖ്യയുള്ള പിന്നാക്ക ജാതികളുടെ വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ് നിലവിൽ ബിഹാർ രാഷ്ട്രീയത്തലെ കരുനീക്കം. അതുകൊണ്ടാണ് ജാതി സെൻസസിൽ ജെഡിയുവിന്റെയും ആർജെഡിയുടേയും സ്വരങ്ങൾ ഒന്നായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തേജസ്വി യാദവ് ഉൾപ്പെടെ ബീഹാറിൽ നിന്നുള്ള പത്തംഗ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജാതി സെൻസസ് സംസ്ഥാനത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജാതി സെൻസസ് സാധ്യമല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ പ്രതികരണം. നിലവിലെ സെൻസസിന്റെ ഫോർമാറ്റ് മാറ്റാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. എന്നാൽ, സംസ്ഥാന സർക്കാരിന് വേണമെങ്കിൽ, അത് ചെയ്യാൻ കഴിയുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള ആളുകൾ പറയുന്നത് ഇന്ത്യയിലെ ഒബിസി ജനസംഖ്യ 52 ശതമാനമാണെന്ന്. ജാതി സെൻസസ് വേണമെന്ന് ഒബിസി നേതാക്കൾ ആവശ്യപ്പെട്ടിരുന്നതിനാൽ, 2011-ൽ സാമൂഹ്യ- സാമ്പത്തിക- ജാതി സെൻസസ് സർവേയുടെ നടത്തിയിരുന്നു. എന്നാൽ, വിവരങ്ങൾ ശേഖരിച്ചുവെങ്കിലും അത് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജാതി സെൻസസ് നടത്തണമെന്ന ആവശ്യവുമായി ആർജെഡിയും ജെഡിയുവും മുറവിളി തുടങ്ങി.

ഈ സാഹചര്യത്തിൽ ജാതി സെൻസസ് വിഷയത്തിൽ നിതീഷ് കുമാറും തേജസ്വി യാദവും ഒന്നിച്ചത് ബിജെപിയെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നിതീഷ് കുമാറിനെ പിന്തുണയ്ക്കുകയല്ലാതെ ബിജെപിക്ക് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. ബിഹാറിലെ ജാതി സമവാക്യം മുതൽ രാഷ്ട്രീയ സാഹചര്യം വരെയുള്ള വിഷയങ്ങൾ പരിഗണിക്കുമ്പോൾ ബിജെപിക്ക് ഇപ്പോഴും നിതീഷ് കുമാറിനോട് അകലം പാലിക്കാനാകില്ല.

മാത്രമല്ല, ഈ വർഷം ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് കണക്കിലെടുത്തുകൂടിയാണ് ബിജെപി തീരുമാനം. ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രധാനമാണ്. ജെഡിയുവും ആർജെഡിയും ഒരുമിച്ച് നിൽക്കുന്ന രീതി ബിജെപിക്ക് ദോഷം ചെയ്യുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

ബീഹാറിലെ രാഷ്ട്രീയം ഏറെക്കാലമായി ഒബിസി വിഭാഗത്തിൽ ഒതുങ്ങിനിൽക്കുകയാണ്. ബിജെപിയും ആർ.ജെ.ഡി.യും ജെ.ഡി.യുവും വരെ ഒബിസികളെ വിശ്വാസത്തിലെടുത്താണ് ബിഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ജാതി സെൻസസ് വേണമെന്ന ആവശ്യം ഒബിസി വിഭാഗത്തിൽ നിന്ന് ഉയരുന്നത്. മറ്റ് പിന്നോക്ക ജാതിക്കാർ അവരുടെ ജനസംഖ്യാ വലിപ്പം വലുതാണെന്ന് കരുതുന്നു. അത്തരമൊരു സാഹചര്യത്തിൽ, ജാതി സെൻസസിലൂടെ സംവരണത്തിന്റെ 50 ശതമാനം പരിധി പിന്നിടാമെന്ന പ്രതീക്ഷയിലാണ് ഒബിസി വിഭാഗം. ജാതി സെൻസസിനെ എതിർത്താൽ ഒബിസി സമുദായത്തിന്റെ അപ്രീതിക്ക് പാത്രമാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നത്.

ബിജെപി കേന്ദ്ര തലത്തിൽ ജാതി സെൻസസിനെ എതിർക്കുന്നുണ്ട്. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ അനുകൂലിക്കാതെ മറ്റു മാർഗങ്ങളില്ല. ബീഹാറിലെ ഒബിസി രാഷ്ട്രീയത്തെ അവഗണിക്കാൻ ബിജെപിക്ക് കഴിയില്ല. കാരണം, അത് സംഘടിത വോട്ട് ബാങ്കാണ്. ഇത് ബിജെപിയും മനസ്സിലാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വിജയകരമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ബീഹാറിൽ നടത്തിയിരുന്നത്. ഒബിസികൾക്ക് രാഷ്ട്രീയ ശ്രദ്ധ നൽകുകയെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായിരുന്നു. നിതീഷ് കുമാറിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് അജണ്ടയെ പിന്തുണയ്ക്കുന്നത് ബിജെപിയുടെ മറ്റൊരു രാഷ്ട്രീയ തന്ത്രമാണ്.

സെൻസസ് നടത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനല്ല, കേന്ദ്ര സർക്കാരിന്റേതാണെന്ന് ബിജെപിയും നന്നായി മനസ്സിലാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ബിഹാറിൽ നിതീഷ് കുമാറിന്റെ സർക്കാർ ജാതി സെൻസസ് നടത്തിയാലും അതിന് സാധുത ഉണ്ടാകില്ല. ഇത് സംവരണത്തെ ഒരു തരത്തിലും ബാധിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ നിതീഷ് സർക്കാരിന്റെ ജാതി സെൻസസ് റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നില്ല. അതേസമയം ഒബിസി വോട്ടുബാങ്കിൽ കണ്ണുവച്ചാണ് ബിജെപി ബിഹാറിൽ ഇത്തരമൊരു നീക്കം നടത്തുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP