Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനാധിപത്യം ഇല്ലെങ്കിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനവുമില്ല: ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനത്തിൽ സ്പീക്കർ എം.ബി. രാജേഷ്

ജനാധിപത്യം ഇല്ലെങ്കിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനവുമില്ല: ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനത്തിൽ സ്പീക്കർ എം.ബി. രാജേഷ്

ജോർജ് ജോസഫ്

ഹൂസ്റ്റൺ: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പുതിയ ഭരണസമിതിയുടേയും ഹൂസ്റ്റൺ ചാപ്റ്ററിന്റേയും പ്രവർത്തനോദ്ഘാടനം കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. സ്റ്റാഫോർഡിലെ അൺഫോർഗറ്റബിൾ മെമ്മറീസ് ഹാളിലെ നിറഞ്ഞ സദസിൽ നടന്ന ചടങ്ങിൽ ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കോർട്ട് ഓഫ് ലോ-3 ജഡ്ജ് ജൂലി മാത്യൂസ്, സ്റ്റാഫോർഡ് പ്രോടേം മേയർ കെൻ മാത്യു എന്നിവർ ആശംസകൾ നേർന്നു.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്പീക്കർ രാജേഷിനേയും, വിശിഷ്ടാതിഥികളേയും ഹാളിലേക്കാനയിച്ചു. അനിൽ ആറന്മുള, മഞ്ജു മേനോൻ എന്നിവരായിരുന്നു എം.സിമാർ. യുവാൽഡേ സ്‌കുളിൽ നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർക്കും, അന്തരിച്ച മറിയാമ്മ പിള്ളയ്ക്കും അനുശോചനം അർപ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന മെമോറിയൽ ഡേ പ്രമാണിച്ച് ധീര സൈനികരേയും അനുസ്മരിച്ചു.

ഐ.പി.സി.എൻ.എ ജനറൽ സെക്രട്ടറി രാജു പള്ളത്ത് നടത്തിയ ആമുഖത്തിൽ പ്രസ്‌ക്ലബിന്റെ സേവന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി. ഇവിടുത്തെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായി പ്രവർത്തിക്കുമ്പോൾ തന്നെ നാട്ടിലെ പത്രപ്രവർത്തകരുമായി ഉറ്റബന്ധമാണ് പ്രസ്‌ക്ലബ് പ്രവർത്തകരുടേത്. കേരളത്തിലെ പത്രപ്രവർത്തകർക്കുള്ള ഏറ്റവും വലിയ അവാർഡ് ഇന്ത്യാ പ്രസ്‌ക്ലബ് നൽകുന്നതാണ്.

സ്വാഗതമാശംസിച്ച പ്രസിഡന്റ് സുനിൽ തൈമറ്റം ഒന്നര പതിറ്റാണ്ടിലേറെയായി പ്രസ്‌ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം വിവരിച്ചു. പ്രളയമുണ്ടായപ്പോഴും നാട്ടിലെ മാധ്യമ പ്രവർത്തകർ വിഷമാവസ്ഥയിൽപ്പെടുമ്പോഴും സഹായഹസ്തവുമായി എത്താൻ പ്രസ്‌ക്ലബ് മുന്നിലുണ്ടായിരുന്നു. എന്നാൽ അവയൊക്കെ ജനശ്രദ്ധയിൽ കൊണ്ടുവരാനോ എന്തെങ്കിലും നേട്ടത്തിനോ പ്രസ്‌ക്ലബോ, ഭാരവാഹികളോ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നതാണ് മറ്റു സംഘടനകളിൽ നിന്നു തങ്ങളെ വ്യത്യസ്തരാക്കുന്നത്. പബ്ലിസിറ്റി തങ്ങളുടെ ലക്ഷ്യമല്ല.

അഡൈ്വസറി ബോർഡ് ചെയർ ബിജു കിഴക്കേക്കുറ്റ് ആശംസകൾ നേർന്നു.

എംപി ആയിരിക്കെ പ്രസ്‌ക്ലബ് സമ്മേളനത്തിൽ താൻ മുമ്പ് വന്നത് മാധ്യമ അവാർഡ് നൽകാനായിരുന്നുവെന്ന് സ്പീക്കർ രാജേഷ് ചൂണ്ടിക്കാട്ടി. അന്ന് അവാർഡ് സ്വീകരിച്ച വീണ ജോർജ് ഇന്ന് മന്ത്രിയാണ്. താൻ സ്പീക്കറും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, നിയമസഭയിലെ മറ്റ് സഹപ്രവർത്തകർ തുടങ്ങി പലരും പ്രസ്‌ക്ലബ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനും ഇപ്പോൾ എംപിയുമായ ജോൺ ബ്രിട്ടാസ് മുഖേനയാണ് താൻ പ്രസ്‌ക്ലബിനെപ്പറ്റി അറിഞ്ഞത്.

കേരളത്തിലെ മാധ്യമ പ്രവർത്തനത്തിന് ഇത്രയധികം തുണയാകുന്ന മറ്റൊരു സംഘടനയുമില്ല. മാധ്യമ അവാർഡിനേക്കാൾ മാധ്യമ പ്രവർത്തകർക്കായുള്ള സ്റ്റെപ് പദ്ധതിയും സ്‌കോളർഷിപ്പുമൊക്കെയാണ് താൻ കൂടുതൽ വിലമതിക്കുന്നത്.

പ്രസ്‌ക്ലബിന്റെ ഉയർന്ന സാമൂഹിക പ്രതിബദ്ധത പ്രളയകാലത്ത് കണ്ടതാണ്. ഒരു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായിയേയും പ്രതിപക്ഷത്തുനിന്നുള്ള ഉമ്മൻ ചാണ്ടിയേയും പങ്കെടുപ്പിച്ചത് കണ്ടു. കക്ഷി രാഷ്ട്രീയത്തിനതീതമായ സംഘടനയാണിതെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്.

ഡൽഹിയിലെ പത്രപ്രവർത്തകരിൽ നല്ലൊരു പങ്ക് മലയാളികളാണ്. അതു കഴിഞ്ഞ് ബംഗാളികളും. മലയാളികൾക്ക് പത്രവായന രക്തത്തിൽ അലിഞ്ഞതാണ്. റോബിൻ ജഫ്രി ഇതിനെ 'പത്രവിശപ്പ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യയിൽ നാലു ശതമാനം മാത്രമുള്ള കേരളത്തിൽ 6471 പ്രസിദ്ധീകരണങ്ങളുണ്ട്. അതായത് മാധ്യമ സാന്ദ്രത ഏറ്റവും കൂടുതൽ കേരളത്തിൽ. സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവുകൂടിയാണിത്.

1956-നു മുമ്പ് മൂന്നായി കിടന്നിരുന്ന ഭൂവിഭാഗത്തെ ഏകീകൃത കേരളമായി കണക്കിലെടുത്താണ് അന്നത്തെ മാധ്യമങ്ങൾ പ്രവർത്തിച്ചിരുന്നത്. കേരളം, മലയാളി എന്നൊക്കെ പേര് കൊടുക്കാനുള്ള ദീർഘദൃഷ്ടി അന്നു മാധ്യമങ്ങൾക്കുണ്ടായിരുന്നു. പിന്നീടാണ് കേരളം ഒന്നാകുന്നത്.

സ്പീക്കർ എന്നതാണ് തന്റെ സ്ഥാനമെങ്കിലും നിയമസഭയിൽ സംസാരിക്കാനേ പറ്റില്ല. സംസാരിക്കുന്നവരെ നിയന്ത്രിക്കുകയാണ് തന്റെ ജോലി. കോവിഡ് കാലത്ത് പ്രസംഗിക്കാൻ അവസരവും ഇല്ലാതായി. ചുരുക്കത്തിൽ താൻ അടക്കമുള്ള രാഷ്ട്രീയക്കാർക്ക് 'പ്രസംഗ വിശപ്പ്' അനുഭവവേദ്യമായി.

അടിയന്തരാവസ്ഥയിലെ പ്രശസ്തമായ ചൊല്ല് എല്ലാ കാലത്തും പ്രസക്തമാണ്. കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയാനാണ് മാധ്യമങ്ങൾ തയാറായതെന്നത് ഇന്നും കളങ്കംതന്നെ.

തൊണ്ണൂറുകളിൽ സ്ഥിതി മാറി. മൂലധനത്തിന്റേയും വർഗീയതയുടേയും പിടിയിലായി മാധ്യമ രംഗം. എൻ.എസ് മാധവന്റെ തിരുത്ത് എന്ന കഥ പ്രസക്തമാണ്. ബാബറി മസ്ജിദ് തകർത്തപ്പോൾ എഡിറ്റർ പനി പിടിച്ചു കിടക്കുകയാണ്. പകരം ചുമതലയുള്ള സുഹ്റ എന്ന സബ് എഡിറ്റർ മന്ദിരം തകർത്തു എന്നു തലക്കെട്ട് കൊടുത്തു. രോഗക്കിടക്ക വിട്ട് വന്ന എഡിറ്റർ തലക്കെട്ട് തിരുത്തി ബാബ്റി മസ്ജിദ് തകർത്തു എന്നു തന്നെയാക്കി. അത്തരം നിലപാടുകളാണ് ഇപ്പോൾ കൈമോശം വരുന്നത്.

ജനാധിപത്യമുള്ളിടത്തേ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാകൂ. അതുപോലെ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധിക്കുന്നില്ലെങ്കിൽ അവിടെ ജനാധിപത്യമില്ല.

വിട്ടുവീഴ്ചയില്ലാത്ത മാധ്യമ പ്രവർത്തനത്തിന്റെ പതാകവാഹകരാകട്ടെ ഇന്ത്യാ പ്രസ്‌ക്ലബിന്റെ പ്രവർത്തകർ. നിർഭയമായ മാധ്യമ പ്രവർത്തനം നമുക്ക് തുടരാം - സ്പീക്കർ രാജേഷ് പറഞ്ഞു. ഭദ്രദീപം കൊളുത്തി അദ്ദേഹം ചടങ്ങുകൾക്ക് തുടക്കംകുറിച്ചു.

എം.ബി രാജേഷ് സ്പീക്കറാകുന്നതിനു മുമ്പ് ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കർ 1961-ൽ സി.എച്ച് മുഹമ്മദ് കോയ ആയിരുന്നെന്ന് ഗൂഗിൾ സേർച്ചിൽ കണ്ടെന്ന് മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. മലയാള മനോരമയുടെ കണ്ടന്റ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് വർഷങ്ങൾക്ക് മുമ്പ് ഒരു സമ്മേളനത്തിൽ പറഞ്ഞത് താൻ അനുസ്മരിക്കുന്നു. പത്തു വർഷത്തിനിടയിൽ ഇവിടെ രാഷ്ട്രീയരംഗത്ത് നേതൃനിരയിലേക്ക് നിങ്ങളുടെ മക്കൾ മുന്നോട്ടുവരണമെന്നാണ് അദ്ദേഹം ആഹ്വാനം ചേയ്തത്.

വിവിധ മാധ്യമങ്ങൾ തനിക്ക് നൽകിയ പിന്തുണ വിവരിച്ച അദ്ദേഹം മാധ്യമ പ്രവർത്തകർ ഏകീകൃത ശക്തിയായി മാറണമെന്ന് നിർദേശിച്ചു. പ്രസിഡന്റ് സുനിൽ തൈമറ്റത്തിന് നൽകുന്ന ഒരു ചലഞ്ച് ആണിത്.

സ്ഥിതിഗതികൾ പെട്ടെന്ന് മാറുകയാണെന്ന് ജഡ്ജ് കെ.പി ജോർജ് പറഞ്ഞു. തന്റെ പ്രൈമറി ഇലക്ഷനിൽ ഏഴോ എട്ടോ ശതമാനം മലയാളികൾ മാത്രമാണ് വോട്ട് ചെയ്തത്. അത് ഖേദകരമാണ്. ഇക്കാര്യത്തെപ്പറ്റി ബോധവത്കരണം നടത്താൻ മാധ്യമങ്ങൾക്കാണ് കഴിയുക.

ടെക്സസ് സ്റ്റേറ്റിൽ പത്താമത്തെ വലിയ കൗണ്ടിയാണ് ഫോർട്ട് ബെൻഡ്. എന്നാൽ സാമ്പത്തികാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ് കൗണ്ടി-അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം അമേരിക്കൻ ഭരണഘടനാ ശില്പികൾക്ക് വ്യക്തമായി അറിയാമായിരുന്നെന്ന് ജഡ്ജി ജൂലി മാത്യു ചുണ്ടാക്കാട്ടി. ഇന്ത്യയിലെ പത്രപ്രവർത്തനത്തിന്റെ തുടക്കവും അവർ വിവരിച്ചു. 2018-ൽ തന്റെ ഇലക്ഷന് മാധ്യമങ്ങൾ നൽകിയ പിന്തുണ ചൂണ്ടിക്കാട്ടിയ അവർ ഈവർഷത്തെ റീ ഇലക്ഷനും ഈ പിന്തുണ അഭ്യർത്ഥിച്ചു.

മനോരമ ഏജന്റായിരുന്ന അങ്കിളിനൊപ്പം പത്രവിതണത്തിന് പോയത് കെൻ മാത്യു വിവരിച്ചു. തന്റെ പത്രബന്ധം അക്കാലത്താണ് തുടങ്ങിയത്. മാധ്യമങ്ങൾ ചെയ്യുന്ന വലിയ സേവനങ്ങൾക്ക് അദ്ദേഹം നന്ദിപറഞ്ഞു.

ട്രഷറർ ഷിജോ പൗലോസ്, പ്രസിഡന്റ്-ഇലക്ട് സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് സെക്രട്ടറി സുധ ജോൺ
ജോയിന്റ് ട്രഷറർ ജോയ് തുമ്പമൺ, ഓഡിറ്റർ ജോർജ് ചെറായിൽ, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു, ഹൂസ്റ്റൺ ട്രഷറർ മോട്ടി മാത്യു എന്നിവരും വേദിയിൽ ഉപവിഷ്ടരായിരുന്നു.

ഹ്യൂസ്റ്റൺ ചാപ്റ്റർ അധികാര കൈമാറ്റത്തിന്റെ സൂചനയായി മുൻ പ്രസിഡന്റ് ശങ്കരൻ കുട്ടിയിൽ നിന്ന് ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല ഭദ്രദീപം ഏറ്റുവാങ്ങി.

സ്‌പോണ്‌സര്മാരായ ഡബിൾ ഹോഴ്‌സ്, ഗ്രേസ് സപ്ലൈ, ജോൺ ഡബ്ല്യു വർഗീസ്, ജി കെ പിള്ള, ശശിധരൻ നായർ, ഡോ. ഫ്രീമു വർഗീസ്, ഉമ്മൻ തോമസ് റോയൽ ട്രാവൽ എന്നിവർ ചടങ്ങിൽ ആദരിച്ചു.

ഫാ. ജിക്കു സക്കറിയ, രാജേഷ് വർഗീസ് (മാഗ്), എബ്രഹാം ഈപ്പൻ (ഫൊക്കാന), മാത്യു മുണ്ടക്കൻ (ഫോമാ),
എസ് കെ ചെറിയാൻ (വേൾഡ് മലയാളി കൗൺസിൽ), ജിൻസ് മാത്യു (വേൾഡ് മലയാളി കൗൺസിൽ) എന്നിവർ ആശംസകൾ നേർന്നു.ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു നന്ദി രേഖപ്പെടുത്തി

റിവ മേരി വർഗീസ്, സൊനാലി പ്രകാശ്, സജി പുല്ലാട് എന്നിവർ സംഗീതം ആലപിച്ചു. പൂർണിമ, വിദ്യ, സ്വാതി, ശരൺ മോഹൻ (അസി ഡയറക്ടർ, സ്പാർക്ക്) എന്നിവർ നർത്തങ്ങൾ അവതരിപ്പിച്ചു

ഫോർട്ട് ബൻഡിൽ ജഡ്ജ് സ്ഥാനാർത്ഥി മലയാളിയായ സുരേന്ദ്രൻ പട്ടേൽ, ഡാൻ മാത്യു, ജിജു കുളങ്ങര, എ.സി. ജോർജ്, എഴുത്തുകാരനായ കുര്യൻ മ്യാലിൽ, നേർകാഴ്ച എഡിറ്റർ സൈമൺ വാളാച്ചേരിൽ, ആഴ്ചവട്ടം എഡിറ്റർ ഡോ. ജോർജ് കാക്കനാട്ട്, ജോർജ് ജോസഫ് മെറ്റ്‌ലൈഫ്, തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP