Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഗേ'കളെ വരിയുടക്കും ലെസ്‌ബിയൻസിന്റെ ക്ലൈറ്റോറിസ് ഛേദിക്കും! കാത്തോലിക സഭ തൊട്ട് ഹിറ്റ്ലർ വരെ കൊന്നൊടുക്കിയത് ആയിരങ്ങളെ; ഇസ്ലാം കണക്കാക്കുന്നത് ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമെന്ന്; ആദിലയും നുറയും ഈ കണ്ണിയിലെ അവസാനക്കാർ; ചികിത്സിക്കാൻ ഇത് ഒരു രോഗമല്ല; തന്റെതല്ലാത്ത കുറ്റത്തിന് പീഡിപ്പിക്കപ്പെടുന്ന സ്വവർഗാനുരാഗികളുടെ കഥ

'ഗേ'കളെ വരിയുടക്കും ലെസ്‌ബിയൻസിന്റെ ക്ലൈറ്റോറിസ് ഛേദിക്കും! കാത്തോലിക സഭ തൊട്ട് ഹിറ്റ്ലർ വരെ കൊന്നൊടുക്കിയത് ആയിരങ്ങളെ; ഇസ്ലാം കണക്കാക്കുന്നത് ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമെന്ന്; ആദിലയും നുറയും ഈ കണ്ണിയിലെ അവസാനക്കാർ; ചികിത്സിക്കാൻ ഇത് ഒരു രോഗമല്ല; തന്റെതല്ലാത്ത കുറ്റത്തിന് പീഡിപ്പിക്കപ്പെടുന്ന സ്വവർഗാനുരാഗികളുടെ കഥ

എം റിജു

ലോകചരിത്രത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജനവർഗം ഏതെന്ന് ചോദിച്ചാൽ യഹൂദന്മാർ കഴിഞ്ഞാൽ, സ്വവർഗാനുരാഗികൾ എന്നായിരിക്കും ഉത്തരം. യഹൂദന്മാരെപ്പോലെ തങ്ങളുടേത് അല്ലാത്ത കാരണം കൊണ്ടായിരുന്നു, 18ാം നുറ്റാണ്ടിലും, 19ാം നൂറ്റാണ്ടിയലുമൊക്കെ അവർ മാരകമായി പീഡിപ്പിക്കപ്പെട്ടത്. ഇടതുകയ്യനായ ഒരാളെ നിങ്ങൾക്ക് അടിച്ചും ഭീഷണിപ്പെടുത്തിയും, കൗൺസിലിങ്ങിന് വിധേയമാക്കിയുമൊക്കെ വലതുകൈയനാക്കാൻ കഴിയുമോ. അതുപോലെ തന്നെയാണ് സ്വവർഗാനുരാഗവും. അത് ജനിതകപരമാണ്. നിങ്ങൾക്ക് അണായതോ, പെണ്ണായതോ നിങ്ങളുടെ തീരുമാനപ്രകാരം അല്ല എന്ന് പറയുന്നതുപോലെയാണ്, സ്വർഗാനുരാഗിയാവുന്നതും. പക്ഷേ ശാസത്രം വികസിച്ചിട്ടില്ലാത്ത കാലത്ത് യൂറോപ്പിലൊക്കെ കടുത്ത ആക്രമണമായിരുന്നു അവർക്ക് നേരിടേണ്ടിവന്നത്.

മതങ്ങൾ അപഥ സഞ്ചാരികൾ ആയാണ് ഇവരെ കണക്കാക്കിയിരുന്നത്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ കൊന്ന് തള്ളിയ സ്വവർഗാനുരാഗികൾക്ക് കണക്കുപോലുമില്ല. വലിയ മതിലിനോട് ചേർത്ത് നിർത്തി, ആ മതിൽ മൊത്തമായി ഇടിച്ചിട്ട് ഒക്കെയാണ് അവരെ കൊന്നൊടുക്കിയത്. 'ഗേ' കളെ വരിയുടച്ചും, ലെസ്‌ബിയൻസിനെ ക്ലൈറ്റോറിസ് ഛേദിച്ചുമൊക്കെ സഭയുടെ നേതൃത്വത്തിൽ പീഡിപ്പിച്ച് ആന്ദന്ദിച്ചു.

ഇസ്ലാമിലും ഏറ്റവും വെറുക്കപ്പെട്ടവർ ആയിരുന്നു ഇവർ. കല്ലെറിഞ്ഞ് കൊല്ലുകയും, തീക്കൊളുത്തി കൊല്ലുകയും ഒക്കെയായിരുന്നു ഇസ്ലാമിക രാജ്യങ്ങൾ ഈ ന്യൂനപക്ഷങ്ങൾക്കെതിരെ ചെയ്തത്. ഏകാധിപതിയായ ഹിറ്റ്ലർക്കും ഈ പാവങ്ങളെ കണ്ണിന് കണ്ടുകൂടായിരുന്നു. 'മടിയന്മാരും അലസന്മാരും സാമൂഹിക ദ്രോഹികളും' എന്നായിരുന്നു ഹിറ്റ്ലർ ഈ കമ്യൂണിറ്റിയെ വിശേഷിപ്പിച്ചത്. യഹൂദരെപ്പോലെ തന്നെ പകയോടെ ഹിറ്റ്ലർ സ്വർവർഗാനുരാഗികളെ കൊന്നൊടുക്കി. ഹിറ്റ്ലർമാത്രമല്ല, സ്റ്റാലിൻ, മുസോളിനി, ഈദി അമീൻ തുടങ്ങിയ ഏകാധിപതികൾക്കൊക്കെ സ്വവർഗാനുരാഗികളെ മനുഷ്യരായി കാണാനുള്ള മനുസ്സുണ്ടായിരുന്നില്ല. എവിടെ ഒരു മോഷണം നടന്നാൽ പോലും സ്വവർഗാനുരാഗികളെ പിടികൂടുന്ന ഒരു കറുത്ത കാലം യൂറോപ്പിൽ ഉണ്ടായിരുന്നു.

പക്ഷേ ഇന്ന് കാലം ഏറെ മാറി. യൂറോപ്പ് ജെൻഡർ സൗഹൃദമായ രാജ്യമായി. സ്വവർഗാനുരാഗികൾക്കെതിരായ അതിക്രമങ്ങളിൽ മാർപ്പാപ്പപോലും മാപ്പുപറഞ്ഞു. ആഫ്രിക്കയിലെ ചില രാജ്യങ്ങളും, ഇസ്ലാമിക രാജ്യങ്ങളും ഒഴികെയുള്ളവയൊന്നും സ്വർഗാനുരാഗത്തെ ഒരു കുറ്റമായി കാണുന്നില്ല. ഈ സാഹചര്യത്തിലാണ്, കേരളത്തിലെ രണ്ടു പെൺകുട്ടികളെക്കുറിച്ച് നാം ചർച്ച ചെയ്യുന്നത്. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ ഫാത്തിമ നൂറയും കോടതിയിൽ പോയാണ് ഒന്നിച്ച് ജീവിക്കാനുള്ള അവരുടെ അവകാശം ഉറപ്പിക്കുന്നത്. പക്ഷേ കോടതി അനുവദിച്ചിട്ടും, പ്രബുദ്ധമെന്ന് കരുതുന്ന കേരളത്തിലെ സൈബർ ലോകം അവരെ വെറുതെ വിടുന്നില്ല. സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണെന്നും, ചികിൽസിച്ച് മാറ്റാൻ കഴിയുമെന്നും, തൊട്ട് മതവിരുദ്ധമാണെന്നും നരകത്തിൽ പോകുമെന്നും വരെയുള്ള വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. കേരളത്തിലും ഇപ്പോഴും നല്ലൊരു ശതമാനം ആളുകൾക്കും എന്താണ് എൽജിബിടി കമ്യൂണിറ്റി എന്ന് പിടി കിട്ടിയിട്ടില്ല. ഇത് അവരുടെ 'കുഴപ്പം' അല്ല എന്നും ഇവർക്ക് മനസ്സിലാവുന്നില്ല.

സെക്‌സും ജൻഡറും ഒന്നല്ല

ആദ്യം നാം മനസ്സിലാകേണ്ടത് ഈ സമൂഹത്തിൽ ആണും പെണ്ണും മാത്രമല്ല ഉള്ളത് എന്നതാണ്. എൽജിബിടിക്യു എന്നാൽ ലെസ്‌ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാസ്ജെൻഡർ, ക്വീർ, എന്നാണ്. ഒരു പെണ്ണിനു മറ്റു പെൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ലെസ്‌ബിയൻ എന്നു വിളിക്കും. അതുപോലെ ഒരാണിനു മറ്റു ആൺകുട്ടികളോടു മാത്രം ആകർഷണം തോന്നുന്നെങ്കിൽ അവരെ ഗേ എന്നു വിളിക്കും.

ഒരാൾക്കു ആണിനോടും, പെണ്ണിനോടും ആകർഷണം തോന്നാമെങ്കിൽ അവരെ ബൈസെക്ഷ്വൽ എന്നു വിളിക്കും. എൽജിബി എന്നതു ഒരാളുടെ ലൈംഗികതയെ ആസ്പദമാക്കിയാണെങ്കിൽ, ടിക്യൂ എന്നതു ഒരാളുടെ ജൻഡർ ഐഡന്റിന്റെയെ ആസ്പദമാക്കിയുള്ളതാണ്.

ഇനി ട്രാൻസിലേക്ക് വന്നാൽ സെക്സും, ജൻഡറും തമ്മിലുള്ള വ്യത്യാസം ആദ്യം മനസ്സിലാക്കണം. നിങ്ങൾ ജനിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ ശരീരം നോക്കി തീരുമാനിക്കുന്നതാണ് നിങ്ങളുടെ സെക്‌സ്. എന്നാൽ തിരിച്ചറിവ് വയ്ക്കുമ്പോൾ നിങ്ങൾ നിങ്ങളെ എങ്ങനെ കാണുന്നുവോ, അതാണ് നിങ്ങളുടെ ജൻഡർ. നിങ്ങളുടെ സെക്‌സും ,ജൻഡറും ഒന്നാണെങ്കിൽ നിങ്ങളെ സിസ്-ജൻഡർ എന്നു വിളിക്കും. ഉദാഹരണത്തിനു, പെണ്ണായി ജനിച്ചു, പെണ്ണായി ജീവിക്കാൻ കൊതിക്കുന്നവർ. എന്നാൽ സെക്‌സും ജൻഡറും ഒന്നാകണമെന്നില്ല. പെണ്ണായി ജനിച്ചു ആണായി ജീവിക്കാൻ കൊതിക്കുന്നവരുണ്ട്. സെക്‌സും ജൻഡറും ഒന്നല്ലാത്ത ഇവരാണ് ട്രാൻസ്ജൻഡർ.

ഇവർ പൊതുവേ രണ്ടുതരമുണ്ട്. ട്രാൻസ്മാനും ട്രാൻസ് വുമണും. സെക്‌സ്പരമായി പെണ്ണും ജൻഡർപരമായി ആണുമാണ് ട്രാൻസ്മാൻ. എന്നാൽ ട്രാൻസ് വുണൺ സെക്‌സ്പരമായി ആണാണ്. ജെൻഡർപരമായി പെണ്ണും. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ് കേരളത്തിൽ നിന്നാണ്. പെണ്ണായി ജനിച്ചു, ആണായി ജീവിക്കുന്നു. എന്നാൽ ഇത്തരക്കാരിൽ ചിലർക്ക് അവർ ജനിച്ചു വീണ ശരീരം മാറ്റാൻ ശ്രമിക്കും. അങ്ങനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ അവർക്ക് മാറാൻ കഴിയും. അവനിൽ നിന്നും അവളിലേക്ക് മാറിയ മലയാള നടി അഞ്ജലി അമീർ അടക്കം ആയിരിക്കണക്കിന് ഉദാഹരണങ്ങൾ ഉണ്ട്.

വിവാഹശേഷം പെണ്ണും, വാർധക്യത്തിൽ ആണും!

ആണിനും, പെണ്ണിനും ഇടയിൽ ഒരുപാടു ജൻഡറുകളുണ്ട്. അതുപോലെ ആണിനും പെണ്ണിനും ഇടയിൽ ഒരുപാടു സെക്‌സുമുണ്ട്. ഇവരെയെല്ലാം ഒരു കുടക്കീഴിലാക്കുന്ന പദമാണ് ക്വീർ/നോൺ-ബൈനറി. ആണിനും പെണ്ണിനും ഇടയിലുള്ള സെക്‌സ്. പ്രഥമ ദൃഷ്ടിയാൽ ശാരീരികമായി പെണ്ണെന്ന് അല്ലെങ്കിൽ ആണെന്ന് തോന്നുമെങ്കിലും, പെണ്ണിന്റെ അല്ലെങ്കിൽ ആണിന്റെ ചില ശരീരഭാഗങ്ങൾ ചിലർക്കുണ്ടായേക്കാം. നാൽപ്പതോളം വ്യത്യസ്ത രീതിയിൽ കണ്ടു വരുന്ന ഇവരെ ഇന്റർ സെക്സ് എന്നു വിളിക്കുന്നു. യുഎൻ കണക്കുകൾ പ്രകാരം ലോകത്തിലെ 1.7% ആളുകൾ ഇങ്ങനെ ആണ്.

ഒരാളുടെ ജൻഡർ ജീവിതകാലം മുഴുവൻ ഒരെണ്ണം തന്നെ ആകണമെന്നില്ല. ചെറുപ്പത്തിൽ പെണ്ണും, വലുതാകുമ്പോൽ ആണും, വിവാഹശേഷം പെണ്ണും, വാർധക്യത്തിൽ ആണും ഒക്കെയായി ജൻഡർ ഇങ്ങനെ മാറിമറിയാം. ആണും, പെണ്ണും മാത്രമല്ല അതിനിടയിലുള്ള ഏതു ജൻഡർ വേണമെങ്കിലും ഇങ്ങനെ മാറാം. ഇതിനെയാണ് ജൻഡർ ഫ്ലൂയിഡിറ്റി എന്നു വിളിക്കുന്നത്. ആണും, പെണ്ണുമായി മാത്രമാണ് മാറുന്നതെങ്കിൽ ഇവരെ ബൈ-ജൻഡർ എന്നു വിളിക്കുന്നു. പെണ്ണിന്റെ ശരീരത്തിൽ ജനിച്ചിട്ടും, പെണ്ണിന്റെ ശരീരത്തിൽ തൃപ്തരായിട്ടും, ആൺകുട്ടികളുടെ സ്വഭാവമുള്ള എത്രയോ പെൺകുട്ടികളുണ്ട് . അവരാണ് ട്രാൻസ് മാസ്‌കുലിൻ.

അതുപോലെ ആണായി ജനിച്ചിട്ടും, ആണിന്റെ ശരീരത്തിൽ തൃപ്തരായിട്ടും, പെണ്ണിന്റെ സ്വഭാവമുള്ള ആൺകുട്ടികളുമുണ്ട് - അവരാണ് ട്രാൻസ്ഫെമിനിൻ. ആൺ പെൺ വേർതിരിവിലുപരി, ഇത്ര ശതമാനം ആണ്, ഇത്ര ശതമാനം പെണ്ണ് എന്നു തോന്നുന്നവരെ ഡെമി-ജൻഡർ എന്നു വിളിക്കുന്നു. പെണ്ണോ ആണോ ആയി സ്വയം തോന്നാത്തവർ എ ജെൻഡർ. അതിനാൽ തന്നെ ഒരു വര വരച്ചു തരം തിരിക്കാൻ പറ്റുന്ന ഒന്നല്ല ജൻഡർ. അതൊരു സ്പെക്ട്രം ആണ്. ആണത്തം, പെണ്ണത്തം, എന്നതെല്ലാം ഇതിന്റെ രണ്ടറ്റങ്ങൾ മാത്രം.

വളരയേറെ വൈവിധ്യമാർന്ന സംഭവമാണ് സെക്‌സും ജൻഡറും. എന്നാൽ അറിവില്ലായ്മ കാരണം നമ്മുടെ സമൂഹം ബാക്കിയുള്ളവയെയെല്ലാം തേച്ചു മാച്ചു കളയലാണ് പതിവ്. ഇതിനെ കുറിച്ച് മനസ്സിലാക്കാത്ത സമൂഹം അവരോട് ചെയ്തു കൂട്ടുന്ന ദ്രോഹവും ചില്ലറയൊന്നുമല്ല. ബൈസെക്ഷ്വലായി പുറത്തു വന്ന ഒരു കുട്ടിയെ വീട്ടുകാർ ബലാത്ക്കാരമായി ' ഗേ കോൺവെർസേഷൻ തെറാപ്പി' ചെയ്യിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഈ കുട്ടി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിൽ ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്. തെറാപ്പി ചെയ്തു സ്വവർഗ്ഗാനുരാഗം മാറ്റാം എന്നതു വെറും കപടശാസ്ത്രം മാത്രമാണ്. ചികിത്സിച്ചു മാറ്റാൻ ഇതൊരു അസുഖമോ, പോരായ്മയോ അല്ല.

ഗേ/ലെസ്‌ബിയനു പിന്നിലെ ശാസ്ത്രം

ഒരു കുട്ടി ജനിക്കുമ്പോൾ അതിന് ഏത് ലൈംഗിക അവയവമാണ് ഉള്ളത് എന്ന് നോക്കിയാണ് ആ കുട്ടി ഏത് ലിംഗത്തിൽ പെട്ടതാണ് എന്ന് നിർണയിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാൽ XX ക്രോമസോം ഉള്ള ആൾ പെണ്ണും , XY ക്രോമസോം ഉള്ള ആൾ ആണും ആണ്.

ഇത് സാമാന്യേന 99.99% അവസരത്തിലും ശരിയായിരിക്കുമെങ്കിലും വളരെ അപൂർവമായി ഇതിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്. സത്യത്തിൽ ക്രോമസോം അല്ല ഇക്കാര്യങ്ങൾ നിർണയിക്കുന്നത്. ക്രോമസോമിൽ ഉള്ള ജീനുകളാണ്. Y ക്രോമസോമിൽ സാധാരണയായി കാണുന്ന ഒരു ജീൻ ആണ് SRY ജീൻ. ഈ ജീനിന്റെ പണി എന്നു പറയുന്നത് SOX9 എന്നു പേരായ ഉറങ്ങിക്കിടക്കുന്ന മറ്റൊരു ജീനിനെ ഉണർത്തുക എന്നതാണ്. ഈ ജീൻ ഉണർന്നാൽ അവന്റെ പണി മറ്റേ ക്രോമസോമിൽ ഉള്ള സ്ത്രീ സ്വഭാവത്തെ തല്ലിക്കെടുത്തുക എന്നതാണ്.

ഇനി വളരെ അപൂർവമായി ചില സാഹചര്യങ്ങളിൽ XY ക്രോമസോം ഉള്ള ഒരാളുടെ SRY ജീൻ ഉണർന്നില്ല എന്ന് കരുതുക. അയാളിലെ ക്രോമസോൺ XY ആണെങ്കിൽ പോലും ലൈംഗിക അവയവങ്ങൾ നിർമ്മിച്ചെടുക്കാനുള്ള നിർദ്ദേശങ്ങൾ ലഭിക്കാതെ പോകുന്നു. അതുമൂലം X ക്രോമസോമിൽ ഉള്ള പെൺ സ്വഭാവങ്ങൾ തലപൊക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ XY ക്രോമസോം ഉണ്ടെങ്കിൽ പോലും SRY ജീൻ ഉണർന്നില്ലെങ്കിൽ അല്ലെങ്കിൽ അതിന് S0X9 ജീനിനെ ഉണർത്താൻ കഴിഞ്ഞില്ലെങ്കിൽ പെൺ ലൈംഗിക അവയവത്തോടുകൂടി ആയിരിക്കും കുട്ടി ജനിക്കുക.

കോശവിഭജനം സമയത്ത് ക്രോസിങ് ഓവർ എന്ന ഒരു പരിപാടി ഉണ്ട് . അതായത് ജനിതക ഭാഗങ്ങൾ പരസ്പരം കൈമാറുക. അങ്ങനെ സംഭവിച്ചാൽ ഈ പറഞ്ഞ SRY ജീൻ ക്രോസിങ് ഓവർ വഴി X ക്രോമസോമിൽ എത്തിച്ചേരാം. അപ്പോൾ XX ക്രോമസോം ഉള്ള ആളിൽ SRY ജീൻ എത്തിച്ചേരാം. ആ ജീൻ ഉണർന്നു പ്രവർത്തിച്ചാൽ SOX9 ജീനിനെ ഉത്തേജിപ്പിക്കുകയും തൽഫലമായി ആൺ ലൈംഗിക അവയവങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതായത് XX ആണെങ്കിൽ കൂടിയും ജനിക്കുന്ന കുട്ടിക്ക് ആൺ ലൈംഗിക അവയവം ഉണ്ടായിരിക്കും. ഇനി SOX 9 ജീനുകൾ കുറച്ചൊക്കെ പെൺ ഭ്രൂണത്തിലും ഉണ്ടായിരിക്കും. ഇതിനെ ഉറക്കിക്കിടത്താൻ FOXL 2 എന്ന ഒരു ജീൻ ശ്രമിക്കും. അത് സാധിച്ചില്ലെങ്കിൽ പെൺ ഭ്രൂണമാകേണ്ട സിക്താണ്ഡം ആൺ ഭ്രൂണമായി മാറും. ഇതാണ് ട്രാൻസ് ജെൻഡർ എന്ന് വിളിക്കുന്ന ലൈംഗിക അസ്ഥിത്വം ഉള്ള ആളുകൾ .

ഇനി മേൽപ്പറഞ്ഞ ജീനുകളുടെ പ്രവർത്തനം കുറഞ്ഞോകൂടിയോ ഇരുന്നാൽ ആണത്തം പെണ്ണത്തം എന്നിവയുടെ അളവിൽ വ്യത്യാസം വരും. ഇനി ആൺ ലൈംഗിക അവയവം ഉണ്ടായാലും അതിനനുസരിച്ച് ഹോർമോണുകൾ ഉൽപാദിപ്പിച്ചില്ലെങ്കിൽ ആണ് ആണെങ്കിൽ കൂടിയും ആണിന് പെണ്ണിനോട് തോന്നേണ്ട താല്പര്യം ഉണ്ടാവുകയില്ല. മറിച്ച് മറ്റ് ജീനുകളുടെ പ്രവർത്തനം മൂലം സ്ത്രൈണ ഹോർമോണുകൾ ഉണ്ടാകുന്നത് വഴി മറ്റൊരു ആണിനോട് താൽപര്യം തോന്നുകയും ആവാം. അതായത് ലൈംഗിക അവയവ രൂപീകരണം ഒരു വഴിക്കും തലച്ചോറിൽ ആൺ-പെൺ രൂപീകരണം മറ്റൊരു വഴിക്കും നടക്കാം. തലച്ചോറിൽ ഹൈപ്പോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ്, ബ്രെയിൻ സ്റ്റം എന്നിവയിലെ ന്യൂറോണുകളുടെ വിന്യാസം ആണിലും പെണ്ണിലും വ്യത്യസ്തരീതിയിലാണ് ഉള്ളത്. അതായത് ശരീരത്തിൽ ആണിന്റെ ലൈംഗിക അവയവം ഉണ്ടെങ്കിലും തലച്ചോർ പെണ്ണിന്റെ ആയിരിക്കും. മറിച്ച് ശരീരത്തിൽ പെണ്ണിന്റെ ലൈംഗിക അവയവം ആണെങ്കിലും തലച്ചോർ ആണിന്റെ ആയിരിക്കും. തലച്ചോറിൽ ഉണ്ടാകുന്ന ഈ വ്യത്യാസം മൂലം ഒരു പെൺകുട്ടിക്ക് മറ്റൊരു പെണ്കുട്ടിയോടോ, ഒരു ആൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയോട് ലൈംഗിക താൽപര്യമുണ്ടാവാം.

പെറ്റ വയറും അവരെ അങ്ങനെ ആക്കാം

നിങ്ങളുടെ തലച്ചോറിൽ എങ്ങനെയാണോ ഒരു സ്ത്രീയോട്/ സ്ത്രീയ്ക്ക് പുരുഷനോട് ലൈംഗിക താത്പര്യം ഉണ്ടാവുന്നത് അതേപോലെ തന്നെയാണ് ലെസ്‌ബിയൻ ആയ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ലൈംഗിക താൽപര്യം തോന്നുന്നത്.

സ്വവർഗ്ഗാനുരാഗത്തിന് ഇതുകൂടാതെ മറ്റു പല കാരണങ്ങളുമുണ്ട്. തനിക്കു മുൻപേ ജനിച്ച കൂടപ്പിറപ്പുകൾ പോലും ഇതിന് ഒരു കാരണമാവും. അതായത് തനിക്ക് മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന ഭ്രൂണം ഉണ്ടാക്കുന്ന ചില പ്രോട്ടീനുകൾക്കെതിരേ അമ്മയുടെ ശരീരത്തിൽ ഉണ്ടാവുന്ന ചില മറു പ്രോട്ടീൻ അഥവാ ഹോർമോണുകൾ അടുത്ത ഗർഭസ്ഥശിശുവിൽ ആയിരിക്കും പ്രകടമായി വരിക. അതായത് ഇവൻ/ ഇവൾ എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ എന്ന് ശപിക്കുമ്പോൾ അത് അവൻ/അവൾ ആ വയറ്റിൽ വന്നു പിറന്നതല്ല മറിച്ച് ആ വയറ് അവനെ അങ്ങനെ ആക്കിയതാണ് എന്നു കൂടി ചിന്തിക്കുക. എന്നെ നാണംകെടുത്താൻ ഇങ്ങനെ ഒരു സഹോദരൻ/സഹോദരി ഉണ്ടായല്ലോ എന്നുപറയുമ്പോൾ ഓർക്കുക അങ്ങനെ ഉണ്ടായതല്ല നിങ്ങൾ അവശേഷിപ്പിച്ച ചില ഹോർമോണുകൾ അവരെ അങ്ങനെയാക്കിയതാണ്. അഥവാ നിങ്ങളുടെ കുരിശ് അവർ ചുമക്കുകയാണ് . അവരോട് അല്പം കരുണ, സ്നേഹം, അവരുടെ അസ്തിത്വത്തെ അംഗീകരിക്കൽ ഇവയൊക്കെ നിങ്ങടെ കടമയാണ്.

ഇന്ത്യയിൽ കുറ്റം അല്ലാതായത് 2018ൽ മാത്രം

മറ്റെല്ലാ അന്ധവിശ്വാസത്തിനും എന്നപോലെ സ്വവർഗാനുരാഗത്തിന് എതിരായ ചിന്തകളെയും ഇല്ലാതാക്കിയത് ഈ ശാസ്ത്രീയമായ കണ്ടെത്തലുകൾ വന്നതോടെയാണ്. യൂറോപ്പിൽ തുടങ്ങിയ ഈ മാറ്റം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു. ഇന്ന് എൽജിബിടി കമ്യൂണിറ്റിയിലെ ആളുകൾ ലോകത്തിലെ എല്ലാ മേഖലയിലുമുണ്ട്. ഡോക്ടർമാരും എഞ്ചിനീയർമാരും പാർലിമെന്റ് അംഗങ്ങളും ഒക്കെയായി അവർ അവരുടെ കർമ്മ മേഖലകളിൽ വെന്നിക്കൊടി പാറിക്കുന്നു.

എന്നാൽ ഇന്ത്യപോലുള്ള മതാന്ധവിശ്വാസങ്ങളിൽനിന്ന് പൂർണ്ണമായും മുക്തമല്ലാത്ത രാജ്യങ്ങളിൽ എൽജിബിടി കമ്യൂണിറ്റിക്കുനേരെ അടുത്തകാലം വരെ പീഡനം തുടരുകയായിരുന്നു. 2018ലാണ് സ്വവർഗാനുരാഗം കുറ്റകൃത്യമല്ലെന്ന സുപ്രീം കോടതിയുടെ വിധി ഇന്ത്യയിൽ ഉണ്ടായത്. എന്നിട്ടും സ്വവർഗ വിവാഹത്തെ എതിർക്കാൻ കേന്ദ്രം കോടതിയെ സമീപിക്കുക്കയായിരുന്നു. സെക്ഷൻ 377 അസാധുവാക്കിയ നടപടിക്കു പിന്നാലെ പൗരാവകാശങ്ങളായ സ്വവർഗ വിവാഹം, സ്വത്തവകാശം, ഇൻഷുറൻസ് പങ്കാളിത്തം തുടങ്ങിയവയ്ക്കായുള്ള പോരാട്ടത്തിന് എൽജിബിടിക്യു സമൂഹം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം അതിനെ എതിർത്തത്. ഇത് ആർഎസ്എസ് പോലുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു.

'പ്രകൃതിയുടെ നിമത്തിന് എല്ലാ തരത്തിലും ഭീഷണിയാണ് സ്വവർഗ വിവാഹം. അതുകൊണ്ടു തന്നെ ഞങ്ങൾ അതിനെ പിന്തുണയ്ക്കില്ല. അത്തരം ബന്ധങ്ങളെ അംഗീകരിക്കുന്ന പാരമ്പര്യം ഭാരതീയ സംസ്‌കാരത്തിനും സമൂഹത്തിനുമില്ല', ആർഎസ്എസ് വക്താവ് അരുൺ കുമാർ ഇങ്ങനെയാണ് പറഞ്ഞത്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിരവധി സ്വർഗാനുരാഗികൾ, സ്വവർഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. സെക്ഷൻ 377ന് എതിരായി സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരിൽ ഒരാൾ താൻ മറ്റൊരു രാജ്യത്തേക്ക് താമസം മാറ്റാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. യുഎസ്, യുകെ തുടങ്ങിയ ഇടങ്ങളിൽ സ്വവർഗാനുരാഗം നിയമപരമാക്കിയതോടൊപ്പം തന്നെ സ്വവർഗവിവാഹം, ദത്തെടുക്കൽ അവകാശം, സ്വത്തവകാശം എന്നിവയും നിയമവിധേയമാക്കിയിരുന്നു.

'എൽജിബിടിക്യു വിഭാഗത്തിലുള്ള വ്യക്തികളുടെ സമത്വം എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെങ്കിൽ സ്വത്തവകാശം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ്, വിവാഹത്തിനുള്ള അവകാശം എന്നിവയും അതിന്റെ ഭാഗമാണ്. ജീവിക്കാനുള്ള അന്തസും അവകാശവും ബഹുമാനവുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഈ അവകാശങ്ങൾ ഞങ്ങൾക്ക് ലഭിക്കില്ലെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്', സെക്ഷൻ 377 കേസിലെ ഹർജിക്കാരിൽ ഒരാളായ സുനിൽ മെഹ്‌റ അന്ന് പറഞ്ഞത് ഇങ്ങനെയാണ്. ഇങ്ങനെ നീണ്ട സമ്മർദങ്ങൾക്ക് ഒടുവിലാണ് ഇന്ത്യയിൽ എൽജിബിടിക്യു അവകാശങ്ങൾ അംഗീകരിക്കപ്പെട്ടത്.

അവരും ദൈവത്തിന്റെ മക്കളാണെന്ന് മാർപ്പാപ്പ

സ്വവർഗാനുരാഗികളെ ഹീനമായി പീഡിപ്പിച്ച കത്തോലിക്കാ സഭ ഒടുവിൽ നിലപാട് പരസ്യമായി മാറ്റിയതും ഈയിടെയാണ്. സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്നും അവർക്കും കുടുംബ ജീവിതത്തിനവകാശമുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത് വലിയ വാർത്തയായി. അദ്ദേഹത്തിന്റെ ജീവചരിത്രം അധികരിച്ച് തയ്യാറാക്കിയ ഫ്രാൻസെസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ട് വിപ്ലവകരമായ പ്രസ്താവന പോപ്പ് നടത്തിയിരിക്കുന്നത്.

റഷ്യൻ ഡോക്യുമെന്ററി സംവിധായകനായ എവ്ജെനി അഫിനീവസ്‌കിയാണ് ഫ്രാൻസെസ്‌കോ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത്. നിയമപരമായി സംരക്ഷണം സ്വർഗാനുരാഗികൾ അർഹിക്കുന്നതാണെന്നും അത് നൽകേണ്ടതാണെന്നും മാർപാപ്പ ആഹ്വാനം ചെയ്യുന്നു. ചിലയിൽ പുരോഹിതരുടെ ലൈംഗിക അതിക്രമത്തിന് ഇരയായ സ്വവർഗാനുരാഗിയായ യുവാവും ഡോക്യുമെന്റെറിയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദൈവമാണ് തന്നെ സ്വവർഗാനുരാഗിയാക്കിയതെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നോട് പറഞ്ഞതായി ഈ യുവാവ് വെളിപ്പെടുത്തുന്നു.

പക്ഷേ ഈ വാർത്ത കേരളത്തിൽ എത്തിയപ്പോൾ കെസിബിസി പോലും ആദ്യം മാർപാപ്പയെ തള്ളുകയായിരുന്നു. സ്വവർഗാനുരാഗികൾക്ക് കുടുംബജീവിതത്തിന് അർഹതയും അവകാശവും ഉണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായുള്ള വാർത്ത തള്ളി കേരള കാത്തലിക് ബിഷപ്പ്‌സ് കൗൺസിൽ പ്രസ്താവന ഇറക്കിയിരുന്നു. സ്വവർഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കാണാനാവില്ല. സ്വവർഗബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ നൽകണമെന്ന് മാർപാപ്പ പറഞ്ഞതായുള്ള വാർത്തകൾ തെറ്റാണെന്നാണ് കെസിബിസി പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എൽജിബിടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാർപാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തിയതിനിടെയാണ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് കെസിബിസി പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത്. നോക്കുക, മാർപ്പാപ്പ പറഞ്ഞാൽ പോലും തങ്ങൾ കേൾക്കില്ല എന്ന നിലപാടാണ് കെസിബിസി ആദ്യം എടുത്തത്. ഇപ്പോൾ കടുത്ത സാമൂഹിക സമ്മർദത്തെ തുടർന്ന് അവർ മിണ്ടാതിരിക്കുന്നുവെന്ന് മാത്രം.

ഇസ്ലാമിലെ ഏറ്റവും ഹീനമായ കുറ്റം

ഇസ്ലാമും തുടക്കം മുതൽ തന്നെ സ്വവർഗാനുരാഗികൾക്കെതിരെ മോശം നിലപാടാണ് എടുത്തത്. മറ്റു മതങ്ങൾ ഏതാണ്ട് ഒക്കെ ഒതുങ്ങിയിട്ടും ഇസ്ലാം മാത്രം ഒട്ടും വഴങ്ങുന്നില്ല. സ്വവർഗരതി ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമെന്നും സ്വവർഗപ്രേമികൾ ഇഹലോകത്തിനും പരലോകത്തിനും നാണക്കേടെന്നും സൗദി അറേബ്യയുടെ ഉന്നത മതവിഭാഗം വ്യക്തമാക്കിയത് കഴിഞ്ഞ വർഷമാണ്. സൗദിയുടെ ഉന്നത മതനേതാവാ മുഫ്തി അബ്ദുൾ അസീസ് ആണ് പ്രസ്താവന നടത്തിയത്.

മുസ്ലിംകളുടെ രണ്ട് പരിശുദ്ധ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ സ്വവർഗരതിയെ നിരാകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി പ്രസ് ഏജൻസി പുറത്ത് വിട്ട റിപ്പോർട്ടിലൂടെയാണ് മുഫ്തിയുടെ പരാമർശം പുറത്ത് വന്നത്. സ്വവർഗ രതി ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നു, ഇത്തരക്കാർ ഇഹലോകത്തിനും പരലോകത്തിനും നാണക്കേടാണ്. മനുഷ്യാവകാശം എന്നത് ദൈവനീതി അനുസരിച്ച് ജീവിക്കുന്നവർക്കാണ് നൽകേണ്ടത്. അല്ലാതെ ഇത്തരം വക്രബുദ്ധിയുമായി ഭൂമിയെ ചൂഷണം ചെയ്യുന്നവർക്കള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം യാഥാസ്ഥിതക ഭാവം മാറ്റി ആധുനികവൽക്കരണ പ്രേരണകൾ നടത്തുമ്പോഴും പൗരോഹിത്യത്തിന്റെ നിലപാട് ഒട്ടും മാറിയിട്ടില്ലെന്ന് വ്യക്തമാണ്. . ലൈംഗിക ആഭിമുഖ്യവും ലിംഗ സമത്വവും എന്ന പദങ്ങൾ ഉൾക്കൊള്ളുന്ന ജനാധിപത്യത്തെ കുറിച്ചുള്ള യുഎൻ ജനറൽ അസംബ്ലിയുടെ ഡ്രാഫ്റ്റിൽ സൗദി അറേബ്യയുടെ യുഎൻ അംബാസിഡർ അബ്ദുള്ള അൽ മൗലമി ഒരു അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് മുഫ്തി അബ്ദുൾ അസീസ് സ്വവർഗാനുരാഗികൾക്ക് എതിരെ രംഗത്ത് എത്തിയത്.എൽജിബിറ്റി സമൂഹത്തെ ഏറ്റവും കൂടുതലായി അവഗണിക്കുന്ന ലോകരാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ കണക്കാക്കപ്പെടുന്നത്.

സ്വവർഗരതിയിലേർപ്പെടുന്നവർക്ക് ഇപ്പോഴും കനത്ത ശിക്ഷയും ഇസ്ലാമിക രാജ്യങ്ങളിൽ കിട്ടാറുള്ളത്. ഈ മതബോധം തന്നെയാണ് സത്യത്തിൽ ഇപ്പോൾ വിവാദത്തിൽ നിറഞ്ഞു നിൽക്കുന്ന, ആദിലയും നുറക്കും സംഭവിച്ചത്.

ആദ്യ സ്വവർഗ ദമ്പതികൾ ഇവിടെയുണ്ട്

കേരളത്തിലെ ആദ്യത്തെ സ്വവർഗ ദമ്പതികളാണ് നികേഷും സോനുവും. 2018ലാണ് ഇവർ വിവാഹിതരായത്. സുപ്രീം കോടതി സെക്ഷൻ 377-ൽ ഭേദഗതി വരുത്തി സ്വവർഗാനുരാഗം കുറ്റകരമല്ലെന്ന വിധി പുറപ്പെടുവിച്ചതിന് ശേഷം 2019 ജൂൺ 30നായിരുന്നു നികേഷും സോനുവും തങ്ങളുടെ വിവാഹം വെളിപ്പെടുത്തിയത്. 2018 ജൂലൈ വരെ ഇന്ത്യൻ നിയമത്തിന്റെ കണ്ണിലും സ്വവർഗ ലൈംഗികത പ്രകൃതി വിരുദ്ധവും അസ്വാഭാവികവുമായിരുന്നു. പക്ഷേ സമൂഹത്തിൽനിന്ന് കടുത്ത അവഹേളനമാണ് അവർക്ക് നേരിട്ടത്.

തങ്ങളെ കളിയാക്കിയവരുടെ മുൻപിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിച്ചുവെന്ന് വിവാഹ വാർഷികത്തിൽ ദമ്പതികളായ സോനുവും നികേഷും പറഞ്ഞിരുന്നു.
ഞങ്ങളെ കൂട്ടുകാരായി കണ്ടാൽ പോരാ. ദമ്പതികളായിത്തന്നെ കാണണം എന്നായിരുന്നു ഇവർ കുറച്ചുകാലം വരെ ഇവരുടെ ആവശ്യം. 'ഈ വഴി ഞങ്ങൾ സ്വയം തിരഞ്ഞെടുത്തതല്ല, ഇങ്ങനെ ആയിത്തീർന്നതാണ്. നിങ്ങളുടെ വീട്ടിലും നാളെ ഇത്തരത്തിലൊരു കുട്ടിയുണ്ടാകാം. അവർ അതു തുറന്നു പറഞ്ഞാൽ അംഗീകരിക്കുക. ഈ തുറന്നുപറച്ചിലിനെ അടിച്ചമർത്തരുത്'. - ഇവർ പറയുന്നു.

ഗുരുവായൂർ സ്വദേശി നികേഷും കൂത്താട്ടുകുളം സ്വദേശി സോനുവും 2018 ജൂലൈ 5നു ഗുരുവായൂരിലാണു വിവാഹിതരായത്. നികേഷ് ബിസിനസുകാരനാണ്. സോനു ഐടി രംഗത്തു ജോലി ചെയ്യുന്നു. കാക്കനാട്ട് താമസം. സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ അറിയാമായിരുന്നത്. പലരും ഈ ബന്ധത്തെ മോശം രീതിയിലാണു കാണുന്നതെന്ന് ഇരുവരും പറഞ്ഞു.

അപേക്ഷാഫോമുകളിൽ വിവാഹിതർ എന്നെഴുതാനും കുട്ടികളെ ദത്തെടുത്തു വളർത്താനുമുള്ള അവകാശമാണു ലഭിക്കേണ്ടതെന്ന് ഇരുവരും പറയുന്നു. പരസ്പരം ഇഷ്ടപ്പെടുന്നവർക്ക് അതു പുറത്തുപറയാനുള്ള ധൈര്യമില്ല. സ്വവർഗാനുരാഗികൾ അനുഭവിക്കുന്ന വേദന സമൂഹം തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് ചിലർ ആത്മഹത്യയിൽ അഭയം തേടുന്നത്. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുൻകയ്യെടുക്കണം. വിവാഹിതരായശേഷം, 'ഞങ്ങളെ സഹായിക്കണം' എന്നാവശ്യപ്പെട്ട് ഒട്ടേറെ സന്ദേശങ്ങൾ വരുന്നുണ്ടെന്ന് ഈ ദമ്പതികൾ പറഞ്ഞരിരുന്നു.

ചരിത്രം കുറിച്ച് ആദിലയും നൂറയും

സോനുവും നികേഷിനെയും പോലെ ഇപ്പോൾ ആദിലയും നൂറയും ചരിത്രം കുറിക്കുകയാണ്. അതും അവർ കോടതി വഴി പൊരുതി നേടിയതാണ്. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ആദില ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി പെൺകുട്ടികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുമതി നൽകി. ബന്ധുക്കൾ കൊണ്ടുപോയ ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടയച്ചു.

സൗദിയിലെ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെയാണ് ആദില ഫാത്തിമ നൂറയെന്ന കൂട്ടുകാരിയെ കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദം, പിന്നീട് രണ്ട് പേരും ലസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതോടെ അത് പ്രണയമായി വളർന്നു. ഒരുമിച്ച് ജീവിക്കണമെന്നല്ലാതെ കൂടുതലൊന്നും അന്ന് ഇരുവർക്കും അറിയില്ലായിരുന്നു. ആലുവ സ്വദേശിയായ ആദിലയുടേയും കോഴിക്കോട് സ്വദേശിയായ നൂറയുടേയും രക്ഷിതാക്കളും സുഹൃത്തുക്കളായിരുന്നു. അതിനാൽ പ്ലസ്ടു കഴിഞ്ഞ് രണ്ട് പേരേയും ഒരുമിച്ച് കോഴിക്കോട്ടെ ഒരു കോളേജിൽ വിട്ട് പഠിപ്പിക്കാനും തീരുമാനിച്ചു. ഡിഗ്രി പൂർത്തിയാക്കിയ ശേഷം വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി ഒരുമിച്ച് ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടേയും തീരുമാനം. അതു നടന്നില്ല.

ഇരുവരും തമ്മിലുള്ള പ്രണയം വീട്ടിൽ അറിഞ്ഞതോടെ വീട്ടുകാർ ഒരുമിച്ച് പഠിപ്പിക്കാനുള്ള തീരുമാനം മാറ്റി. രണ്ടും പെണ്ണല്ലേ കുറച്ച് കഴിഞ്ഞാൽ ഇതൊന്നും കാണില്ല എന്നായിരുന്നു വീട്ടുകാർ ആദ്യം ധരിച്ചിരുന്നത്. വീട്ടിൽ കടുത്ത നിയന്ത്രണങ്ങൾ ആയപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇരുവരും ബന്ധം തുടർന്നു. പിന്നീട് തുടർ പഠനത്തിനായി കേരളത്തിലെ രണ്ട് കോളേജുകളിലെത്തിയതോടെ പരസ്പരം വീണ്ടും കണ്ടു. സ്വവർഗാനുരാഗത്തെ കുറിച്ചും സമാന ജീവിതം നയിക്കുന്നവരെ കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്ലിലാക്കി ഒടുവിൽ ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും എടുത്തു.

ബന്ധം തുടരുന്ന കാര്യം വീണ്ടും വീട്ടിൽ അറിഞ്ഞ് പ്രശ്നമായതോടെയാണ് ഇരുവരും വീട് വിട്ടിറങ്ങിയത്. സ്വവർഗാനുരാഗം മാനസിക രോഗമാണെന്നും മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും വീട്ടുകാർ കണ്ടെത്തുന്ന ആളെ വിവാഹം കഴിക്കണമെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. ഒടുവിൽ ഇനി ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിൽ ഇരുവരും ഈ മാസം 19ന് വീടുവിട്ടിറങ്ങി. കോഴിക്കോട് തന്നെയുള്ള സ്വവർഗാനുരാഗികളുടെ ഷെൽട്ടർ ഹോമിലാണ് അഭയം തേടിയത്. പിന്നീട് രണ്ട് പേർക്കും ഒരുമിച്ച് ജീവിക്കാനുള്ള പിന്തുണ നൽകാമെന്ന ഉറപ്പിൽ വീട്ടുകാർ എത്തി രണ്ട് പേരേയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവിടെ വെച്ച് തന്നെ വീട്ടുകാർ ഉപദ്രവിച്ചെന്നും ആദില പറയുന്നു. ഈ സാഹചര്യത്തിലാണ് ആദിലയുടെ അച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.

അതായത് ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളവർക്കൊപ്പം ജീവിക്കാമെന്നും, സ്വവർഗാനുരാഗം എന്നത് ഒരു മാനസിക രോഗം അല്ല എന്നതുമൊക്കെ കേരളത്തിന് കണ്ണുതുറപ്പിക്കാൻ ഈ രണ്ട് പെൺകുട്ടികൾ വേണ്ടി വന്നു എന്ന് ചുരുക്കം.

വാൽക്കഷ്ണം: അഖില ഹാദിയായി മാറിയപ്പോൾ അവൾക്ക് ഇഷ്മുള്ളവക്കൊപ്പം ജീവിക്കാനും, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അനുമതി നൽകിയത് ഇതേ കോടതിയാണെന്ന് ഓർക്കണം. അന്ന് സോഷ്യൽ മീഡിയിൽ അതിനെ അനുകൂലിച്ച് കമന്റിട്ട ഇസ്ലാമിസ്റ്റുകളിൽ ഒരു വിഭാഗം ഇന്ന് ആദില- നുറകേസിൽ കോടതിയെയും ആക്ഷേപിക്കുന്നത് കാണാം. എല്ലാം മതത്തിലൂടെ കാണുന്ന കാലത്തിൽനിന്ന് നാം എപ്പോഴാണ് മോചിപ്പിക്കപ്പെടുക.

റഫറൻസ്- ഡോ ബിനുരാജ്- ലേഖനം
ഡോ അഗസ്റ്റസ് മോറിസ് - പ്രഭാഷണം
ഫേസ്‌ബുക്ക്പോസ്റ്റ് -ടോമി സെബ്യാസ്റ്റിയൻ, ഡോ ഷിംന അസീസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP