Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വോട്ടിങ് ശതമാനത്തിലെ കുറവിൽ മുന്നണികൾക്ക് അമ്പരപ്പ്; പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്ന് യുഡിഎഫ്; അയ്യായിരം വോട്ടിലെങ്കിലും ജോ ജോസഫ് വിജയിക്കുമെന്ന് കണക്കു കൂട്ടി എൽഡിഎഫും; വോട്ടെടുപ്പു പൂർത്തിയായതിന് പിന്നാലെ കള്ളവോട്ടിൽ വാക്‌പോരുമായി നേതാക്കളും

വോട്ടിങ് ശതമാനത്തിലെ കുറവിൽ മുന്നണികൾക്ക് അമ്പരപ്പ്; പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്ന് യുഡിഎഫ്; അയ്യായിരം വോട്ടിലെങ്കിലും ജോ ജോസഫ് വിജയിക്കുമെന്ന് കണക്കു കൂട്ടി എൽഡിഎഫും; വോട്ടെടുപ്പു പൂർത്തിയായതിന് പിന്നാലെ കള്ളവോട്ടിൽ വാക്‌പോരുമായി നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടു നടന്നെന്നു പരാതിക്ക് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത് - വലത് വാക്‌പോര്. ആരോപണവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നിൽ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. എന്നാൽ, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എൽഡിഎഫ് പരാതി നൽകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.

ഒരു മാസത്തിലേറെ നീണ്ട ഉദ്വേഗങ്ങൾക്ക് ഒടുവിലാണ് തൃക്കാക്കരയിലെ വോട്ടർമാർ വിധിയെഴുതിയത്. പോളിങ് സമയം പൂർത്തിയായപ്പോൾ 68.75 ശതമാനം പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,320 പേരാണ് വോട്ടു ചെയ്തത്. ഇനി വെള്ളിയാഴ്ച വരെ ഫലം അറിയാനുള്ള കാത്തിരിപ്പാണ്.

വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതൽ കനത്ത പോളിങാണ് തൃക്കാക്കരയിൽ രേഖപ്പെടുത്തിയത്. മണ്ഡലത്തിലുടനീളം ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. പോളിങ് ശതമാനം ഉയരുന്നത് തങ്ങൾക്ക് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെട്ടത്.

തൃക്കാക്കരയിൽ കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളിൽ 39.31% പോളിങ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിങ് 45% പിന്നിട്ടു. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി.

യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈൻ ജംക്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

അതേ സമയം 3500ൽ ഏറെ കള്ളവോട്ടുകൾക്കു ശ്രമമുണ്ടായെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സ്ഥലത്തില്ലെന്ന വിവരം അറിഞ്ഞിരുന്നതിനാലാണ് കള്ളവോട്ടു ചെയ്യാനെത്തിയതു തിരിച്ചറിഞ്ഞതെന്നു കോൺഗ്രസ് പറയുന്നു.

കള്ളവോട്ടു ചെയ്തതായി സംശയം തോന്നി വോട്ടു ചെയ്യാനെത്തിയ ആളെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടെന്നു പറയുന്നു. പിന്നീട് യഥാർഥ വോട്ടറുടെ വീട്ടിൽ വിളിച്ചു ചോദിച്ച് ഇയാൾ വിദേശത്താണെന്നു സ്ഥിരീകരിച്ച ശേഷമാണു പരാതി ഉന്നയിച്ചിരിക്കുന്നത്.

ഉച്ചയോടെ പൊന്നുരുന്നി സ്‌കൂളിൽ കള്ളവോട്ടു ചെയ്യാനെത്തിയ ആളെ പരാതിയെ യുഡിഎഫ്, എൻഡിഎ ബൂത്ത് ഏജന്റുമാരുടെ പാരാതിയെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് പിറവം പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്റെ വോട്ടാണ് കള്ളവോട്ടു ചെയ്യാൻ ഇയാൾ ശ്രമിച്ചത്.

സിപിഎം കള്ളവോട്ടിനായി വ്യാപക തയ്യാറെടുപ്പു നടത്തിയതായി പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാജ വോട്ടർ ഐഡി കാർഡുകൾ തയാറാക്കി നൽകിയാണ് കള്ളവോട്ടു ചെയ്യിച്ചത് എന്നും ആരോപണമുണ്ട്. അതേസമയം കള്ളവോട്ടു ചെയ്തത് യുഡിഎഫാണെന്ന പ്രത്യാരോപണം ഇടതു നേതാക്കളും ഉയർത്തിയിട്ടുണ്ട്.

കള്ളവോട്ടിനെതിരെ പ്രിസൈഡിങ് ഓഫിസറോടു യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പരാതി അറിയിച്ചെങ്കിലും വിദേശത്തുള്ള വോട്ടറുടെ ഇമെയിൽ വിലാസത്തിൽനിന്നു പരാതി അയയ്ക്കാൻ നിർദ്ദേശിച്ചതായി അവർ പറഞ്ഞു. വോട്ടു ചെയ്യാൻ ഇയാൾ എത്തിയ സമയം പരിശോധിച്ചു സിസിടിവിയിൽ ആരാണ് വോട്ടു ചെയ്തത് എന്നു കണ്ടെത്താം എന്ന് അദ്ദേഹം അറിയിച്ചതായും സ്ഥാനാർത്ഥി പറഞ്ഞു.

സിപിഎം പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്റെ പിടിയിലായതെന്ന് വി ഡി സതീശൻ പറഞ്ഞു. വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇയാൾ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഉയർന്ന പോളിംഗിൽ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാൾ ഉയർന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, യുഡിഎഫ് വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്‌തെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. മികച്ച പോളിങ് എൽഡിഎഫിന് അനുകൂലമാകും. തൃക്കാക്കരയിൽ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തുവെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

ജനാധിപത്യ രീതിയിൽ ജയിക്കാൻ എൽഡിഎഫിന് കഴിയില്ലെന്നും അതാണ് കള്ളവോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് പ്രതികരിച്ചു. കള്ളവോട്ട് ശ്രമത്തിനിടെ പിടിയിലായത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആരോപിച്ചു.

കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്ന്ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണനും വിമർശിച്ചു. തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നാണ് എ എൻ രാധാകൃഷ്ണന്റെ ആരോപണം. അതേസമയം, കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് പി രാജീവ് അറിയിച്ചു. കൂടുതൽ കള്ളവോട്ടുകൾ നടന്നിട്ടുണ്ട്. പലരും വോട്ട് ചെയ്യാൻ വന്നപ്പോൾ വോട്ട് മുമ്പെ ചെയ്തിരിക്കുന്നു. ഒരു തെറ്റിനെയും ന്യായീകരിക്കില്ലെന്നും ഡിവൈഎഫ്‌ഐ നേതാവ് പിടിയിലായതും പരിശോധിക്കുമെന്ന് പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂൾ ബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ചയാളാണ് പൊലീസിന്റെ പിടിയിലായത്. പിറവ0 പാമ്പാക്കുട സ്വദേശി ആൽബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആൽബിൻ വോട്ട് ചെയ്യാൻ ശ്രമിച്ചത്. മറ്റ് രണ്ടിട്ടത്ത് കൂടി കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും പരാതി നൽകിയിട്ടുണ്ട്.

പാലാരിവട്ടം 17-ാം നമ്പർ ബൂത്തിസും കൊല്ലംകുടിമുകളിലെ 147 ബൂത്തിലും കൂടി കള്ളവോട്ട് നടന്നെന്നാണ് യുഡിഎഫിന്റെ ആരോപണം. പാലാരിവട്ടം ബൂത്ത് നമ്പർ 17 ൽ കാനഡയിലുള്ള ആളിന്റെ വോട്ട് രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കാനഡയിലുള്ള ജോസഫ് ജോർജ് എന്നയാളുടെ പേരിലാണ് കള്ളവോട്ട് നടന്നത്. കൊല്ലംകുടിമുകളിലെ 147 ബൂത്തിൽ കള്ളവോട്ട് നടന്നതായി ബിജെപിയും പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP