Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം; ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 5693 കോടി രൂപ അനുവദിച്ചു; ജിഎസ്ടി വരുമാനത്തിൽ വളർച്ച നേടിയില്ലെങ്കിൽ സംസ്ഥാനത്തിന് ഇനിയും കേന്ദ്രത്തെ കുറ്റം റഞ്ഞ് പിടിച്ചു നിൽക്കാൻ സാധിക്കില്ല

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം;  ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 5693 കോടി രൂപ അനുവദിച്ചു; ജിഎസ്ടി വരുമാനത്തിൽ വളർച്ച നേടിയില്ലെങ്കിൽ സംസ്ഥാനത്തിന് ഇനിയും കേന്ദ്രത്തെ കുറ്റം റഞ്ഞ് പിടിച്ചു നിൽക്കാൻ സാധിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2022 മെയ്‌ 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപ അനുവദിച്ചു. ഇതുപ്രകാരം കേരളത്തിന് 5693 കോടി രൂപ ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തിന് ഏറെ ആശ്വാസമാണ് ഈ നഷ്ടപരിഹാര തുക അനുവദിച്ചത്.

2022 ജനുവരി വരെ ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 47,617 കോടി രൂപ, ഫെബ്രുവരി മാർച്ച് മാസങ്ങളിലെ വിഹിതമായ 21,322 കോടി, ഏപ്രിൽമെയ്‌ മാസങ്ങളിലെ വിഹിതമായ 17,973 കോടി രൂപ എന്നിവ ചേർത്താണ് ആകെ 86,912 കോടി രൂപ അനുവദിച്ചത്. അതേസമയം ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്നത് അവസാനിക്കാൻ ഇരിക്കവേ ഇനിയും സ്വന്തം നിലയിൽ ജിഎസ്ടി വരുമാനം വർധിപ്പിക്കേണ്ടത് കേരളത്തിന്റെ ആവശ്യമായി മാറുകയാണ്.

കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ 27ാം സ്ഥാനത്താണു കേരളം. 2021 ഏപ്രിലിൽ 2,466 കോടി ജിഎസ്ടി വരുമാനമായി കിട്ടിയെങ്കിൽ കഴിഞ്ഞ മാസം കിട്ടിയത് 2,689 കോടിയാണ്. ശരാശരി 14% വളർച്ച പ്രതീക്ഷിക്കുന്നിടത്ത് 9% മാത്രമാണ് കേരളത്തിന്റെ ജിഎസ്ടി വളർച്ചാ നിരക്ക്.

14% വളർച്ച ഇല്ലെങ്കിൽ ബാക്കി തുക കേന്ദ്രം നൽകുന്നതാണു ജിഎസ്ടി നഷ്ടപരിഹാര പാക്കേജ്. നഷ്ടപരിഹാരം നിർത്തലാക്കുമ്പോൾ പകരം ജിഎസ്ടി വരുമാനം വർധിപ്പിച്ചു പിടിച്ചുനിൽക്കാനുള്ള കെൽപ് കേരളത്തിനില്ലെന്നാണു പുതിയ വരുമാനക്കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ ഇനിയും കേന്ദ്രത്തെ കുറ്റം പറഞ്ഞു പിടിച്ചു നിൽക്കൽ കേരളത്തിന് സാധ്യമല്ല. 103 കോടിയിൽ നിന്ന് 196 കോടിയിലേക്കു കുതിച്ച അരുണാചൽ പ്രദേശാണ് വരുമാന വളർച്ചയിൽ ഒന്നാം സ്ഥാനത്ത്.

ഏറ്റവും കൂടുതൽ വരുമാനം നേടിയത് വാണിജ്യ, വ്യവസായ കേന്ദ്രമായ മഹാരാഷ്ട്രയാണ്. 22,013 കോടി രൂപയിൽ നിന്ന് 27,495 കോടി രൂപയിലേക്കാണ് മഹാരാഷ്ട്രയുടെ പ്രതിമാസ വരുമാന വളർച്ച. രാജ്യത്തെ ആകെ ജിഎസ്ടി വരുമാനത്തിന്റെ 21 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. കേരളത്തിന്റെ സംഭാവനയാകട്ടെ 2 ശതമാനവും. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട് 10 ശതമാനവും കർണാടക 19 ശതമാനവും വളർച്ച നേടി.

ജിഎസ്ടി നടപ്പാക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതൽ നേട്ടം എന്നായിരുന്നു ഒന്നാം പിണറായി സർക്കാർ പ്രതീക്ഷിച്ചതെങ്കിലും ജിഎസ്ടിക്ക് 5 വയസ്സാകുമ്പോൾ കേരളം ഏറ്റുവാങ്ങുന്നതു തിരിച്ചടി മാത്രമാണ്. കഴിഞ്ഞ 5 വർഷവും നികുതി ചോർച്ച കണ്ടെത്താനും പരിഹാര നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ വരുമാനക്കുറവിനു കാരണം.

അതിനിടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജിഎസ്ടി നഷ്ടപരിഹാരവും ലഭിക്കുന്നത്. സംസ്ഥാന സർക്കാറിന് ക്ഷേമ, വികസന ചെലവുകൾ ചുരുക്കുക നിലവിൽ സംസ്ഥാനത്തിന് സാധ്യമല്ല. ഇത് വ്യക്തമാക്കുന്നതാണ് കണക്കുകളും. ശമ്പളത്തിനും പെൻഷനും വിരമിക്കൽ ആനുകൂല്യ വിതരണത്തിനുമായി വേണ്ടത് 68,914 കോടിയാണ്. പലിശയ്ക്കായി 26,834 കോടിയും.

സർവകലാശാലകൾക്കും കെഎസ്ആർടിസിയടക്കം പൊതുമേഖലയ്ക്കുമായി 3777 കോടി ഗ്രാന്റ് നൽകണം. ഭക്ഷ്യസബ്സിഡിക്ക് 2170 കോടിയും. രാജ്യത്താകെ വിലക്കയറ്റ സാഹചര്യത്തിൽ ചെലവ് ഉയരാനാണ് സാധ്യത. സ്‌കോളർഷിപ്പുകൾക്കും സ്‌റ്റൈപെൻഡുകൾക്കും 1214 കോടിയും, ആരോഗ്യ മേഖലയ്ക്ക് 5820 കോടിയും, വിദ്യാഭ്യാസ മേഖലയ്ക്ക് 20,592 കോടിയും കണക്കാക്കുന്നു. ക്ഷേമ പെൻഷന് 10,152 കോടിയും വിവിധ വിഭാഗങ്ങളുടെ പോഷക പൂരണ പരിപാടികൾക്ക് 2848 കോടിയും വേണം. ബജറ്റിലെ വാർഷിക മൊത്ത ചെലവ് 1.73 ലക്ഷം കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP