Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂമി അതിക്രമത്തിന് ആംബുലൻസ് ബുദ്ധി; സാധാരണ ചെക്കപ്പിനെ ഡയാലിസിസ് ആക്കി എസിയും എസ് ഐയും; കിണറ്റിലെ ബാക്ടീരിയയെ മറച്ചുവച്ച് വെള്ളം കുടിച്ച് മരിക്കാൻ ഉപദേശിക്കുന്ന പിണറായിയിലെ പൊലീസ്; പ്രതി ബ്രാഞ്ച് സെക്രട്ടറിയായാൽ കണ്ണൂരിൽ പരാതിക്കാരൻ പെട്ടതു തന്നെ; സി ആൻഡ് എജി ഉദ്യോഗസ്ഥന് പറയാനുള്ളത് കണ്ണീരിന്റെ കഥ

ഭൂമി അതിക്രമത്തിന് ആംബുലൻസ് ബുദ്ധി; സാധാരണ ചെക്കപ്പിനെ ഡയാലിസിസ് ആക്കി എസിയും എസ് ഐയും; കിണറ്റിലെ ബാക്ടീരിയയെ മറച്ചുവച്ച് വെള്ളം കുടിച്ച് മരിക്കാൻ ഉപദേശിക്കുന്ന പിണറായിയിലെ പൊലീസ്; പ്രതി ബ്രാഞ്ച് സെക്രട്ടറിയായാൽ കണ്ണൂരിൽ പരാതിക്കാരൻ പെട്ടതു തന്നെ; സി ആൻഡ് എജി ഉദ്യോഗസ്ഥന് പറയാനുള്ളത് കണ്ണീരിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലെ അക്കൗണ്ട് ജനറൽ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനാണ് മമ്പറം സ്വദേശി ടികെ ഹരിദാസ്. കേരളത്തിലെ സീനിയർ ഓഡിറ്റ് ഓഫീസർ. നാഗാലാന്റിൽ നിന്ന് അസുഖം തിരിച്ചറിഞ്ഞ് കേരളത്തിലേക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയ കണ്ണൂരുകാരൻ. ഏത് ഓഫീസിലേക്കും കത്തെഴുതി വിശദീകരണം ചോദിക്കാൻ തക്ക അധികാരമുള്ള ഉദ്യോഗസ്ഥൻ. പക്ഷേ സിപിഎം ബ്രാഞ്ച് സെക്രട്ടറിയോട് കളിച്ചാൽ എത്ര വലിയ ഉദ്യോഗസ്ഥനായാലും രക്ഷയില്ല. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന് പൊലീസ് കുടപിടിക്കുമ്പോൾ ഈ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ പോരാട്ടത്തിന്റെ വഴിയിലാണ്. സ്വന്തം വീട്ടിൽ ഭയരഹിതമായി താമസിക്കാനുള്ള പ്രതിരോധമൊരുക്കൽ.

ഔദ്യോഗിക ആവശ്യത്തിന് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ഹരിദാസനെ കാത്തിരുന്നതും ക്രൂരമായ കൈയേറ്റവും കണറ്റിലെ വെള്ളം നശിപ്പിക്കലുമാണ്. സ്വന്തം വീട്ടിൽ ഹരിദാസിനെ കഴിയാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ എടുത്തതു പോലെയാണ് പ്രദേശത്തെ സിപിഎം നേതൃത്വം. ജില്ലയിലെ പ്രധാന സിപിഎം നേതാക്കളുടെ പിന്തുണയിലാണ് ഇതെല്ലാം നടക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസും ഹരിദാസിന് എതിരാണ്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് ഹരിദാസിന്റെ വീട്ടിന് പിന്നിൽ താമസിക്കുന്നത്. അയാൾക്ക് ഹരിദാസന്റെ വസ്തുവിലൂടെ റോഡ് വെട്ടണം. അതിന് വേണ്ടി ഏത് തലത്തിലേക്കും പാർട്ടി നീങ്ങും. ഹരിദാസിനെ വീട്ടിൽ നിന്ന് ഓടിച്ചു വിടാൻ ബ്രാഞ്ച് സെക്രട്ടറി നടത്തുന്ന ഗൂഢാലോചനയ്ക്ക ്‌തെളിവ് പോലുമുണ്ട്. പക്ഷേ പൊലീസ് ഇതൊന്നും ഗൗരവത്തിലെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഒന്നര കിലോ മീറ്റർ പോയാൽ ഈ സ്ഥലമായി. പിണറായി പൊലീസ് സ്‌റ്റേഷനാണ് പരിധി. ഇവിടുത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ പോലും ഈ കേന്ദ്ര ഏജൻസി ജീവനക്കാരനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വേണ്ടി ഗൂഢാലോചന നടത്തുന്നുവെന്നതാണ് വസ്തുത.

രണ്ടാഴ്ച മുമ്പ് ഞെട്ടിക്കുന്ന ചില സംഭവങ്ങൾ ഹരിദാസിന്റെ വീട്ടിന് സമീപം നടന്നു. രണ്ടു ഗുണ്ടകൾ ഓട്ടോയിൽ എത്തുന്നു. ഹരിദാസിനേയും ഭാര്യയേയും ആക്രമിക്കുന്നു. ഭാര്യയുടെ വസ്ത്രം പോലും കീറുന്ന തരത്തിൽ ഗുരുതരമായ ആക്രമണം. ഈ രണ്ട് ഗുണ്ടകളിൽ ഒരാളെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല. അറസ്റ്റിലായ ആൾക്ക് ജാമ്യവും നൽകി. ഇയാൾ പുറത്തിറങ്ങിയ ശേഷവും അക്രമണ ലക്ഷ്യത്തോടെ വീടിന് അടുത്ത് കറങ്ങി നടക്കുന്നു. ഈ അക്രമത്തിന് പിന്നിലെ ഗൂഢാലോചന തെളിവ് പോലും പൊലീസ് കമ്മീഷണർക്ക് ഹരിദാസ് കൈമാറി. എന്നാൽ ആരും അത് ഗൗരവത്തോടെ എടുക്കുന്നില്ല.

മുത്രസഞ്ചി മാറ്റി കൃത്രിമ മൂത്ര സഞ്ചി വച്ച വ്യക്തിയാണ് ഹരിദാസ്. നഗാലാന്റിലെ ഉത്തരവാദിത്തങ്ങൾ ആരോഗ്യ കാരണങ്ങളാൽ നിറവേറ്റാൻ കഴിയാത്തതുകൊണ്ട് കേരളത്തിലേക്ക് സ്ഥലം മാറ്റം നൽകുകയായിരുന്നു അക്കൗണ്ട് ആൻഡ് ഓഡിറ്റ് വകുപ്പ്. അങ്ങനെ നാട്ടിലെത്തിയ ഹരിദാസ് കണ്ണൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 2013മുതൽ ഹരിദാസിനെ നിരന്തരം വേട്ടയാടുകയാണ് പുറകിൽ താമസിക്കുന്ന ബ്രാഞ്ച് സെക്രട്ടറി. ഈ നേതാവിന്റെ ഇഷ്ടത്തിനാണ് പൊലീസിന്റെ തുള്ളലും. ഇതുവരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത പലതും ഇവിടെ പൊലീസ് ചെയ്തു കൂട്ടിയിട്ടുണ്ട്.

കിണർ വെള്ളം കുടിക്കാമെന്ന് സർട്ടിഫിക്കറ്റ് നൽകുന്ന എസ് ഐ

ഹരിദാസിനെ ദ്രോഹിക്കാൻ പിണറായി പൊലീസ് നടത്തുന്ന ഇടപെടലുകൾ കുപ്രസിദ്ധമാണ്. പുറകിലെ ബ്രാഞ്ച് സെക്രട്ടറി ഒരു ദിവസം ആംബുലൻസിനെ ഹരിദാസിന്റെ പറമ്പിലൂടെ ഓടിച്ചു കൊണ്ടു പോകുന്നു. ഈ കടന്നു കയറ്റത്തിനെതിരെ പൊലീസിൽ ഹരിദാസ് പരാതി നൽകി.

ഇങ്ങനെ ആംബുലൻസ് പോകുമ്പോൾ വസ്തുവിനോട് ചേർന്നുള്ള തോട് പൊളിഞ്ഞു. ഇവിടെ കെട്ടിക്കിടന്ന മലിന ജലം കിണറ്റിലേക്കും എത്തി. ഇതും പരാതിയായി നൽകി. എന്നാൽ പിണറായി പൊലീസും തലശ്ശേരി എസിയും കുറ്റവാളിക്ക് കുടപിടിക്കുകയാണ് ചെയ്തത്. സീനയർ ഓഡിറ്റ് ഓഫീസറായ ഹരിദാസനും സർക്കാരിന്റെ കണക്കിലെ കള്ളത്തരങ്ങൾ കണ്ടെത്തുന്ന ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ പൊലീസിന്റെ കണറ്റിലെ കള്ളം പൊളിക്കാനുമായി.

കണറ്റിൽ ശുദ്ധജലമാണെന്നും കുടിക്കാമെന്നും പൊലീസ് മറുപടി നൽകി. ഇതിന് ആധാരമായി നൽകിയ റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിച്ചാൽ അനുവദനീയമായ അളവിൽ കോളിഫോം ബാക്ടീരിയ കിണറ്റിലെ വെള്ളത്തിലുണ്ടെന്ന് വ്യക്തമാണ്. ഇതിനൊപ്പം ഹരിദാസൻ സ്വന്തം നിലയിലും വെള്ളം പരിശോധിച്ചു. അതും കിണറ്റിലെ മോശം അവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ബ്രഞ്ചാ സെക്രട്ടറിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കളികൾ നടത്തുന്നു. കുടിവെള്ളം പോലും നൽകാതെ ഹരിദാസിനെ കുടിയിറക്കാനുള്ള ശ്രമം.

ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്നതും. നടന്നു പോകാനുള്ള വഴി ബ്രാഞ്ച് സെക്രട്ടറിക്ക് ഹരിദാസൻ നൽകിയിട്ടുണ്ട്. ഈ വഴിയിലൂടെ വലിയ വാഹനങ്ങൾ കയറ്റുന്നു. കൊടുത്ത വഴിക്ക് അടുത്താണ് കിണറുള്ളത്. അതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കിണറിലേക്ക് മാലിന്യം ഒഴുകിയെത്തും. തീർത്തും ഹരിദാസിനെ ഒറ്റപ്പെടുത്തുകയാണ് സിപിഎം. സിസിടിവി പോലും നശിപ്പിച്ചു കളഞ്ഞു. തെളിവുകൾ കോടതിക്ക് മുമ്പിൽ എത്താതിരിക്കാനാണ് ഇത്.

ഡയാലിസിസ് എന്ന് എഎസ്‌പി, കിടപ്പു രോഗിയെന്ന് എസ് ഐ, വെറും ചെക്കപ്പെന്ന് ആശുപത്രിയും

ഹരിദാസിന്റെ കണിർ ഇടിക്കുകയെന്ന ലക്ഷ്യത്തോടെ ആംബുലൻസ് എത്തിയതിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഭൂമി കൈയേറ്റത്തിന് കേസെടുക്കണമായിരുന്നു. ഇതിനെ പിണറായി പൊലീസും സമർത്ഥമായി നേരിട്ടു. തലശ്ശേരി എസിയും നീതിക്കു വേണ്ടി നിലകൊണ്ടില്ല. അതിക്രമിച്ച് കയറലിനെതിരെ ഹരിദാസൻ നൽകിയ പരാതിയിൽ പൊലീസ് വിചിത്ര ന്യായം നിരത്തി. കിടപ്പു രോഗിയെ ആശുപത്രിയിലെത്തിക്കേണ്ട അടിയന്തര സാഹചര്യത്തിലായിരുന്നു ആംബുലൻസിന്റെ അതിക്രമിച്ചു കയറലെന്ന് എസി പോലും പറഞ്ഞു. അങ്ങനെ സിസിടിവിയിലെ ദൃശ്യങ്ങളിൽ അന്വേഷണത്തിനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ല.

ഡയാലിസിസ് ചെയ്തില്ലെങ്കിൽ മരിച്ചു പോകുമായിരുന്ന രോഗിയുമായി പായാനാണ് ആംബുലൻസ് എത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. പിണറായി പൊലീസ് കിടപ്പരോഗിയെ കൊണ്ടു പോകാനെന്ന് പറഞ്ഞപ്പോൾ എസി അത് അൽപ്പം കൂടി കൂട്ടി. ഡയാലിസിന് എന്ന് രേഖപ്പെടുത്തി. എന്നാൽ വെറും ചെക്കപ്പിനായിരുന്നു ഈ കോലാഹലമെന്ന് ഹരിദാസ് തെളിയിക്കുകയും ചെയ്തു. ആസ്റ്റർ ആശുപത്രിയിലേക്കാണ് രോഗിയെ കൊണ്ടു പോയത്. ഈ രോഗിയുടെ ആസ്റ്ററിലേക്കുള്ള പ്രവേശനവും രോഗത്തിന്റെ അവസ്ഥയും സീനിയർ ഓഡിറ്റ് ഓഫീസറായ ഹരിദാസൻ ചോദിച്ചാൽ പറയേണ്ട ബാധ്യത ആശുപത്രിക്കുണ്ടായിരുന്നു. അങ്ങനെ ഹരിദാസൻ നൽകിയ കത്തിന് അവർ മറുപടി നൽകി.

വെറും വൈറ്റൽ ചെക്കപ്പിനായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ അച്ഛനെ ആശുപത്രിയിൽ കൊണ്ടു വന്നത്. പിന്നീട് വന്നിട്ടുമില്ല. അതു മാത്രമല്ല ഡയാലിസോ കിടത്തി ചികിൽസയോ ആശുപത്രിയിൽ നടത്തിയുമില്ല. ഈ മറുപടിയിൽ നിന്നു തന്നെ സിപിഎമ്മുകാരന് വേണ്ടി പൊലീസ് നടത്തിയ ഗൂഢാലോചന വ്യക്തമാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷൈലേഷിന് വേണ്ടിയാണ് ഇതെല്ലാം പൊലീസ് ചെയ്യുന്നത്.

2014ലാണ് ഹരിദാസിന്റെ വസ്തു മോഹിച്ചുള്ള കളികൾ സിപിഎം നേതാവ് തുടങ്ങുന്നത്. ഹരിദാസിനെതിരെ കള്ളകേസ് കൊടുത്ത് സമ്മർദ്ദത്തിലാക്കാനായിരുന്നു ശ്രമം. ഈ കേസിൽ കോടതി വിചാരണ പോലും നടന്നു. ഹരിദാസിനെതിരെ നിൽക്കുന്നത് വസ്തു സമ്മർദ്ദത്തിലൂടെ നേടാനാണെന്ന തരത്തിൽ കോടതി വിധിയും പുറപ്പെടുവിച്ചു. ഈ വിധിയിൽ നിന്ന് തന്നെ നടക്കുന്നതെല്ലാം വസ്തുവിന് വേണ്ടിയുള്ള കളികളാണെന്ന് വ്യക്തം. എന്നിട്ടും പൊലീസ് ഹരിദാസിനെ സംരക്ഷിക്കുന്നില്ല. മറിച്ച് ഗുണ്ടകളായ പ്രതികൾക്കൊപ്പമാണ് നിൽപ്പ്.

 

കള്ള പട്ടിക ജാതി കേസു പോലും ഹരിദാസിനും കുടുംബത്തിനുമെതിരെ കൊടുത്തു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ നടപടിയൊന്നും എടുത്തതുമില്ല. ഇതോടെ പരാതിക്കാരൻ കോടതിയിലുമെത്തി. ഇതും നിയമ നടപടികളിൽ കിടക്കുകയാണ്. ഹരിദാസിനെതിരെ കൊടുത്ത കള്ളക്കേസുകൾ ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പരിശോധനയും നടക്കുന്നു. ഇതിനിടെയാണ് ഹരിദാസിനേയും ഭാര്യയേയും അതിക്രമിക്കാനുള്ള ശ്രമങ്ങൾ. ഓട്ടോയിവെക്കി വിജേഷും രാഗേഷും ഹരിദാസിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. അതിക്രൂരമായ മർദ്ദനം നടന്നു. അതിന് ശേഷം സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് തകർക്കാനും ശ്രമിച്ചു.

ഹരിദാസിന്റെ ഫോണിൽ സ്ഥലം എസ് ഐ അടക്കമുള്ളവർക്കെതിരെ തെളിവുകൾ ഉണ്ടായിരുന്നു. ഈ തെളിവുകൾ കൈക്കലാക്കാൻ മൊബൈൽ ഫോൺ നശിപ്പിക്കാനും ശ്രമിച്ചു. ഭാര്യയെ അപായപ്പെടുത്തി മൊബൈൽ നശിപ്പിക്കുകയായിരുന്നു. ഈ കേസിലും പൊലീസ് ഒന്നും ചെയ്തില്ല. ഇങ്ങനെ ഈ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥൻ വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും പൊലീസ് പിന്തുണയിൽ അതിക്രമം തുടരുന്നു.

ഗൂഢാലോചനയിൽ സിപിഎം ഉന്നതനും

ഷൈലേഷും രാഗേഷും ചേർന്നുള്ള അതിക്രമ ഗൂഢാലോചനയുടെ തെളിവുകളും പൊലീസ് കമ്മീഷണർക്ക് ഹരിദാസ് കൈമാറിയിട്ടുണ്ട്. എന്നാൽ അതിലൊന്നും നടപടികൾ എടുക്കുന്നില്ല. ഹരിദാസിനെ കൊന്നു തള്ളാനുള്ള ഗൂഢാലോചനയാണ് സിപിഎം സ്വാധീനമുള്ള മേഖയിൽ നടക്കുന്നത്. സിപിഎമ്മിലെ കണ്ണൂരിലെ ഉന്നത നേതാവ് തന്നെ ഇക്കാര്യം പലരോടും തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഹരിദാസൻ പറയുന്നു. അതുകൊണ്ടാണ് പൊലീസിനും നീതി നടപ്പാക്കാൻ കഴിയാത്തത്.

പീഡനക്കേസിലും പ്രതിയാക്കാൻ ശ്രമം

വ്യക്തിവൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരനെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നതായുള്ള പരാതി സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനും നൽകിയിരുന്നു. വിരമിച്ച പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, ചൈത്ര തെരേസ ജോൺ ഐപിഎസ് എന്നിവർ പൊലീസ് പീഡനത്തിന് കൂട്ടുനിന്നതായും ആരോപിച്ച് ഹരിദാസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ഹരിദാസ് ഡെപ്യൂട്ടേഷനിൽ കേരളത്തിലുണ്ടായിരുന്ന 2016 നവംബർ മുതൽ 2018 നവംബർ വരെയുള്ള കാലഘട്ടത്തിൽ സിപിഎം പ്രവർത്തകർ പൊലീസിനെ കൊണ്ട് തുടർച്ചയായി ഉപദ്രവിപ്പിക്കുകയും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ വ്യാജകേസ് എടുപ്പിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയത്.

കേരള പൊലീസ് തയ്യാറാക്കിയ വ്യാജ എഫ്ഐആറുകളെ കുറിച്ച് താൻ 26 ഇ-മെയിലുകളിലൂടെ അന്നത്തെ പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയെന്നും അതിനെ തുടർന്ന് ബെഹ്‌റ അന്വേഷണത്തിനായി ചൈത്ര തരേസാ ജോണിനെ ചുമതലപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ ചൈത്ര തന്റെ കീഴുദ്യോഗസ്ഥർക്ക് അനുകൂലമായും സിപിഎം പ്രവർത്തകരെ സംരക്ഷിക്കുന്നതിനായും വസ്തുതകൾ വളച്ചൊടിച്ചതായി അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസിലായതായി ഹരിദാസ് പരാതിയിൽ ആരോപിക്കുന്നു.

ഹരിദാസിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കട ചില കാരണങ്ങളാൽ വേങ്ങാട് പഞ്ചായത്ത് പൂട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെതിരെ കടയുടെ ഉടമസ്ഥയായ ഹരിദാസിന്റെ ഭാര്യ എൽഎസ്ജി ട്രിബ്യൂണലിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട ഒരു രേഖ ലഭിക്കുന്നതിന് അവർ പഞ്ചായത്ത് പ്രസിഡന്റിനെ പലതവണ ഫോണിൽ ബന്ധപ്പെട്ടതായി ഹരിദാസ് പറയുന്നു. ഹരിദാസിന്റെ പേരിലുള്ളതായിരുന്നു ആ സിം കാർഡ്. ഇതിന്റെ പേരിൽ ഹരിദാസ് ഫോണിൽ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ചെന്ന് ആരോപിച്ച് വനിതാ പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. പൊലീസ് ഹരിദാസിനെതിരെ 354 ഡി, 509, 294 ബി അടക്കമുള്ള മാരകമായ വകുപ്പുകൾ ചേർത്ത് കേസെടുത്തു. ഇതിനെതിരെയാണ് ഹരിദാസ് ബെഹ്‌റയ്ക്ക് പരാതി നൽകിയത്.

തുടർന്നാണ് ബെഹ്‌റ എസ്‌പി ചൈത്ര തെരേസ ജോണിനെ അന്വേഷണം ഏൽപ്പിച്ചതും ചൈത്ര പൊലീസുകാർക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചതും. ഈ രണ്ട് ഐപിഎസുകാരുൾപ്പെടെയുള്ള കേരളാ പൊലീസ് നീതി നിഷേധിച്ചപ്പോൾ പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന അപേക്ഷയുമായി ഹരിദാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കുന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്‌തെന്ന് ഹരിദാസ് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു.

ഹൈക്കോടതി കണ്ടെത്തലിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗികനടപടികൾ കൈകൊള്ളുന്നതിന് ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വാസ് മേത്തയ്ക്ക് പരാതി അയച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ഹരിദാസ് പറയുന്നു. സൂപ്പർവൈസറി ഓഫീസർ എന്ന നിലയിൽ കേസ് അന്വേഷിച്ച ചൈത്ര സത്യസന്ധമായി കേസ് അന്വേഷിച്ചില്ല, പകരം രാഷ്ട്രീയ നേതാക്കളെ തൃപ്തിപ്പെടുത്താൻ കേസ് ദുരുപയോഗം ചെയ്തു. തെറ്റ് ബോധ്യപ്പെട്ടിട്ടും ബെഹ്റ, ചൈത്രയെ സംരക്ഷിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP