Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെയ് 31 ലോക പുകയില രഹിത ദിനം; പുകയില വിരുദ്ധ ക്ലിനിക്കുകൾ സബ് സെന്റർ തലത്തിൽ കൂടി എന്ന് മന്ത്രി വീണാ ജോർജ്

മെയ് 31 ലോക പുകയില രഹിത ദിനം; പുകയില വിരുദ്ധ ക്ലിനിക്കുകൾ സബ് സെന്റർ തലത്തിൽ കൂടി എന്ന് മന്ത്രി വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുകയില വിരുദ്ധ ക്ലിനിക്കുകൾ ഈ വർഷം മുതൽ സബ് സെന്റർ തലത്തിൽ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജെപിഎച്ച്എൻ, ജെഎച്ച്ഐ എന്നിവർക്ക് പരിശീലനം നൽകി പുകവലി ശീലം ഉള്ളവർക്ക് കൗൺസിലിംഗും ആവശ്യമായവർക്ക് ചികിത്സയും നൽകുന്നു. തൃശൂർ ജില്ലയിൽ 25 സബ് സെന്ററുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നതാണ്. രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ളവരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്. പുകയിലയുടെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് അവ ഉപേക്ഷിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. കേരളത്തിൽ പുകയില മൂലമുള്ള മരണ കാരണങ്ങളുടെ പട്ടികയിൽ പുകയിലജന്യമായ ഹൃദ്രോഗവും, വദനാർബുദവും, ശ്വാസകോശാർബുദവുമാണ് മുൻപന്തിയിൽ നിൽക്കുന്നത്. പുരുഷന്മാരിൽ കാണുന്ന അർബുദത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് പുകയിലജന്യമായ ശ്വാസകോശാർബുദവും രണ്ടാമത് പുകയിലജന്യമായ വദനാർബുദവുമാണ്. ഒരു ലക്ഷത്തിൽ അയ്യായിരം പേർക്ക് ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളിൽ പ്രധാനകാരണം പുകയിലയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ, ക്ഷയരോഗം എന്നിവ വർധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.

'പുകയില: പരിസ്ഥിതിക്കും ഭീഷണി' എന്നതാണ് ഈ വർഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉത്പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുകയില കൃഷിയും നിർമ്മാണവും ഉപയോഗവും രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇസിഗരറ്റ് മുതലായ മാലിന്യങ്ങളാൽ പ്രകൃതിയെ വിഷലിപ്തമാക്കുന്നു.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോൾ ഫ്രീ നമ്പറുകളായ 1056, 104 എന്നിവ പുകവലി നിർത്തുന്നവർക്കുള്ള ക്വിറ്റ് ലൈനായി കൂടി പ്രവർത്തിക്കുന്നു. പുകയില ഉപയോഗം നിർത്തുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ നമ്പറുകളിൽ വിളിച്ച് ഡോക്ടർമാർ, സൈക്കോളജിസ്റ്, സൈക്ക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. കൂടാതെ സി.ഒ.പി.ഡി രോഗത്തിന്റെ പ്രതിരോധത്തിനും, നിയന്ത്രണത്തിനും ചികിത്സക്കും വേണ്ടിയുള്ള ശ്വാസ് ക്ലിനിക്കുകൾ, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ എന്നിവ വഴിയും സർക്കാർ ആശുപത്രികളിൽ പ്രാഥമികതലം മുതൽ പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സയും കൗൺസിലിംഗും ലഭ്യമാണ്.

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണം മെയ് 31ന് തൃശൂരിൽ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി കാമ്പയിൻ മോദിൽ ബോധവത്ക്കരണ പരിപാടികൾ, മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുകയില വിമുക്തമാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിക്കും. ഇതിനായി എൻ.എസ്.എസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. മെയ് 31 ന് തൃശൂർ ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമ്പൂർണ പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP