Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്രത്തിലൂടെ വീണ്ടും ട്രെയിനുകൾ ഓടും; 1964ൽ തകർന്ന രാമേശ്വരം-ധനുഷ്‌കോടി റെയിൽവേ പാത പുനഃസ്ഥാപിക്കുന്നു; കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലേക്ക് പാത സംബന്ധിച്ച നിർദേശങ്ങൾ കൈമാറി

ചരിത്രത്തിലൂടെ വീണ്ടും ട്രെയിനുകൾ ഓടും; 1964ൽ തകർന്ന രാമേശ്വരം-ധനുഷ്‌കോടി റെയിൽവേ പാത പുനഃസ്ഥാപിക്കുന്നു; കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലേക്ക് പാത സംബന്ധിച്ച നിർദേശങ്ങൾ കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1964ൽ തകർന്ന രാമേശ്വരം - ധനുഷ്‌കോടി പാത പുനഃസ്ഥാപിക്കാനൊരുങ്ങി റെയിൽവേ. തമിഴ്‌നാട്ടിലെ രാമേശ്വരത്തേയും ധനുഷ്‌കോടിയേയും ബന്ധിപ്പുന്ന പാതക്കായുള്ള മാസ്റ്റർപ്ലാൻ ദക്ഷിണ റെയിൽവേ തയാറാക്കി. ദക്ഷിണ റെയിൽവേ സോണൽ ഓഫീസിൽ നിന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലേക്ക് പാത സംബന്ധിച്ച നിർദേശങ്ങളും കൈമാറി. രാമേശ്വരത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ധനുഷ്‌കോടിയിലേക്ക് വരാനുള്ള എളുപ്പ മാർഗമായി പാത മാറും. 1964ലെ സുനാമിയിലാണ് രാമേശ്വരം-ധനുഷ്‌കോടി റെയിൽവേ ലൈൻ തകർന്നത്.

ആകെ 18 കി.മീറ്റർ ദൂരമാണ് രാമേശ്വരം-ധനുഷ്‌കോടി പാതക്കുള്ളത്. ഇതിൽ 13 കി.മീറ്റർ ഭാഗം തറ നിരപ്പിൽ നിന്നും ഉയരത്തിൽ (എലവേറ്റഡ് ട്രാക്ക്) ആയിരിക്കും പണിയുകയെന്ന് മധുര ഡിവിഷൻ എൻജിനീയർ ഹൃദയേഷ് കുമാർ പറഞ്ഞു. പുതിയ പാത നിർമ്മിക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാമേശ്വരം സ്റ്റേഷൻ പുനർവികസിപ്പിച്ച് പുതിയ ബ്രോഡ്‌ഗേജുമായും ഇലക്ട്രിക് ലൈനുമായും ബന്ധിപ്പിക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി മധുര ഡിവിഷൻ അസി. എക്‌സി. എൻജിനീയർ ആനന്ദ് പറഞ്ഞു. 18 കി.മീറ്റർ നീളമുള്ള പാതയിൽ മൂന്ന് സ്റ്റേഷനുകളും ഒരു ടെർമിനൽ സ്റ്റേഷനും ഉണ്ടാവും. പാത യാഥാർത്ഥ്യമാകുന്നതോടെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭൂമിശാസ്ത്രപരമായി പാമ്പൻ ദ്വീപിന്റെ അറ്റത്താണ് ധനുഷ്‌കോടി. പ്രധാന ഭൂപ്രദേശത്ത് നിന്ന് പാൽക്ക് കടലിടുക്കാണ് ധനുഷ്‌കോടിയെ വേർതിരിക്കുന്നത്. 1964 ഡിസംബർ വരെ തമിഴ്‌നാട്ടിലെ മണ്ഡപവുമായി നേരിട്ട് ബന്ധിപ്പിച്ചിരുന്ന ജനപ്രിയ സ്റ്റേഷനായിരുന്നു ധനുഷ്‌കോടി. അക്കാലത്ത് ശ്രീലങ്കയിലെ സിലോണിനെ ഇന്ത്യയിലെ മണ്ഡപവുമായി ബന്ധിപ്പിക്കാനുള്ള പ്രധാന കേന്ദ്രമായിരുന്നു ധനുഷ്‌കോടി സ്റ്റേഷൻ.

ബോട്ട് മെയിൻ എന്ന പേരിലുള്ള ട്രെയിനായിരുന്നു അന്ന് ഓടികൊണ്ടിരുന്നത്. 1964 ഡിസംബർ 22, 23 തീയതികളിൽ ഉണ്ടായ സുനാമിയിൽ ഈ പാത പൂർണമായും തകർന്നു. നൂറ്കണക്കിന് ട്രെയിൻ യാത്രക്കാരും ജീവനക്കാരുമാണ് അപകടത്തിൽ മരിച്ചത്. പിന്നീട് ഈ പാത പുനർനിർമ്മിക്കാനുള്ള നടപടികളൊന്നും ഉണ്ടായില്ല. ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്ന രാമേശ്വരം-ധനുഷ്‌കോടി പാത പുനഃസ്ഥാപിക്കാൻ 700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP