Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൺവേട്ടയിൽ ഒന്നാമൻ ബട്‌ലർ; വിക്കറ്റ് വേട്ടയിൽ ചാഹൽ; ഓറഞ്ച്- പർപ്പിൾ ക്യാപ്പുകൾ ഒന്നിച്ചിട്ടും ഫൈനലിൽ കാലിടറി രാജസ്ഥാൻ; ടോസ് ലഭിച്ചിട്ടും സഞ്ജുവിന് പിഴച്ചത് ബാറ്റിങ് നിരയിലെ അമിത പ്രതീക്ഷ; 'ശരാശരിക്കാരെ' ചാമ്പ്യന്മാരാക്കിയത് മുന്നിൽ നിന്ന് നയിച്ച ഹാർദ്ദിക് പാണ്ഡ്യ

റൺവേട്ടയിൽ ഒന്നാമൻ ബട്‌ലർ; വിക്കറ്റ് വേട്ടയിൽ ചാഹൽ; ഓറഞ്ച്- പർപ്പിൾ ക്യാപ്പുകൾ ഒന്നിച്ചിട്ടും ഫൈനലിൽ കാലിടറി രാജസ്ഥാൻ; ടോസ് ലഭിച്ചിട്ടും സഞ്ജുവിന് പിഴച്ചത് ബാറ്റിങ് നിരയിലെ അമിത പ്രതീക്ഷ; 'ശരാശരിക്കാരെ' ചാമ്പ്യന്മാരാക്കിയത് മുന്നിൽ നിന്ന് നയിച്ച ഹാർദ്ദിക് പാണ്ഡ്യ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമിട്ട 2008ൽ 'ശരാശരിക്കാരായ' താരങ്ങളെ ചാമ്പ്യന്മാരാക്കിയ ഷെയ്ൻ വോൺ മാജിക്കിന്റെ തനിയാവർത്തനമാണ് ഐപിഎൽ പതിനഞ്ചാം സീസണിൽ ഹാർദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് കാഴ്ചവച്ചത്. അന്ന് രാജ്യാന്തര ക്രിക്കറ്റിൽ അറങ്ങേറ്റം കുറിച്ച ഏതാനും താരങ്ങളും ഒരുപിടി യുവതാരങ്ങളുമായി എത്തി കന്നി കിരീടം ചൂടിയ ഷെയ്ൻ വോണിന്റെ വിസ്മയക്കുതിപ്പിന് സമാനമായി ശരാശരിക്കാരായ താരങ്ങളെ ഒന്നിപ്പിച്ച് കിരീടത്തിലേക്ക് കുതിക്കാൻ ഗുജറാത്തിന് എഞ്ചിനായത് നായകൻ ഹാർദ്ദിക് പാണ്ഡ്യ തന്നെ.

റൺവേട്ടയിൽ മുന്നിലെത്തിയ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയിൽ ഒന്നാമനായ യുസ്വേന്ദ്ര ചെഹലും ഒന്നിച്ച രാജസ്ഥാൻ റോയൽസിൽ ഇരുവരുടെയും മികവായിരുന്നു ടീമിനെ ഫൈനൽ വരെ എത്തിച്ചത്. നാല് സെഞ്ചുറികൾ അടക്കം 863 റൺസാണ് ബട്ലർ സീസണിൽ അടിച്ചു കൂട്ടിയത്. 17 ഇന്നിങ്സിൽ 27 വിക്കറ്റ് എറിഞ്ഞിട്ട ചാഹൽ ബൗളിംഗിന്റെ ചുക്കാൻ ഏറ്റെടുത്തപ്പോൾ രാജസ്ഥാൻ കുതിച്ചു. എന്നാൽ ഫൈനലിൽ വീണ്ടും ഗുജറാത്തിന് മുന്നിൽ കീഴങ്ങേണ്ടി വന്നു.

രാജസ്ഥാന് ആദ്യ കിരിടം സമ്മാനിച്ച ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിനുവേണ്ടി ഐപിഎൽ കിരീടം ഉയർത്താനുള്ള മോഹവുമായാണ് സഞ്ജു സാംസണും സംഘവും ഫൈനലിന് ഇറങ്ങിയത്. എന്നാൽ ബോളിങ് കരുത്തിൽ രാജസ്ഥാനെ തളച്ച ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ആദ്യ സീസണിൽത്തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കി.

റൺവേട്ടയിൽ നാലാം സ്ഥാനത്ത് എത്തിയ ഹാർദിക് പാണ്ഡ്യ (487), അഞ്ചാം സ്ഥാനത്തെത്തിയ ശുഭ്മാൻ ഗിൽ (483) ആറാം സ്ഥാനത്തെത്തിയ ഡേവിഡ് മില്ലർ (481) എന്നിവരെ മാത്രമല്ല ഗുജറാത്ത് വിജയക്കുതിപ്പിൽ ആശ്രയിച്ചത്. നിർണായക ഘട്ടത്തിൽ മികച്ച ഇന്നിങ്‌സുകൾ പടുത്തുയർത്തിയ വൃദ്ധിമാൻ സാഹ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നിവർ അടക്കം ബാറ്റിംഗിൽ ഗുജറാത്തിന്റെ കുതിപ്പിന് കരുത്തേകി.

ബൗളിംഗിലും സമാനമാണ് കണക്കുകൾ. ബൗളിംഗിൽ ആദ്യ അഞ്ച് സ്ഥാനത്ത് ഗുജറാത്തിന്റെ ഒരു താരം പോലുമില്ല.പതിനാറ് മത്സരങ്ങളിൽ നിന്നും പത്തൊൻപത് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാൻ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. എന്നാൽ നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്‌ത്തി റാഷിദ് ഖാനും മുഹമ്മദ് ഷമിയും യാഷ് ദയാലും ലോക്കി ഫെർഗൂസനും നായകൻ ഹാർദ്ദിക് പാണ്ഡ്യയുമൊക്കെ വിജയശിൽപികളായി മാറി.

കലാശപ്പോരിന്റെ കണക്കുകളിലേക്ക് തിരിച്ചുവന്നാൽ ഡ്രൈ വിക്കറ്റ് ആയതിനാലാണു ബാറ്റിങ് തിരഞ്ഞെടുത്തതെന്നും 2ാം ഇന്നിങ്‌സിൽ സ്പിന്നർമാർക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നുമാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടിയ ശേഷം പറഞ്ഞത്. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കിൽ ബോളിങ് തിരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്.

ടീമിലെ ബാറ്റിങ് കരുത്തിൽ പ്രതീക്ഷ അർപ്പിച്ചാണു ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റിങ് തിരഞ്ഞടുത്തതെങ്കിലും രാജസ്ഥാൻ ടോട്ടൽ 130ൽ അവസാനിച്ചതോടെതന്നെ മത്സരത്തിന്റെ ഗതി എങ്ങോട്ടെന്ന് ആരാധകർക്കു വ്യക്തമായ സൂചന കിട്ടിയിരുന്നു. 23 റൺസിനിടെ 2 വിക്കറ്റെടുത്ത രാജസ്ഥാൻ ബോളർമാർ പൊരുതി നോക്കിയെങ്കിലും 3ാം വിക്കറ്റിൽ 63 റൺസ് ചേർത്ത ശുഭ്മാൻ ഗിൽ ഹാർദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ വിധിയെഴുതി. ഗിൽ 43 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം പുറത്താകാതെ 45 റൺസ് നേടി. 30 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 34 റൺസ് അടങ്ങുന്നതാണു ഹാർദിക്കിന്റെ ഇന്നിങ്‌സ്. പിന്നാലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് (19 പന്തിൽ 3 ഫോറും ഒരു സിക്‌സും അടക്കം 32 നോട്ടൗട്ട്) രാജസ്ഥാന്റെ കഥയും തീർത്തു.

ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽത്തന്നെ, റൺ എടുക്കും മുൻപു ഗില്ലിനെ പുറത്താക്കാനുള്ള അവസരം നഷ്ടമാക്കിയതും രാജസ്ഥാനു വിനയായി. അനായാസ ക്യാച്ച് യുസ്വേന്ദ്ര ചെഹൽ നിലത്തിടുകയായിരുന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഉജ്വല ഇൻ സ്വിങ്ങറിലൂടെ വൃദ്ധിമാൻ സാഹയെ (7 പന്തിൽ ഒരു ഫോർ അടക്കം 5) പ്രസിദ്ധ് കൃഷ്ണ ബോൾഡാക്കി. 5ാം ഓവറിൽ മാത്യു വെയ്ഡിനെ (10 പന്തിൽ ഒരു സിക്‌സ് അടക്കം 8) റിയാൻ പരാഗിന്റെ കൈകളിലെത്തിച്ച ട്രെന്റ് ബോൾട്ട് രാജസ്ഥാനു 2ാം ബ്രേക്കും നൽകി.

എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിച്ചതോടെ ഗില്ലും പാണ്ഡ്യയും ചേർന്ന് ഗുജറാത്ത് ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ഇതോടെ രാജസ്ഥാൻ ബോളർമാർ നേടിയ നേരിയ മേൽക്കൈ നഷ്ടമാകുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയ യുസ്വേന്ദ്ര ചെഹൽ പർപ്പിൾ ക്യാപ്പ് വീണ്ടെടുത്തത് രാജസ്ഥാൻ ആരാധകർക്ക് തോൽവിയിലും നേരിയ ആശ്വാസമായി. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചെഹൽ എന്നിവരാണു രാജസ്ഥാന്റെ വിക്കറ്റ് നേട്ടക്കാർ.

നേരത്തെ, പവർ പ്ലേ ഓവറുകളിൽ പ്രതീക്ഷിച്ചതുപോലെ റൺസ് നേടാനാകാതെ പോയതും മുൻനിര ബാറ്റർമാർക്കു വലിയ ഇന്നിങ്‌സുകൾ കളിക്കാനാകാതെ പോയതുമാണു രാജസ്ഥാനു തിരിച്ചടിയായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയ ഗുജറാത്ത് ബോളർമാർ ഇന്നിങ്‌സിൽ ഉടനീളം രാജസ്ഥാനു മേൽക്കെ നൽകിയില്ല.

യശസ്വി ജെയ്സ്വാൾ (16 പന്തിൽ ഒരു ഫോറും 2 സിക്‌സും അടക്കം 22), ക്യാപ്റ്റൻ സഞ്ജു സാംസൺ (11 പന്തിൽ 2 ഫോർ അടക്കം 14), ദേവ്ദത്ത് പടിക്കൽ (10 പന്തിൽ 2), ജോസ് ബട്ലർ (35 പന്തിൽ 5 ഫോർ അടക്കം 39), ഷിമ്രോൺ ഹെറ്റ്മയർ (12 പന്തിൽ 2 ഫോർ അടക്കം 11) എന്നിങ്ങനെയാണു മുൻനിര താരങ്ങളുടെ പ്രകടനം.

4 ഓവറിൽ 17 റൺസ് മാത്രം വിട്ടുനൽകി സഞ്ജു, ബട്ലർ, ഹെറ്റ്മയർ എന്നീ 3 നിർണായക ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്‌ത്തി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണു റണ്ണൊഴുക്കിനു കടിഞ്ഞാണിട്ടത്. ആർ. സായ് കിഷോർ 2 ഓവറിൽ 20 വഴങ്ങി 2 വിക്കറ്റ് വീഴ്‌ത്തി. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത റാഷിദ് ഖാനും ബോളിങ്ങിൽ തിളങ്ങി.

കിരീടം നേടിയില്ലെങ്കിലും ഒട്ടേറെ റെക്കോർഡുമായാണ് രാജസ്ഥാൻ റോയൽസ് മടങ്ങുന്നത്. ഓപ്പണർ ജോസ് ബട്ലർ. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഓവർസീസ് താരമായിരിക്കുകയാണ് ബട്ലർ. 863 റൺസാണ് ബട്ലറുടെ സമ്പാദ്യം. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 39 റൺസാണ്. ഇന്നും രാജസ്ഥാന്റെ ടോപ് സ്‌കോറർ ബ്ടലറായിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും ബട്ലറുടെ തലയിലാണ്.

2016ൽ 848 റൺസ് നേടിയിരുന്ന അന്നത്തെ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയാണ് ബട്ലർ മറികടന്നത്. 2018ൽ 735 റൺസ് നേടിയ ഹൈദരാബാദിന്റെ തന്നെ കെയ്ൻ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 733 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ നാലാം സ്ഥാനത്തേക്ക് വീണു. 2012ൽ ആർസിബിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഗെയ്ൽ റൺവേട്ട നടത്തിയത്. 2013ൽ 733 റൺസ് നേടിയ മൈക്കൽ ഹസി അഞ്ചാമതായി. അന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു ഹസി.

17 ഇന്നിങ്സിൽ നിന്നാണ് ബട്ലർ 863 റൺസെടുത്തത്. 57.53 റൺസാണ് ശരാശരി. സ്ട്രൈക്ക് റൈറ്റ് 149.05. നാല്് സെഞ്ചുറികളും ഇതിൽ ഉൾപ്പെടും. 116 റൺസാണ് ഇംഗ്ലീഷ് താരത്തന്റെ ഉയർന്ന സ്‌കോർ. 45 സിക്സുകൾ താരം സ്വന്തം പേരിലാക്കി. എന്നാൽ വിരാട് കോലി 2016ൽ നേടിയ സ്‌കോർ മറികടക്കാൻ ബട്ലർക്കായില്ല. അന്ന് 973 റൺസാണ് കോലി അടിച്ചെടുത്തത്. 16 ഇന്നിങ്സിൽ നിന്നായിരുന്നു കോലിയുടെ നേട്ടം.

അതേസമയം പർപ്പിൾ ക്യാപ്പ് ചാഹൽ സ്വന്തമാക്കി. 17 ഇന്നിങ്സിൽ 27 വിക്കറ്റാണ് ചാഹൽ വീഴ്‌ത്തിയത്. 19.41-ാണ് താരത്തിന്റെ ശരാശരി. ഇന്ന് വിക്കറ്റ് നേടാനായിരുന്നില്ലെങ്കിൽ ആർസിബി താരം വാനിന്ദു ഹസരങ്ക പർപ്പിൾ ക്യാപ്പിന് അർഹനാവുമായിരുന്നു. എന്നാൽ തന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ പുറത്താക്കി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. ഒരു തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP