Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പഴയ പള്ളി കമ്മിറ്റിക്ക് രണ്ട് ബാങ്കുകളിലായി 13 അക്കൗണ്ടുകൾ എന്ന് ബിഷപ്പ് അനുകൂല വിഭാഗം; രാവിലെ ഏഴുമുതൽ രാത്രി 7.30വരെ പ്രാർത്ഥനാ സമയം നിശ്ചയിച്ച് വിശ്വാസികളെ കൈയിലെടുക്കാൻ തന്ത്രമൊരുക്കൽ; തിരുവനന്തപുരത്തെ എംഎം കത്തീഡ്രലിലെ വിവാദം പുതിയ തലത്തിലേക്ക്

സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പഴയ പള്ളി കമ്മിറ്റിക്ക് രണ്ട് ബാങ്കുകളിലായി 13 അക്കൗണ്ടുകൾ എന്ന് ബിഷപ്പ് അനുകൂല വിഭാഗം; രാവിലെ ഏഴുമുതൽ രാത്രി 7.30വരെ പ്രാർത്ഥനാ സമയം നിശ്ചയിച്ച് വിശ്വാസികളെ കൈയിലെടുക്കാൻ തന്ത്രമൊരുക്കൽ;  തിരുവനന്തപുരത്തെ എംഎം കത്തീഡ്രലിലെ വിവാദം പുതിയ തലത്തിലേക്ക്

സായ് കിരൺ

തിരുവനന്തപുരം : തിരുവനന്തപുരത്തെ എംഎം കത്തീഡ്രലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. നേരത്തെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന പള്ളികമ്മിറ്റി രണ്ട് ബാങ്കുകളിലായി 13 അക്കൗണ്ടുകൾ ഉപയോഗിച്ചത് ദുരൂഹമാണെന്ന് സി എസ് ഐ സഭയിലെ ഔദ്യോഗിക വിഭാഗം പറയുന്നു. ഇതിനെ നിയമപരമായ ചർച്ചകൾക്ക് വിധേയമാക്കാനാണ് സിഎഐ ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ നീക്കം. ഇത് പുതിയ തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കുന്നു. ഇതിനൊപ്പം ജനകീയ പ്രഖ്യാപനങ്ങളും അവർ നടത്തുന്നു. വിശ്വാസികളെ കൂടുതൽ അടുപ്പിച്ച് നിർത്താനാണ് ഇത്. എന്നാൽ കത്തീഡ്രലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മറുവിഭാഗം,

പള്ളി പാരമ്പര്യമായി ലഭിച്ചതാണെന്നാണ് മറുപക്ഷത്തിന്റെ വാദം. ജനുവരി 17ന് പള്ളിയെ കത്തീഡ്രലാക്കാൻ ബിഷപ് റസാലം തീരുമാനിച്ചെങ്കിലും പള്ളി കമ്മിറ്റിയുടെ എതിർപ്പിനെതുടർന്ന് നടപടി നീണ്ടു. 2009ൽ പള്ളി കത്തീഡ്രലാക്കാൻ അന്നത്തെ ബിഷപ് ജെ.ഡബ്ല്യു. ഗ്ലാഡ്സ്റ്റൺ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെതുടർന്ന് നടപ്പായില്ല. ബിഷപ്‌സ് ഹൗസിനോട് ചേർന്ന പള്ളി കത്തീഡ്രലായി മാറിയതോടെ സാമ്പത്തിക അധികാരമുൾപ്പെടെ ബിഷപ് നിയോഗിക്കുന്നവർക്കായിരിക്കും. പതിനാറര ഏക്കറിൽ സ്ഥിതി ചെയ്യുന്ന പള്ളി പുരാവസ്തു വകുപ്പ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് പള്ളി പണിതത് മിഷനറി മാരാണെന്നതാണ് ചരിത്രം.

രാവിലെ മുതൽ രാത്രിവരെ ആർക്കും എപ്പോഴും പോകാനും ആശ്വാസമായി ഇരിക്കാനും കഴിയുന്ന ദൈവാലയമായി തലസ്ഥാന നഗരമധ്യത്തിലെ എം.എം കത്തീഡ്രൽ മാറിയെന്നാണ് സി എസ് ഐ സഭയിലെ ഔദ്യോഗിക വിഭാഗം പറയുന്നത്. രാവിലെ ഏഴുമുതൽ രാത്രി 7.30വരെ പ്രാർത്ഥനാസമയം നിശ്ചയിച്ചതോടെ പള്ളി സദാസജീവമായി ആർക്കും കടന്നുചെല്ലുകയും ചെയ്യാം. കാലങ്ങളായി ആർക്കും പ്രവേശനമില്ലാതിരുന്ന എപ്പോഴും പൂട്ടികിടന്ന പള്ളിയാണ് ലത്തീൻ സഭയ്ക്ക് കീഴിലുള്ള വെട്ടുകാട് പള്ളിക്ക് സമാനമായ രീതിയിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നതെന്നും അവർ പറയുന്നു.

എം.എം ചർച്ചെന്ന പഴയ പേര് മാറ്റി എം.എം കത്തീഡ്രൽ എന്നാക്കി സി.എസ്‌ഐ സഭ പള്ളിയ പുനർനാമകരണം ചെയ്തതിന് അനുബന്ധമായ മാറ്റമാണിത്. എന്നാൽ ഇത്തരം മാറ്റങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സഭയിലെ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. സഭാവിശ്വാസികളായ സാധാരണക്കാർക്ക് ആശ്വാസകരമായ മാറ്റങ്ങൾ വേറെയുമുണ്ടെന്നതാണ് ശ്രദ്ധേയം. നിലവിൽ പള്ളിയിൽ നടക്കുന്ന വിവാഹങ്ങൾക്ക് ഓരോന്നിനും 35000 രൂപയായിരുന്നു ഫീസ്, ഇത് പൂർണമായും സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അവിടെയുള്ള ക്വയർ, അവിടെയുള്ള ശുശ്രൂഷകർ മാത്രം കല്യാണം നടത്തുക തുടങ്ങിയ നിബന്ധനകളും ഒഴിവാക്കിയതോടെ നടപടി ഏറെ ആശ്വാസകരമായി.

എന്നാൽ കത്തീഡ്രൽ ആകുന്നതോടെ സഭയുടെ ബിഷപ്പിലേക്ക് കൂടുതൽ അധികാരം കേന്ദ്രീകരിക്കുമെന്നും സഭാ കമ്മിറ്റികൾക്ക് അധികാരമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രതിഷേധമുയർത്തിയിരിക്കുന്നത്. എന്നാൽ എല്ലാ ക്രിസ്തീയ മത വിഭാഗങ്ങളും അവരുടെ ആസ്ഥാനത്തോടനുബന്ധിച്ചുള്ള സഭയുടെ അദ്ധ്യക്ഷത ചുമതല മേലദ്ധക്ഷ്യന്മാർക്കാണ് നൽകാറുള്ളതെന്നും ഇപ്രകാരം മേലദ്ധ്യക്ഷൻ അദ്ധ്യക്ഷത വഹിച്ചാലും സഭാ കമ്മിറ്റിയായിരിക്കും ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നതെന്നും ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നു.

സി.എസ്‌ഐ സഭയുടെ കേരളത്തിലെ മറ്റു അഞ്ച് മഹായിടവകകൾക്കും കത്തിഡൽ പള്ളി നിലവിലുണ്ട്. 1961 മുതൽ എം എം ചർച്ചിനെയും കത്തീഡ്രലാക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അടുത്തിടെയാണ് നടപടികൾക്ക് വേഗം കൂടിയത്. പിന്നാലെയാണ് ആക്ഷൻ കൗൺസിലും
പ്രതിഷേധവും രൂപം കൊള്ളുന്നത്. ഏപ്രിലിൽ പള്ളിയിൽ നടക്കേണ്ടിയിരുന്ന വൈദികരുടെ പ്രതിമാസ മിനിസ്റ്റീരിയൽ കോൺഫറൻസിന് മുന്നോടിയായി പ്രതിഷേധവുമായെത്തിയവർ പള്ളിയുടെ നാലു ചുറ്റും പന്തൽ കെട്ടി സ്ത്രീകളടക്കമുള്ളവരെ രംഗത്തിറക്കി പ്രതിഷേധം കടുപ്പിച്ചതോടെയാണ് സി.എസ്‌ഐ സഭയിലെ തമ്മിലടി കൂടുതൽ പരസ്യമായത്.

അതേസമയം എം.എം ചർച്ച് കത്തീഡ്രലായതോടെ മറ്റ് മതവിഭാഗങ്ങളുടെ ഇടയിലും, പൊതു സമൂഹത്തിലും സഭയ്ക്കും വിശ്വാസങ്ങൾക്കും സ്വീകാര്യത ലഭിക്കുമെന്നാണ് അധികൃതരുടെ വിശ്വാസം. സഭയുടെ ബിഷപ്പ് എ. ധർമ്മരാജ് റസാലം, കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ്, ദക്ഷിണ കേരള മഹായിടവക അഡ്‌മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ.റ്റി.റ്റി.പ്രവീൺ,സി.എസ്‌ഐ.എ അംഗം നിബു ജേക്കബ് വർക്കി, പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജയരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ചർച്ചിനെ കത്തീഡ്രലാക്കിമാറ്റിയത്.
2500ലേറെ കുടുംബങ്ങളുള്ള എം.എം പള്ളി സി.എസ്‌ഐ ദക്ഷിണ കേരള മഹായിടവകക്ക് കീഴിലെ പള്ളിയിൽ നിലവിൽ പ്രതിഷേധവുമായെത്തിയത് 200ൽ താഴെ പേരാണെന്ന് ഔദ്ധ്യോഗികപക്ഷം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP