Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്രമെഴുതാൻ സഞ്ജുവും സംഘവും; ജോസ്ബട്ടലർ ഫോം വീണ്ടെടുത്തതിൽ പ്രതീക്ഷ; സഞ്ജുവിനെ വെല്ലുവിളിക്കാൻ ഹസരങ്ക; ബൗളിങ്ങ് കരുത്തിൽ പ്രതീക്ഷയുമായി ബാംഗ്ലൂരും; ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം; ഈഡൻഗാർഡനിൽ ഇന്ന് റോയൽ പോരാട്ടം

ചരിത്രമെഴുതാൻ സഞ്ജുവും സംഘവും; ജോസ്ബട്ടലർ ഫോം വീണ്ടെടുത്തതിൽ പ്രതീക്ഷ; സഞ്ജുവിനെ വെല്ലുവിളിക്കാൻ ഹസരങ്ക; ബൗളിങ്ങ് കരുത്തിൽ പ്രതീക്ഷയുമായി ബാംഗ്ലൂരും; ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം; ഈഡൻഗാർഡനിൽ ഇന്ന് റോയൽ പോരാട്ടം

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലസിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി നായകന്റെ ടീം ഐപിഎൽ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.

സഞ്ജുവാണ് മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമെങ്കിലും രാജസ്ഥാന്റെ പ്രതീക്ഷ ജോസ്ബട്ട്‌ലറിന്റെ ഫോമിലാണ്.ഒറ്റയ്ക്ക് മത്സരഫലം മാറ്റിമറിക്കാൻ കെൽപുള്ള വെടിക്കെട്ട് വീരൻ ജോസ് ബട്ലർ ഫോമിലേക്ക് തിരിച്ചെത്തിയതാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നത്.

നിർണായക ക്വാളിഫയർ പോരാട്ടത്തിനിറങ്ങുമ്പോൾ ജോസ് ബട്‌ലർ ഫോമിലേക്ക് മടങ്ങിയെത്തിയ ആശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ്. ലീഗ് ഘട്ടത്തിൽ ആദ്യ ഏഴ് മത്സരങ്ങളിൽ മിന്നുംപ്രകടനം കാഴ്ചവച്ച ബട്‌ലർക്ക് പിന്നീട് താളം കണ്ടെത്താനായിരുന്നില്ല. ഗുജറാത്തിനെതിരെ തോറ്റെങ്കിലും ബട്‌ലറിന്റെ ഉജ്വല അർധ സെഞ്ചുറി രാജസ്ഥാന്റെ പ്രതീക്ഷ കൂട്ടുന്നു. ഐപിഎൽ പ്ലേ ഓഫിലേക്കുള്ള രാജസ്ഥാന്റെ മുന്നേറ്റത്തിൽ കരുത്തായത് ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു.

ഓറഞ്ച് ക്യാപ് തലയിലെത്തിയ ശേഷം ആർക്കും വിട്ടുകൊടുക്കാതെയുള്ള മുന്നേറ്റമാണ് ബട്ലർ നടത്തിയത്. എന്നാൽ ആദ്യ ഏഴ് മത്സരങ്ങൾക്ക് ശേഷം ഫോം നഷ്ടപ്പെടുന്ന ബട്‌ലറിനെ പിന്നീട് കണ്ടു. ആദ്യ ഏഴ് കളികളിൽ 3 സെഞ്ചുറിയടക്കം 491 റൺസ് നേടിയ ബട്‌ലർ ലീഗ് ഘട്ടത്തിലെ അവസാന ഏഴ് കളിയിൽ നേടിയത് വെറും 138 റൺസ് മാത്രമായിരുന്നു. മുൻനിരയുടെ താളം നഷ്ടപ്പെടുന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെതിരെ ബട്‌ലർ വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി തിരിച്ചെത്തിയത്.

സീസണിൽ 15 മത്സരങ്ങളിൽ 3 സെഞ്ചുറിയും 4 അർധ സെഞ്ചുറിയുമുൾപ്പെടെ ബട്‌ലർ 718 റൺസ് പിന്നിട്ടു. ആർസിബിക്കെതിരെയും ബട്ലർ ബാറ്റ് കൊണ്ടു മറുപടി നൽകുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. 2016ൽ നാല് സെഞ്ചുറിയുൾപ്പെടെ 973 റൺസ് നേടിയ വിരാട് കോലിയുടെ പേരിലാണ് റെക്കോർഡ്.

രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ ആർസിബിയുടെ മിന്നും സ്പിന്നർ വനിന്ദു ഹസരങ്ക വീഴ്‌ത്തുമോ എന്നതാണ് ആകാംക്ഷയും ആശങ്കയും സൃഷ്ടിക്കുന്നത്. നേർക്കുനേർ കണക്കിൽ സഞ്ജുവിനെതിരെ വൻ മേധാവിത്വമാണ് ഹസരങ്കയ്ക്കുള്ളത്. കരിയറിൽ ഇതുവരെ ആറ് തവണ മുഖാമുഖം വന്നപ്പോൾ അഞ്ച് വട്ടവും സഞ്ജുവിനെ പുറത്താക്കാൻ ഈ ലങ്കൻ സ്പിന്നർക്കായി. 23 പന്തുകളിൽ 18 റൺസ് മാത്രമേ ഹസരങ്കയ്ക്കെതിരെ സഞ്ജുവിന് നേടാനായിട്ടുള്ളൂ. ശരാശരി മൂന്ന് മാത്രം.

ഈ ഐപിഎൽ സീസണിൽ ലീഗ് ഘട്ടത്തിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഹസരങ്കയ്ക്ക് മുന്നിൽ സഞ്ജു അടിയറവുപറഞ്ഞിരുന്നു. രണ്ട് ഇന്നിങ്സിലുമായി 16 റൺസ് മാത്രമാണ് ഹസരങ്കയ്ക്കെതിരെ സഞ്ജു നേടിയത്. 16 പന്തുകൾ നേരിട്ടപ്പോൾ ഒരു ഫോറും രണ്ട് സിക്സുകളുമാണ് മലയാളി താരത്തിന്റെ പേരിനൊപ്പമുള്ളത്. സഞ്ജുവിനെതിരെ 9 ഡോട് ബോളുകൾ ഹസരങ്ക എറിഞ്ഞു എന്നത് ഏറെ ശ്രദ്ധേയം.

ഈ സീസൺ ഐപിഎല്ലിൽ മിന്നും ഫോമിലാണ് വനിന്ദു ഹസരങ്ക. ഗൂഗ്ലികളാണ് ഹസരങ്കയെ കൂടുതൽ അപകടകാരിയാക്കുന്നത്. മധ്യ ഓവറുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാണ്. സീസണിലാകെ 15 മത്സരങ്ങളിൽ 25 വിക്കറ്റ് നേടിയപ്പോൾ ഇതിൽ 17ഉം മിഡിൽ ഓവറുകളിലായിരുന്നു. 18 റണ്ണിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത് മികച്ച പ്രകടനം. അതേസമയം ഈ സീസണിൽ 15 കളികളിൽ രണ്ട് അർധ സെഞ്ചുറിയോടെ 421 റൺസാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 30.07 എങ്കിൽ സ്ട്രൈക്ക് റേറ്റ് 150.36.ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ആടിത്തിമിർത്തെങ്കിലും മത്സരത്തിൽ കില്ലർ മില്ലറുടെ വെടിക്കെട്ടിൽ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

അതേസമയം രജത് പടിദാറിന്റെ അപ്രതീക്ഷിത സെഞ്ചുറി പിറന്ന എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 14 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിൽ കടക്കുകയായിരുന്നു. കോഹ്ലി ഫോമിലേക്കെത്തിയതും ഹെയ്‌സൽവുഡ് നയിക്കുന്ന ബൗളിങ്ങ് നിരയും ബാംഗ്ലൂരിന് കരുത്ത് പകരുന്നതാണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP