Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങി; സംഭവം കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ; ചില്ലുപൊട്ടാതെ പുറത്തിറക്കുന്നത് ദുഷ്‌ക്കരം; ബസ് ടെർമിനൽ നിർമ്മാണത്തിലെ അപാകതക്കൊപ്പം ഡ്രൈവറുടെ പരിചയക്കുറവും ചർച്ചയാകുന്നു

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങി; സംഭവം കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ; ചില്ലുപൊട്ടാതെ പുറത്തിറക്കുന്നത് ദുഷ്‌ക്കരം; ബസ് ടെർമിനൽ നിർമ്മാണത്തിലെ അപാകതക്കൊപ്പം ഡ്രൈവറുടെ പരിചയക്കുറവും ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ ബസ് അപകടത്തിൽ പെട്ടെങ്കിൽ ഇന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങിയ അവസ്ഥയാണ് ഉണ്ടായത്. കോഴിക്കോടാണ് സംഭവം. രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട ബസാണിത്.

യാത്രക്കാരെ ഇറക്കിയ ശേഷം ടെർമിനലിൽ ബസ് പാർക്ക് ചെയ്ത ശേഷം ഡ്രൈവർ മടങ്ങുകയായിരുന്നു. പിന്നീട് ജീവനക്കാരെത്തി നോക്കിയപ്പോഴാണ് തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയെന്നു മനസിലായത്. ബസ് തിരിച്ച് തൂണുകൾക്കിടയിൽ നിന്നും പുറത്തിറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ചില്ല് പൊട്ടാതെ ബസ് പുറത്തിറക്കുന്നത് ദുഷ്‌കരമാണെന്നു അധികൃതർ പറയുന്നു. തൂണിലെ വളയം നീക്കി ബസ് പുറത്തിറക്കാനും ആലോചനയുണ്ട്.

കെഎസ്ആർടിസി ബസ് ടെർമിനലിന്റെ നിർമ്മാണ അപാകതയാണ് ബസ് കുടുങ്ങാൻ കാരണമായതെന്ന ആരോപണവും ഉയരുന്നു. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിർമ്മാണത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്. സാധാരണ കെഎസ്ആർടിസി ബസുകൾക്ക് തന്നെ ഇവിടെ പാർക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്. തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് മറ്റൊരു ബസ് ഏർപ്പാടാക്കിയിരിക്കുകയാണ് കെഎസ്ആർടിസി.

നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയം നിർമ്മിച്ചത്. ബി ഓ ടി അടിസ്ഥാനത്തിൽ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്.

ദിവസവും ആയിരകണക്കിന് യാത്രക്കാർ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകൾ നേരാവണ്ണം പാർക്ക് ചെയ്യാനോ യാത്രകാർക്ക് ബസുകളിൽ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. അശാസ്ത്രീയമായ നിർമ്മാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.

അതേസമയം സർവീസ് ആരംഭിച്ചതു മുതൽ സ്വിഫ്റ്റ് ബസ് വാർത്തകളിൽ നിറയുകയാണ്. ഇന്നലെ ആലപ്പുഴയിൽ സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടിരുന്നു. വയലാർ ദേശീയപാതയിൽ ചേർത്തലക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ ബസിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു.

ബസ് ഡ്രൈവർ മനോജിന്റെ നില ഗുരുതരമായിരുന്നു. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശക്തമായ മഴ മൂലം റോഡിന്റെ വശത്ത് പാർക്ക് ചെയ്ത ലോറി ബസ് ഡ്രൈവർ കാണാതെ പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP