Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം പിസിക്ക് ഹൈക്കോടതി ജാമ്യം നൽകുന്നില്ലെന്ന് ഉറപ്പിക്കാനുള്ള തന്ത്രം; പ്രസംഗത്തിലെ ഗൂഢാലോചനാവാദവും മുൻ എംഎൽഎയെ കൂടുതൽ കാലം ജയിലിൽ ഇടാനുള്ള പിണറായി തന്ത്രം; തൃക്കാക്കരയിലെ വോട്ടെടുപ്പ് വരെ പിസി ജോർജിനെ ജയിലിൽ തളയ്ക്കാൻ ആഭ്യന്തര വകുപ്പ്

കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം പിസിക്ക് ഹൈക്കോടതി ജാമ്യം നൽകുന്നില്ലെന്ന് ഉറപ്പിക്കാനുള്ള തന്ത്രം; പ്രസംഗത്തിലെ ഗൂഢാലോചനാവാദവും മുൻ എംഎൽഎയെ കൂടുതൽ കാലം ജയിലിൽ ഇടാനുള്ള പിണറായി തന്ത്രം; തൃക്കാക്കരയിലെ വോട്ടെടുപ്പ് വരെ പിസി ജോർജിനെ ജയിലിൽ തളയ്ക്കാൻ ആഭ്യന്തര വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്നു ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്ത പി.സി.ജോർജിന്റെ ഹൈക്കോടതിയിലെ ഹർജിയേയും സർക്കാർ എതിർക്കും. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവു ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പിസി ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാണമെന്ന വാദം പ്രോസിക്യൂഷൻ ഉയർത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷമേ പിസി ജോർജിനെ പുറത്തു വിടാവൂ എന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. അതുകൊണ്ട് തന്നെ അതിവേഗ ജാമ്യം എളുപ്പമാകില്ല.

ബുധനാഴ്ച തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ പി.സി.ജോർജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഈ ഹർജി വെള്ളിയാഴ്ച ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള പുതിയ ഹർജി. ഇതു വെള്ളിയാഴ്ച ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പി.സി.ജോർജ് ഹർജിയിൽ വ്യക്തമാക്കി. കൊച്ചി വെണ്ണല പ്രസംഗത്തിൽ ജോർജിന് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം അടുത്ത ദിവസം അവസാനിക്കും. ആ കേസിലും പിസി ജോർജ് അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്.

കിഴക്കേക്കോട്ടയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പി.സി.ജോർജ് നിലവിൽ പൂജപ്പുര സെൻട്രൽ ജലിലാണ്. അതേസമയം, മതവിദ്വേഷ പ്രസംഗം ഗൂഢാലോചനയാണ് എന്ന് പൊലീസ് റിപ്പോർട്ട് നൽകിയത് ഹൈക്കോടതിയിൽനിന്നു ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമാണെന്ന് ജോർജിന്റെ അഭിഭാഷകൻ ആരോപിച്ചു. മതവിദ്വേഷ പ്രസംഗത്തിൽ ജാമ്യം റദ്ദാക്കി വഞ്ചിയൂർ കോടതി രാവിലെ ജയിലിൽ അടച്ചെങ്കിലും വ്യാഴാഴ്ച തന്നെ ഹൈക്കോടതിയിൽനിന്നു ജാമ്യം കിട്ടുമെന്നായിരുന്നു പി.സി.ജോർജിന്റെ പ്രതീക്ഷ. പക്ഷേ അത് നടന്നിരുന്നില്ല.

അനന്തപുരി മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിനെതിരെ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി നൽകിയ ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ പി.സി. ജോർജിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തത്. ബുധനാഴ്ച രാത്രി തന്നെ സമർപ്പിച്ച ജാമ്യാപേക്ഷ രാവിലെ പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയും ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു.

അറസ്റ്റ് അനാവശ്യമാണെന്ന് ജോർജിന്റെ അഭിഭാഷകർ ഹൈക്കോടതിയിൽ പറഞ്ഞു. പൊലീസ് എന്തിനാണ് പി.സി.ജോർജിനെ കസ്റ്റഡിയിൽ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകർ ആരാഞ്ഞു. എന്നാൽ ജോർജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉൾപ്പെടുത്തി വിശദമായ പത്രിക സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിന് പ്രോസിക്യൂഷന് സമയം അനുവദിച്ചുകൊണ്ടാണ് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശമായിരുന്നു ഇതിന് കാരണം. പിസി ജോർജിനെ ഒരു മണിക്കൂർ എങ്കിലും ജയിലിൽ അടയ്ക്കാൻ മുഖ്യമന്ത്രി പിണറായി ആഗ്രഹിക്കുന്നുവെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പിസി ജോർജിനെ ഒരു രാത്രിയിൽ ജയിലിൽ കിടത്താനുള്ള നീക്കം.

പി.സി.ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ തിരുവനന്തപുരം ഫോർട്ട് പൊലീസ് വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതു തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി ജാമ്യം നൽകാതിരിക്കാൻ കൂടിയാണ് ഇത്. ഈ അപേക്ഷ ഹൈക്കോടതിയിലും പ്രോസിക്യൂഷൻ ഉയർത്തും. അതിനിടെ ഹൈക്കോടതി ജാമ്യം അനുവദിക്കാതിരിക്കാനാണ് ഗൂഢാലോചന എന്ന വാദമെന്ന് ജോർജിന്റെ അഭിഭാഷകൻ ആരോപിച്ചു. കൊച്ചിയിൽ നിന്ന് രാത്രി തിരുവനന്തപുരത്ത് എത്തിച്ച ജോർജിനെ, രാവിലെ ഏഴരയോടെയാണ് മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയത്. അതിന് ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP