Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനത്തിൽ മനേക ഗാന്ധിക്ക് നൊന്തു! മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനം മന്ത്രിക്ക് അവർ കത്തയച്ചു; രേഖാമൂലം മറുപടി നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി മന്ത്രി എ.കെ ശശീന്ദ്രനും

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനത്തിൽ മനേക ഗാന്ധിക്ക് നൊന്തു! മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനം മന്ത്രിക്ക് അവർ കത്തയച്ചു; രേഖാമൂലം മറുപടി നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി മന്ത്രി എ.കെ ശശീന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ബിജെപി എംപിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനം മന്ത്രിക്ക് അവർ കത്തയച്ചു. അതേസമയം മനേക ഗാന്ധിയുടെ കത്തിന് രേഖാമൂലം മറുപടി നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വനം-വന്യജീവി മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി.

ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന വിധത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാറിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് ഓണറി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്നും വനംമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള സംസ്ഥാന സർക്കാറിന്റെ ബാധ്യതയാണ് ഇതിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നത്. വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെയും മറ്റും ദുരിതത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയും ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ തുടർച്ചയായി തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ, സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

അതേസമയം കാട്ടുപന്നിയെ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ വെടിവെച്ചു കൊല്ലുന്നത് അത്രയ്ക്ക് എളുപ്പമാകില്ലെന്നാണ സൂചനകൾ. കർഷകരെ സംബന്ധിച്ചിടത്തോളം ഇതിലെ നടപടികൾ വളരെ വെല്ലുവിളി ഉയർത്തുന്നതാണ്. വെടിവെക്കാൻ അനുമതി തേടുന്നത് മുതലുള്ള നിബന്ധനകളാണ് കർഷകർക്ക് വെല്ലുവിളിയാകുന്നത്.

തോക്ക് ഉപയോഗിക്കാൻ അനുമതിയുള്ള പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ലൈസൻസുള്ള തോക്കുടമകൾക്കും തദ്ദേശ സ്ഥാപന മേധാവിയുടെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. ഇനി മുതൽ കാട്ടു പന്നിയെ വെടി വയ്ക്കുന്നതിന് വനം വകുപ്പ് റേഞ്ച്, ഡിവിഷനൽ ഓഫിസർമാരുടെ അനുമതി വേണമെന്നില്ല. കാട്ടുപന്നിയെ വെടി വയ്ക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണമെന്ന് നിർദേശമുണ്ട്.

വെടിവച്ച് കൊന്ന കാട്ടുപന്നിയുടെ ജഡം സംസ്‌കരിക്കുന്നതിന് മുൻപ് വനം വകുപ്പ് ഉദ്യോഗസ്ഥൻ മഹസർ തയാറാക്കണം. കാട്ടുപന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണമെന്ന മുൻ നിർദേശത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. വെടിവച്ചു കൊന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

അതേസമയം തദ്ദേശ സ്ഥാപന മേധാവികൾക്ക് അധികാരം നൽകിയത് ദുരുപയോഗം ചെയ്യാതിരിക്കാൻ അധികൃതരുടെ കൃത്യമായ നിരീക്ഷണമുണ്ടാകും. വനം വകുപ്പ് കൂടാതെ പൊലീസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നാണ് സൂചന. വെടിവച്ചു കൊന്ന കാട്ടുപന്നികളുടെ ജഡം ഭക്ഷണത്തിന് ഉപയോഗിച്ചാൽ വനം വകുപ്പ് ഉദ്യോഗസ്ഥരും അനുമതി നൽകിയ തദ്ദേശ സ്ഥാപന മേധാവിയും നടപടി നേരിടേണ്ടി വരുമെന്നാണു വിവരം.

കഴിഞ്ഞ ദിവസമാണ് ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകാനുള്ള നിയമ ഭേദഗതി ഓർഡിനൻസിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. തോക്ക് ലൈസൻസുള്ള വിദഗ്ധരെ നിയോഗിക്കണം. ഗവർണർ അംഗീകരിക്കുന്നതോടെ ഓർഡിനൻസ് നിലവിൽ വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP