Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടുവിട്ടിറങ്ങി ക്ഷേത്രത്തിൽ കല്യാണം; ഹണിമൂൺ ട്രിപ്പിന് പോയി മടങ്ങിയത് മയക്കുമരുന്നുമായി; ഭാര്യയേയും ഭർത്താവിനേയും കുടുക്കിയത് പൊലീസ് കരുതൽ; കൊലക്കേസ് പ്രതിയായ ഡി വൈ എഫ് ഐ നേതാവ് എംഡിഎംഎയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പെട്ടെന്ന് കോടീശ്വരനാകാൻ

വീടുവിട്ടിറങ്ങി ക്ഷേത്രത്തിൽ കല്യാണം; ഹണിമൂൺ ട്രിപ്പിന് പോയി മടങ്ങിയത് മയക്കുമരുന്നുമായി; ഭാര്യയേയും ഭർത്താവിനേയും കുടുക്കിയത് പൊലീസ് കരുതൽ; കൊലക്കേസ് പ്രതിയായ ഡി വൈ എഫ് ഐ നേതാവ് എംഡിഎംഎയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പെട്ടെന്ന് കോടീശ്വരനാകാൻ

ആർ പീയൂഷ്

ആലപ്പുഴ: രണ്ടാഴ്ച മുൻപ് പ്ലസ്ടു വിദ്യാർത്ഥിനിയുമായി ഒളിച്ചോടി ബംഗളൂരുവിൽ ഹണിമൂൺട്രിപ്പ് കഴിഞ്ഞ് മടങ്ങി വരവേയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ മയക്കുമരുന്നുമായി കഴിഞ്ഞദിവസം കായംകുളത്ത് പിടിയിലാകുന്നത്.

കണ്ടല്ലൂർ വടക്ക് ബിനു ഭവനത്തിൽ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലിൽ വടക്കതിൽ വീട്ടിൽ അനീഷ് (24), പ്ളസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. വീടുവിട്ടിറങ്ങിയ ഇവർ ക്ഷേത്രത്തിൽവച്ച് വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂൺ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. അനീഷിന്റെ വീടിനടുത്തുള്ള സ്‌കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച് ഇരുവരും അടുപ്പത്തിലായി. വീട്ടുകാർ എതിർത്തെങ്കിലും ആര്യ ബന്ധം തുടർന്നു.

കായംകുളത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിങ് ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതിൽ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ബംഗളൂരുവിൽ അധിക ദിവസം തങ്ങാതെ ഇരുവരും മയക്കുമരുന്നുമായി മടങ്ങുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിൽ ഇന്നലെ പുലർച്ചെ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു സമീപം വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. ഏറെ നാളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കായംകുളം ഐക്യ ജംക്ഷൻ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘങ്ങൾക്ക് എം.ഡി.എം.എ നൽകുന്നത് അനീഷാണെന്നും കോളജ് വിദ്യാർത്ഥികൾക്കും ഇയാൾ ലഹരിമരുന്ന് കൈമാറിയിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.

മാസത്തിൽ രണ്ടും മൂന്നും തവണ സംസ്ഥാനത്തിന് പുറത്ത് പോയി എം.ഡി.എം.എ വാങ്ങാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. 1,500 രൂപ മുതൽ 2,000 രൂപ വരെ മുടക്കി കൊണ്ടുവരുന്ന എം.ഡി.എം.എ ഗ്രാമിന് 5,000 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ദേശീയപാതയിൽ കെഎസ് ആർടിസി ബസ് സ്റ്റേഷന് തെക്ക് ഭാഗത്ത് ലോക്കൽ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് ഇന്നലെ രാവിലെ 7ന് വാഹനപരിശോധന നടത്തവേയാണ് ബംഗളൂരുവിൽ നിന്ന് ബസിൽ വന്നിറങ്ങി വീട്ടിലേക്ക് വാഹനം കാത്തു നിന്ന ഇരുവരും പിടിയിലായത്.

കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് അനീഷിനെതിരെ കേസുണ്ട്. ഇപ്പോൾ ജാമ്യത്തിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാൾ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. മയക്കുമരുന്നുമായി ഇയാൾ പിടിയിലായ വാർത്തകേട്ട് നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.

നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം.കെ.ബിനുകുമാറിന്റെ ചുമതലയിലുള്ള ഡാൻസാഫ് ടീം, കായംകുളം ഡിവൈഎസ്‌പി അലക്സ്ബേബി, കനകക്കുന്ന് സിഐ. ജയകുമാർ, കായംകുളം എസ്‌ഐ. ശ്രീകുമാർ, ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ സന്തോഷ്, എസ്‌ഐ ഇല്യാസ്, എഎസ്ഐ ജാക്സൺ, പൊലീസുകാരായ എബി, മുഹമ്മദ് ഷാഫി, ഉല്ലാസ്, വിനീഷ്, പ്രവീഷ്, സിദ്ദിഖ്, എന്നിവരും കായംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരായ അരുൺ, റെജി, സബീഷ്, അനൂപ്, വനിതാ പൊലീസുകാരായ ജോളി, റസീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP