Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിസി ജോർജ് ജയിലിലേക്ക്; പൂഞ്ഞാറിലെ നേതാവിനെ വിദ്വേഷ പ്രസംഗ കേസിൽ റിമാൻഡ് ചെയ്ത് തിരുവനന്തപുരം കോടതി; ഹൈക്കോടതിയിലെ ജാമ്യ ഹർജി അതിനിർണ്ണായകം; മുൻ എംഎൽഎയെ ജയിലിലേക്ക് മാറ്റും; ജാമ്യം കിട്ടി പുറത്തു വന്ന ശേഷം എല്ലാം പറയാമെന്ന് നേതാവിന്റെ പ്രതികരണം; ജോർജ് 14 ദിവസം റിമാൻഡിൽ

പിസി ജോർജ് ജയിലിലേക്ക്; പൂഞ്ഞാറിലെ നേതാവിനെ വിദ്വേഷ പ്രസംഗ കേസിൽ റിമാൻഡ് ചെയ്ത് തിരുവനന്തപുരം കോടതി; ഹൈക്കോടതിയിലെ ജാമ്യ ഹർജി അതിനിർണ്ണായകം; മുൻ എംഎൽഎയെ ജയിലിലേക്ക് മാറ്റും; ജാമ്യം കിട്ടി പുറത്തു വന്ന ശേഷം എല്ലാം പറയാമെന്ന് നേതാവിന്റെ പ്രതികരണം; ജോർജ് 14 ദിവസം റിമാൻഡിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിസി ജോർജ് റിമാൻഡിൽ. സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മുൻ എംഎൽഎ. പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തിരുവനന്തപുരം എആർ ക്യാമ്പിലാണ് പിസി ജോർജിനെ എത്തിച്ചത്. രാവിലെ പി.സി ജോർജിനെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ ജയിലിലേക്ക് പിസി ജോർജിന്റെ വാഹനം നീങ്ങി. 14 ദിവസത്തേക്കാണ് റിമാൻഡ്

ഇന്ന് പിസിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജോർജിന്റെ ജാമ്യഹർജി കേൾക്കാനായി പ്രത്യേക സിറ്റിങ് നടത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് പ്രത്യേക സിറ്റിങ് നടത്താനായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് തീരുമാനിച്ചത്. എന്നാൽ സാധാരണ സമയക്രമത്തിൽ തന്നെ ഹർജി പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ഹർജിയിൽ അനുകൂല തീരുമാനം വന്നാൽ തിരുവനന്തപുരം മജിസ്ട്രേട്ട് റിമാൻഡ് ചെയ്‌തെങ്കിലും ഇന്നു തന്നെ പിസി ജോർജിന് വീട്ടിലേക്ക് പോകാൻ കഴിയും. അതുകൊണ്ട് തന്നെ ഹൈക്കോടതി നിരീക്ഷണങ്ങൾ അതിനിർണ്ണായകമാണ്.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണു പി.സി.ജോർജിനെതിരായ തിരുവനന്തപുരത്തെ കേസ്. ഈമാസം ഒന്നിനു ജോർജിനെ ഈരാറ്റുപേട്ടയിൽനിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുന്നതായാണ് തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ജോർജ് പറഞ്ഞതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയത്.

തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ പ്രസംഗങ്ങളുടെ സിഡിയും പരിശോധിച്ചു. മറ്റു മത വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നു നിർദ്ദേശിച്ചാണ് ജാമ്യം നൽകിയതെങ്കിലും അതു ലംഘിച്ചതായും മതസ്പർധ കൂട്ടുന്ന കാര്യങ്ങളാണു ജോർജ് പറഞ്ഞതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അസി.കമ്മിഷണർക്കു വേണമെന്നു തോന്നിയാൽ ജോർജിന അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതേ തുടർന്നായിരുന്നു അറസ്റ്റും റിമാൻഡ് ചെയ്യലും.

അർദ്ധരാത്രി 12.35 ഓടെയാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പി.സി. ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എആർ ക്യാമ്പിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. ജോർജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

നടപടികളിൽ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയിൽ കിടക്കുന്ന ആളല്ലെന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാത്രി തന്നെ ഓൺലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോൺ പ്രതികരിച്ചു. ഷോണിനെ ആദ്യഘട്ടത്തിൽ എആർ ക്യമ്പിനകത്തേക്ക് കയറ്റാൻ പൊലീസ് അനുവദിച്ചിട്ടില്ല. പിന്നീട് ഷോണിനെ പൊലീസ് ക്യാമ്പിനുള്ളിലേക്ക് പോകാനായി അനുവദിച്ചു.

ഇന്നലെ വൈകിട്ട് കൊച്ചിയിൽ വച്ചാണ് ഫോർട്ട് പൊലീസ് പിസി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജോർജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയിൽ രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോർജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു. നാളെ രാവിലെ ഒൻപത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാൻ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. പിന്നീട് അതും വേണ്ടെന്ന് വച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP