Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിതത്തിൽ ഒറ്റയ്ക്കായി; സുലേഖയുടെ മൂന്ന് മക്കളും ഇന്ന് ഡോക്ടർ വഴിയിൽ

പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജീവിതത്തിൽ ഒറ്റയ്ക്കായി; സുലേഖയുടെ മൂന്ന് മക്കളും ഇന്ന് ഡോക്ടർ വഴിയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: ജീവിതം ആസ്വദിക്കേണ്ട നല്ല പ്രായത്തിൽ പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുമായി ഒറ്റപ്പെട്ടു പോയതാണ് കല്യാശ്ശേരി സ്വദേശി പി.കെ. സുലൈഖ (46). ഭർത്താവിന്റെ തണലിൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് മൂന്ന് കുഞ്ഞുങ്ങളേയും സുലേഖയേയും തനിച്ചാക്കി ഭർത്താവ് ടി.കെ. അബ്ദുള്ള വിടപറഞ്ഞത്. മക്കളേയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ നാളുകൾ. എന്നാൽ മൂന്ന് മക്കളുടേയും നല്ല ഭാവിക്കായി സുലേഖയ്ക്ക് ജീവിതം തിരികെ പിടിച്ചാലേ മതിയാകുമായിരുന്നുള്ളൂ.

പതറാതെ പതിയെപ്പതിയെ ജീവിതം തിരിച്ചുപിടിച്ച സുലൈഖയുടെ മൂന്നുമക്കളും ഇന്ന് ഡോക്ടർമാരാകാനുള്ള തയ്യാറെടുപ്പിലാണ്. 2015ലെ റംസാൻ നോമ്പുകാലത്താണ് സുലേഖയുടെ ഭർത്താവ് വിടപറഞ്ഞത്. മൂത്തമകൾ അസ്‌ലഹ അന്ന് പത്താംക്ലാസിൽ പഠിക്കുന്നു. ഇളയകുട്ടികളായ അൻസിഫയും അൽതാഫും താഴെയുള്ള ക്ലാസുകളിൽ. മൂന്ന് മക്കളുടെയും പഠന ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് പോലും അറിയാൻ കഴിയാതിരുന്ന നാളുകൾ.

എന്നാൽ ജീവിതത്തോട് തോൽക്കാൻ സുലേഖയ്ക്ക് മനസ്സുണ്ടായിരുന്നില്ല. കരഞ്ഞിരിക്കാതെ ജീവിതത്തോട് പൊരുതാൻ തന്നെയായിരുന്നു സുലേഖയുടെ തീരുമാനം നിത്യ ചെലവ് കണ്ടെത്താൻ അഞ്ച് പശുക്കളെ വാങ്ങി വളർത്തി ജീവിതം കരുപ്പിടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ സുലൈഖയ്ക്ക് ഇന്ന് 10 പശുക്കളുണ്ട്. ഒരേക്കർസ്ഥലത്ത് തീറ്റപ്പുൽക്കൃഷിയും ഒപ്പം പച്ചക്കറിക്കൃഷിയുമുണ്ട്. പശുക്കളെ വളർത്തി മക്കളുടെ പഠനവും അന്തസ്സായി തന്നെ നടത്തി.

മൂത്തമകൾ അസ്‌ലഹ എം.ബി.ബി.എസ്. പൂർത്തിയാക്കി എം.ഡി.ക്കു പഠിക്കുന്നു. രണ്ടാമത്തെ മകൾ അൻസിഫ എം.ബി.ബി.എസ്. അവസാനവർഷ വിദ്യാർത്ഥിനി. മകൻ ഈ വർഷം എം.ബി.ബി.എസിനു ചേർന്നു.

''ഏതു സാഹചര്യത്തിലും പിടിച്ചുനിൽക്കാനുള്ള കഴിവ്. അതാണ് പെണ്ണുങ്ങൾക്കുവേണ്ടത്. എല്ലാവരും നമ്മളെ ഉൾക്കൊള്ളണമെന്നില്ല. നേർവഴിക്കു സഞ്ചരിച്ചാൽ എല്ലാം നേരെയാകും. എന്നെ തോൽപ്പിക്കാൻ എനിക്കുമാത്രമേ കഴിയൂ എന്ന വിശ്വാസക്കാരിയാണ് ഞാൻ.'' -അവർ പറയുന്നു. മക്കളെ അവരുടെ ആഗ്രഹപ്രകാരം പഠിപ്പിച്ച് ഉന്നതനിലയിലെത്തിക്കണം എന്ന ഒറ്റ ആഗ്രഹമാണ് സുലൈഖയെ സ്വന്തംകാലിൽ നിൽക്കാൻ പഠിപ്പിച്ചത്. ഭർത്താവിന്റെ നാടായ പരിയാരം വായാട്ട് അസ്ലഹ മൻസിലിലാണ് ഇവരുടെ താമസം.

തളിപ്പറമ്പ് മണ്ഡലത്തിലെ വനിതാസംരംഭകർക്കായി സംഘടിപ്പിച്ച 'സമൃദ്ധി' ശില്പശാലയാണ് സുലൈഖയുടെ ജീവിതം മാറ്റിമറിച്ചത്. സമൃദ്ധി പദ്ധതിപ്രകാരം കന്നുകാലിവളർത്തലിന് വായ്പയ്ക്ക് അപേക്ഷിച്ചു. പഞ്ചായത്ത് അധികൃതർ ഒപ്പംനിന്നു. അഞ്ചുലക്ഷംരൂപ വായ്പ ലഭിച്ചതോടെ രണ്ടുംകല്പിച്ചിറങ്ങി.

ബേപ്പൂരിലെ ഡയറി ട്രെയിനിങ് സെന്ററിൽ പരിശീലനം നേടി. കാര്യങ്ങൾ ഓരോന്നായി പഠിച്ചെടുത്തു. സമൃദ്ധി പദ്ധതിപ്രകാരം വായ്പയുടെ പലിശ പരിയാരം പഞ്ചായത്താണ് അടയ്ക്കുക. ആദ്യംകിട്ടിയത് 40 ലിറ്റർ പാലാണ്. തുടക്കത്തിൽ വീടിനോടുചേർന്നായിരുന്നു തൊഴുത്ത്. പിന്നീട് ഒരുകിലോമീറ്റർ ദൂരെയുള്ള സ്വന്തം സ്ഥലത്തേക്കു മാറ്റി. കാവലിനായി നായകളെ വളർത്തി. തൊഴുത്ത് വൃത്തിയാക്കലും പശുക്കളെ കുളിപ്പിക്കലും പാലുകറക്കലും തീറ്റകൊടുക്കലും സൊസൈറ്റിയിൽ പാലെത്തിക്കലുമെല്ലാം സുലൈഖ തനിയെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP