Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകരക്കാരനായെത്തി നോക്കൗട്ടിലെ മിന്നും സെഞ്ചുറിയുമായി രജത് പാട്ടിദാർ; പത്തൊൻപതാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി മത്സരത്തിന്റെ ഗതിമാറ്റി ഹെസൽവുഡും; കെ എൽ രാഹുലിന്റെ പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ലക്‌നൗ; എലിമിനേറ്ററിൽ ബാംഗ്ലൂരിന് 14 റൺസ് ജയം; രാജസ്ഥാന് എതിരായ രണ്ടാം ക്വാളിഫയർ വെള്ളിയാഴ്ച

പകരക്കാരനായെത്തി നോക്കൗട്ടിലെ മിന്നും സെഞ്ചുറിയുമായി രജത് പാട്ടിദാർ; പത്തൊൻപതാം ഓവറിൽ ഇരട്ട വിക്കറ്റുകളുമായി മത്സരത്തിന്റെ ഗതിമാറ്റി ഹെസൽവുഡും; കെ എൽ രാഹുലിന്റെ പോരാട്ടം പാഴായി; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ലക്‌നൗ; എലിമിനേറ്ററിൽ ബാംഗ്ലൂരിന് 14 റൺസ് ജയം; രാജസ്ഥാന് എതിരായ രണ്ടാം ക്വാളിഫയർ വെള്ളിയാഴ്ച

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബി നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. രജത് പടിദാറിന്റെ (54 പന്തിൽ പുറത്താവാതെ 112) സെഞ്ചുറിയാണ് ആർസിബിക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിൽ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനാണ് സാധിച്ചത്. പത്തൊൻപതാം ഓവറിൽ മികച്ച ഫോമിലുള്ള ലൊകേഷ് രാഹുലിനെ വീഴ്‌ത്തി ജോഷ് ഹേസൽവുഡാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഹേസൽവുഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയ ഹർഷൽ പട്ടേൽ നിർണായക പ്രകടനം പുറത്തെടുത്തു.

സ്‌കോർ പിന്തുടർന്ന ലഖ്നൗവിന് ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ (6) നഷ്ടമായി. അഞ്ചാം ഓവറിൽ മനൻ വോഹ്റയും (19) മടങ്ങി. മുഹമ്മദ് സിറാജിനും ജോഷ് ഹേസൽവുഡിനുമായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ രാഹുലാവട്ടെ താളം കണ്ടെത്താൻ വിഷമിക്കുകയും ചെയ്തു.

നാലാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയാണ് ലഖ്നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. രാഹുലിനൊപ്പം 96 റൺസാണ് ഹൂഡ കൂട്ടിചേർത്തത്. എന്നാൽ വാനിന്ദു ഹസരങ്കയുടെ പന്തിൽ വിക്കറ്റ് തെറിച്ച് ഹൂഡ മടങ്ങി. മാർകസ് സ്റ്റോയിനിസ് (9) നിരാശപ്പെടുത്തുകയും ചെയ്തു. കൃത്യമായ സമയത്ത് റൺനിരക്ക് ഉയർത്താൻ ബുദ്ധിമുട്ടിയ രാഹുൽ (58 പന്തിൽ 79) 19ാം ഓവറിൽ മടങ്ങി.

അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. രാഹുലിനെ പുറത്താക്കിയ പന്തിന് പിന്നലെ ക്രുനാൽ പാണ്ഡ്യയേയും (0) മടക്കിയ ഹേസൽവുഡ് വിക്കറ്റ് നേട്ടം മൂന്നാക്കി. എവിൻ ലൂയിസ് (2), ദുശ്മന്ത ചമീര (11) പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനെ സെഞ്ചുറി നേടിയ രജത് പാട്ടിദാറിന്റെ ബാറ്റിങ് മികവാണ് കൂറ്റൻ സ്‌കോറിലെത്തിച്ചത്. ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. 54 പന്തുകൾ നേരിട്ട രജത് 12 ഫോറും ഏഴു സിക്സും പറത്തി 112 റൺസോടെ പുറത്താകാതെ നിന്നു. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ അൺക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി.

മനീഷ് പാണ്ഡെ (2009), പോൾ വാൽത്താട്ടി (2011), ദേവ്ദത്ത് പടിക്കൽ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ. ഐപിഎൽ നോക്കൗട്ടിലെ ഒരു അൺക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറും രജത്തിന്റേ പേരിലായി.

മുരളി വിജയ് (2012), വീരേന്ദർ സെവാഗ് (2014), വൃദ്ധിമാൻ സാഹ (2014), ഷെയ്ൻ വാട്ട്സൺ (2018) എന്നിവർക്ക് ശേഷം ഐപിഎൽ നോക്കൗട്ടിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് രജത്. ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിൽ ആരും വാങ്ങാതിരുന്ന രജത് ഒടുവിൽ ലുവിനിത് സിസോദിയക്ക് പകരക്കാരനായാണ് ആർസിബി നിരയിലെത്തുന്നത്.

ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ച ലക്‌നൗ ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെ മൊഹ്‌സീൻ ഖാൻ പൂജ്യനായി മടക്കി. ഡുപ്ലേസി നേരിട്ട മൊഹ്‌സീൻ ഖാന്റെ ആദ്യ പന്ത് വിക്കറ്റിനു പിറകിൽനിന്ന ഡീകോക്കിന്റെ കൈകളിലേക്ക്.

പിന്നീട് ഈഡൻ ഗാർഡൻസ് സാക്ഷിയായത് രജത്തിന്റെ ബാറ്റിങ് വെടിക്കെട്ടിനായിരുന്നു. രണ്ടാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം 66 റൺസ് കൂട്ടിച്ചേർത്ത രജത്, അഞ്ചാം വിക്കറ്റിൽ ദിനേഷ് കാർത്തിക്കിനൊപ്പം അടിച്ചുതകർത്തു. വിരാട് കോലി 24 പന്തിൽ നിന്ന് 25 റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ ഗ്ലെൻ മാക്‌സ്വെലി(പത്ത് പന്തിൽ 9 റൺസ്)നും മഹിപാൽ ലോംറോറി(9 പന്തിൽ 14 റൺസ്)നും തിളങ്ങാനായില്ല. മാക്‌സ്വെലിനെ ക്രുനാൽ പാണ്ഡ്യയുടെ പന്തിൽ എവിൻ ലൂയിസ് ക്യാച്ചെടുത്ത് പുറത്താക്കിയപ്പോൾ ലോംറോറിനെ രവി ബിഷ്‌ണോയിയുടെ പന്തിൽ രാഹുലും പുറത്താക്കി.

അഞ്ചാം വിക്കറ്റിൽ രജത്തും - കാർത്തിക്കും ഒന്നിച്ചതോടെ ആർസിബി സ്‌കോറിങ് ടോപ് ഗിയറിലായി. 23 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത കാർത്തിക്കിനെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റിൽ 92 റൺസാണ് രജത് കൂട്ടിച്ചേർത്തത്. അവസാന നാല് ഓവറിൽ 84 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ലക്‌നൗവിനു വേണ്ടി മൊഹ്‌സീൻ ഖാൻ, ആവേശ് ഖാൻ, രവി ബിഷ്‌ണോയി, ക്രുനാൽ പാണ്ഡ്യ എന്നിവർ ഒരോ വിക്കറ്റു വീതം വീഴ്‌ത്തി.

ടോസ് നേടിയ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സിദ്ധാർഥ് കോളിനു പകരം മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് ഒഴിച്ചാൽ വലിയ മാറ്റങ്ങൾ ഇല്ലാതെയാണ് ബാംഗ്ലൂൾ മത്സരത്തിനിറങ്ങിയത്. കൃഷ്ണപ്പ ഗൗതമിനും ജെയ്‌സൻ ഹോൾഡറിനും പകരം ക്രുനാൽ പാണ്ഡ്യയും ദുഷ്മന്ത ചമീരയും ലക്‌നൗ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. മഴമൂലം ടോസ് വൈകിയതിനാൽ രാത്രി 7.30 തുടങ്ങേണ്ട മത്സരം വൈകിയാണ് ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP