Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിയൽലൈഫ് ഹീറോയ്ക്ക് മമ്മൂട്ടിയുടെ ആദരം; കിരണിനെ നിയമത്തിന് മുന്നിലെത്തിച്ച ഡിവൈഎസ്‌പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് താരം; കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുമായി മമ്മൂട്ടിയുടെ നാട്ടുകാരൻ

റിയൽലൈഫ് ഹീറോയ്ക്ക് മമ്മൂട്ടിയുടെ ആദരം; കിരണിനെ നിയമത്തിന് മുന്നിലെത്തിച്ച ഡിവൈഎസ്‌പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് താരം; കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുമായി മമ്മൂട്ടിയുടെ നാട്ടുകാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിസ്മയ കേസിലെ അന്വേഷണ മികവിന് സംഘത്തലവൻ ശാസ്താംകോട്ട ഡിവൈഎസ്‌പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാർ.തലയോലപ്പറമ്പ് സ്വദേശിയാണ് പി.രാജ്കുമാർ

ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്.കെയർ ആൻഡ് ഷെയർ കേരള പൊലീസുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു, കെയർ ആൻഡ് ഷെയർ ഷെയർ ഡയറക്ടർമാരായ എസ്.ജോർജ്, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറൽ മാനേജർ ജോസ് പോൾ എന്നിവരും സന്നിഹിതരായിരുന്നു.

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ശിക്ഷ വാങ്ങി കൊടുത്ത അന്വേഷണ സംഘത്തെ നയിച്ചത് ശാസ്താംകോട്ട ഡിവൈഎസ്‌പി കൂടിയായ പി രാജുകമാറായിരുന്നു. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തിൽ മികവുപുലർത്തുന്ന ഉദ്യോഗസ്ഥനാണ് പി രാജ് കുമാർ. സൂര്യനെല്ലി കേസ് പ്രതി ധർമ്മരാജനെ തമിഴ്‌നാട്ടിൽ പോയി പൊക്കിയത് അടക്കം നിരവധി പ്രമാദമായ കേസുകളിലെ അന്വേഷണ മികവു കൊണ്ട് ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.

ക്രിമിനലുകളുടെ പേടിസ്വപ്നമാണെങ്കിലും നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് അദ്ദേഹം. ഇതുവരെ ചാർജ്ജ് വഹിച്ച സ്്റ്റേഷൻ പരിധികളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച ഉദ്യോഗസ്ഥനാണ് പി രാജ്കുമാർ. വിസ്മയ കേസിൽ പത്ത് വർഷം ശിക്ഷ ലഭിക്കാൻ പാകത്തിന് തെളിവുകൾ ശേഖരിച്ചതിൽ ഡിവൈ.എസ്. പി പി.രാജ്കുമാറിനും നല്ലൊരു പങ്കുണ്ട്. കേസിൽ ഏറ്റവും ശക്തമായ തെളിവായി മാറിയത് ഡിജിറ്റൽ തെളിവുകളായിരുന്നു. ഈ തെളിവുകൾ സാങ്കേതിര പരിശോധനയിലൂടെ വീണ്ടെടുത്തതാണ് കേസിൽ പ്രതിഭാഗം വാദങ്ങളെ പൊളിച്ചത്.

ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഒന്നുംനടക്കില്ലെന്ന പൊതുബോധത്തിന് മാറ്റം വരുത്തി വിധത്തിലുള്ള ഇടപെടലുകളാണ് ഈ ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായിട്ടുള്ളത്. ക്രമസമാധാന പാലനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. 2006-2009കാലഘട്ടത്തിൽ വെല്ലൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചേർന്ന് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കിയ നൈറ്റ് പട്രോളിങ് പദ്ധതിയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ പദ്ധതിയിലൂടെ എല്ലാദിവസവും വൈകിട്ട് ഒരു ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷനിൽ എത്തുകയും അതിൽ പൊലീസ് ഉദ്യോഗസ്ഥനും കൂടി കയറി സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്ന രീതി. സ്റ്റേഷൻ പരിധിയിൽ ജനങ്ങൾ ഭയവിഹ്വലരായി, മോഷണ ശല്യമില്ലാതെ ജീവിക്കാനായി നടപ്പാക്കിയ പദ്ധതി. ഇന്ധനം സ്റ്റേഷൻ പരിധിയിലെ വ്യാപാരികൾ തന്നെ അടിച്ചു കൊടുക്കുന്നു. കാരണം ഇതിന്റെ ഗുണം പ്രധാനമായും ലഭിക്കുന്നതും വ്യാപാരികൾക്ക് തന്നെയാണ്. രാത്രികാലങ്ങളിൽ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പു വരുത്തുക വഴി സ്റ്റേഷൻ പരിധിയിൽ നടന്നുവരുന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും ഇല്ലാതാക്കുവാനും ഇതിലൂടെ ജനങ്ങൾക്ക് പൊലീസിനോട് ആദരവും സ്നേഹവും നേടിയെടുക്കാനും സാധിക്കുന്നു.

അതുപോലെ തന്നെ ശ്രദ്ധ നേടിയ പദ്ധതിയായിരുന്നു വിദ്യാമൃതം പദ്ധതിയും.സമൂഹത്തിന്റെ പല കോണിലും സാമ്പത്തിക പ്രതിസന്ധി മൂലം തുടർപഠനത്തിന് സാധിക്കാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന സാധാരണക്കാരനു കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് വിദ്യാമൃതം പദ്ധതി. കേരള പൊലീസിന്റെ, പ്രത്യേകിച്ച് രാജ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും സാധുക്കൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായ ഒരു പദ്ധതി. ഇദ്ദേഹം 2009- 2010 കാലയളവിൽ പാലാ സബ് ഇൻസ്‌പെക്ടർ ആയിരുന്ന കാലയളവിൽ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.

രാജ്കുമാർ ഉടൻ തന്നെ ആ വർഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞവരും എന്നാൽ എസ്എസ്എൽസിക്ക് 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയതുമായ നിർധന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കായി പാലാ ബ്രില്യന്റ്, ടാലെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ എഞ്ചിനീയറിങ് /മെഡിക്കൽ എൻട്രൻസ് പരിശീലനം തരപ്പെടുത്തി കൊടുത്തു. ആ വർഷം 35പേർ പരീക്ഷ എഴുതിയപ്പോൾ അതിൽ പത്തിലേറേപ്പേർ എഞ്ചിനീയറിങ്ങിനു ചേർന്ന് പഠിക്കുവാൻ സാധിച്ചു. ഒരു പക്ഷെ അവർക്ക് ഈ വിധത്തിൽ കോച്ചിങ് ലഭിച്ചില്ലായിരുന്നുവെങ്കിൽ അവർ ഇടക്ക് വച്ച് പഠനം നിറുത്തിയേനെ. ഇന്ന് അവർ എഞ്ചിനീയർമാരായി ജീവിക്കുന്നു.

ഇത് കൂടതെ വേനൽ കാലത്ത് കുടിവള്ള ക്ഷാമം രൂക്ഷമാകുന്ന മേഖലകളിൽ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റ് ടാങ്കർ സംഘടിപ്പിച്ചു കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ വെള്ളം എത്തിക്കുകയാണ് ചെയ്തത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതികളും, മറിച്ചു മോശമായൊരു സാഹചര്യമുണ്ടായാൽ അതിനെ മറികടക്കാൻ കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനും നീന്തൽ പോലുള്ള പരിശീലനം വരെ സംഘടിപ്പിച്ചു ഈ ഓഫീസർ.

ഇതിലൂടെ സ്വയം രക്ഷാമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുകയും സ്വന്തം ജീവൻ പോലെ തന്നെ അപകട സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഉപാധിയായി മാറ്റാൻ ഉതകുന്ന തരത്തിലാണ് 2010ൽ പാലായിൽ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയത്. മീനച്ചിലാറിൽ നിരവധി ജീവനുകളാണ് വർഷംതോറും പൊലിയുന്നത്. അതിനാൽ തന്നെ സ്റ്റേഷൻ പരിധിയിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന സ്ഥാപനങ്ങളുമായി കൈകോർത്ത് ഏതാണ്ട് 75ൽ അധികം കുട്ടികളെയാണ് ജീവൻ രക്ഷാ മാർഗങ്ങളിൽ ഒന്നായ നീന്തൽ പരിശീലിപ്പിച്ചത്.പൊലീസ് വാഹനങ്ങളിൽ തന്നെ കുട്ടികളെ കൊണ്ടു വരികയും പോകുകയും ചെയ്യുന്നതുകൊണ്ട് കുട്ടികളിൽ പൊലീസിനോട് ഉള്ള ഭയം ഇല്ലാതാക്കാനും അതിലുപരി സ്നേഹം വളർത്താനും സാധിച്ചിട്ടുണ്ട്.

പാലായിലെ മരിയഭവനവും പെരുമ്പാവൂരിലെ അഭയ സദനവും ഫോർട്ടുകൊച്ചിയിലെ ഗുഡ് ഹോപ്പും ആശ്വാസ ഭവനവുമൊക്കെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞവരാണ്. മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കാനും മുൻകൈയെടുത്ത് അദ്ദേഹം രംഗത്തുവരികയായിരുന്നു. അവഗണനകൾ നിറഞ്ഞ വാർദ്ധക്യം മുന്നിൽ കണ്ടു തന്നെയാണ് മുതിർന്ന പൗരന്മാരെ ആദരിക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും പി രാജ്കുമാറിയിരുന്നു. നാട്ടിലെ പ്രായംചെന്ന പൗരന്മാരെ ക്ഷണിച്ച് ടെക്സ്റ്റൈൽസുകളുമായി ചേർന്ന് പൊന്നാടകൾ വാങ്ങുകയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് ഇവരെ ആദരിക്കുകയും ചെയ്യുന്നതിലൂടെ വയോജനങ്ങളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്ന് മാത്രമല്ല മക്കളുടെയും ചെറുമക്കളുടെയും കണ്ണ് തുറപ്പിക്കാനും സാധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP