Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ്പ്രൂഫിലേക്ക് മാറ്റിയപ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഇത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ച; ഗോവ ഗവർണ്ണർ ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; പൊലീസിന്റെ 'വിഐപി' വാഹനത്തിന് സംഭവിച്ചത് എന്ത്?

സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ്പ്രൂഫിലേക്ക് മാറ്റിയപ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഇത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ച; ഗോവ ഗവർണ്ണർ ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; പൊലീസിന്റെ 'വിഐപി' വാഹനത്തിന് സംഭവിച്ചത് എന്ത്?

സായ് കിരൺ

കോഴിക്കോട് : ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ കേരളസന്ദർശനത്തിനിടെ വൻസുരക്ഷാ വീഴ്ച. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ഇരുചെവിയറിയാതെ ഒതുക്കി തീർക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച കോഴിക്കോടായിരുന്നു സംഭവം. ഗവർണർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് കാറിന്റെ ടയർ പൊട്ടിതെറിക്കുകയായിരുന്നു. തുടർന്ന് സ്പെയർ വാഹനത്തിലേക്ക് ഗവർണറെ മാറ്റി. പൊലീസിന്റെ കെഎൽ01സിഎൻ2998 എന്ന വെള്ള ഫോർച്യൂൺ കാറാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് ബൈപ്പാസിലൂടെയുള്ള യാത്രയിൽ കടവ് റിസോർട്ടിന് മുന്നിലെത്തിയപ്പോൾ പെട്ടന്ന് വലിയ ശബ്ദത്തോടെ കാർ നിൽക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇടത് വശത്ത് മുന്നിലെ ടയറിന്റെ അലോയ് വീൽപൊട്ടിയതായി കണ്ടെത്തിയത്. ഇതോടെയാണ് ഗവർണറോട് ടയർ തകരാറിലാണെന്ന് പറഞ്ഞ് സ്പെയർ കാറിലേക്ക് മാറ്റിയത്. പിന്നാലെ വാഹനം സമീപത്തെ ടൊയോട്ടാ ഷോറൂമിലെത്തിച്ചോപ്പോൾ വാഹനത്തിന്റെ ഭാരം താങ്ങാത്തിനാലാണ് ടയർ പൊട്ടിയതെന്ന് കണ്ടെത്തി. േജായിന്റ് ആക്സിലും ബ്രേക്ക് പാഡ് കവർ എന്നിവയും കേടായി.

സാധാരണ ഫോർച്യൂൺ കാറിന്റെ ഭാരം ഏകദേശം 2500 കിലോയാണ്. കാർ വാങ്ങിയ ശേഷമാണ് ബുള്ളറ്റ് പ്രൂഫ് സംവിധാനത്തിലേക്ക് മാറ്റുന്നത്. ഇതോടെ കാറിന്റെ ഭാരം 3500 കിലോയായി ഉയരും. എന്നാൽ ഇതേസമയം ഈ ഭാരം താങ്ങാനുള്ള ശേഷി ടയറിനും അനുബന്ധസംവിധാനങ്ങൾക്കും ഉണ്ടോയെന്ന പരിശോധന പൊലീസിൽ നടത്താറില്ല. വാങ്ങുന്ന കാറിൽ നടത്തുന്ന മാറ്റങ്ങൾ അതിന് താങ്ങാൻ ശേഷിയില്ലാത്തതാണ് കാരണം.

വർധിപ്പിച്ച മാറ്റത്തിന് അനുസരിച്ച് ടയർ, ബ്രേക്ക് സിസ്റ്റങ്ങൾക്ക് വ്യത്യാസം വരുത്തിയില്ലെങ്കിൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മോട്ടോർ ട്രാൻസ്പോർട്ട് പൊലീസിലെ മെക്കാനിക്കൽ വിഭാഗത്തിന് പലവട്ടം റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യം മേൽതട്ടിലേക്ക് അറിയിച്ച് ആവശ്യമായ നടപടി സ്വീകരിക്കാത്തതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങൾ. ആർ.ടി.ഒയുടെ അനുമതിയോ ആർ.സി ബുക്കിൽ ഭാരവ്യത്യാസം രേഖപ്പെടുത്തുകയോ ചെയ്യാതെയാണ് പൊലീസിന്റെ കള്ളക്കളി. അതിനാൽ അപകടങ്ങൾ സംഭവിച്ചാൽ കമ്പനികൾ ഇഷ്വറൻസും അനുവദിക്കില്ല.

കേരള സന്ദർശനത്തിന് എത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനും യാത്രചെയ്യാൻ സമാനമായ രീതിയിൽ സജ്ജമാക്കിയ ബുള്ളറ്റ് പ്രൂഫ് കാറാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നതെന്നതാണ് ഗൗരവകരമായ വസ്തുത. പൊലീസിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ഗുരുതരമായ അനാസ്ഥ വെളിവാക്കുന്ന സംഭവമാണ് ഇരുചെവി അറിയാതെ ഒതുക്കി തീർത്തത്.

പൊലീസ് വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന മെക്കാനിക്കൽ വിഭാഗത്തിനോ അവർക്ക് മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർ തസ്തികയിലുള്ള എം ടി സ്ബ് ഇൻസ്പെക്ടർ, എം ടി ഇൻസ്പെക്ടർ, എം ടി ഡി.വൈ.എസ്‌പി, എം ടി എസ്‌പി തുടങ്ങിയ ഉദ്യോഗസ്ഥർക്കും വാഹനങ്ങളുടെ ഇത്തരം കാര്യങ്ങളെ പറ്റി ധാരണയില്ലെന്ന ആക്ഷേപം സേനയിൽ ശക്തമാണ്. സർക്കാർ വാഹനങ്ങളുടെ ചുമതലയുള്ള പി.ഡ.ബ്ല്യു.ഡി മെക്കാനിക്കൽ വിഭാഗം പൊലീസ് വാഹനങ്ങളെ തിരിഞ്ഞുനോക്കാറില്ല.

ഇതോടെ ഇന്ധനക്ഷമത പോലും നോക്കാതെയാണ് പൊലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത്. സർക്കാർ പണമായതിനാൽ തോന്നും പോലെ ഓടും പണിവന്നാൽ അതും നേട്ടമാക്കുന്നവർ മെക്കാനിക്കൽ വിഭാഗത്തിലുണ്ട്. വി.വി.ഐ.പികളുടെ സുരക്ഷയിൽ പൊലീസ് കാട്ടുന്ന അലംഭാവത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. സിഗ്‌നൽ ഓഫ് ചെയ്ത്, ഗതാഗതം നിയന്ത്രിച്ച് അമിതവേഗത്തിലാണ് വി.വി.ഐ.പി വാഹനങ്ങൾ നിരത്തുകളിലൂടെ പായുന്നത്.

അതിനിടെയിൽ ഇത്തരത്തിൽ അപകടങ്ങളുണ്ടായാൽ ആര് സമാധാനം പറയും എന്ന് ഇനിയും പൊലീസിലെ മെക്കാനിക്കൽ വിഭാഗവും ഉന്നത ഉദ്യോഗസ്ഥരും ചിന്തിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP