Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ

ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആത്മവിശ്വാസത്തോടെയാണ് കിരൺകുമാർ വിധി കേൾക്കാൻ എത്തിയത്. അവിടെ നിന്ന് പോകേണ്ട വന്നത് ജില്ലാ ജയിലിലാണ്. അടുത്ത ദിവസം ശിക്ഷ പറഞ്ഞു. ഇനി പത്തുകൊല്ലത്തോളം ജയിൽവാസം. അങ്ങനെ വിസ്മയയുടെ മരണത്തിന് ഉത്തരവാദി ജയിലിലായി. ഇനി ജയിലിൽ പണിയെടുക്കണം. കൊതുകു കടിയുമായി രണ്ടു ദിവസം കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കിരൺകുമാർ കഴിഞ്ഞത്. ഹൈക്കോടതിയിൽ അടക്കം അപ്പീൽ നൽകുന്നത് പരിഗണനയിലുണ്ട്. പക്ഷേ ആ അപ്പീൽ പരിഗണിച്ചാലും അടുത്ത കാലത്തൊന്നും ജാമ്യം കിട്ടാൻ സാധ്യത കുറവുമാണ്. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും 'ഓർമ്മക്കുറവുള്ള' അച്ഛനെ നോക്കാൻ കിരണനിന് കഴിയില്ല.

വിസ്മയയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും കണ്ടെത്താനായത് പൊലീസിന്റെ കരുതലോടെയുള്ള അന്വേഷണമാണ്. എന്നാൽ വിസ്മയയെ കിരൺകുമാർ കൊന്നതാണെന്ന വാദവും ശക്തമാണ്. ചെറിയ കയറിൽ ജനൽ പാളിയിൽ വിസ്മയ കെട്ടിത്തൂക്കി മരിച്ചു എന്നാണ് കിരൺ പറയുന്നത്. എന്നാൽ ഇത് വിശ്വാസയോഗ്യമല്ല. ആരും വിസ്മയ കെട്ടിതൂങ്ങി നിൽക്കുന്നത് കണ്ടതുമില്ല. കിരണിന്റെ അച്ചനും അമ്മയും ഉൾപ്പെടെയുള്ളവർ ചേർന്ന് നടത്തിയ കൊലയാണ് വിസ്മയുടേതെന്ന സംശയം ശക്തമായിരുന്നു. പക്ഷേ തെളിവില്ലാതെ കൊലപാതക കുറ്റം ആരോപിച്ചാൽ കേസ് തള്ളി പോകും. അതൊഴിവാക്കാൻ ഉള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കേസുമായി പൊലീസ് മുമ്പോട്ട് പോയി. അത് വിധിയായി മാറി. അങ്ങനെ പത്തുകൊല്ലം കിരൺുകമാറിന് ജയിൽവാസം.

കേസിലെ പ്രധാന സാക്ഷിയായിരുന്നു കിരൺകുമാറിന്റെ അച്ഛൻ. വിസ്മയയുടെ ആത്മഹത്യയിലെ പ്രധാന സാക്ഷി. എന്നാൽ കോടതിയിൽ ചില കള്ളം ഇയാൾ പറഞ്ഞു. ഇല്ലാത്ത ആത്മഹത്യാ കുറിപ്പ് പൊലീസിന് നൽകിയെന്നും കൂട്ടിച്ചേർത്തു. ഈ ഓർമ്മക്കുറവുള്ള അച്ഛനെയാണ് കിരൺകുമാർ സംരക്ഷിക്കാൻ അവസരം നൽകണമെന്ന് കോടതിയിൽ കേണപേക്ഷിച്ചത്. ഏതായാലും 41-ാം വയസ്സിൽ കിരൺകുമാറിന് ജയിൽ വാസം തീരും. അതിന് ശേഷം അച്ഛനെ നോക്കാനും കഴിയും. കിരൺകുമാറിനെ രക്ഷിച്ചെടുക്കാൻ എല്ലാ തന്ത്രങ്ങളും പ്രാതിഭാഗം കോടതിയിൽ നടത്തി. പക്ഷേ അതൊന്നും വിജയിച്ചില്ല. അങ്ങനെ കിരൺകുമാർ അകത്തേക്കും പോയി. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

ഇതിൽ കിരണിന്റെ അച്ഛനും അമ്മയും ഈ കേസിൽ പ്രതിയാകേണ്ടവരാണ്. സഹോദരി കീർത്തിയും ഭർത്താവ് മുകേഷ് എം നായരും തെളിവ് നശീകരണത്തിൽ അടക്കം പങ്കാളിയായെന്ന വാദവും ശക്തമായിരുന്നു. ഇവരെട കേസിൽ പ്രതികളാക്കായിരുന്നുവെങ്കിൽ ഈ കുറുമാറ്റവും നടക്കില്ലായിരുന്നു. ഇതിനൊപ്പം എല്ലാവർക്കും ശിക്ഷയും കിട്ടുമായിരുന്നു. ഇക്കാര്യത്തിൽ എന്തും കൊണ്ട് പൊലീസിന് വീഴ്ച വന്നുവെന്നതിന് ഇനിയും വ്യക്തതയില്ല. സ്ത്രീധന പീഡനത്തിൽ കിരൺകുമാറിന്റെ കുടുംബവും തുല്യപങ്കു വഹിച്ചുവെന്നത് പകൽപോലെ വ്യക്തമാണ്. കോടതിയിലെ കൂറുമാറ്റവും ഇതിന് തെളിവാണ്. കേസിൽ കിരൺകുമാർ കുറ്റവിമുക്തനായിരുന്നുവെങ്കിൽ മോട്ടോർവാഹന വകുപ്പിലെ ജോലി പോലും സർക്കാരിന് തിരികെ കൊടുക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നു. ഈ വിധിയോടെ അതും നടക്കില്ലെന്ന് ഉറപ്പായി.

ശിക്ഷ വിധിക്കുന്നതു കേൾക്കാൻ വിസ്മയയുടെ പിതാവ് കെ. ത്രിവിക്രമൻ നായർ എത്തിയത്, പ്രതി കിരൺകുമാർ 'പാട്ടക്കാർ' എന്നു വിശേഷിപ്പിച്ച വാഹനത്തിൽ. വിവാഹ സമ്മാനമായി നൽകിയ ആ കാറിന്റെ പേരിലായിരുന്നു കിരൺ, വിസ്മയയെ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചിരുന്നത്. വിസ്മയ മരിച്ച ശേഷം ആദ്യമായാണ് ത്രിവിക്രമൻനായർ കാർ ഓടിച്ചത്. വിസ്മയയുടെ വീട്ടിൽ കിടക്കുന്ന കാർ സഹോദരൻ നാട്ടിലുള്ളപ്പോൾ ഓടിക്കുമായിരുന്നെങ്കിലും ത്രിവിക്രമൻ നായർ ഇതുവരെ ഓടിച്ചിരുന്നില്ല. മുൻസീറ്റിൽ ആരും ഉണ്ടായിരുന്നില്ല. വിസ്മയയുടെ ആത്മാവ് തന്നോടൊപ്പം ഉണ്ടെന്നും അതിനാലാണ് മുൻസീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.

അങ്ങനെ മകളുമായി എത്തി ശിക്ഷാ വിധി കേട്ട് മടങ്ങിയ അച്ഛൻ. ശിക്ഷാവിധി കഴിഞ്ഞു കിരൺകുമാറിനെ വൈദ്യ പരിശോധനയ്ക്ക് കോടതിയിൽ നിന്നു കൊണ്ടുപോയ ശേഷമാണു ത്രിവിക്രമൻനായർ വീട്ടിലേക്കു മടങ്ങിയത്. മടങ്ങുന്നതിനു മുൻപായി അന്വേഷണ സംഘത്തിലെ ഓരോരുത്തർക്കും നന്ദി പറഞ്ഞു. വിസ്മയ മരിക്കുന്നതിന് 6 മാസം മുൻപ്, 2021 ജനുവരി 3 മൂന്നിനു പുലർച്ചെ 1.20 നു വിസ്മയയെയും കൂട്ടി കിരൺകുമാർ ത്രിവിക്രമൻ നായരുടെ വീട്ടിലെത്തിയാണ്, 'പാട്ടക്കാറും വേസ്റ്റ് പെണ്ണിനെയും തലയിൽ കെട്ടിവച്ച് അങ്ങനെ സുഖിക്കണ്ട' എന്നു പറഞ്ഞു മടങ്ങിയത്. അതിനു മുൻപു വിസ്മയയെയും സഹോദരനെയും മർദിക്കുകയും ചെയ്തിരുന്നു.

സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭർതൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിന് പത്തുവർഷം തടവ്. 12.55 ലക്ഷംരൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. സ്ത്രീധന പീഡനത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഗാർഹിക പീഡനത്തിന് ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം ആറുവർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 18 മാസം കൂടി തടവ് അനുഭവിക്കണം. സ്ത്രീധന നിരോധനത്തിലെ സെക്ഷൻ നാല് പ്രകാരം ഒരുവർഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടക്കാതിരുന്നാൽ 15 ദിവസം കൂടി തടവ് അനുഭവിക്കണം.

12.55 ലക്ഷം രൂപയാണ് പ്രതിക്ക് ചുമത്തിയ ആകെ പിഴ. ഇതിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയായ കിരൺകുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ, ഇതോടെ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല, അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോടതിയിൽ പറഞ്ഞു.

കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയിൽ ആവർത്തിച്ചത്. അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സർക്കാർ ജീവനക്കാരൻ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാൽ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹികപീഡനം (498 എ) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. ഇതോടെ മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയക്കുകയും ചെയ്തു. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി.

കൊല്ലം പോരുവഴിയിലെ ഭർത്തൃവീട്ടിൽ കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരൺകുമാറിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ സൈബർ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. 2020 മെയ്‌ 31-നാണ് നിലമേൽ കൈതോട് സീ വില്ലയിൽ വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം വിഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തിൽ കിരൺകുമാർ വിവാഹം കഴിച്ചത്.

വിസ്മയ, അച്ഛൻ ത്രിവിക്രമൻ നായരോട് 'ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സർവീസിൽനിന്നു പിരിച്ചുവിട്ടു. പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിച്ചു.118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP