Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും പ്രസീദിനെതിരെ തുടരെ മൂന്ന് സിക്‌സറുകൾ; 38 പന്തിൽ 68 റൺസുമായി കില്ലർ മില്ലർ; നായകന്റെ ഇന്നിങ്‌സുമായി ഹാർദ്ദിക് പാണ്ഡ്യയും; മികച്ച തുടക്കമിട്ട് ശുഭ്മാനും മാത്യു വെയ്ഡും; അരങ്ങേറ്റ ഐപിഎല്ലിൽ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ; ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്

അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും പ്രസീദിനെതിരെ തുടരെ മൂന്ന് സിക്‌സറുകൾ; 38 പന്തിൽ 68 റൺസുമായി കില്ലർ മില്ലർ; നായകന്റെ ഇന്നിങ്‌സുമായി ഹാർദ്ദിക് പാണ്ഡ്യയും; മികച്ച തുടക്കമിട്ട് ശുഭ്മാനും മാത്യു വെയ്ഡും; അരങ്ങേറ്റ ഐപിഎല്ലിൽ തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ; ആദ്യ ക്വാളിഫയറിൽ രാജസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

കൊൽക്കത്ത: ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരിൽ രാജസ്ഥാനെ ഏഴുവിക്കറ്റിന് തകർത്താണ് ഗുജറാത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. രാജസ്ഥാൻ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അവസാന ഓവറിൽ പ്രസീദ് കൃഷ്ണയെ തുടരെ മൂന്ന് സിക്‌സറുകൾക്ക് പറത്തിയാണ് ഡേവിഡ് മില്ലർ ഗുജറാത്തിന്റെ വിജയം ആഘോഷമാക്കിയത്.

38 പന്തിൽ അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 68 റൺസെടുത്ത് പുറത്താവാതെ നിന്ന മില്ലർ ടീമിന് വിജയം സമ്മാനിച്ചപ്പോൾ 27 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 40 റൺസെടുത്ത് നായകൻ ഹാർദിക് പാണ്ഡ്യ മികച്ച പിന്തുണ നൽകി. അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്തിനെ ഫൈനലിലെത്തിക്കാൻ നായകൻ ഹാർദിക്കിന് സാധിച്ചു.

ഒരു സമയത്ത് കളി കൈവിട്ട് പോകുകയാണെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിൽ മില്ലർ ആളിക്കത്തി. അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത് 16 റൺസായിരുന്നു. പ്രസിദ്ധ് കൃഷ്ണ ചെയ്ത ആദ്യ മൂന്ന് പന്തും സിക്സിന് പായിച്ച് മില്ലർ രാജസ്ഥാന്റെ കില്ലറായി മാറി. തോറ്റെങ്കിലും രാജസ്ഥാന്റെ ഫൈനൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറിൽ എലിമിനേറ്ററിൽ നിന്ന് വിജയിച്ചുവരുന്ന ടീമിനെ കീഴടക്കിയാൽ രാജസ്ഥാന് ഫൈനലിൽ ഇടം നേടാം.

189 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് പേസർ ട്രെന്റ് ബോൾട്ട് ആദ്യ ഓവറിൽ തന്നെ പ്രഹരമേൽപ്പിച്ചു. മികച്ച ഫോമിലായിരുന്ന ഓപ്പണർ വൃദ്ധിമാൻ സാഹ (0) രണ്ടാം പന്തിൽ പുറത്ത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു വെയ്ഡും ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്ത് സ്‌കോർ ഉയർത്തി. വെറും 5.1 ഓവറിൽ ടീം സ്‌കോർ 50 കടന്നു. എന്നാൽ അപ്രതീക്ഷിതമായ റണ്ണൗട്ടിലൂടെ ഗിൽ (35) പുറത്തായി.

അനാവശ്യറണ്ണിന് ശ്രമിച്ച ഗില്ലിനെ റൺഔട്ടാക്കി ദേവ്ദത്ത് ഗുജറാത്തിന് തിരിച്ചടി സമ്മാനിച്ചു. 21 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 35 റൺസെടുത്താണ് ഗിൽ പുറത്തായത്. വെയ്ഡിനൊപ്പം 71 റൺസിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തി.

ഗില്ലിന് പിന്നാലെ വെയ്ഡും പുറത്തായി. ഒബെഡ് മക്കോയുടെ പന്തിൽ സിക്സ് നേടാനുള്ള വെയ്ഡിന്റെ ശ്രമം ജോസ് ബട്ലറുടെ കൈയിലൊതുങ്ങി. മികച്ച ക്യാച്ചിലൂടെയാണ് ബട്ലർ വെയ്ഡിനെ പുറത്താക്കിയത്. 30 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 35 റൺസെടുത്ത് വെയ്ഡ് കളം വിട്ടു. എന്നാൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ഒരറ്റത്ത് പൊരുതിനിന്നു. ഇതോടെ റൺനിരക്ക് കൂടാതെ സൂക്ഷിക്കാൻ ഗുജറാത്ത് ടീമിന് സാധിച്ചു.

ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് നായകൻ ഹാർദിക് പാണ്ഡ്യ 10.4 ഓവറിൽ ടീം സ്‌കോർ 100 കടത്തി. രാജസ്ഥാൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് തകർക്കാൻ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് സാധിച്ചില്ല. ഹാർദിക്കും മില്ലറും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. രാജസ്ഥാൻ ഫീൽഡർമാരുടെ ചോരുന്ന കൈയും ഗുജറാത്തിന് തുണയായി.

അവസാന ഓവറുകളിൽ രാജസ്ഥാൻ ബൗളർമാർ പിടിമുറുക്കിയതോടെ മത്സരം എവിടേക്കും തിരിയാമെന്ന അവസ്ഥയിലെത്തി. 19-ാം ഓവറിൽ മില്ലർ അർധസെഞ്ചുറി നേടി. 35 ന്തുകളിൽ നിന്നാണ് താരം 50 റൺസെടുത്തത്. 19-ാം ഓവർ ചെയ്ത മക്കോയിയുടെ ബൗളിങ് രാജസ്ഥാന വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ അവസാന ഓവറിൽ ഗുജറാത്തിന്റെ വിജയലക്ഷ്യം 16 റൺസായി മാറി.

പ്രസിദ്ധ് കൃഷ്ണ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ മില്ലർ സിക്സടിച്ചു. ഇതോടെ അഞ്ചുപന്തിൽ 10 റൺസായി വിജയലക്ഷ്യം. രണ്ടാം പന്തിലും സിക്സടിച്ചുകൊണ്ട് മില്ലർ ശരിക്കും കില്ലർ മില്ലറായി. മൂന്നാം പന്തും ബൗണ്ടറിക്ക് മുകളിലൂടെ പായിച്ച് മില്ലർ അവിശ്വസനീയ വിജയം ഗുജറാത്തിന് സമ്മാനിച്ചു. മില്ലർ 38 പന്തുകളിൽ നിന്ന് അഞ്ച് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 68 റൺസെടുത്തും ഹാർദിക് 27 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 40 റൺസ് നേടിയും പുറത്താവാതെ നിന്നു.രാജസ്ഥാന് വേണ്ടി ട്രെന്റ് ബോൾട്ടും മക്കോയിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ആറുവിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു.89 റൺസെടുത്ത ജോസ് ബട്ലറാണ് രാജസ്ഥാന്റെ ഇന്നിങ്സിന് നെടുംതൂണായത്. 47 റൺസെടുത്ത നായകൻ സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി പതിവുപോലെ ജോസ് ബട്ലറും യശസ്വി ജയ്സ്വാളുമാണ് ഓപ്പൺ ചെയ്തത്. ബട്ലർ അനായാസം ബൗണ്ടറികൾ നേടിയപ്പോൾ ജയ്സ്വാൾ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എട്ട് പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസ് മാത്രമെടുത്ത ജയ്സ്വാൾ യാഷ് ദയാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ജയ്സ്വാളിന് പകരം നായകൻ സഞ്ജു സാംസൺ ക്രീസിലെത്തി.

സഞ്ജു വന്നതോടെ കളിയുടെ ഗതിമാറി. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സഞ്ജുവിന്റെ കരുത്തിൽ രാജസ്ഥാൻ കുതിച്ചു. ബാറ്റിങ് പവർപ്ലേയിൽ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തു.ബട്ലറും സഞ്ജുവും 32 പന്തുകളിൽ നിന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

പക്ഷേ അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിന് അടിതെറ്റി. സായ് കിഷോറിന്റെ പന്തിൽ സിക്സ് നേടാനുള്ള സഞ്ജുവിന്റെ ശ്രമം അൽസാരി ജോസഫിന്റെ കൈയിലൊതുങ്ങി. 26 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 47 റൺസെടുത്ത ശേഷമാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കൽ ക്രീസിലെത്തി.

സഞ്ജു പുറത്തായതോടെ രാജസ്ഥാൻ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പക്ഷേ ദേവ്ദത്ത് അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ടീം സ്‌കോറിന് വീണ്ടും ജീവൻ വെച്ചു. പക്ഷേ ദേവ്ദത്തിനെ മടക്കി ഹാർദിക് പാണ്ഡ്യ വീണ്ടും രാജസ്ഥാനെ തകർച്ചയിലേക്ക് തള്ളിയിട്ടു. 20 പന്തുകളിൽ നിന്ന് രണ്ട് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 28 റൺസെടുത്ത ദേവ്ദത്തിന്റെ ബാറ്റിൽകൊണ്ട പന്ത് ദിശമാറി വിക്കറ്റിലിടിച്ചു. ഇതോടെ രാജസ്ഥാൻ 116 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു.

ദേവ്ദത്തിന് പകരം ഷിംറോൺ ഹെറ്റ്മെയർ ക്രീസിലെത്തി. ഹെറ്റ്മെയറിനെ കൂട്ടുപിടിച്ച് ജോസ് ബട്ലർ ടീമിനെ മുന്നോട്ടുനയിച്ചു. ഒപ്പം 42 പന്തുകളിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. തുടർച്ചയായി ബൗണ്ടറികൾ നേടിക്കൊണ്ട് ബട്ലർ അവസാന ഓവറിൽ മികച്ച പ്രകടനം പുറത്തെടുത്തു. 17.3 ഓവറിൽ ടീം സ്‌കോർ 150 കടന്നു. പക്ഷേ ഹെറ്റ്മെയറിന് താളം കണ്ടെത്താനായില്ല. ഏഴുപന്തിൽ നിന്ന് നാല് റൺസെടുത്ത താരത്തെ മുഹമ്മദ് ഷമി രാഹുൽ തെവാട്ടിയയുടെ കൈയിലെത്തിച്ചു. പക്ഷേ മറുവശത്ത് ബട്ലർ സ്‌കോർ ഉയർത്തിക്കൊണ്ടേയിരുന്നു.

ബട്ലറെ പുറത്താക്കാനുള്ള നാലോളം അവസരങ്ങളാണ് ഗുജറാത്ത് പാഴാക്കിയത്. അതിന് വലിയ വില തന്നെ കൊടുക്കേണ്ടിവന്നു. 56 പന്തുകളിൽ നിന്ന് 12 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 89 റൺസെടുത്ത ബട്ലർ ഇന്നിങ്സിലെ അവസാന പന്തിൽ റൺഔട്ടായി. ഈ പന്ത് നോബോൾ ആയതോടെ ഒരു പന്ത് കൂടി രാജസ്ഥാന് ലഭിച്ചു. അടുത്ത പന്ത് വൈഡായി. ഈ പന്തിൽ അനാവശ്യ റൺസിന് ശ്രമിച്ച നാലുറൺസെടുത്ത റിയാൻ പരാഗ് റൺ ഔട്ടായി. അവസാന പന്തിൽ അശ്വിൻ ഡബിളെടുത്തു. ഇതോടെ രാജസ്ഥാൻ ആറുവിക്കറ്റിന് 188 റൺസ് എന്ന സ്‌കോറിൽ ഇന്നിങ്സ് അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP