Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; ക്രിമിനലുകളുടെ പേടിസ്വപ്‌നവും നാട്ടുകാരുടെ പ്രിയങ്കരനും; ജനമൈത്രി പൊലീസിലെ ജനകീയ പദ്ധതികളുടെ വക്താവ്; ധർമ്മരാജനെ തമിഴ്‌നാട്ടിലെത്തി പൊക്കിയ അന്വേഷണ മികവ്; പൊലീസ് തൊപ്പിയിലെ പൊൻതൂവലായി വിസ്മയ കേസ് അന്വേഷണവും; 'സൂപ്പർ കോപ്' ഡിവൈഎസ്‌പി പി രാജ്കുമാറിന്റെ കഥ

മമ്മൂട്ടിയുടെ നാട്ടുകാരൻ കാക്കിയണിഞ്ഞപ്പോൾ സേതുരാമയ്യരെ വെല്ലുന്ന അന്വേഷണ മികവുകാരനായി; ക്രിമിനലുകളുടെ പേടിസ്വപ്‌നവും നാട്ടുകാരുടെ പ്രിയങ്കരനും; ജനമൈത്രി പൊലീസിലെ ജനകീയ പദ്ധതികളുടെ വക്താവ്; ധർമ്മരാജനെ തമിഴ്‌നാട്ടിലെത്തി പൊക്കിയ അന്വേഷണ മികവ്; പൊലീസ് തൊപ്പിയിലെ പൊൻതൂവലായി വിസ്മയ കേസ് അന്വേഷണവും; 'സൂപ്പർ കോപ്' ഡിവൈഎസ്‌പി പി രാജ്കുമാറിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളക്കരയിലെ സിബിഐ സിനിമകളുടെ ബ്രാൻഡ് അംബാസിഡറാണ് മെഗാ സ്റ്റാർ മമ്മൂട്ടി. കോട്ടയം ജില്ലയിലെ ചെമ്പ് സ്വദേശിയായ മമ്മൂട്ടിയുടെ സേതുരാമയ്യർ പതിറ്റാണ്ടുകളായി മലയാളക്കരയിൽ ഹിറ്റായി ഓടുന്നു. ഈ മമ്മൂട്ടിയുടെ നാട്ടുകാരാനാണ് ഈ ദിവസങ്ങളിൽ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ശിക്ഷ വാങ്ങി കൊടുത്ത അന്വേഷണ സംഘത്തെ നയിച്ചത് ശാസ്താംകോട്ട ഡിവൈഎസ്‌പി കൂടിയായ പി രാജുകമാറായിരുന്നു. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തിൽ മികവുപുലർത്തുന്ന ഉദ്യോഗസ്ഥനാണ് പി രാജ് കുമാർ. സൂര്യനെല്ലി കേസ് പ്രതി ധർമ്മരാജനെ തമിഴ്‌നാട്ടിൽ പോയി പൊക്കിയത് അടക്കം നിരവധി പ്രമാദമായ കേസുകളിലെ അന്വേഷണ മികവു കൊണ്ട് ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.

ക്രിമിനലുകളുടെ പേടിസ്വപ്‌നമാണെങ്കിലും നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് അദ്ദേഹം. ഇതുവരെ ചാർജ്ജ് വഹിച്ച സ്്‌റ്റേഷൻ പരിധികളിലെല്ലാം തന്റേതായ മുദ്രപതിപ്പിച്ച ഉദ്യോഗസ്ഥനാണ് പി രാജ്കുമാർ. വിസ്മയ കേസിൽ പത്ത് വർഷം ശിക്ഷ ലഭിക്കാൻ പാകത്തിന് തെളിവുകൾ ശേഖരിച്ചതിൽ ഡിവൈ.എസ്. പി പി.രാജ്കുമാറിനും നല്ലൊരു പങ്കുണ്ട്. കേസിൽ ഏറ്റവും ശക്തമായ തെളിവായി മാറിയത് ഡിജിറ്റൽ തെളിവുകളായിരുന്നു. ഈ തെളിവുകൾ സാങ്കേതിര പരിശോധനയിലൂടെ വീണ്ടെടുത്തതാണ് കേസിൽ പ്രതിഭാഗം വാദങ്ങളെ പൊളിച്ചത്.

തെളിവുകൾ കൃത്യമായ ശേഖരിച്ചതിനൊപ്പം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു. ഇതിലൂടെ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പൊലീസ് ഉറപ്പാക്കിയിരുന്നു. വിസ്മയയുടെ മാതാപിതാക്കളുടെ കണ്ണീരൊപ്പാൻ സാധിച്ചു എന്നാണ് ഇന്ന് കോടതി വിധി പുറപ്പെടുവിക്കുമ്പോൾ അദ്ദേഹം വിശ്വസിക്കുന്നത്. നിയമപുസ്തകം അനുശാസിക്കുന്ന കടമകൾക്കും ഉത്തരവാദിത്തങ്ങൾക്കുമപ്പുറം ജനനന്മ ലക്ഷ്യമാക്കി കർമമേഖലയെ ജീവസുറ്റതാക്കുന്ന ഒരു നല്ല ഭരണാധികാരിയുടെ തലത്തിലാണ് പി. രാജ്കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ജനപ്രീതി നേടി ശ്രദ്ധേയനാകുന്നത്. അതുകൊണ്ട് തന്നെ കേവലം കേസ് അന്വേഷണത്തിന് അപ്പുറത്തേക്കും ഒരു പ്രദേശത്തെ വികസനത്തിലേക്ക് നയിക്കേണ്ട വിധത്തിലുള്ള ഇടപെടലുകളും പി രാജ്കുമാർ നടത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് കടിഞ്ഞാണിടാൻ കരുതലിന്റെയും ജാഗ്രതയുടെയും വലയമൊരുക്കുകയായിരുന്നു പി. രാജ്കുമാർ.

ജനകീയനായി പൊലീസ ഉദ്യോഗസ്ഥൻ

ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഒന്നുംനടക്കില്ലെന്ന പൊതുബോധത്തിന് മാറ്റം വരുത്തി വിധത്തിലുള്ള ഇടപെടലുകളാണ് ഈ ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായിട്ടുള്ളത്. ക്രമസമാധാന പാലനത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. 2006-2009കാലഘട്ടത്തിൽ വെല്ലൂർ പൊലീസ് സ്റ്റേഷൻ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളുമായി ചേർന്ന് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കിയ നൈറ്റ് പട്രോളിങ് പദ്ധതിയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ പദ്ധതിയിലൂടെ എല്ലാദിവസവും വൈകിട്ട് ഒരു ഓട്ടോറിക്ഷ പൊലീസ് സ്റ്റേഷനിൽ എത്തുകയും അതിൽ പൊലീസ് ഉദ്യോഗസ്ഥനും കൂടി കയറി സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്ന രീതി. സ്റ്റേഷൻ പരിധിയിൽ ജനങ്ങൾ ഭയവിഹ്വലരായി, മോഷണ ശല്യമില്ലാതെ ജീവിക്കാനായി നടപ്പാക്കിയ പദ്ധതി. ഇന്ധനം സ്റ്റേഷൻ പരിധിയിലെ വ്യാപാരികൾ തന്നെ അടിച്ചു കൊടുക്കുന്നു. കാരണം ഇതിന്റെ ഗുണം പ്രധാനമായും ലഭിക്കുന്നതും വ്യാപാരികൾക്ക് തന്നെയാണ്. രാത്രികാലങ്ങളിൽ ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പു വരുത്തുക വഴി സ്റ്റേഷൻ പരിധിയിൽ നടന്നുവരുന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും ഇല്ലാതാക്കുവാനും ഇതിലൂടെ ജനങ്ങൾക്ക് പൊലീസിനോട് ആദരവും സ്‌നേഹവും നേടിയെടുക്കാനും സാധിക്കുന്നു. ഇത്തരത്തിൽ പൊലീസിന്റെയും ഓട്ടോ ഡ്രൈവേഴ്സ്സിന്റെയും വ്യാപാരികളുടെയും സംയുക്തമായ സഹകരണത്തിലൂടെയുള്ള പദ്ധതി അങ്ങേയറ്റം വിജയകരമാക്കി തീർത്തതും രാജ് കുമാറിന്റെസമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധവും , കൃത്യമായ നേതൃത്വപാടവവും തന്നെയായിരുന്നു.

അതുപോലെ തന്നെ ശ്രദ്ധ നേടിയ പദ്ധതിയായിരുന്നു വിദ്യാമൃതം പദ്ധതിയും.സമൂഹത്തിന്റെ പല കോണിലും സാമ്പത്തിക പ്രതിസന്ധി മൂലം തുടർപഠനത്തിന് സാധിക്കാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന സാധാരണക്കാരനു കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് വിദ്യാമൃതം പദ്ധതി. കേരള പൊലീസിന്റെ, പ്രത്യേകിച്ച് രാജ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും സാധുക്കൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായ ഒരു പദ്ധതി. ഇദ്ദേഹം 2009- 2010 കാലയളവിൽ പാലാ സബ് ഇൻസ്പെക്ടർ ആയിരുന്ന കാലയളവിൽ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. 2009 ഓഗസ്റ്റ് 24നു ജനമൈത്രി സംവിധാനം ആരംഭിച്ചപ്പോൾ ഇദ്ദേഹം തന്റെ സഹപ്രവർത്തകർ വഴി ജനങ്ങളുടെ സഹകരണവും അവരുടെ ജീവിത നിലവാരവും എങ്ങനെയെന്നും അറിയാൻ നിർദ്ദേശിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഏറ്റവും നിർധനരായ നൂറുകണക്കിന് കുട്ടികൾ, അവർക്ക് ശരിയായ വിദ്യാഭ്യാസം കിട്ടാത്തതിനാൽ നല്ല രീതിയിൽ എത്തുവാൻ പറ്റുന്നില്ല എന്നത് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിരുന്നു.

രാജ്കുമാർ ഉടൻ തന്നെ ആ വർഷം പ്ലസ് ടു പരീക്ഷ കഴിഞ്ഞവരും എന്നാൽ എസ്എസ്എൽസിക്ക് 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയതുമായ നിർധന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കായി പാലാ ബ്രില്യന്റ്, ടാലെന്റ് തുടങ്ങിയ സ്ഥാപനങ്ങളിൽ എഞ്ചിനീയറിങ് /മെഡിക്കൽ എൻട്രൻസ് പരിശീലനം തരപ്പെടുത്തി കൊടുത്തു. ആ വർഷം 35പേർ പരീക്ഷ എഴുതിയപ്പോൾ അതിൽ പത്തിലേറേപ്പേർ എഞ്ചിനീയറിങ്ങിനു ചേർന്ന് പഠിക്കുവാൻ സാധിച്ചു. ഒരു പക്ഷെ അവർക്ക് ഈ വിധത്തിൽ കോച്ചിങ് ലഭിച്ചില്ലായിരുന്നുവെങ്കിൽ അവർ ഇടക്ക് വച്ച് പഠനം നിറുത്തിയേനെ. ഇന്ന് അവർ എഞ്ചിനീയർമാരായി ജീവിക്കുന്നു. മാത്രവുമല്ല 2010മുതൽ ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ തീർത്തും വരുമാനമില്ലാത്ത മിടുക്കരായ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിച്ച് 100കണക്കിന് കുട്ടികളെ ഡോക്ടർമാരും എഞ്ചിനീയർമാരും ആക്കി തീർത്തു. ഇന്നും ഈ പദ്ധതി തുടർന്നുകൊണ്ടിരിക്കുന്നു. ജനനന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എന്നും കരിപുരണ്ട ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ സാധിച്ചിരുന്നു.

ഇത് കൂടതെ വേനൽ കാലത്ത് കുടിവള്ള ക്ഷാമം രൂക്ഷമാകുന്ന മേഖലകളിൽ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ടാങ്കർ സംഘടിപ്പിച്ചു കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ വെള്ളം എത്തിക്കുകയാണ് ചെയ്തത്. പൊതുജനങ്ങളുടെ കൈയടി നേടാനും ഈ പദ്ധതിയിലൂടജെ സാധിച്ചു. കുട്ടി സൗഹൃദ പൊലീസ് സ്‌റ്റേഷനായിരുന്നു രാജ്കുമാർ എന്ന നിയമപാലകൻ നടപ്പിലാക്കിയ മറ്റൊരു പദ്ധതി. 2016 ൽ കേരള പൊലീസ് ആവിഷ്‌കരിച്ചപ്പോൾ 2009-2010 ൽ തന്നെ രാജ്കുമാർ ഇത് നടപ്പിൽ വരുത്തിയിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതികളും, മറിച്ചു മോശമായൊരു സാഹചര്യമുണ്ടായാൽ അതിനെ മറികടക്കാൻ കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനും നീന്തൽ പോലുള്ള പരിശീലനം വരെ സംഘടിപ്പിച്ചു ഈ ഓഫീസർ.

ഇതിലൂടെ സ്വയം രക്ഷാമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുകയും സ്വന്തം ജീവൻ പോലെ തന്നെ അപകട സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ഉപാധിയായി മാറ്റാൻ ഉതകുന്ന തരത്തിലാണ് 2010ൽ പാലായിൽ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയത്. മീനച്ചിലാറിൽ നിരവധി ജീവനുകളാണ് വർഷംതോറും പൊലിയുന്നത്. അതിനാൽ തന്നെ സ്റ്റേഷൻ പരിധിയിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന സ്ഥാപനങ്ങളുമായി കൈകോർത്ത് ഏതാണ്ട് 75ൽ അധികം കുട്ടികളെയാണ് ജീവൻ രക്ഷാ മാർഗങ്ങളിൽ ഒന്നായ നീന്തൽ പരിശീലിപ്പിച്ചത്.പൊലീസ് വാഹനങ്ങളിൽ തന്നെ കുട്ടികളെ കൊണ്ടു വരികയും പോകുകയും ചെയ്യുന്നതുകൊണ്ട് കുട്ടികളിൽ പൊലീസിനോട് ഉള്ള ഭയം ഇല്ലാതാക്കാനും അതിലുപരി സ്‌നേഹം വളർത്താനും സാധിച്ചിട്ടുണ്ട്.

പാലായിലെ മരിയഭവനവും പെരുമ്പാവൂരിലെ അഭയ സദനവും ഫോർട്ടുകൊച്ചിയിലെ ഗുഡ് ഹോപ്പും ആശ്വാസ ഭവനവുമൊക്കെ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം അനുഭവിച്ചറിഞ്ഞവരാണ്. മാനസികമായി വെല്ലുവിളി നേരിടുന്നവരെ സഹായിക്കാനും മുൻകൈയെടുത്ത് അദ്ദേഹം രംഗത്തുവരികയായിരുന്നു. അവഗണനകൾ നിറഞ്ഞ വാർദ്ധക്യം മുന്നിൽ കണ്ടു തന്നെയാണ് മുതിർന്ന പൗരന്മാരെ ആദരിക്കുന്ന പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും പി രാജ്കുമാറിയിരുന്നു. നാട്ടിലെ പ്രായംചെന്ന പൗരന്മാരെ ക്ഷണിച്ച് ടെക്‌സ്‌റ്റൈൽസുകളുമായി ചേർന്ന് പൊന്നാടകൾ വാങ്ങുകയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ വെച്ച് ഇവരെ ആദരിക്കുകയും ചെയ്യുന്നതിലൂടെ വയോജനങ്ങളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിച്ചു എന്ന് മാത്രമല്ല മക്കളുടെയും ചെറുമക്കളുടെയും കണ്ണ് തുറപ്പിക്കാനും സാധിച്ചു.

സൈബർ കെണിയിൽ കുട്ടികൾ വീഴുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകൈ എടുക്കാനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ഇതിനായി രൂപീകരിച്ച ഒന്നാണ് വനിതാ ജാഗ്രത സമിതി. ഒരു ഏരിയയിലെ മുഴുവൻ സ്‌കൂളുകളിലേക്കും ആയി അതാത് പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ,പിടിഎ, ഡോക്ടർ,വക്കീൽ,കൗൺസിലർമാർ, സ്‌കൂൾ വാഹന ഡ്രൈവർമാർ എന്നിവരാണ് സമിതി അംഗങ്ങൾ. കുട്ടികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കപ്പെടാൻ ഉള്ള ഒരു വേദിയൊരുക്കുകയാണ് ഇതിലൂടെ കേരള പൊലീസ് ഉദ്ദേശിച്ചത്. ഇതും നടപ്പിലാക്കുന്നതിൽ പി രാജ്കുമാറിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.

സ്‌കൂൾ കുട്ടികൾ ക്ലാസിൽ പോകാതെ കറങ്ങി നടക്കുന്നത് ഒഴിവാക്കാനും നടപടി സ്വീകരിച്ചിരുന്നു പി രാജ്കുമാർ. നെടുമ്പാശ്ശേരിയിൽ ഇൻസ്‌പെക്ടർ ആയിരുന്ന രാജ്കുമാർ കുട്ടികളുടെ ഈ പ്രവൃത്തി ഇല്ലാതാക്കാൻ ഒരു പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിൽ കയറാതെ നടക്കുന്ന കുട്ടികൾ സാധാരണ തങ്ങാറുള്ള സ്ഥലങ്ങളാണ് തീയേറ്ററും ബീച്ചും. ഇവിടങ്ങളിൽ എത്തി കുട്ടികളെ പൊക്കി സ്‌കൂളിൽ എത്തിച്ച സംഭവങ്ങൾ വരെയുണ്ടായി. ക്ലാസ് മുറികളിൽ ഹാജർ ഉറപ്പാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ജോലി ചെയ്തിരുന്ന എല്ലായിടത്തും രക്തദാനക്യാമ്പ് സംഘടിപ്പിക്കാൻ അടക്ക അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഓട്ടോ ഡ്രൈവർമാർക്കും നാട്ടുകാർക്കും ഫസ്റ്റ് എയ്ഡ് ട്രെയിനിങ് പരിശീലനം നൽകി സുരക്ഷ ഉറപ്പ് വരുത്തി. യാത്രാമധ്യേ ഒരു അപകടമുണ്ടായാൽ സ്വയരക്ഷയ്‌ക്കോ, അഥവാ യാത്രക്കാരന്റെ രക്ഷയ്ക്കു വേണ്ടിയോ ഉപകാരപ്രദമാകും വിധം ജനസേവനം നിർവഹിക്കുന്ന പൊലീസുകാരന്റെ ദീർഘവീക്ഷണവും ഇതിലൂടെ വ്യക്തമാണ്. എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടോ അവിടെയൊക്കെ ഈ പദ്ധതി അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ,പാലാ,പൊൻകുന്നം, നെടുമ്പാശ്ശേരി,ഫോർട്ട് കൊച്ചി എന്നീ സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്യപ്പോൾ മദ്യാസക്തി കുറയ്ക്കാനുള്ള ഇടപെടലുകളുമായും ഈ ഉദ്യോഗസ്ഥൻ രംഗത്തുണ്ടായിരുന്നു. 10,000 രൂപ മുടക്കി 20,000 പോസ്റ്റ് കാർഡുകൾ വാങ്ങുകയും അതിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതി എല്ലാ കുടുംബശ്രീ യൂണിറ്റുകളിലേക്ക് അയച്ചു. ഇത് വലിയൊരു മാറ്റം ഉണ്ടാക്കുന്ന മികവാർന്ന ബോധവൽക്കരണം കൂടിയായിരുന്നു. മദ്യവും മയക്കുമരുന്നും കാർന്നുതിന്നുന്ന ജീവിതങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും മോചനം നേടി കൊടുക്കാൻ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

യുവജന സഹകരണവും പൊതുജനങ്ങളുമായി ഒരുമിച്ചു പോകാൻ വേണ്ടിയും മികച്ച പദ്ധതികളും അദ്ദേഹം ആവിഷ്‌ക്കരിച്ചിരുന്നു. ചുക്കുകാപ്പിയിലൂടെ അപകടങ്ങൾക്കൊരു ഫുൾസ്റ്റോപ്പ് എന്ന പേരിലും പദ്ധതി അദ്ദേഹം നടപ്പിലാക്കിയിരുന്നു. കണമല ദുരന്തം പോലുള്ള അപകടങ്ങൾ തുടർക്കഥയാവുന്ന ശബരിമല സീസൺ. ഓരോ സീസൺ കഴിയുമ്പോഴും 10 കണക്കിന് അയ്യപ്പന്മാർ മരണപ്പെടുകയോ 100 കണക്കിന് അയ്യപ്പന്മാർ പരിക്കേൽക്കുകയോ ചെയ്യുന്നു. പൊലീസ്, മോട്ടോർ വാഹന ഡിപ്പാർട്‌മെന്റ് ഒത്തുചേർന്ന് ഈ ആഘാതം കുറയ്ക്കാനായി പട്രോളിങ് ശക്തമാക്കുകയും കൂടുതൽ പേരെ നിയോഗിക്കുകയും ചെയ്‌തെങ്കിലും ഡ്രൈവർമാർ ഉറക്കം തൂങ്ങുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനോ യഥാർത്ഥത്തിൽ ഫലമുണ്ടാകുന്നില്ല.

ആ സാഹചര്യത്തിലാണ് പൊൻകുന്നത്ത് 2012 മുതൽ നടപ്പാക്കിയ ചുക്കുകാപ്പി വിതരണം വ്യത്യസ്തമാകുന്നതും ഫലപ്രദമാകുന്നതും.2012 ൽ പൊൻകുന്നം ഏരിയയിലെ വിവിധ സംഘടനകളെ വിളിച്ചു ചേർത്ത് അപകടത്തിന്റെ കാര്യഗൗരവങ്ങൾ ചർച്ച ചെയ്ത് ചുക്കുകാപ്പി വിതരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ സമിതി രൂപീകരിച്ചു.ചുക്കുകാപ്പി വിതരണ ചുമതല ജാതിമതഭേദമന്യേ വിവിധ സംഘടനാ പ്രവർത്തകരെ ചുമതലപ്പെടുത്തുകയും ഇതിലൂടെ മതസൗഹാർദം ശക്തിപ്പെടുത്താനുള്ള ഫലവത്തായ ഒരു മരുന്നായി മാറുകയും ചെയ്തിട്ടുണ്ട്.

അപകടമരണങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് രാത്രി ഉറക്കമൊഴിച്ച് വണ്ടി ഓടിക്കുന്നത്.ഇത് എങ്ങനെ പരിഹരിക്കാം എന്ന ചോദ്യത്തിന് ഉത്തരവുമായാണ് പൊൻകുന്നം സിഐ രാജ്കുമാറിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം പദ്ധതി നടപ്പിലാക്കിയത്. ഇങ്ങനെ ഉറക്കം കളയാൻ ചുക്കുകാപ്പി കൊടുത്തു വിടുന്നതുകൊണ്ട് തന്നെ പൊൻകുന്നം മുതൽ എരുമേലി വരെ പോകുന്ന 26 കിലോമീറ്റർ ദൂരം ഒത്തിരി വളവുകൾ ഉണ്ടായിട്ടും ആ സ്ഥലത്ത് പിന്നീട് അപകടങ്ങൾ ഉണ്ടായിട്ടില്ല എന്നതും ഈ പദ്ധതിയുടെ വലിയ വിജയം തന്നെയാണ്. കാലമേറെ കഴിഞ്ഞിട്ടും ഈ പദ്ധതി ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്നു എന്നത് ഏറെ സന്തോഷപ്രദമാണ്.

ശബരിമലയുടെ അവസാന സീസൺ എന്ന് പറയുന്നത് മണ്ഡലകാലം കഴിഞ്ഞിട്ടുള്ള മകരവിളക്കിന്റെ സമയത്താണ്. കൂടുതൽ ആൾക്കാരും നടന്നു പോകുന്ന സമയത്ത് അവർക്ക് വിശ്രമം കണ്ടെത്തേണ്ടതുണ്ട്. അതിനായി ആശ്രയിക്കുന്നത് റോഡിന്റെ ഇരുവശങ്ങളും ആണ്. വഴിയരികിൽ വിശ്രമിക്കുമ്പോൾ വണ്ടിയോടിച്ചു വരുന്നവരുടെ ശ്രദ്ധയിൽപെടാതെ ഭക്തരുടെ ദേഹത്ത് വണ്ടി ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഏറെയാണ്. ഇത് തടയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുവെട്ടി തെളിക്കുകയും വിശ്രമത്തിന് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും ചെയ്തു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം പ്രാപ്തമാക്കാൻ കണ്ടെത്തിയ ഒരു മാർഗമാണ് ഇവിടെ ഭംഗിയായി നടപ്പിലാക്കി ഫലം കണ്ടത്.

ഏത് അപകടം നടന്നാലും ജനങ്ങൾ ആദ്യം വിവരം അറിയിക്കുന്നത് പൊലീസിനെയാണ്. വാഹനാപകടം ഉണ്ടായാലും,വെള്ളത്തിൽ വീണ് അപകടം പറ്റിയാലും,വെടിക്കെട്ട് അപകടം ഉണ്ടായാലും,ജനങ്ങൾ ആദ്യം ഓടിയെത്തുന്നത് പൊലീസിന്റെ അടുത്താണ്. പൊലീസ് എത്തുമ്പോഴേക്കും ദുരന്തത്തിന് വ്യാപ്തി കൂടിയിട്ടുണ്ടാകും. ഇത്തരത്തിൽ സംഭവിക്കുന്ന ദുരന്തത്തിന് വ്യാപ്തി കുറയ്ക്കാൻ എന്ത് ചെയ്യാം എന്ന് ആലോചനയാണ് അദ്ദേഹത്തെ 'ദുരന്ത നിവാരണ സേന' എന്ന ആശയത്തിലേക്ക് എത്തിക്കുന്നത്.ജെസിബി ഓപ്പറേറ്റേഴ്‌സ്, ഡോക്ടേഴ്‌സ്, നഴ്‌സസ്, നീന്തൽ വിദഗ്ദ്ധർ, ആംബുലൻസ്, ഇലക്ട്രീഷ്യൻ, പ്ലംബർ, മരം വെട്ടുകാർ, ക്രെയിൻ ഓപ്പറേറ്റർ തുടങ്ങിയ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അവർക്ക് പരിശീലനം കൊടുക്കുക വഴി അപകടങ്ങൾ നടക്കുന്ന സമയത്ത് കൃത്യമായ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കാൻ ജനങ്ങൾക്ക് തന്നെ സാധിക്കും.ഇത്തരത്തിൽ ദീർഘവീക്ഷണത്തോടെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നത്തോടൊപ്പം തന്നെ ജനനന്മ ലക്ഷ്യമിട്ടുകൊണ്ട് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയാണ് ഈ ശക്തനായ നിയമപാലകൻ. പൊൻകുന്നം, പാലാ, ഫോർട്ട്‌കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഈ സേന പ്രവർത്തിച്ചിരുന്നു.

ലോകമാകെ ഭയന്നു വിറയ്ക്കുന്ന കോവിഡ് മഹാമാരി നമ്മുടെ ജീവിത മേഖലകളെ എത്രയേറെ ബാധിച്ചു കാലത്തും ഒരു സാമൂഹ്യ ബോധമുള്ള പൊലീസികാരൻ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. രാജ്കുമാർ എന്ന ശക്തനായ പൊലീസ് ഉദ്യോഗസ്ഥൻ നാളിതുവരെ നടത്തിയ പരിശ്രമങ്ങൾ എല്ലാം തന്നെ വിജയകരമായിരുന്നു. ഇന്നത്തെ നിയമപാലകർക്ക് ഏറ്റെടുക്കുന്ന കേസുകൾ തന്നെ അന്വേഷിക്കാൻ സമയം തികയുന്നില്ല. എന്നാൽ അതിനിടയ്ക്ക് പോലും സ്വയം സമയം കണ്ടെത്തി സാമൂഹിക നന്മ ലക്ഷ്യമാക്കി പല പദ്ധതികളും അദ്ദഹം നടപ്പിലാക്കിയ. ഡിവൈഎസ്‌പിയായി പ്രമേഷൻ ലഭിച്ച ശേഷം പി രാജ്കുമാർ അന്വേഷിച്ച സുപ്രധാന കേസുകളിൽ ഒന്നായിരുന്നു വിസ്മയ കേസും. കുറ്റാന്വേഷണ മികവുകൊണ്ടും, അന്വേഷണത്തിലെ കൃത്യത കൊണ്ടും മികച്ച അന്വേഷണമികവിനുള്ള മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് പി രാജകുമാർ. വിസ്മയ കേസിലെ അന്വേഷണ മികവിലൂടെ അദ്ദേഹം വീണ്ടും മാധ്യമങ്ങളുടെയും താരമാകുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP