Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിസ്മയ കേസിൽ കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി; 12.50 ലക്ഷം രൂപ പിഴയും വിധിച്ചു; രണ്ട് ലക്ഷം രൂപ മാതാപിതാക്കൾക്ക് നൽകണം; ശിക്ഷ ഒറ്റത്തവണയായി അനുഭവിച്ചാൽ മതി; ജീവപര്യന്തം ശിക്ഷ നല്കണമെന്ന ആവശ്യത്തിൽ ഇളവു നൽകിയത് പ്രതിയുടെ പ്രായം പരിഗണിച്ച്; ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ മാതാവ്

വിസ്മയ കേസിൽ കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി; 12.50 ലക്ഷം രൂപ പിഴയും വിധിച്ചു; രണ്ട് ലക്ഷം രൂപ മാതാപിതാക്കൾക്ക് നൽകണം; ശിക്ഷ ഒറ്റത്തവണയായി അനുഭവിച്ചാൽ മതി; ജീവപര്യന്തം ശിക്ഷ നല്കണമെന്ന ആവശ്യത്തിൽ ഇളവു നൽകിയത് പ്രതിയുടെ പ്രായം പരിഗണിച്ച്; ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ മാതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി. കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് കിരൺ കുമാറിന് ശിക്ഷ വിധിച്ചത്. 12.50 ലക്ഷം രൂപ പിഴയും വിധിച്ചു. കിരൺ രണ്ടു ലക്ഷം രൂപ പിഴ വിസ്മയയുടെ മാതാപിതാക്കൾക്ക് ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. സ്ത്രീധനമരണത്തിൽ ഐപിസി 304 പ്രകാരം പത്ത് വർഷം തടവും, ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐപിസി 498 എ പ്രകാരം രണ്ടുവർഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്.

ജീവപര്യന്തം ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അനുവദിച്ചില്ല. അതേസമയം പ്രതിക്ക് ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ മാതാവ് പ്രതികരിച്ചു, ജീവപര്യന്തം ശിക്ഷ വേണമെന്നായിരുന്നു ആവശ്യം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മാതാവ് പ്രതികരിച്ചു. ഇന്ന് കേസ് പരിഗണിക്കവേ താൻ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരൺ കുമാർ കോടതിയിൽ ആവർത്തിച്ചിരുന്നു. വിസ്മയയുടേത് ആത്മഹത്യയാണ്. താൻ നിരപരാധിയാണെന്നും കിരൺ കോടതിയിൽ പറഞ്ഞു. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മർദവും പ്രമേഹവും ഉണ്ട്. ഓർമക്കുറവുണ്ട്. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ശിക്ഷയിൽ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരൺ കോടതിയിൽ പറഞ്ഞു.

അതേസമയം കിരൺ കുമാറിന്റെ വാദങ്ങളോ പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നൽകണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടർ വാദിച്ചു.സർക്കാർ ഉദ്യോഗസ്ഥനാണ് പ്രതിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കിരൺ സ്ത്രീധനത്തിനായി വിസ്മയയെ നിലത്തിട്ടു മുഖത്തു ചവിട്ടി. ഒരുതരത്തിലുള്ള അനകമ്പയും പ്രതി അർഹിക്കുന്നില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു. വിസ്മയ സ്ത്രീധന പീഡന കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. സമൂഹത്തിന് പാഠമാവുന്ന വിധിയാണ് ഉണ്ടാവേണ്ടത്. കൊലപാതകമായി കണക്കാക്കാവുന്ന ആത്മഹത്യാണ് ഈ കേസിൽ നടന്നിട്ടുള്ളത്. പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് പ്രതിയായ കിരൺകുമാറിനെ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നിൽ ശിരസ് കുനിച്ചുനിന്നിരുന്ന കിരൺ, ഇതോടെ മറുപടി നൽകി. അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓർമക്കുറവുണ്ട്, അതിനാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരൺ കോടതിയിൽ പറഞ്ഞു. കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റു കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗവും കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞിരുന്നു. അച്ഛനും അമ്മയും പ്രായമേറിയവരാണെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതേകാര്യങ്ങൾ തന്നെയാണ് കിരണും ചൊവ്വാഴ്ച കോടതിയിൽ ആവർത്തിച്ചത്.

2019 മെയ്‌ 31നായിരുന്നു ബി.എ.എം.എസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം വിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാൽ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. കേസ് അന്വേഷണത്തിനും വിചാരണക്കും ശേഷം ഭർതൃ ഗ്യഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ഭർത്താവ് കിരൺകുമാർ മാത്രമാണെ ന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണമായും അംഗീകരിച്ചു കൊണ്ടാണ് ഇന്നലെ കോടതി കിറ്റക്കാരനാണെന്ന് കണ്ടെത്തിയതും.

വിസ്മയുടേത് സ്ത്രീധന പീഡനമരണ മാണെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ചു കൊണ്ട് കോടതി വിധിച്ചു.. 102 സാക്ഷി മൊഴി കളും ഡിജിറ്റൽ തെളിവുകളും ആത്മഹത്യ പ്രേരണയായ 306 അം വകുപ്പ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണെത്താൻ കാരണമായി. വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി കോടതിയിൽ ഉൾപ്പെടെ മുഴങ്ങിക്കേട്ട ശബ്ദരേഖ കോടതിയിൽ വിധിക്ക് നിർണായകമായി. വിധി കേൾക്കാൻ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. അമ്മ ഉൾപ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്. സ്ത്രീധനവും സമ്മാനമായി നൽകിയ കാറും തന്റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.

ജൂൺ 21ന് പുലർച്ചെയാണ് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനത്തനെ തുടർന്നാണ് ആത്മഹത്യ എന്ന് സ്ഥാപിക്കാൻ വിശാലമായ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജാരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ എന്നിവയും പ്രോസിക്യൂഷന്റെ തെളിവുകളായി ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP