Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയ് ബാബു അന്വേഷണത്തിൽനിന്ന് ഒളിച്ചോടിയെന്ന് സർക്കാർ; എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറെന്ന് പ്രതിഭാഗം അഭിഭാഷകൻ; 'ആദ്യം ഇന്ത്യയിലേക്ക് വരുന്നതിനു വിമാന ടിക്കറ്റെടുത്തു ഹാജരാക്കൂ'; എന്നിട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി; കേസിൽ കുരുക്ക് മുറുക്കി അന്വേഷണ സംഘം

വിജയ് ബാബു അന്വേഷണത്തിൽനിന്ന് ഒളിച്ചോടിയെന്ന് സർക്കാർ; എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറെന്ന് പ്രതിഭാഗം അഭിഭാഷകൻ; 'ആദ്യം ഇന്ത്യയിലേക്ക് വരുന്നതിനു വിമാന ടിക്കറ്റെടുത്തു ഹാജരാക്കൂ'; എന്നിട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി; കേസിൽ കുരുക്ക് മുറുക്കി അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിലേക്ക് വരുന്നതിനു ടിക്കറ്റെടുത്തു ഹാജരാക്കിയാൽ മാത്രം മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോടു ഹൈക്കോടതി. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാമേക്ഷ പരിഗണിക്കുമ്പോൾ താൻ അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകാൻ തയാറാണെന്ന് അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.

വിദേശത്തുനിന്ന് മടങ്ങിയെത്തണമെന്നും ഹൈക്കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം, വിജയ്ബാബു അന്വേഷണത്തിൽനിന്ന് ഒളിച്ചോടിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

തിങ്കളാഴ്ച ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്. ഏപ്രിൽ 29-ന് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടർന്ന് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു.

സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും ഇപ്പോൾ ലൈംഗിമായി പീഡിപ്പിച്ചെന്നു പരാതി നൽകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നുമാണ് വിജയ് ബാബു ജാമ്യഹർജിയിൽ പറയുന്നത്. തന്റെ പുതിയ ചിത്രത്തിൽ അവസരമില്ലെന്നറിഞ്ഞാണ് യുവനടി പരാതി നൽകിയതെന്നും ആരോപിക്കുന്നു. പൊലീസ് തന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരിക്കുകന്നതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.

വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോൾ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോടു കോടതി നിലപാടു തേടിയിരുന്നു.

വിജയ് ബാബു നിലവിൽ ജോർജിയയിൽ ഒളിവിൽ കഴിയുകയാണ് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയും ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോർജിയ. വിജയ് ബാബുവിനെ തേടി ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിണ്ടെന്ന് സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

നടിയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസ് എടുത്തതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നിരുന്നു. ഇതോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കി. പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തു. ഇതോടെ വിജയ് ബാബു ജോർജിയയിലേക്ക് കടന്നെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP