Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബരത്തിനും ധൂർത്തിനും ഒരുമറയുമില്ല; ഒരു വസ്തു തന്നെ മൂന്ന് തവണ പണയപ്പെടുത്തി വായ്പ; നിക്ഷേപങ്ങൾ തോന്നുംപടി വകമാറ്റൽ; സ്വന്തക്കാർക്കും റാൻ മൂളികൾക്കും നിയമനം; കരുവന്നൂരിനെ വെല്ലുന്ന 100 കോടിയുടെ തട്ടിപ്പ് തലസ്ഥാനത്തെ കണ്ടല സഹകരണ ബാങ്കിൽ

ആഡംബരത്തിനും ധൂർത്തിനും ഒരുമറയുമില്ല; ഒരു വസ്തു തന്നെ മൂന്ന് തവണ പണയപ്പെടുത്തി വായ്പ; നിക്ഷേപങ്ങൾ തോന്നുംപടി വകമാറ്റൽ; സ്വന്തക്കാർക്കും റാൻ മൂളികൾക്കും നിയമനം; കരുവന്നൂരിനെ വെല്ലുന്ന 100 കോടിയുടെ തട്ടിപ്പ് തലസ്ഥാനത്തെ കണ്ടല സഹകരണ ബാങ്കിൽ

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ വെല്ലുന്ന മറ്റൊരു സഹകരണ തട്ടിപ്പിന്റെ റിപ്പോർട്ട് പുറത്ത്. തിരുവനന്തപുരം ജില്ലയിലെ കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ വകുപ്പിന്റെ രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സിപിഐയാണ് ഈ ബാങ്ക് ഭരിക്കുന്നത്. ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സിപിഐയുടെ ജില്ലാ നേതാവായ എൻ.ഭാസുരാംഗന്റെ നേതൃത്വത്തിലുള്ള ഭരണസമിതി റിപ്പോർട്ടിന്മേൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

ഒരു സഹകരണ ബാങ്കിൽ ഇതിൽകൂടുതൽ അഴിമതി കാണിക്കാനില്ലായെന്നാണ് സഹകരണ വകുപ്പ് നിയമം 65 പ്രകാരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ( ജനറൽ) നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജീവനക്കാരുടെ നിയമനം, നിക്ഷേപതുക വകമാറ്റി ചെലവാക്കൽ, മുൻകൂർ അനുമതിയില്ലാതെ നിർമ്മാണം, വായ്പ അനുവദിക്കുന്നതിന്റെ ക്രമക്കേട് എന്നുവേണ്ട സഹകരണ നിയമങ്ങളുടെ സമ്പൂർണ ലംഘനവും തട്ടിപ്പും അഴിമതിയുമാണ് ബാങ്കിൽ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലെ സാരം. 92 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ട് ആറ് മാസമായിട്ടും അതിന്മേൽ യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.

ബാങ്കിന്റെ ആസ്തിയിൽ ഓരോ വർഷവും ക്രമാനുഗതമായി ചോർച്ച സംഭവിക്കുന്നുണ്ട്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയും, ധൂർത്തും അഴിമതിയും ക്രമക്കേടും മൂലമാണ് ഓരോ വർഷവും ആസ്തിശോഷണം സംഭവിക്കുന്നത്. ഏതാണ്ട് 101 കോടിയിൽപരം രൂപയുടെ ആസ്തിശോഷണം സംഭവിച്ചുവെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.

സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറുകൾ ധിക്കരിച്ച് 22.22 കോടി രൂപ ധൂർത്തടിച്ച് ബാങ്കിന് നഷ്ടമുണ്ടാക്കി. അത് ഭരണസമിതിയുടെ വീഴ്ചയാണെന്നും ബാങ്കിനുണ്ടായ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രമപ്രകാരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ബാങ്കിന് അധിക ചെലവുണ്ടാക്കി. കാലാകാലങ്ങളിൽ കെട്ടിട നിർമ്മാണത്തിന് വൻതുക ചെലവഴിച്ചത് വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെയാണ്. കെട്ടിട നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 2017-18ൽ 8.73 ലക്ഷം, 2019-20ൽ 4.4 ലക്ഷം ചെലവഴിച്ചു. 2020-21ൽ 2.03 ലക്ഷം അറ്റകുറ്റപ്പണിക്കായി ചെലവിട്ടു. ഇതിൽ 1.78 ലക്ഷം 2021 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ചെലവഴിച്ചെന്ന് രേഖയുണ്ടാക്കി.

വായ്പാ സംഘങ്ങളുടെ ക്ലാസ് അഞ്ചിൽ മാത്രം പ്രവർത്തിക്കാൻ യോഗ്യതയുള്ള കണ്ടല സർവീസ് ബാങ്ക് ക്ലാസിഫിക്കേഷൻ ഒന്നിൽ നിലനിർത്തിയത് ഗുരുതരമായ ക്രമക്കേടാണ്. ക്ലാസ് പുനർനിർണയിക്കാതെ സിൽബന്ധി ചെലവ് ഇനത്തിൽ വൻതുക നിക്ഷേപത്തിൽ നിന്നും വകമാറ്റി ചെലവഴിച്ച് ചട്ടവും രജിസ്ട്രാറുടെ സർക്കുലറുകളും ബോധപൂർവം ലംഘിച്ചു. ഇതിലൂടെ ബാങ്കിന് ഭീമമായ നഷ്ടമുണ്ടായി.

മാറനല്ലൂർ ക്ഷീരവ്യവസായ സംഘത്തിന് നിയമാവലിക്കും ചട്ടത്തിനും വിരുദ്ധമായി വൻതുക ക്രമരഹിതമായി വായ്പ നൽകി. ഈ വായ്പ വർഷങ്ങളായി കുടിശികയാക്കി ഭീമമായ നഷ്ടമാണ് വരുത്തിയത്. മാറനല്ലൂർ ക്ഷീര വ്യവസായ സംഘത്തിൽ അനധികൃതമായി ഓഹരി നിക്ഷേപം നടത്തി ചട്ടവിരുദ്ധമായി ബാങ്ക് ഭരണ സമിതി പ്രവർത്തിച്ചു. വൻതുക വായ്പ നൽകിയും മൂന്ന് സെന്റിന് താഴെ വസ്തു ജാമ്യമായി സ്വീകരിച്ചു വായ്പ കൊടുത്തും ചട്ടം ലംഘിച്ചു. ഒരു വസ്തുവിന്റെ ജാമ്യത്തിൽ നിരവധി വായ്പകൾ നൽകി. വായ്പാ കുടിശിക ഈടാക്കാതെ ആർബിട്രേഷൻ എക്സിക്യൂഷൻ കേസുകൾ യഥാസമയം ഫയൽ ചെയ്തില്ല. അംഗങ്ങൾ അറിയാതെ എംഡിഎസ് ബാക്കി നിൽപ്പ് തുക അനധികൃത വായ്പയാക്കി മാറ്റി. ഇതിലൂടെ ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കി.

കരുവന്നൂർ ബാങ്കിൽ നടത്തിയ മോഡൽ വായ്പ തട്ടിപ്പ് കണ്ടല ബാങ്കിലും നടത്തിയിട്ടുണ്ട്. ഒരു വസ്തു തന്നെ മൂന്ന് തവണ പണയപ്പെടുത്തി വായ്പ എടുത്തിരിക്കുകയാണ്. ഒരു സംഘം മറ്റൊരു സംഘത്തിന് വായ്പ കൊടുക്കുമ്പോൾ ഗഹാൻ പതിക്കാൻ നിയമമില്ലാതിരിക്കെയാണ് ഈ ക്രമക്കേട്. ഇത് ചൂണ്ടിക്കാട്ടി മുൻപ് പരാതി നൽകിയെങ്കിലും അത് ഉന്നത സ്വാധീനമുള്ള ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗൻ ഇത്തരം പരാതികൾ അവഗണിക്കുകയായിരുന്നു പതിവ്.

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഡിപ്പാർട്ട്‌മെന്റ് അനുവദിച്ചതിലും കൂടുതൽ പേരെ ജീവനക്കാരായി നിയമിച്ചിട്ടുണ്ട്. അതിലേറെയും സ്വന്തക്കാരും പാർശ്വവർത്തികളുമാണ്. ഇവിടെ ഒരു നിയമനം പോലും സഹകരണ പരീക്ഷാ ബോർഡിൽ അറിയിച്ച് ടെസ്റ്റ് നടത്തിയിട്ടില്ല. ആഡിറ്റിൽ കൃത്രിമം കാട്ടി ബാങ്കിന്റെ യഥാർത്ഥ ധനനസ്ഥിതി മറച്ചുവയ്ക്കുകയാണ്. കണ്ടല സർവ്വീസ് സഹകരണ ബാങ്കിന്റെ തൂങ്ങാംപാറ ഹെഡ് ഓഫീസിലും, ഓഫീസ് ബ്രാഞ്ചും, മാറനല്ലൂർ, പുന്നാവൂർ, പാപ്പാറ ശാഖകളിൽ രണ്ടെണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ അനുമതി നേടാതെ പലപ്രാവശ്യം സ്വന്തക്കാരായ കരാറുകാരെ വച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി കോടികളാണ് തട്ടിയെടുത്തിട്ടുള്ളതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അനുമതിയില്ലാതെ ആറുപേരെ പാർട് ടൈം സ്വീപ്പർ തസ്തികയിൽ നിയമിച്ചു. ഇവരുടെ നിയമനങ്ങൾക്ക് നടപടി ക്രമങ്ങൾ പാലിച്ചില്ല. അനർഹമായ ശമ്പളവും ആനുകൂല്യവും നൽകി. സമാനമായ രീതിയിൽ കളക്ഷൻ ഏജന്റുമാരുടെ നിയമനവും നടത്തിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. മാറന്നല്ലൂർ ക്ഷീര വ്യവസായ സംഘത്തിന് നിയമവിരുദ്ധമായി വൻ തുക ക്രമവിരുദ്ധമായി നൽകി. ഈ തുക വർഷങ്ങളായി കിട്ടാകടമായി കിടക്കുകയാണ്. മാറന്നല്ലൂർ ക്ഷീര വ്യവസായ സംഘത്തിൽ അനധികൃതമായി ഓഹരി നിക്ഷേപം നടത്തി ബാങ്ക് ഭരണസമിതി പ്രവർത്തിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ സ്വാധീനം ഉപയോഗിച്ച് ഈ അന്വേഷണ റിപ്പോർട്ടും അട്ടിമറിക്കാനാണ് സാധ്യത.

സഹകരണ ബാങ്കുകളിൽ തട്ടിപ്പും ക്രമക്കേടും കണ്ടെത്തുന്ന കേസുകളിൽ പ്രതികളുടെയും അടുത്ത ബന്ധുക്കളുടെയും വസ്തു വകകൾ ജപ്തി ചെയ്യാൻ നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ പ്രതികൾ അടുത്ത ബന്ധുക്കളുടെ പേരിൽ വ്യാപകമായി വസ്തുക്കൾ വാങ്ങിയതായി കണ്ടെത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റീസ് സുനിൽ തോമസിന്റെ ഉത്തരവ്. ഈ ഹൈക്കോടതി ഉത്തരവ് പ്രകാരം കണ്ടല സഹകരണ ബാങ്കുൾപ്പെടെ തട്ടിപ്പ് നടന്ന സഹകരണ സ്ഥാപനങ്ങളിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP