Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപിനെ രക്ഷിക്കാൻ 50 ലക്ഷം വാങ്ങി പൊലീസ് ഉന്നതൻ; വിരമിച്ച ഉദ്യോഗസ്ഥന് പണം കൊടുത്തയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങവേ ശ്രീജിത്ത് തെറിച്ചു; അഭിഭാഷകരുടെ മൊഴിയെടുക്കൽ തടഞ്ഞതിലും ഉന്നത ഇടപെടൽ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നത് ഭരണതല ഇടപെടലിൽ; 30-ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കടമ തീർക്കാൻ ക്രൈംബ്രാഞ്ച്

ദിലീപിനെ രക്ഷിക്കാൻ 50 ലക്ഷം വാങ്ങി പൊലീസ് ഉന്നതൻ; വിരമിച്ച ഉദ്യോഗസ്ഥന് പണം കൊടുത്തയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങവേ ശ്രീജിത്ത് തെറിച്ചു;  അഭിഭാഷകരുടെ മൊഴിയെടുക്കൽ തടഞ്ഞതിലും ഉന്നത ഇടപെടൽ; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നത് ഭരണതല ഇടപെടലിൽ; 30-ന് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു കടമ തീർക്കാൻ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടക്കുന്നത് ആസൂത്രിത അട്ടിമറിയെന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ നടക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥാനായിരുന്നു എസ് ശ്രീജിത്തിനെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ നടന്നത് ചില ഉന്നത ഇടപെടലുകളാണെന്ന ആരോപണവും ശക്തമാണ്. അതേസമയം ദിലീപിൽ നിന്നും 50 ലക്ഷം രൂപ വാങ്ങിയ പൊലീസിലെ ഉന്നതനായിരുന്ന വ്യക്തിയാണ് എന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയിൽ ആയതെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.

വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉന്നതൻ സർവീസിൽ നിന്നു വിരമിച്ചിട്ടും അദ്ദേഹം നിയന്ത്രിച്ചിരുന്ന ലോബി പൊലീസിൽ ഇപ്പോഴും ശക്തമാണെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു. ഇവർ നടത്തിയ ചരടുവലിയാണ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് എഡിജിപി: എസ്.ശ്രീജിത്തിനെ മാറ്റാൻ വഴിയൊരുക്കിയതെന്നാണ് വാർത്ത.

കേസിൽ ദിലീപ് അറസ്റ്റിലായതോടെ '50 ലക്ഷം കൊടുത്തതു വെറുതെയായെന്നു' പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. അന്വേഷണം ടേണിങ് പോയിന്റിലേക്ക് എത്തിയ ഘട്ടമായിരുന്നു ഇത്. ഇതോടെയാണ് കേസ് വഴിതെറ്റുന്നതും. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദ്ദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുത് എന്നാണ്.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീജിത്തിനെ സ്ഥലംമാറ്റി.

തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകൾ കൂട്ടിയിണക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം. തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് 30-ന് വിചാരണ കോടതിയിൽ സമർപ്പിക്കാനാണ് നീക്കം നടക്കുന്നത്.

പുനരന്വേഷണത്തെ തുടർന്ന് ദിലീപിന്റെ സുഹൃത്ത്, ബാലചന്ദ്രകുമാർ വി.ഐ.പി. എന്നു വിശേഷിപ്പിച്ച ശരത് കേസിൽ പ്രതിയായേക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ എത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ഫോണിലെ രേഖകൾ മായ്ച്ചതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സൈബർ ഹാക്കർ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചതായാണ് വിവരം. ഗൂഢാലോചനയിൽ നടി കാവ്യ മാധവന് പങ്കുണ്ടോയെന്നറിയുവാൻ ക്രൈംബ്രാഞ്ച് ഇവരുടെ മൊഴിയെടുത്തിരുന്നു. കാവ്യ മാധവനെ പ്രതിയാക്കില്ലന്നാണ് അറിയുന്നത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലുണ്ടായേക്കും. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉൾപ്പെടെ ശേഖരിച്ച അന്വേഷണസംഘം കൂടുതൽ സാക്ഷികളുടെയും ദിലീപ് അടക്കമുള്ള ആരോപണവിധേയരുടെയും മൊഴിയെടുത്തിരുന്നു. എഴുപത്തിയഞ്ചോളം പേരുടെ മൊഴികളാണ് എടുത്തത്. ഇതിൽ ഇരുപതെണ്ണം അതിനിർണായകമാകും. ദിലീപ് അഭിനയിച്ച സിനിമ നിർമ്മിച്ചവരെയടക്കം ചോദ്യം ചെയ്തിട്ടുണ്ട്.

പൾസർ സുനിയെ ജയിലിലെത്തിയും ചോദ്യം ചെയ്തിരുന്നു. ശബ്ദരേഖയുൾപ്പെടെ കൂടുതൽ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഡിയോ ക്ലിപ്പുകളിൽ നിന്ന് നടി മഞ്ജു വാരിയർ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. ശബ്ദം തിരിച്ചറിഞ്ഞതായി മഞ്ജു വാരിയരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ പകുതിയിലധികം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്നുമായിരുന്നു അത്. ഇതിനെ സാധൂകരിക്കുന്ന ചില ഓഡിയോ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. ഇതു തെളിയിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ദിലീപിന്റെ ബന്ധുക്കളുടെയും ഫോണുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പടുകയായിരുന്നു. പുനരന്വേഷണത്തിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകളായിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണിലെ ചില രേഖകൾ നശിപ്പിച്ചത് ഫൊറൻസിക് പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ തെളിവുകൾ നിർണായകമായി. ഇതിലെ ശബ്ദം തിരിച്ചറിയാൻ ദിലീപിന്റെ ബന്ധുക്കളുടെയും ശബ്ദപരിശോധന ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. ദിലീപിന്റെ ബന്ധുക്കളുടെ ഫോൺ പരിശോധിച്ചതിൽ സുപ്രധാനമായ ചില തെളിവുകൾ കിട്ടിയതായാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ ഫോണിലെ ചില ചാറ്റുകൾ, സന്ദേശങ്ങൾ എന്നിവ നശിപ്പിച്ചതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP