Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശമ്പളം മുഴുവൻ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ; പ്രകൃതിസ്‌നേഹവും വേറിട്ട ചിന്തകളുമായി ചെന്നിടം സ്വർഗ്ഗമാക്കി; രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങി

ശമ്പളം മുഴുവൻ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ; പ്രകൃതിസ്‌നേഹവും വേറിട്ട ചിന്തകളുമായി ചെന്നിടം സ്വർഗ്ഗമാക്കി; രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങി

അനീഷ് കുമാർ

പിണറായി: സന്യാസതുല്യമായ ത്യാഗനിർഭരമായ ജീവിതത്തിലൂടെ അദ്ധ്യാപന രംഗത്ത് പുതുമാറ്റങ്ങൾ സൃഷ്ടിച്ച ജനകീയ അദ്ധ്യാപകൻ രഞ്ചിത്ത് മാസ്റ്റർ വിടവാങ്ങി. കുട്ടികളിൽ മാത്രമല്ല പ്രകൃതിസ്നേഹവും വേറിട്ട ചിന്തകളുമായി ജോലി ചെയ്ത നാടുകളിൽപ്പോലും മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞ അദ്ധ്യാപകനെയാണ് നാടിന് നഷ്ടമായത്. സ്വന്തമായി വനമുണ്ടാക്കുകയും കുളങ്ങളെയും ജന്തുജാലങ്ങളെയും അതിനിടെയിൽ വളർത്തുകയും ചെയ്ത രഞ്ചിത്ത്മാസ്റ്റർ തന്റെ ജീവിതത്തിലൂടെ പുതുതലമുറയെ പ്രകൃതി പാഠങ്ങൾ പഠിപ്പിച്ച നിസ്വാർത്ഥനായ അദ്ധ്യാപകനാണ്.

തനിക്ക് കിട്ടുന്ന ശമ്പളം മുഴുവൻ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി ചെലവഴിച്ച അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. പഠനം നിർത്തിപ്പോയ വിദ്യാർത്ഥികളെ അവരുടെ വീടുകളിലും തൊഴിലിടങ്ങളിലും തേടിചെന്നു വീണ്ടും അറിവിന്റെ വെളിച്ചത്തിലേക്ക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം വരുമാനത്തിലെ മുഴുവൻ തുകയും ഇതിനു വേണ്ടി മാത്രമാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്.

കണ്ണൂർ ജില്ലയിൽ പ്രൈമറി അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച മാസ്റ്റർഹയർ സെക്കന്ററി പ്രിൻസിപ്പാളായാണ് വിരമിച്ചത്. പ്രൈമറി അദ്ധ്യാപകനായി എടയാർ, മുരിങ്ങോടി, നരിക്കോട്ടുമല തുടങ്ങിയ സർക്കാർ എൽ .പി.സ്‌കൂളുകളിലാണ് ജോലി ചെയ്തത്. ഡി.പി. ഇ.പിയടക്കമുള്ള പുതിയ പാഠ്യപദ്ധതിയൊക്കെ നടപ്പിലാവുന്നതിന് മുന്നേ തന്നെ ഈ വിദ്യാലയങ്ങളിൽ ശിശു സൗഹൃദമായ ക്ലാസുമുറികൾ സൃഷ്ടിച്ചിരുന്നു. സ്‌കൂൾ ചുമരുകളിലും ക്ലാസ് മുറികളിലും മഹാന്മാരുടെ ചിത്രങ്ങൾ വരച്ചും അവരുടെ മഹദ്വചനങ്ങൾ എഴുതിവെച്ചും അദ്ദേഹം അറിവിന്റെ തീപ്പൊരി കുട്ടികളുടെ മനസിലേക്ക് കടത്തിവിട്ടു.

കുട്ടികൾ ബസ് കാത്തുനിൽക്കുന്ന ബസ് കാത്തിരുപ്പുകേന്ദ്രങ്ങളിൽ പോലും പൂന്തോട്ടങ്ങൾ സൃഷ്ടിക്കുകയും അറിവിന്റെ വാചകങ്ങൾ എഴുതിവെച്ചും പഠനം ജീവിതത്തിന്റെ നൈരന്തര്യമാണെന്നു ഓർമിപ്പിക്കുകയും കൂടി അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നു. നിരക്ഷരയായ രക്ഷിതാക്കളും അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ തന്നെയായിരുന്നു. ഒരുനാടിനെ മുഴുവൻ ജനകീയ വിദ്യാഭ്യാസത്തിലൂടെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പലപ്പോഴും മലയോര മേഖലയിലെ ജീർണാവസ്ഥയിൽ നിലംപൊത്താറായ സ്‌കൂൾ കെട്ടിടങ്ങളിൽ താമസിച്ചാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നത്. പാമ്പുകൾ ഇഴയുന്ന ക്ലാസ്മുറികളിൽ പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളിൽ കറന്റില്ലാതെ മെഴുകുതിരി വെളിച്ചത്തിൽ കിട്ടിയതു കൊണ്ടു വിശപ്പടക്കിയാണ് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം നടത്തിയിരുന്നത്. വളരെ വ്യത്യസ്തമായി ചിന്തിക്കുന്ന അദ്ധ്യാപകന്റെ ജീവിത പ്രഭയിൽ അദ്ദേഹമെത്തി ചേർന്ന നാടുകളിലെ നാട്ടുകാരും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും ഉണരുകയും അവർ കൈക്കോർത്ത് അവിടങ്ങളിൽ കെട്ടിടങ്ങളും മറ്റുസൗകര്യങ്ങളും കാലക്രമേണ ഒരുക്കുകയുമായിരുന്നു.

നിരക്ഷരയായ ഗ്രാമീണ രക്ഷിതാക്കളെ അക്ഷരം പഠിപ്പിക്കാനും അറിവിന്റെ ലോകത്തേക്ക് കുട്ടികളെപ്പോലെ തന്നെ അവരെ കൈപിടിച്ചുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കണ്ണൂർ ജില്ലയിലെ ഏറ്റവും പിന്നോക്കവസ്ഥയിലുള്ള കുട്ടികൾ പഠിക്കുന്ന പാനൂരിലെ
നരിക്കോട്ടുമലയിലേക്ക് അങ്ങോട്ടേക്ക് ആവശ്യപ്പെട്ടാണ് മാഷ് പോകുന്നത്. അക്കാലത്ത് അതു വലിയ സാഹസികതയായിരുന്നു. സ്‌കൂൾ കെട്ടിടമോ, ശൗചാലയമോ സൗകര്യങ്ങളോ ഇല്ലെന്ന് അറിഞ്ഞ് പാനൂരിൽ നിന്ന് ഒരു ജീപ്പിൽ ഇത്തരം സാധനങ്ങളുമായി മല കയറി വന്ന മാഷിനെ അന്നാട്ടുകാർ ഇന്നും ഓർക്കുന്നു.

പഴഞ്ചൻ സ്‌കൂൾകെട്ടിടത്തിൽ താമസിച്ചാണ് സന്യാസി തുല്യനായ രഞ്ചിത്ത് മാസ്റ്റർ അവിടെ പഠിപ്പിച്ചത്. പിന്നീട് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ പിന്നോക്ക വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിന് ഒരു പുത്തൻ കെട്ടിടസമുച്ചയം പണിയാനും വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കാനും രഞ്ചിത്ത് മാസ്റ്ററുടെ ഔദ്യോഗിക ജീവിതത്തിന് കഴിഞ്ഞു. വിദ്യാഭ്യാസ വിചക്ഷണനും നൂതനചിന്തകളുടെ ഉറവിടവുമായിരുന്ന രഞ്ചിത്ത് മാസ്റ്റർ താൻ ജോലി ചെയ്യുന്ന സ്‌കൂളിലെല്ലാം മിയാവാക്കി വനങ്ങൾ സൃഷ്ടിക്കാനും അതിമനോഹരമായ പൂന്തോട്ടങ്ങളുണ്ടാക്കാനും പ്രയത്നിച്ചു.

കുട്ടികൾക്ക് പ്രീയങ്കരമായ ജീവജാലങ്ങളൊക്കെ ഇത്തരം സ്‌കൂളിൽ വളർത്തുകയും അവയോടും പ്രകൃതിയോടും കുട്ടികൾക്ക് സഹജീവി സ്നേഹമുണ്ടാക്കാനും രഞ്ചിത്ത് മാസ്റ്റർക്ക് കഴിഞ്ഞു. നാടിന്റെ മുഴുവൻ അദ്ധ്യാപകനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വേറിട്ട ചിന്തകൾ വഴി വിപ്ളവകരമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് വരുത്തിയ രഞ്ചിത്ത് മാസ്റ്റർക്ക് കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലും ഒടുവിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ കാലക്രമേണെ പലയിടങ്ങളിലും നടപ്പിലാക്കി തുടങ്ങി.

മികച്ച വിദ്യാഭ്യാസ പ്രവർത്തകനായ രഞ്ചിത്ത് മാസ്റ്ററെ തേടി ഒട്ടേറെ പുരസ്‌കാരങ്ങളുമെത്തിയിരുന്നു. സന്യാസ തുല്യമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം യോഗയും ചിത്രകലയും സംഗീതവും പുസ്തകമെഴുത്തും പ്രകൃതിസ്നേഹവും നാടിനെയും കുട്ടികളെയും പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു. അപൂർവ്വമരങ്ങളുടെ സങ്കേതമായ ഒരു ചെറുവനംതന്നെ അദ്ദേഹം തന്റെ പിണറായിയിലെ വീട്ടിലുണ്ടാക്കിയിരുന്നു.

വിരമിച്ച ശേഷം ശാസ്ത്രകൗതുകമുള്ള വിദ്യാർത്ഥികൾക്കും പ്രകൃതിസ്നേഹികൾക്കും അത്താണിയായിരുന്നു അദ്ദേഹം ഏകനായി കഴിഞ്ഞിരുന്ന വീട്. ചിന്തകളുടെ തെളിമയും നവീന ആശയങ്ങളുടെ തീപ്പൊരിയുമായി തനിച്ചു ജീവിച്ച രഞ്ചിത്ത് മാസ്റ്റർ സ്വന്തമായി സംഗീതശിൽപ്പങ്ങൾ ചെയ്യുകയും അതുഅവതരിപ്പിക്കുകയും ചെയ്ത കലാകാരനും അപൂർവ്വ പ്രതിഭയുമായിരുന്നു.സംസ്‌കാരം തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് പിണറായിയിലെ വീട്ടുവളപ്പിൽ നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP