Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൃക്കക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; മനസാക്ഷി വോട്ടെന്ന് ജനക്ഷേമസഖ്യം; ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്ന് വി ഡി സതീശൻ; വോട്ടുകളെല്ലാം സർക്കാരിന് അനുകൂലമെന്ന് ഇ.പി. ജയരാജനും; നിർണായക വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇരുമുന്നണികൾ

തൃക്കക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; മനസാക്ഷി വോട്ടെന്ന് ജനക്ഷേമസഖ്യം; ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്ന് വി ഡി സതീശൻ; വോട്ടുകളെല്ലാം സർക്കാരിന് അനുകൂലമെന്ന് ഇ.പി. ജയരാജനും; നിർണായക വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ഇരുമുന്നണികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ട്വന്റി20-എഎപി സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് ഇടത് വലത് മുന്നണികൾ. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം. അണികൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് വ്യക്തമാക്കിയതിന് പിന്നാലെ നിലപാട് സ്വാഗതം ചെയ്ത് യുഡിഎഫ് - എൽഡിഎഫ് നേതൃത്വം രംഗത്തെത്തി.

ഒരു മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്ന ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുൻപ് ട്വന്റി ട്വന്റിക്കും എഎപിക്കും വോട്ടുചെയ്തവർ ഇത്തവണ തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും സതീശൻ പറഞ്ഞു. എന്നാൽ ജനക്ഷേമസഖ്യത്തിന്റെ നിലപാട് തൃക്കാക്കരയിൽ തിരിച്ചടിയാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ആർക്കും പിന്തുണയില്ലെങ്കിലും അവർക്കൊരു നിലപാടുണ്ടെന്ന് ഇ.പി. ജയരാജൻ പറഞ്ഞു

തൃക്കാക്കരയിൽ മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമസഖ്യത്തിന്റെ ആഹ്വാനം. ആർക്കും പിന്തുണ നൽകില്ലെന്നാണ് ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കില്ല. ഇക്കാരണത്താലാണ് സ്ഥാനാർത്ഥികളെ നിർത്താത്തത്. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി വോട്ട് ചെയ്യണമെന്നും സാബു എം. ജേക്കബ് പറഞ്ഞിരുന്നു.

സർക്കാറിനെതിരായ വികാരം വോട്ടായി മാറുമെന്നും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്നുമാണ് വി ഡി സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. ട്വന്റി ട്വന്റിയുടെ പ്രവർത്തകനെ മാർക്സിസ്റ്റുകാർ തല്ലിക്കൊന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അപ്പോൾ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ട് ചെയ്യാൻ പറയാൻ അവർക്ക് പറ്റുമോ? അവരുടെ സ്ഥാപനത്തെ പൂട്ടിക്കാൻ കുന്നത്തുനാട് എംഎൽഎയെ ഉപകരണമാക്കി മാറ്റി. കേരളത്തിൽ തുടങ്ങാനിരുന്ന വ്യവസായ സ്ഥാപനം തെലങ്കാനയിൽ പോയി തുടങ്ങുന്ന സാഹചര്യമുണ്ടായി. അതിന് ഉത്തരം പറയേണ്ടത് വ്യവസായവകുപ്പും സംസ്ഥാന സർക്കാരുമാണ്.

ഒരു കാരണവശാലും കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും പൂട്ടാൻ പാടില്ലെന്ന നിലപാടാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. അതുകൊണ്ട് ട്വന്റി ട്വന്റി-എഎപി സഖ്യത്തിന്റെ നിലപാട് യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. അത് ഗുണകരമായി മാറും. മുൻപ് അവർക്ക് വോട്ട് ചെയ്ത എല്ലാവരും തങ്ങൾക്ക് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു

അതേ സമയം സർക്കാർ വിരുദ്ധ വോട്ടുകൾ ഉണ്ടാകേണ്ട കാര്യമില്ലെന്നും വോട്ടുകളെല്ലാം സർക്കാരിന് അനുകൂലമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും പറഞ്ഞു. എല്ലാ വോട്ടുകളും ഇടതുപക്ഷത്തിന് ഗുണകരമാകും. എല്ലാ പാർട്ടികൾക്ക് പിന്നിലും അണിനിരന്ന ജനങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. ജനങ്ങൾ ഇടതുപക്ഷ മുന്നണിയെ സ്നേഹിക്കുകയാണ്. ഇടതുപക്ഷ മുന്നണി വിജയിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. 

ആം ആദ്മിയും ട്വന്റി 20-യും തമ്മിലാണ് സഖ്യമുള്ളത്. കോൺഗ്രസിന്റെ അഴിമതിക്ക് എതിരായി, കോൺഗ്രസിന്റെ ദുർഭരണത്തിനെതിരായി, കോൺഗ്രസിന്റെ കുടുംബവാഴ്ചക്കെതിരായി ചിന്തിച്ച് പ്രവർത്തിച്ച് ഉയർന്നുവന്ന പാർട്ടിയാണ് ആം ആദ്മി. കോൺഗ്രസിനെ ദയനീയമായി തോൽപ്പിച്ചാണ് ഡൽഹിയിൽ അവർ അധികാരത്തിൽവന്നത്. പഞ്ചാബിലും കോൺഗ്രസിനെ ദയനീയമായി പരാജയപ്പെടുത്തിയാണ് അവർ അധികാരത്തിൽ വന്നത്.

ഇന്ത്യയിൽ കോൺഗ്രസിന്റെ നയങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ആംആദ്മി പാർട്ടി. ആ പാർട്ടി അഴിമതിക്ക് എതിരാണ്. അവരുടെ നിലപാട് ജനോപകാരപ്രദമായിരിക്കും. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അഴിമതി വിരുദ്ധ ഭരണമാണ് ഇടതുപക്ഷം കാഴ്ചവെയ്ക്കുന്നത്. ജനങ്ങൾക്ക് ആശ്വാസം കൊടുക്കുന്ന സർക്കാരാണ്. ആ നിലയിൽ ജനങ്ങൾ ഈ ഗവൺമെന്റിനേയും മുന്നണിയേയും സഹായിക്കും.

നാടിനെ ഒന്നിച്ചു നിർത്തി ജനങ്ങളുടെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നത് ഇടതുപക്ഷമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വർഗീയ കലാപങ്ങളും സംഘർഷങ്ങളുമാണ്, ബുൾഡോസർ ഭരണമാണ്. പക്ഷേ, കേരളത്തിൽ അത്തരത്തിലുള്ള വർഗീയ ശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് മതസാഹോദര്യവും ജനങ്ങളുടെ ഐക്യവും കാത്തുസൂക്ഷിക്കുന്നത് ഇടത് സർക്കാരാണ്. അതുകൊണ്ടുതന്നെ ജനങ്ങളിലാകെ സർക്കാരിനെക്കുറിച്ചും മുന്നണിയെക്കുറിച്ചും വലിയ മതിപ്പുണ്ടെന്നും ജയരാജൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP