Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാംഗ്ലൂരിന്റെ പ്രാർത്ഥന ഫലിച്ചു; 'കൈവിട്ട' മത്സരം തിരിച്ചുപിടിച്ച് ടിം ഡേവിഡ്; ജീവന്മരണ പോരാട്ടത്തിൽ തോറ്റ് ഡൽഹി പുറത്ത്; മുംബൈയ്ക്ക് ജയത്തോടെ മടക്കം; എലിമിനേറ്ററിൽ ബാംഗ്ലൂരും ലഖ്നൗവും ഏറ്റുമുട്ടും

ബാംഗ്ലൂരിന്റെ പ്രാർത്ഥന ഫലിച്ചു; 'കൈവിട്ട' മത്സരം തിരിച്ചുപിടിച്ച് ടിം ഡേവിഡ്; ജീവന്മരണ പോരാട്ടത്തിൽ തോറ്റ് ഡൽഹി പുറത്ത്; മുംബൈയ്ക്ക് ജയത്തോടെ മടക്കം;  എലിമിനേറ്ററിൽ ബാംഗ്ലൂരും ലഖ്നൗവും ഏറ്റുമുട്ടും

സ്പോർട്സ് ഡെസ്ക്

മുംബൈ: സീസണിൽ തോൽവിയോടെ ഐപിഎൽ പോരാട്ടത്തിന് തുടക്കമിട്ട മുംബൈ ഇന്ത്യൻസിന് ആശ്വാസ ജയത്തോടെ മടക്കം. നിർണായക മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ വീഴ്‌ത്തിയ മുംബൈ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് വഴിയൊരുക്കിയാണ് മടങ്ങുന്നത്.

ഐപിഎൽ പതിനഞ്ചാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ തച്ചുതകർത്താണ് മുംബൈയുടെ മടക്കം. നിർണായക മത്സരത്തിൽ മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചതോടെ ഡൽഹിയെ മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേ ഓഫിലെത്തി.

ഡൽഹി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടക്കുകയായിരുന്നു. ഇതോടെ മെയ്‌ 25-ന് നടക്കുന്ന ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും.

35 പന്തിൽ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 48 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറർ. അഞ്ചാമനായി ക്രീസിലെത്തി വെറും 11 പന്തിൽ നിന്ന് നാലു സിക്സും രണ്ട് ഫോറുമടക്കം 34 റൺസെടുത്ത ടിം ഡേവിഡാണ് വഴുതിപ്പോകുമെന്ന കരുതിയ മത്സരം മുംബൈക്ക് അനുകൂലമാക്കിയത്. 33 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 37 റൺസെടുത്ത ഡെവാൾഡ് ബ്രെവിസും 17 പന്തിൽ നിന്ന് 21 റൺസെടുത്ത തിലക് വർമയും മുംബൈക്കായി മികച്ച സംഭാവനകൾ നൽകി.

മറുപടി ബാറ്റിംഗിൽ നായകൻ രോഹിത് ശർമ്മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും മുംബൈ പതറിയില്ല. നോർക്യ മുംബൈ ഇന്നിങ്സിലെ ആറാം ഓവറിൽ ഹിറ്റ്മാനെ ഠാക്കൂറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 13 പന്തിൽ രണ്ട് റൺസ് മാത്രമേ രോഹിത് നേടിയുള്ളൂ. എന്നാൽ ഇഷാൻ കിഷനും ഡെവാൾഡ് ബ്രെവിസും ചേർന്ന് കരകയറ്റി. 12-ാം ഓവറിൽ കുൽദീപിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച ഇഷാൻ(35 പന്തിൽ 48) വാർണറുടെ കൈകളിലൊതുങ്ങി. ഒരു പന്തിന്റെ ഇടവേളയിൽ ബ്രെവിസിനെ റിഷഭ് പന്ത് നിലത്തിട്ടത് വഴിത്തിരിവായി. ബ്രവിസാവട്ടെ(33 പന്തിൽ 37) 15ാം ഓവറിൽ ഠാക്കൂറിന്റെ പന്തിൽ ബൗൾഡായി.

നാലാം വിക്കറ്റിൽ ഒന്നിച്ച തിലക് വർമ്മയും ടിം ഡേവിഡും അടിതുടങ്ങിയതോടെ മുംബൈ ഇതേ ഓവറിൽ 100 കടന്നു. അവസാന മൂന്ന് ഓവറിൽ 29 റൺസായി മുംബൈയുടെ വിജയലക്ഷ്യം. ഠാക്കൂറിന്റെ 17-ാം ഓവറിൽ തുടർച്ചയായി രണ്ട് സിക്‌സറുമായി കളംനിറഞ്ഞ ഡേവിഡ്(11 പന്തിൽ 34) പുറത്തായത് മുംബൈയെ ബാധിച്ചില്ല. അവസാന 12 പന്തിൽ 14 റൺസ് മാത്രമായി വിജയലക്ഷ്യം. അഞ്ചാം പന്തിൽ തിലക് വർമ്മ(17 പന്തിൽ 21) പുറത്താകുമ്പോൾ അഞ്ച് റൺസ് മാത്രമാണ് മുംബൈക്ക് വേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ബൗണ്ടറിയുമായി രമൺദീപ്(13*) ജയമുറപ്പിച്ചു. ഡാനിയേൽ സാംസ്(0*) കൂടെ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഡൽഹി 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. 34 പന്തിൽ നിന്ന് നാലു സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത റോവ്മാൻ പവലാണ് നിർണായക മത്സരത്തിൽ ഡൽഹിയുടെ ടോപ് സ്‌കോറർ. പൃഥ്വി ഷാ (23 പന്തിൽ 24), ക്യാപ്റ്റൻ ഋഷഭ് പന്ത് (33 പന്തിൽ 39), അക്ഷർ പട്ടേൽ (10 പന്തിൽ 19) എന്നിവർക്ക് മാത്രമാണ് പവലിന് ശേഷം ഡൽഹി സ്‌കോറിലേക്ക് അൽപമെങ്കിലും സംഭാവന ചെയ്യാനായത്.

ഓപ്പണർ ഡേവിഡ് വാർണർ (5), മിച്ചൽ മാർഷ് (0), സർഫറാസ് ഖാൻ (10) എന്നിവർ പതറിയതോടെ ഒരു ഘട്ടത്തിൽ നാലിന് 50 റൺസെന്ന നിലയിലായ ഡൽഹിയെ 100 കടത്തിയത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച പന്ത് - പവൽ സഖ്യമാണ്. 75 റൺസാണ് ഇരുവരും ഡൽഹിയുടെ സ്‌കോർബോർഡിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP