Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒറ്റയാൾ പോരാട്ടവുമായി മോയിൻ അലി;രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ; പ്ലേഓഫിലെ സ്ഥാനം നിശ്ചയിക്കാൻ രാജസ്ഥാന് വേണ്ടത് 151 റൺസ്; രാജസ്ഥാന് മികച്ച തുടക്കം

ഒറ്റയാൾ പോരാട്ടവുമായി മോയിൻ അലി;രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ; പ്ലേഓഫിലെ സ്ഥാനം നിശ്ചയിക്കാൻ രാജസ്ഥാന് വേണ്ടത് 151 റൺസ്; രാജസ്ഥാന് മികച്ച തുടക്കം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ മൊയീൻ അലിയുടെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. 57 പന്തിൽ 93 റൺസെടുത്ത മൊയീൻ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ധോണി 28 പന്തിൽ 26 റൺസെടുത്തു. രാജസ്ഥാനുവേണ്ടി ചാഹലും മക്കോയിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

ടോസിലെ ഭാഗ്യം ചെന്നൈക്ക് ബാറ്റിംഗിലുണ്ടായില്ല. ആദ്യ ഓവറിൽ തന്നെ മികച്ച ഫോമിലുള്ള ഓപ്പണർ റുതുരാജ് ഗെയ്ക്വാദിനെ(2) ട്രെന്റ് ബോൾട്ട് നായകൻ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ആദ്യ മൂന്നോവറിൽ 12 റൺസ് മാത്രമടിച്ച ചെന്നൈയെ മൊയീൻ അലി ഒറ്റക്ക് തോളിലേറ്റി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ നാലാം ഓവറിൽ 18 റൺസടിച്ച മൊയീൻ അലി അശ്വിൻ എറിഞ്ഞ അഞ്ചാം ഓവറിൽ 16ഉം, ട്രെന്റ് ബോൾട്ട് എറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ 26 ഉം റൺസടിച്ച് 19 പന്തിൽ അർധസെഞ്ചുറി തികച്ചതിനൊപ്പം ചെന്നൈയെ പവർ പ്ലേയിൽ 75 റൺസിലെത്തിച്ചു.

ഏഴോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന മികച്ച നിലയിലായിരുന്ന ചെന്നൈ പക്ഷെ എട്ടാം ഓവറിൽ തകർന്നു തുടങ്ങി. ഡെവോൺ കോൺവെയെ(16) അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയതാണ് ചെന്നൈയുടെ തകർച്ചക്ക് തുടക്കമിട്ടത്. ഒമ്പതാം ഓവറിൽ ഒബേദ് മക്കോയ്, എൻ ജഗദീശനെ(1) മടക്കി.11-ാം ഓവറിൽ അംബാട്ടി റായുഡുവിനെ(1) യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ ചെന്നൈയുടെ പോരാട്ടം അലിക്ക് ഒറ്റക്ക് ഏറ്റെടുക്കേണ്ടിവന്നു.

ധോണിയെ കൂട്ടുപിടിച്ച് ചെന്നൈയെ മൊയീൻ അലി 100 കടത്തി. ആറോവറിൽ 75 റൺസിലെത്തിയ ചെന്നൈ 12-ാം ഓവറിലാണ് 100 കടന്നത്. ഇതിനിടെ ചാഹലിന്റെ പന്തിൽ ധോണിക്ക് ജീവൻ ലഭിച്ചത് ചെന്നൈക്ക് അനുഗ്രഹമായി. 46 പന്തുകൾ ബൗണ്ടറിയില്ലാതെ കടന്നുപോയശേഷം പതിനഞ്ചാം ഓവറിലാണ് ധോണി ചെന്നൈക്കായി ഒരു ബൗണ്ടറി നേടിയത്. പത്തൊമ്പതാം ഓവറിൽ ധോണിയും(28 പന്തിൽ 26) ഇരുപതാം ഓവറിൽ മൊയീൻ അലിയും(57 പന്തിൽ 93) മടങ്ങിയതോടെ ചെന്നൈ സ്‌കോർ 150ൽ ഒതുങ്ങി.

19 പന്തിൽ അർധസെഞ്ചുറി തികച്ച മൊയീൻ അലിക്ക് പിന്നീട് നേരിട്ട 38 പന്തിൽ 43 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ ആറോവറിൽ 75 റൺസടിച്ച ചെന്നൈ പിന്നീടുള്ള 14 ഓവറിൽ 75 റൺസെ നേടിയുള്ളു. രാജസ്ഥാനുവേണ്ടി മക്കോയ് നാലോവറിൽ 20 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ചാഹൽ നാലോവറിൽ 26 റൺസിന് രണ്ട് വിക്കറ്റെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP