Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുണ്ടാ കുടിപ്പക: ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ; രണ്ടുപേരെ വിട്ടയച്ചു; കൂറുമാറിയ 8 സാക്ഷികൾക്കെതിരെ കള്ള തെളിവ് നൽകിയ കുറ്റത്തിന് കേസ്; ശിക്ഷ 25 ന് പ്രഖ്യാപിക്കും

ഗുണ്ടാ കുടിപ്പക: ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ; രണ്ടുപേരെ വിട്ടയച്ചു; കൂറുമാറിയ 8 സാക്ഷികൾക്കെതിരെ കള്ള തെളിവ് നൽകിയ കുറ്റത്തിന് കേസ്; ശിക്ഷ 25 ന് പ്രഖ്യാപിക്കും

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസ് വിചാരണയിൽ രഹസ്യമൊഴി തിരുത്തി കൂറുമാറിയ 8 പ്രോസിക്യൂഷൻ സാക്ഷികൾക്കെതിരെ കോടതിയിൽ കള്ള തെളിവ് നൽകിയ കുറ്റത്തിന് തലസ്ഥാനത്തെ വിചാരണ കോടതി സ്വമേധയാ കേസെടുത്തു. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി കെ. ലില്ലിയാണ് കേസെടുത്ത് മജിസ്‌ട്രേട്ട് കോടതിയിൽ ഫയൽ ചെയ്യാൻ ജില്ലാ കോടതി ശിരസ്തദാർക്ക് നിർദ്ദേശ ഉത്തരവ് നൽകിയത്. കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്നും നാലും പ്രതികൾക്കെതിരെ തെളിവു നിരത്താൻ അന്വേഷണ ഏജൻസി പരാജയപ്പെട്ടതായി നിരീക്ഷിച്ച് രണ്ടു പേരെ വിട്ടയച്ചു. ഒന്നും രണ്ടും പ്രതികളായ ജീവൻ , മനോജ് എന്നിവർക്കുള്ള ശിക്ഷ 25 ന് പ്രഖ്യാപിക്കും.

പ്രോസിക്യൂഷൻ സാക്ഷികളായ രതീഷ് , പൊന്നച്ചൻ , രഞ്ജിത്. മാത്യു അബ്‌റു , ജോബിക്കുട്ടി , ജോൺ പോൾ , ജോസ് അൽഫോൻസ് , രതിഷ് എന്നിവർക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കേസെടുത്തത്. വഞ്ചിയൂർ കോടതിയിൽ നടന്ന വിചാരണയിൽ കൂറുമാറിയതിനാൽ ഇവർക്കെതിരായ വിചാരണ ഫയലിങ് അതിർത്തി കോടതിയായ പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ നടക്കും.

കേസന്വേഷണ ഘട്ടത്തിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴിയാണ് സാക്ഷികൾ കൊലക്കേസ് വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്.

ജീവൻ എന്ന വിഷ്ണു. എസ്. ബാബു , ജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ മനോജ് , മേരി രാജൻ , രാകേഷ് എന്നിവരാണ് കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനും കൊലക്കുറ്റം ചെയ്തയാളെ ഒളിവിൽ പാർപ്പിച്ചതിനും വിചാരണ നേരിട്ട ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ.

ഒന്നാം പ്രതി ജീവൻ രണ്ടു തവണ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. അഞ്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ കാപ്പ ചുമത്തി ഒരു വർഷം വീതം രണ്ടു തവണ ജയിലിൽ പാർപ്പിച്ചത്. പിന്നീട് 'ഓപ്പറേഷൻ ബോൾട്ട് ' എന്ന സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാർച്ച് 23 ശനിയാഴ്ച വൈകിട്ട് വിട്ടയച്ചു. പിറ്റേന്ന് ഞായറാഴ്ചയാണ് കൊലപാതകം നടന്നത്.

ദൃക്‌സാക്ഷിയും പ്രോസിക്യൂഷൻ ഭാഗം രണ്ടാം സാക്ഷിയുമായ മാത്യു എബ്രഹാം പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷനിലെ കോൺട്രാക്റ്റ് ഡ്രൈവറുമായ വഞ്ചിയൂർ സ്വദേശി മാത്യു എബ്രഹാം എന്ന പഞ്ചർ ഷൈജുവാണ് കൃത്യം നടന്നതെങ്ങനെയെന്ന് വിവരിച്ച് പ്രതികളെ തിരിച്ചറിഞ്ഞും സാക്ഷി മൊഴി നൽകിയത്. സംഭവം സംബന്ധിച്ച് താൻ പര പ്രേരണ കൂടാതെ സ്വമേധയാ മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായും മാത്യു മൊഴി പറഞ്ഞു. സംഭവത്തിന് മുമ്പേ താൻ അനിലിനെ കൊല്ലുമെന്ന് പല തവണ പ്രതി ജീവൻ വെല്ലു വിളിച്ചിരുന്നു. വെട്ടു കത്തി കൊണ്ട് അനിലിന്റെ ദേഹമാസകലം തുരുതുരാ വെട്ടിയ ശേഷം സാക്ഷി പറയാൻ ആരെങ്കിലും മുതിർന്നാൽ അവരെയും കൊല്ലുമെന്ന് പ്രതി ജീവൻ ഭീഷണി മുഴക്കിയ ശേഷമാണ് കൃത്യ സ്ഥലത്ത് നിന്ന് ഒളിവിൽ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP