Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാമ്യത്തിന് ദിലീപിനെ സഹായിച്ചെന്ന ആരോപണത്തിൽ നെയ്യാറ്റിൻകര ബിഷപ്പിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; മാധ്യമങ്ങൾ അറിയാതിരിക്കാൻ ആലുവ പൊലീസ് ക്ലബ്ബ് ഒഴിവാക്കി കൊടുത്തത് അശ്വാസമായി; മൊഴി എടുത്തത് കോട്ടയത്തെ രഹസ്യ കേന്ദ്രത്തിൽ; ആരോപണങ്ങൾ നിഷേധിക്കുമ്പോഴും പതർച്ച; ഡോ വിൻസെന്റ് സാമുവലിന്റെ മൊഴി പരിശോധനയിൽ

ജാമ്യത്തിന് ദിലീപിനെ സഹായിച്ചെന്ന ആരോപണത്തിൽ നെയ്യാറ്റിൻകര ബിഷപ്പിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; മാധ്യമങ്ങൾ അറിയാതിരിക്കാൻ ആലുവ പൊലീസ് ക്ലബ്ബ് ഒഴിവാക്കി കൊടുത്തത് അശ്വാസമായി; മൊഴി എടുത്തത് കോട്ടയത്തെ രഹസ്യ കേന്ദ്രത്തിൽ; ആരോപണങ്ങൾ നിഷേധിക്കുമ്പോഴും പതർച്ച; ഡോ വിൻസെന്റ് സാമുവലിന്റെ മൊഴി പരിശോധനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. മാധ്യമങ്ങൾ അറിയാതെ അതീവ രഹസ്യമായി ചോദ്യം ചെയ്യണമെന്ന ആവശ്യം ബിഷപ്പ് ക്രൈംബ്രാഞ്ചിന് മുമ്പിൽ വച്ചു. ഇത് അംഗീകരിച്ചാണ് ക്രൈംബ്രാഞ്ച് വിശദ മൊഴി എടുത്തത്. ഈ മൊഴി വിശദമായി പരിശോധിക്കുകായണ് ക്രൈംബ്രാഞ്ച് ഇപ്പോൾ. മൊഴിയിൽ പൊരുത്തക്കേടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ട് മൂന്ന് കോടിയുടെ ഇടപെടൽ നടന്നതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതിനിടെ ക്രൈംബ്രാഞ്ചിന് മുമ്പിൽ ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് തൊട്ടടുത്ത ഒരു ദിവസം ഹൈക്കോടതിയിലെ പ്രധാനിയും നെയ്യാറ്റിൻകരയിൽ എത്തിയിരുന്നു. ബിഷപ്പിന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കിട്ടിയ ശേഷമായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ചയെന്നും സൂചനകൾ പുറത്തു വരുന്നു. ഇതെല്ലാം ക്രൈംബ്രാഞ്ചും തിരിച്ചറിയുന്നുണ്ട്. ബിഷപ്പ് ഹൗസിലെ ഓരോ നീക്കവും നിരീക്ഷിച്ചാണ് ഇതെല്ലാം മനസ്സിലാക്കിയത്. ചോദ്യം ചെയ്യലിൽ ബിഷപ്പ് പതറിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകുന്നു.

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നൽകിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴിയും നൽകി. ഇതിന്റെ രേഖകളും ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര ബിഷപ്പിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നേരത്തെ ദിലീപിനെ നേരിൽ വന്നുകണ്ട ഫാദർ വിക്ടറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ആരോപണങ്ങൾ ഫാദറും ബിഷപ്പും നിഷേധിച്ചുവെന്നാണ് സൂചന.

ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുന്നു. ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടത് ഫാ. വിക്ടർ മുഖേനെയാണെന്നാണ് ദിലീപിന്റെ ആരോപണം. ഈ ആരോപണം ഫാദർ നിഷേധിച്ചിരുന്നു. എന്നാൽ ചില തെളിവുകൾ അതിന് ശേഷവും ക്രൈംബ്രാഞ്ചിന് മുമ്പിൽ ചോദ്യമായി അവശേഷിച്ചു. അത് വിരൽ ചൂണ്ടിയത് ബിഷപ്പിലേക്കാണ്. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഈ സാഹചര്യത്തിലാണ് ആരുടേയും ശ്രദ്ധപതിയാതെ വേണം ചോദ്യം ചെയ്യലെന്ന നിർദ്ദേശം ബിഷപ്പ് മുമ്പോട്ട് വച്ചത്. അത് ക്രൈംബ്രാഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ മാധ്യമങ്ങളും ഇക്കാര്യം അറിയാതെ പോയി.

ബാലചന്ദ്രകുമാറുമായി നടത്തിയ വാട്സ്ആപ് ചാറ്റിന്റെ പകർപ്പ് പ്രതിരോധമാക്കിയായിരുന്നു ദിലീപിന്റെ മൊഴി. ഇത് വാർത്തയാതോടെ വാർത്ത തള്ളി നെയ്യാറ്റിൻകര രൂപത രംഗത്ത് വന്നിരുന്നു. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപതാ വക്താവ് വ്യക്തമാക്കി. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപതയുടെ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നാടകീയ നീക്കത്തിലൂടെ ഫ് വിക്ടറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ബിഷപ്പിനേയും ചോദ്യം ചെയ്യേണ്ട അവസ്ഥ വന്നത്. കൂടുതൽ വൈദികരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

ബാലചന്ദ്രകുമാറിന്റെ ഭാര്യ ഐവിഡെ സഭാ വിശ്വാസിയാണ്. ഈ സഭയിലെ വൈദികനാണ് വിക്ടർ. നെയ്യാറ്റിൻകര രൂപതയുമായി ബന്ധമില്ല. എന്നാൽ വിക്ടറിലൂടെ പരിചയപ്പെട്ട മറ്റൊരു ഐവിഡെ സഭാ വൈദികൻ വഴി ബിഷപ്പിലേക്ക് എത്തിയെന്നാണ് സൂചന. ഈ വൈദികന്റെ പല ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നിടത്ത് എത്തേണ്ട ബാധ്യത ബിഷപ്പിനുണ്ടായിരുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് മിക്ക മൊഴി എടുക്കലും നടന്നത്. ഇതെല്ലാം മാധ്യമങ്ങൾ ദൃശ്യങ്ങളെടുത്തു വാർത്തയാക്കി. അതുകൊണ്ടാണ് രഹസ്യ കേന്ദ്രത്തിലെ മൊഴി എടുക്കലിന് ബിഷപ്പ് അപേക്ഷ സമർപ്പിച്ചത്.

ബിഷപ്പുമായി ബന്ധപ്പെട്ട ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണ്. അത് കേസിന് വർഷങ്ങൾക്ക് മുമ്പാണ്. നെയ്യാറ്റിൻകര ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പർധ വളർത്താൻ വേണ്ടിയാണെന്നും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. വിഷയത്തിൽ നെയ്യാറ്റിൻകര രൂപതയുടെ പഴയ കുറിപ്പും ഇതിന് സമാനമായിരുന്നു. സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ പേര് പരാമർശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമനടൻ ആരോപണമുന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു രൂപതയുടെ നിലപാട്.

ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP