Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോതമ്പും ബാർലിയും സൂര്യകാന്തി എണ്ണയും കിട്ടാനില്ല; റഷ്യ-യുക്രെയിൻ യുദ്ധത്തിൽ കുടുങ്ങി വൻ ഭക്ഷ്യക്ഷാമം; ക്ഷാമപ്പേടിയിൽ ഇന്ത്യ ഗോതമ്പ് കയറ്റുമതികൂടി നിരോധിച്ചതോടെ ലക്ഷങ്ങൾ പട്ടിണിയിൽ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന

ഗോതമ്പും ബാർലിയും സൂര്യകാന്തി എണ്ണയും കിട്ടാനില്ല; റഷ്യ-യുക്രെയിൻ യുദ്ധത്തിൽ കുടുങ്ങി വൻ ഭക്ഷ്യക്ഷാമം; ക്ഷാമപ്പേടിയിൽ ഇന്ത്യ ഗോതമ്പ് കയറ്റുമതികൂടി നിരോധിച്ചതോടെ ലക്ഷങ്ങൾ പട്ടിണിയിൽ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന

മറുനാടൻ ഡെസ്‌ക്‌

കീവ്: ലോകം ഒരിക്കലും ശാന്തമായിരുന്നിട്ടില്ല. എല്ലാ കാലത്തും ലോകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലൊക്കെ യുദ്ധങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്നാൽ, അതിനേക്കാളൊക്കെ പ്രാധാന്യമാണ് റഷ്യൻ-യുക്രെയിൻ യുദ്ധത്തിനുള്ളത്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിൽ, നേരിട്ടല്ലെങ്കിൽ പോലും ഒരു ഏറ്റുമുട്ടൽ നടക്കുന്നു എന്നതുമാത്രമല്ല അതിനു കാരണം. ലോകത്തിന്റെ ഭക്ഷ്യ ധാന്യങ്ങളുടെ കലവറായായ രണ്ടു രാജ്യങ്ങൾ തമ്മിലാണ് യുദ്ധം എന്നതാണ് ആഗോള തലത്തിൽ തന്നെ ഇതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് റഷ്യയുടെ യുക്രെയിൻ അധിനിവേശം ആഗോള തലത്തിൽ തന്നെ ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കുമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടെറെസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ തന്നെ ആഗോള വിശപ്പ് സൂചിക വളരെ ഉയർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വർഷം കൊണ്ടു തന്നെ കൊടും പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി.

കോവിഡ് കാലത്തിനു മുൻപ് ആഗോള തലത്തിൽ 135 മില്യൺ ആളുകളാണ് കൊടും പട്ടിണിയിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 276 മില്യൺ ആണ് എന്നും അദ്ദേഹം പറയുന്നു. അതുപോലെ കടുത്ത ക്ഷാമത്തിൽ ജീവിക്കുന്നവരുടെ എണ്ണം 2016 ന് ശേഷം 500 ശതമാനത്തിലധികം വർദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു. ഈ സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കുകയാണ് റഷ്യ-യുക്രെയിൻ യുദ്ധം. ലോകത്തിൽ തന്നെ ഗോതമ്പു പോലുള്ള ഭക്ഷ്യ ധാന്യങ്ങളും സൂര്യകാന്തി എണ്ണ ഉൾപ്പടെയുള്ള പാചക എണ്ണകളും ഏറ്റവും അധികം ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയിനും.

അതുപോലെ ആഗോള തലത്തിൽ തന്നെ ഭക്ഷ്യോദ്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വളങ്ങൾ ഏറ്റവുമധികം ഉദ്പാദിപ്പിക്കുന്നതും ഈ രണ്ടു രാജ്യങ്ങളാണ്. റഷ്യയുമായും മറ്റ് ബന്ധപ്പെട്ട രാജ്യങ്ങളുമായും താൻ ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി എന്നും ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. എന്നാൽ, പ്രശ്നങ്ങൾ എല്ലാം തീരുന്നതിന് ധാരാളം സമയമെടുക്കും എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

യുക്രെയിനിലെ വിവിധ തുറമുഖങ്ങളിലും മറ്റുമായി സംഭരിച്ചിരിക്കുന്ന ധാന്യങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുക. അതുപോലെ റഷ്യൻ ധാന്യങ്ങളും വളങ്ങളും ആഗോള വിപണിയിൽ നിരോധനങ്ങൾ ഇല്ലാതെ എത്തിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരം. സുരക്ഷാപരമായും, സാമ്പത്തികമായും ഏറെ സങ്കീർണ്ണതകൾ ഉള്ള ഈ പ്രക്രിയ നടപ്പിലാക്കുവാൻ എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഇതു സംബന്ധിച്ച് റഷ്യ, യുക്രെയിൻ, തുർക്കി, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവരുമായി ചർച്ചകൾ നടത്തി വരികയാണെന്നും, അതിന്റെ ഫലപ്രാപ്തിയെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് ആവശ്യമായ ഗോതമ്പിലും ബാർലിയിലും മൂന്നിലൊന്ന് ഉദ്പാദിപ്പിക്കുന്നത് റഷ്യയും യുക്രെയിനും ചേർന്നാണ്. അതുപോലെ സൂര്യകാന്തി എണ്ണയുടെ പകുതിയും എത്തുന്നതും ഈ രാജ്യങ്ങളിൽ നിന്നാണ്. അതുപോലെ രാസവളങ്ങളുടെ അവിഭാജ്യ ഘടകമായ പൊട്ടാഷിന്റെ ഉദ്പാദനത്തിൽ ലോകത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത് റഷ്യയും ബെലാറൂസുമാണ്.

ഈ മേഖല സംഘർഷ ഭരിതമായതോടെ കയറ്റുമതികൾ തടസ്സപ്പെട്ടിരിക്കുകയാണ്. തടസ്സങ്ങൾ നീക്കി ഈ ഉദ്പന്നങ്ങൾ ലോക വിപണിയിൽ എത്തിക്കാനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് പട്ടിണി മരണങ്ങളുടെ കാലമായിരിക്കുംഎന്നാണ് അദ്ദേഹം നൽകുന്ന മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP