Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ന്നാല് പിന്നെ മ്മക്ക് ആറാടുകയല്ലേ ഗഡ്യേ! ബീവറേജസ് കോർപ്പഷേഷൻ ശുപാർശ ചെയ്ത മദ്യക്കടകളിൽ ഏറ്റവും കടുതൽ തൃശ്ശൂർ ജില്ലയിൽ; തൃശ്ശൂർ ജില്ലക്കാർക്ക് ഇനി കുടിച്ചു മറിയാം; 9 ടൂറിസം കേന്ദ്രങ്ങളിലും കൂടുതൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾ

'ന്നാല് പിന്നെ മ്മക്ക് ആറാടുകയല്ലേ ഗഡ്യേ! ബീവറേജസ് കോർപ്പഷേഷൻ ശുപാർശ ചെയ്ത മദ്യക്കടകളിൽ ഏറ്റവും കടുതൽ തൃശ്ശൂർ ജില്ലയിൽ; തൃശ്ശൂർ ജില്ലക്കാർക്ക് ഇനി കുടിച്ചു മറിയാം; 9 ടൂറിസം കേന്ദ്രങ്ങളിലും കൂടുതൽ ബെവ്‌കോ ഔട്ട്‌ലറ്റുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മദ്യപാനത്തിന്റെ കാര്യത്തിൽ തൃശ്ശൂർ ജില്ലക്കാർ മുൻപന്തിയിൽ ഉള്ളവരാണ്. ഇങ്ങനെയുള്ള തൃശ്ശൂരുകാർക്ക് ആറാടാൻ ഒരു സർക്കാർ വീണ്ടും അവസരം ഒരുക്കുന്നു. മദ്യക്കടകൾക്കു മുൻപിലെ തിരക്കു കുറയ്ക്കുന്നതിനു പുതിയതായി ആരംഭിക്കാൻ ബവ്‌കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിലാണ്. ജില്ലയിൽ 23 മദ്യഷോപ്പുകൾക്കാണ് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ 22 എണ്ണവും തുടങ്ങാനാണ് ശുപാർശ.

ടൂറിസം കേന്ദ്രങ്ങൾ എന്ന പരിഗണനയിൽ ആലപ്പുഴ ബീച്ച്, കോവളം, നെയ്യാർ ഡാം, മൺറോ തുരുത്ത്, മാരാരി ബീച്ച്, വീഗാലാൻഡ്, അതിരപ്പിള്ളി, മലമ്പുഴ, വൈത്തിരി എന്നിവിടങ്ങളിലും മദ്യക്കട അനുവദിച്ചേക്കും. ജനസാന്ദ്രത അടിസ്ഥാനപ്പെടുത്തി നഗരങ്ങളിലാകെ 91 മദ്യക്കടകളും ഗ്രാമങ്ങളിൽ 84 ഉം തുടങ്ങാനുള്ള പട്ടികയാണു ബവ്‌കോ സർക്കാരിനു കൈമാറിയിരുന്നത്. എത്രയെണ്ണം തുടങ്ങുമെന്നോ, പട്ടികയിലെ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച നിർദ്ദേശം എക്‌സൈസ് വകുപ്പിനും ബവ്‌കോയ്ക്കും ലഭിക്കുന്ന മുറയ്ക്ക് കടകൾ തുറക്കാനുള്ള നടപടി തുടങ്ങും.

കോർപറേഷനുകളിൽ തിരുവനന്തപുരം (10), കൊല്ലം (3), തൃശൂർ (2), കണ്ണൂർ (2) എന്നിവിടങ്ങളിലാണ് ഒന്നിലധികം വേണ്ടത്. മുനിസിപ്പാലിറ്റികളിൽ കാസർകോട് (2), പഞ്ചായത്തുകളിൽ തിരുവനന്തപുരത്തെ കുന്നത്തുകാൽ (2) എന്നിവിടങ്ങളിലും ഒന്നിലധികം വേണമെന്നു ശുപാർശയുണ്ട്. പട്ടികയിലുള്ള പല സ്ഥലങ്ങളിലും നിലവിൽ മദ്യക്കടയുണ്ട്. തിരക്കു കണക്കിലെടുത്താണ് ഇവിടെത്തന്നെ പുതിയതിനുള്ള ശുപാർശ. എന്നാൽ ബവ്‌കോ സമർപ്പിച്ച പട്ടികയിലെ മുഴുവൻ മദ്യക്കടകളും തുടങ്ങാൻ തീരുമാനിച്ചാൽ പോലും അതു പ്രാവർത്തികമാകാൻ വർഷങ്ങൾ വേണ്ടിവരും.

വരിയിൽ നിൽക്കാതെ, ഉപയോക്താവിനു സ്വന്തമായി കുപ്പി എടുത്ത് ബിൽ കൗണ്ടറിലെത്താൻ കഴിയുന്ന വാക്ക് ഇൻ കടകൾ തുറക്കാനാണു നിർദ്ദേശം. ഇതിനു ചുരുങ്ങിയത് 2500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം വേണ്ടിവരും. സ്‌കൂൾ, ആരാധനാലയം എന്നിവിടങ്ങളിൽനിന്ന് 200 മീറ്റർ ദൂരമിട്ട് ഇത്രയും സ്ഥലസൗകര്യമുള്ള കെട്ടിടം കണ്ടെത്തുകയാണു വലിയ കടമ്പ. അസൗകര്യം ചൂണ്ടിക്കാട്ടി അടിയന്തരമായി മാറ്റിസ്ഥാപിക്കാൻ ഹൈക്കോടതി നിർദേശിച്ച 32 മദ്യക്കടകളിൽ 23 എണ്ണം മാത്രമേ എട്ടുമാസം പിന്നിട്ടിട്ടും മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

നിലവിലുള്ള 270 മദ്യക്കടകളും ഈ ഡിസംബറിനകം വാക്ക് ഇൻ കടകളായി പരിഷ്‌കരിക്കാൻ ബവ്‌കോ തീരുമാനിച്ചിരുന്നു. എന്നാൽ 120 എണ്ണം മാത്രമാണു പരിഷ്‌കരിക്കാനായത്. അനുയോജ്യമായ കെട്ടിടം കിട്ടാത്തതാണു തടസ്സം. ഈ സാഹചര്യത്തിൽ പുതിയ മദ്യക്കടകൾ തുടങ്ങാൻ ഏറെ സമയമെടുക്കും. പല ഘട്ടങ്ങളിലായി പൂട്ടിപ്പോയ 68 മദ്യക്കടകൾ പുനഃരാരംഭിക്കാനുള്ള നിർദേശമാകും ആദ്യം നടപ്പാക്കുക.

വയനാട് ജില്ലയിൽ ബവ്‌റിജസ് കോർപറേഷന്റെ 4 വിദേശ മദ്യശാലകൾ കൂടിയാണ് തുറക്കാൻ ഒരുങ്ങുന്നത്. നിലവിലുള്ള മദ്യശാലകൾക്കു പുറമെ മീനങ്ങാടി, വൈത്തിരി, പടിഞ്ഞാറത്തറ, ചീപ്പാട് എന്നിവിടങ്ങളാണ് പുതിയ വിദേശ മദ്യശാലകൾ ആരംഭിക്കുന്നത്. ഈ നാലിടങ്ങളിലും മുൻപു മദ്യശാലകൾ പ്രവർത്തിച്ചിരുന്നു. ജില്ലയിൽ വൈത്തിരി (കൽപറ്റ), പനമരം, മാനന്തവാടി, ബത്തേരി (ബീനാച്ചി), അമ്പലവയൽ, പുൽപള്ളി എന്നീ 6 ഇടങ്ങളിലാണ് നിലവിൽ ബീവ്‌റിജസ് ഔട്ട്ലെറ്റുകളുള്ളത്.

പുതുതായി തുടങ്ങുന്നയിടങ്ങളിൽ ഉണ്ടായിരുന്ന മദ്യശാലകൾ സമരങ്ങളെ തുടർന്നും യുഡിഎഫ് സർക്കാരിന്റെ കാലത്തു 10 ശതമാനം വീതം മദ്യശാലകൾ ഓരോ വർഷവും നിർത്തലാക്കുകയെന്ന നയത്തിന്റെ ഭാഗവുമായാണു പൂട്ടിയത്. ഇവിടങ്ങളിലെല്ലാം നിലവിലുണ്ടായിരുന്ന മദ്യശാലകൾ വീണ്ടും തുറക്കാനാണു സർക്കാർ തീരുമാനം. ചീപ്പാട് മദ്യശാലക്കെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനത്ത് മൊത്തം 68 മദ്യശാലകൾ വീണ്ടും തുറക്കാനുള്ള പട്ടികയിൽ ജില്ലയിൽ നിന്ന് ഇവ നാലും ഉൾപ്പെട്ടു. 4 എണ്ണം കൂടി പുതിയതായി ജില്ലയിൽ ആരംഭിച്ചാൽ ആകെ പത്തിടങ്ങളിൽ വിദേശ മദ്യശാലകളാകും.

മേപ്പാടിയിൽ കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപനശാല മുൻപ് പ്രവർത്തിച്ചിരുന്നെങ്കിലും ക്രമേണ അതും നിർത്തിയിരുന്നു. ഇപ്പോൾ എല്ലാ മദ്യശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വൈത്തിരിയിലെ മദ്യശാല കൽപറ്റയിലും ബത്തേരിയിലേത് ബീനാച്ചിയിലുമാണു പ്രവർത്തിക്കുന്നത്. കൂടുതൽ മദ്യശാലകൾ തുറന്നാൽ നിലവിലുള്ളയിടങ്ങളിലെ തിരക്ക് ഒഴിവാക്കാനാകും. പ്രീമിയം കൗണ്ടർ അടക്കമുള്ളവ ഉണ്ടെങ്കിലും തിരക്കിനു കുറവില്ല.

പുതിയതായി ആരംഭിക്കാൻ ശുപാർശ ചെയ്ത മദ്യക്കടകൾ മുനിസിപ്പാലിറ്റി/കോർപറേഷൻ, ഗ്രാമപ്പഞ്ചായത്ത് ക്രമത്തിൽ.

തിരുവനന്തപുരം 13, 9

കൊല്ലം 7, 11

പത്തനംതിട്ട 3, 3

ആലപ്പുഴ 5, 16

കോട്ടയം 6, 3

ഇടുക്കി 1, 5

എറണാകുളം 10, 1

തൃശൂർ 7, 16

പാലക്കാട് 6, 8

മലപ്പുറം 11, 1

കോഴിക്കോട് 6, 6

വയനാട് 2, 3

കണ്ണൂർ 10, 1

കാസർകോട് 4, 1

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP