Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീടിന് തുണയാകാൻ കോച്ചിങ് സെന്ററിൽ സ്വീപ്പറായി; ക്രിക്കറ്റ് ബാറ്റിന് പകരം ചൂൽ പിടിച്ചപ്പോൾ കണ്ണിൽ ചോര പൊടിഞ്ഞ നാളുകൾ; അച്ഛന്റെ തല്ല് കിട്ടിയപ്പോൾ ഒപ്പം നിന്ന അമ്മ; വഴിത്തിരിവായത് യുപി അണ്ടർ 16 ക്രിക്കറ്റ് ടീമിലിടം പിടിച്ചത്; കനൽപാത താണ്ടി കൊൽക്കത്തയുടെ റിയൽ ഹീറോയായ റിങ്കു സിങ്

വീടിന് തുണയാകാൻ കോച്ചിങ് സെന്ററിൽ സ്വീപ്പറായി; ക്രിക്കറ്റ് ബാറ്റിന് പകരം ചൂൽ പിടിച്ചപ്പോൾ കണ്ണിൽ ചോര പൊടിഞ്ഞ നാളുകൾ; അച്ഛന്റെ തല്ല് കിട്ടിയപ്പോൾ ഒപ്പം നിന്ന അമ്മ; വഴിത്തിരിവായത് യുപി അണ്ടർ 16 ക്രിക്കറ്റ് ടീമിലിടം പിടിച്ചത്; കനൽപാത താണ്ടി കൊൽക്കത്തയുടെ റിയൽ ഹീറോയായ റിങ്കു സിങ്

സ്പോർട്സ് ഡെസ്ക്

മൂംബൈ: ഐപിഎല്ലിൽ ലഖ്‌നൗവിനെതിരെ കൊൽക്കത്തയ്ക്ക് അവസാന ആറ് പന്തിൽ ജയിക്കാൻ 21 റൺസ്. കെകെആറിന്റെ പ്ലേയിങ് ഇലവനിൽ ഇടം നേടാൻ പോലും ഒരു കാലത്ത് പ്രയാസപ്പെട്ടിരുന്ന താരം ആദ്യ നാല് പന്തുകൾ പറത്തിയത് ഒരു ഫോറും രണ്ട് സിക്‌സും ഒരു ഡബിളുമടക്കം പതിനെട്ട് റൺസ്. ശേഷിക്കുന്ന രണ്ട് പന്തിൽ ജയിക്കാൻ മൂന്ന് റൺസ് മാത്രം. എന്നാൽ എവിൻ ലൂയിസിന്റെ ഒറ്റക്കയ്യിലെ അസാധ്യ ക്യാച്ചിൽ മടങ്ങുമ്പോൾ ആരാധകരുടെ മനസിൽ ഹീറോയായി റിങ്കു സിങ് ഇടംപിടിച്ചു കഴിഞ്ഞിരുന്നു.

80 ലക്ഷം രൂപയ്ക്കാണ് റിങ്കു സിങ്ങിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. ബൗണ്ടറി ലൈനിന് സമീപം ചോരാത്ത കൈകളുമായി റിങ്കു ഫീൽഡിങ് മികവ് കാണിച്ച് ശ്രദ്ധ പിടിച്ചിരുന്നു. പിന്നാലെ കൊൽക്കത്തയെ തകർപ്പൻ ചെയ്സിങ് ജയത്തിന്റെ സമീപത്തേക്ക് എത്തിക്കാനും റിങ്കുവിനായിയിരുന്നു. പകരക്കാരനായി ടീമിലിടം നേടി ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറാൻ റിങ്കുവിന് സാധിച്ചിരിക്കുകയാണ്.

15 പന്തിൽ നിന്ന് രണ്ട് ഫോറും നാല് സിക്സുമാണ് റിങ്കുവിന്റെ ബാറ്റിൽ നിന്ന് ഇന്നലെ പിറന്നത്. സീസണിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായാണ് അത് വിലയിരുത്തപ്പെടുന്നത്. വ്യക്തിഗത പ്രകടനത്തിന്റെ ആഹ്ലാദത്തിന് അപ്പുറം കൊൽക്കത്ത രണ്ട് റൺസിന് പരാജയമേറ്റുവാങ്ങിയതിൽ ഗ്രൗണ്ടിൽ കണ്ണീരണിഞ്ഞ റിങ്കു സിങിനെയാണ് ഇന്നലെ കണ്ടത്. ഇതുപോലെ ബാറ്റ് ചെയ്യാൻ എല്ലാവർക്കും കഴിയില്ല എന്നാണ് കൊൽക്കത്ത പരിശീലകൻ മക്കല്ലം മത്സരത്തിന് ശേഷം റിങ്കു സിങിനെ പ്രശംസിച്ച് പറഞ്ഞത്.

റിങ്കുവിന്റേത് അവിശ്വസനീയമായ കഥയാണ്. അഞ്ച് വർഷത്തോളമായി ഐപിഎല്ലിന്റെ ഭാഗമായി നിൽക്കുന്നു. ഏറെ നാളായി സൈഡിലിരിക്കേണ്ടി വരുന്നു, അപ്പോഴും കഠിനാധ്വാനം ചെയ്യുന്നു. തന്റെ അവസരത്തിനായി കാത്തിരുന്നു. സീസണിൽ വൈകിയാണ് അവസരം ലഭിച്ചത്. അത് മുതലെടുക്കുകയും ചെയ്തുവെന്നും മക്കല്ലം പറയുന്നു.

2018ലാണ് റിങ്കു സിങ്ങിനെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കിയത്. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ താരത്തിനായില്ല. നാല് സീസണിൽ കൊൽക്കത്തയ്ക്കൊപ്പം നിന്നിരുന്നെങ്കിലും കളിക്കാൻ തുടരെ അവസരം ലഭിച്ചിരുന്നില്ല. 2021 സീസണിൽ മുട്ടുകാലിലെ പരിക്കിനെ തുടർന്ന് ആദ്യ പകുതി നഷ്ടമാവുകയും ചെയ്തു. എന്നാൽ ഈ സീസണിൽ കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച അവസരങ്ങളിൽ മിന്നുന്ന പ്രകടനത്തിലൂടെ റിങ്കു സിങ് തന്റെ പോരാട്ടമികവ് തെളിയിക്കുകയാണ്.

മക്കല്ലത്തിന്റെ വാക്കുകൾ പോലെ തീയിൽ കുരുത്ത താരമാണ് റിങ്കു സിങ്. അച്ഛന്റെ തണലിൽ കഴിഞ്ഞ കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചോട് ചേർത്തവൻ. അലിഗഢിലെ വളരെ സാധാരണ കുടുംബത്തിൽ ജനിച്ച റിങ്കു സിങിന് ഒരു ആഗ്രഹമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ലോകമറിയുന്ന ക്രിക്കറ്റ് താരമായി വളരണം. അതിനായി അവൻ ആത്മാർത്ഥമായി പ്രയത്നിച്ചു. ആ വിയർപ്പുതുള്ളികളിൽ നിന്നും കരുത്താർജ്ജിച്ച താരത്തെയാണ് ഇന്ന് ക്രിക്കറ്റ് ലോകം കാണുന്നത്.

അപ്രാപ്യമെന്ന് തോന്നിച്ച വലിയ വിജയലക്ഷ്യത്തിലേക്ക് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ റിങ്കു പക്ഷേ അവസാനം കാലിടറി വീണെങ്കിലും ആ പോരാട്ടവീര്യം ഐപിഎൽ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും റിങ്കു സിങ്ങെന്ന പോരാളിയെ ആരാധകർ നെഞ്ചോട് ചേർക്കുന്നു.

കനൽപാത താണ്ടിയാണ് റിങ്കു ഐ.പി.എല്ലിലേക്ക് ചുവടുവെയ്ക്കുന്നത്. അലിഗഢിലെ വളരെ സാധാരണ കുടുംബത്തിലാണ് റിങ്കുവിന്റെ ജനനം. അച്ഛൻ ഖൻചന്ദ്ര സിങ് ഗ്യാസ് സിലിണ്ടറുകൾ വീട്ടിലെത്തിച്ചാണ് കുടുംബത്തെ പോറ്റിയിരുന്നത്. ഖൻ ചന്ദ്രയുടെ അഞ്ചുമക്കളിൽ മൂന്നാമനായിരുന്നു റിങ്കു. ചെറുപ്പം തൊട്ട് പട്ടിണിയുടെയും വിശപ്പിന്റെയും വിലയറിഞ്ഞുവന്ന റിങ്കു പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റിങ്കുവിനെ മാതാപിതാക്കൾ ഏറെ ഉപദേശിച്ചു.

ഒരിക്കൽ ചേട്ടന്റെ സഹായത്തോടെ അച്ഛൻ ഖൻചന്ദ്ര റിങ്കുവിന് ഒരു ജോലി തരപ്പെടുത്തി. ഒരു കോച്ചിങ് സെന്ററിൽ സ്വീപ്പറായാണ് റിങ്കുവിന് ജോലി ലഭിച്ചത്. ക്രിക്കറ്റ് ബാറ്റിന് പകരം ചൂൽ കൈകൊണ്ട് പിടിക്കേണ്ടി വന്നപ്പോൾ അവന്റെ കണ്ണിൽ നിന്ന് ചോര പൊടിഞ്ഞു. മാതാപിതാക്കളെ അനുസരിക്കാൻ ജീവിത സാഹചര്യം നിർബന്ധിച്ചപ്പോഴും മനസ്സ് ക്രിക്കറ്റിന്റെ വലിയലോകത്തേക്കായിരുന്നു തുറന്നുവച്ചത്. സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കാനാണ് റിങ്കു ശ്രമിച്ചത്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഇൻസൾട്ടിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് റിങ്കു കോച്ചിങ് സെന്ററിലെ ജോലി ഉപേക്ഷിച്ചു.

ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന അച്ഛന് ഇത് സഹിക്കാനായില്ലെങ്കിലും ക്രിക്കറ്റിലൂടെ കുടുംബത്തെ രക്ഷിക്കുമെന്ന് റിങ്കു ഉറപ്പുനൽകി. ക്രിക്കറ്റിൽ മാത്രമായി അവന്റെ ശ്രദ്ധ. രാവും പകലുമില്ലാതെ പരിശീലനം നടത്തിയ റിങ്കു എല്ലാ ക്രിക്കറ്റ് ടൂർണമെന്റിലും പങ്കെടുത്തു. ടെന്നീസ് പന്തിൽ മാത്രം കളിച്ച് ശീലിച്ചവനായിരുന്നു റിങ്കു. എന്നാൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ആദ്യമായി റിങ്കുവിന് തുകൽപ്പന്തിൽ കളിക്കാനുള്ള അവസരം ലഭിച്ചു. സ്‌കൂൾ ടീമിന് വേണ്ടി ആദ്യമായി പാഡണിഞ്ഞ റിങ്കു 32 പന്തുകളിൽ നിന്ന് പുറത്താവാതെ 54 റൺസെടുത്ത് ടീമിന്റെ വിജയശിൽപ്പിയായി. അവിടുന്നങ്ങോട്ട് റിങ്കുവിന്റെ ക്രിക്കറ്റ് ജീവിതം ആരംഭിക്കുകയായിരുന്നു.

ജീവിതം ക്ലേശകരമായി നീങ്ങുന്ന സമയമായിരുന്നു അത്. സ്വന്തമായി ഒരു ബാറ്റ് വാങ്ങാൻ കൊതിച്ച റിങ്കുവിനെ മാതാപിതാക്കൾ നിരാശപ്പെടുത്തി. ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു റിങ്കുവിന്റെ ആഗ്രഹം. പക്ഷേ അവൻ കണ്ട സ്വപ്നം അതിലും വലുതായിരുന്നു. സർക്കാർ സ്റ്റേഡിയത്തിൽ പ്രാക്റ്റീസ് നടത്താൻ ആരംഭിച്ച റിങ്കു കൂട്ടുകാരുടെ ബാറ്റുപയോഗിച്ച് കഴിവ് മെച്ചപ്പെടുത്തി. സ്റ്റേഡിയത്തിൽ പരിശീലനത്തിനായുള്ള പ്രവേശനം സൗജന്യമായിരുന്നു. റിങ്കു ക്രിക്കറ്റ് താരമാകുന്നതിൽ അച്ഛൻ ഖൻചന്ദ്രയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. അമ്മയാണ് അൽപ്പമെങ്കിലും കൂടെനിന്നത്.

കോളേജിൽ പഠിക്കുന്ന സമയത്ത് റിങ്കു കോളേജ് ക്രിക്കറ്റ് ടീമിലംഗമായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റിന് പങ്കെടുക്കാനായി കോളേജ് ടീം കാൺപൂരിലേക്ക് യാത്രതിരിച്ചു. റിങ്കുവിന് ടൂർണമെന്റിൽ പങ്കെടുക്കാൻ 1000 രൂപ വേണ്ടിയിരുന്നു. അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം റിങ്കുവിനെ പൊതിരെ തല്ലി. റിങ്കുവിന്റെ സങ്കടം സഹിക്കാൻ കഴിയാതെ വന്ന അമ്മ വിന ദേവി അടുത്തുള്ള കടയിൽ നിന്ന് 1000 രൂപ കടം വാങ്ങി റിങ്കുവിന് നൽകി. ആ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചു.

പഠിക്കുന്നതിനൊപ്പം തന്നെ അച്ഛനെ സഹായിക്കാനും റിങ്കു ശ്രദ്ധിച്ചിരുന്നു. സിലിണ്ടറുകൾ ബൈക്കിൽ വെച്ച് റിങ്കു വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചു ഒപ്പം ക്രിക്കറ്റ് പരിശീലനവും കൊണ്ടുപോയി. ഇടംകൈയൻ ബാറ്ററായതുകൊണ്ടുതന്നെ റിങ്കുവിനെത്തേടി അവസരങ്ങൾ ഒരുപാട് വന്നു. പരിശീലകൻ മസൂദ് അമിനിയായിരുന്നു റിങ്കുവിന്റെ ശക്തി. പ്രഫഷണൽ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ മസൂദ് റിങ്കുവിനെ പ്രാപ്തനാക്കി. മുഹമ്മദ് സീഷാൻ എന്ന വ്യക്തിയാണ് റിങ്കുവിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയത്. സീഷാന്റെ സഹായത്തോടെ റിങ്കു വസ്ത്രങ്ങളും ക്രിക്കറ്റ് കിറ്റുമെല്ലാം വാങ്ങി.

2012-ൽ ഉത്തർപ്രദേശ് അണ്ടർ 16 ക്രിക്കറ്റ് ടീമിലിടം നേടിയതാണ് റിങ്കുസിങ്ങിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അവിടെനിന്നങ്ങോട്ട് പടിപടിയായി അവസരങ്ങൾ താരത്തെ തേടിവന്നു. അണ്ടർ 16 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ 154 റൺസടിച്ച് റിങ്കു വരവറിയിച്ചു. പിന്നീട് റിങ്കുവിലെ പ്രതിഭയുടെ വിളയാട്ടമായിരുന്നു. ടൂർണമെന്റുകളിൽ താരമായി മാറിക്കൊണ്ട് റിങ്കു ക്രിക്കറ്റ് നിരീക്ഷകരുടെ ചർച്ചാവിഷയമായി.

വൈകാതെ ഉത്തർപ്രദേശ് അണ്ടർ 19 ടീമിലും ഇടം നേടി. അണ്ടർ 19-ൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ രഞ്ജി ട്രോഫിക്കുള്ള ഉത്തർപ്രദേശ് ടീമിൽ റിങ്കു ഇടം നേടി. രഞ്ജി ട്രോഫി ടീമിലിടം നേടിയതോടെ പണവും പ്രശസ്തിയുമെല്ലാം താരത്തെ തേടിവന്നു. യുവരാജ് സിങ്, സുരേഷ് റെയ്ന തുടങ്ങിയ ഇതിഹാസ താരങ്ങളെ നേരിട്ട് കാണാനും അവർക്കൊപ്പം കളിക്കാനുമൊക്കെയുള്ള അവസരങ്ങൾ റിങ്കുവിന് ലഭിച്ചു.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ വിദർഭയായിരുന്നു എതിരാളി. ആ മത്സരത്തിൽ 83 റൺസെടുത്ത റിങ്കു രണ്ടുവിക്കറ്റും സ്വന്തമാക്കി. പിന്നീട് റിങ്കുവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 2307 റൺസെടുക്കുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു. 41 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 1414 റൺസും 68 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1155 റൺസും നേടാൻ റിങ്കുവിന് കഴിഞ്ഞു.

2017-ലാണ് റിങ്കു ആദ്യമായി ഐ.പി.എല്ലിലേക്കെത്തുന്നത്. അന്ന് പഞ്ചാബ് കിങ്സാണ് റിങ്കുവിനെ സ്വന്തമാക്കിയത്. പിന്നീട് 2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 80 ലക്ഷം മുടക്കി റിങ്കുവിനെ ടീമിലെത്തിച്ചു. ടീമിലെത്തിയെങ്കിലും അവസരങ്ങൾ കാര്യമായി ലഭിച്ചിരുന്നില്ല. ഇതുവരെ ഐ.പി.എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി 16 മത്സരങ്ങൾ മാത്രമാണ് റിങ്കു കളിച്ചത്.

ഈ സീസണിലാണ് റിങ്കുവിന് കാര്യമായി അവസരം ലഭിച്ചത്. കിട്ടിയ അവസരം താരം നന്നായി ഉപയോഗിച്ചു. ഏഴ് മത്സരങ്ങൾ കളിച്ച റിങ്കു 174 റൺസെടുത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 148.71 പ്രഹരശേഷിയിൽ 34.80 ശരാശരിയിലാണ് താരം ബാറ്റുവീശിയത്.

കാൽമുട്ടിനേറ്റ പരിക്കാണ് റിങ്കുവിനെ തളർത്തുന്നത്. 2021 സീസണിലെ മിക്ക മത്സരങ്ങളും താരത്തിന് പരിക്കുമൂലം നഷ്ടമായിരുന്നു. തനിക്ക് പരിക്കേറ്റതോടെ ഭാവിയെ കുറിച്ച് ഭയന്ന് പിതാവ് രണ്ട് മൂന്ന് ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നാണ് റിങ്കു സിങ് പറയുന്നത്. ആ അഞ്ച് വർഷങ്ങൾ എനിക്ക് വളരെയേറെ പ്രയാസം നിറഞ്ഞതായിരുന്നു. ആദ്യ വർഷത്തിന് ശേഷം എനിക്ക് കളിക്കാൻ അവസരം ലഭിച്ചു. എന്നാൽ നന്നായി പെർഫോം ചെയ്യാനായില്ല. എന്നിട്ടും കൊൽക്കത്ത എന്നിൽ വിശ്വാസം വെക്കുകയും അടുത്ത സീസണുകളിലേക്കായി ടീമിലെടുക്കുകയും ചെയ്തു, റിങ്കു സിങ് പറയുന്നു.

''എന്റെ ശരീര ഭാഷയ്ക്ക് ഇണങ്ങും വിധം ഞാൻ കഠിനാധ്വാനം ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം എനിക്ക് പ്രയാസമേറിയതായിരുന്നു. വിജയ് ഹസാരെയിൽ കളിക്കുമ്പോൾ എനിക്ക് മുട്ടുകാലിന് പരിക്കേറ്റു. രണ്ട് റൺസിനായി ക്രീസിൽ ഓടുമ്പോഴാണ് അത്. അവിടെ വീഴുമ്പോൾ ഐപിഎല്ലിനെ കുറിച്ചാണ് ഞാൻ ആലോചിച്ചത്. ഓപ്പറേഷൻ വേണമെന്നും 6-7 മാസം നഷ്ടമാവും എന്നും അവർ പറഞ്ഞു...''

അത്രയും നാൾ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുക എന്നത് എന്നെ വേദനിപ്പിച്ചു. രണ്ട് മൂന്ന് ദിവസത്തേക്ക് എന്റെ പിതാവ് ഭക്ഷണം പോലും കഴിക്കുന്നുണ്ടായില്ല. പരിക്കേൽക്കുക എന്നത് കളിയുടെ ഭാഗമാണ് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. ആ സാഹചര്യത്തിൽ ഇങ്ങനെയെല്ലാം സംഭവിക്കുമ്പോൾ അത് വളരെ അധികം ആശങ്ക സൃഷ്ടിക്കും, റിങ്കു സിങ് പറയുന്നു.

ഏഴ് കളിയിൽ നിന്ന് 174 റൺസ് ആണ് റിങ്കു സിങ് ഈ സീസണിൽ സ്‌കോർ ചെയ്തത്. ബാറ്റിങ് ശരാശരി 34.80. സ്ട്രൈക്ക്റേറ്റ് 148.71. ലഖ്നൗവിന് എതിരെ 15 പന്തിൽ നിന്ന് 40 റൺസ് അടിച്ചെടുത്തതോടെ റിങ്കുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കുകയാണ്.

റിങ്കുവിന്റെ ഉയർച്ചയിൽ ഏറെ അഭിമാനിക്കുന്നുവെന്നാണ് അച്ഛൻ ഖൻചന്ദ്ര ഇപ്പോൾ പറയുന്നത്. മകന്റെ കഴിവിനെ ആദ്യം വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാത്തിന്റെ കുറ്റബോധം ആ അച്ഛന്റെ മനസ്സിൽ ഇന്നുമുണ്ട്. ഒരിക്കൽ റിങ്കുവിനെ തള്ളിപ്പറഞ്ഞ അച്ഛൻ ഇപ്പോൾ താരത്തിന്റെ ഏറ്റവും വലിയ ആരാധകനാണ്. 2021-ൽ റിങ്കുവിന് പരിക്കേറ്റപ്പോൾ അച്ഛൻ മകന്റെ ആരോഗ്യത്തിനുവേണ്ടി മൂന്നുദിവസം ഉപവാസമിരുന്നു.

കുടുംബത്തിനായി മികച്ചൊരു വീട് വെയ്ക്കണമെന്ന സ്വപ്നം റിങ്കു കഴിഞ്ഞ സീസണിൽ തന്നെ സാക്ഷാത്കരിച്ചു. റിങ്കു നിർമ്മിച്ച വീട്ടിലാണ് ഇപ്പോൾ ഏവരും സന്തോഷത്തോടെ കഴിയുന്നത്. പക്ഷേ റിങ്കു ഇപ്പോഴും സന്തുഷ്ടനല്ല. ഇന്ത്യൻ ടീമിന്റെ ജഴ്‌സി അണിയുന്ന നാളുകൾക്കായാണ് കനൽപാത താണ്ടിയെത്തിയ റിങ്കു സിങിന്റെ കാത്തിരിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP