Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതും രൂപയ്ക്കു തിരിച്ചടി; ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഇന്ധന വിലയും ഉയരുന്നു; വിലക്കയറ്റം അസഹനീയമാകാൻ സാധ്യത

വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതും രൂപയ്ക്കു തിരിച്ചടി; ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഇന്ധന വിലയും ഉയരുന്നു; വിലക്കയറ്റം അസഹനീയമാകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : പണപ്പെരുപ്പം കൂടുന്നതിനൊപ്പം രൂപയുടെ മൂല്യവും ഇടിയുന്നു. ഇന്ധന വില വീണ്ടും കൂടാൻ ഇത് സാഹചര്യമൊരുക്കും. അങ്ങനെ വന്നാൽ വിലക്കയറ്റം ഇനിയും അതിശക്തമാകും. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഓഹരി വിപണിയിലും ഇത് പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസത്തെക്കാൾ 16 പൈസ കുറഞ്ഞ്, ഡോളറിന് 77.60 രൂപ എന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. വിദേശനിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതും രാജ്യാന്തര വിപണിയിൽ ഡോളർ ശക്തമാകുന്നതുമാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്. യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിലാണ് ഇതെല്ലാം. എണ്ണ വില ഉയരുന്നതിന് കാരണവും ഇതു തന്നെയാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി സാധനങ്ങളുടെ വില ഉയർത്തും. വിദേശയാത്രച്ചെലവും ഉയരും. എണ്ണവില രാജ്യാന്തര വിപണിയിൽ ഉയരുന്നതും ഇന്ത്യൻ കറൻസിക്കു തിരിച്ചടിയാണ്. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില 1.7% ഉയർന്ന് ബാരലിന് (159 ലീറ്റർ) 114 ഡോളറിനടുത്തെത്തി. കുറച്ചു ദിവസമായി രാജ്യത്ത് എണ്ണ വില ഉയരുന്നില്ല. പണപ്പെരുപ്പം ഉയരുന്നതിനാലാണ് ഇത്. യുക്രെയിനിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ എണ്ണ വിപണിയെ ഇത് കാര്യമായി ബാധിക്കും.

2014ന് ശേഷമുള്ള ഏറ്റവും വലിയ പണപ്പെരുപ്പത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. 7.8 ശതമാനമാണ് ഏപ്രിലിൽ രാജ്യത്തെ പണപ്പെരുപ്പം. കഴിഞ്ഞമാസം ഇത് 6.95 ശതമാനമായിരുന്നു. മൊത്തവില സൂചിക(ഡബ്ല്യു.പി.ഐ) അടിസ്ഥാനമാക്കിയ പണപ്പെരുപ്പം ഏപ്രിലിൽ 15.08 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. മാർച്ചിലെ 14.55 ശതമാനത്തിൽ നിന്നാണ് വർധന. കഴിഞ്ഞ വർഷം ഇതേസമയത്ത് 10.74 ശതമാനമായിരുന്നു.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് ഏപ്രിലിൽ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 12ന് പുറത്തുവിട്ട കണക്കനുസരിച്ച് ഉപഭോക്തൃ വില സൂചിക (സിപിഐ)അടിസ്ഥാനമാക്കിയ ചില്ലറ വില പണപ്പെരുപ്പം 7.79 ശതമാനമെന്ന റെക്കോഡിലെത്തിയിരുന്നു. 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

പണപ്പെരുപ്പം റിസർവ് ബാങ്ക് കണക്കാക്കിയ പരിധിക്കപ്പുറം കടന്നതിനാൽ ആർ.ബി.ഐ പണനയ സമിതി മെയ്‌ നാലിന് അടിയന്തര യോഗം ചേർന്ന് പലിശ നിരക്ക് ഉയർത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് നാല് ശതമാനമായിരുന്ന അടിസ്ഥാന പലിശ നിരക്ക് (റിപ്പോ) 4.40 ശതമാനത്തിലേക്കാണ് കൂട്ടിയത്. ഭക്ഷ്യസാധനങ്ങൾക്ക് മാർച്ചിലേതിനേക്കാൾ ഏപ്രിലിൽ 3.4 ശതമാനം വർധനയുണ്ടായി. ഉത്തരേന്ത്യയിലെ ചൂടുകാറ്റ് പഴങ്ങൾ, പച്ചക്കറികൾ, പാൽ തുടങ്ങി എളുപ്പം കേടാകുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായി.

പണപ്പെരുപ്പം ഇതേ നിലയിൽ തുടർന്നാൽ ജൂണിലെ ആർ.ബി.ഐ പണനയ യോഗത്തിൽ വീണ്ടും പലിശ നിരക്ക് ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നു. നിലവിലെ 4.40 ശതമാനത്തിൽ നിന്ന് ആഗസ്റ്റോടെ റിപ്പോ നിരക്ക് 5.5 ശതമാനമായേക്കുമെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP