Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകാരോഗ്യ സംഘടനയും ലോക വ്യാപാര സംഘടനയും വിടാൻ ഉറച്ച് റഷ്യ; അനാവശ്യ ഉപരോധത്തിൽ പ്രതിഷേധിച്ച് റഷ്യ അഗോള സംഘടനകൾ കയ്യൊഴിയുന്നു; മോസ്‌കോയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് പൂട്ടിക്കാനും ആലോചന; പുടിന്റെ പിടിവാശി റഷ്യയെ തകർക്കുമെന്ന് വിദഗ്ദ്ധർ

ലോകാരോഗ്യ സംഘടനയും ലോക വ്യാപാര സംഘടനയും വിടാൻ ഉറച്ച് റഷ്യ; അനാവശ്യ ഉപരോധത്തിൽ പ്രതിഷേധിച്ച് റഷ്യ അഗോള സംഘടനകൾ കയ്യൊഴിയുന്നു; മോസ്‌കോയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസ് പൂട്ടിക്കാനും ആലോചന; പുടിന്റെ പിടിവാശി റഷ്യയെ തകർക്കുമെന്ന് വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

യുക്രെയിൻ അധിനിവേശത്തെ തുടർന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായ റഷ്യ ഇപ്പോൾ ആഗോള സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുടെ ഒരു പട്ടിക ഇന്നലെ റഷ്യൻ വിദേശകാര്യമന്ത്രി പാർലമെന്റിന് അയച്ചിട്ടുണ്ട്. രാജ്യത്തിന് ഉപകാരപ്രദമല്ലാത്തതും അതേസമയം ദോഷകരവുമായ കരാറുകളിൽ നിന്നും പിൻവാങ്ങണമെന്നാണ് വിദേശകാര്യമന്ത്രി പറയുന്നത്. പാർലമെന്റ് ഡെപ്യുട്ടി സ്പീക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ പട്ടികയിൽ ലോകാരോഗ്യ സംഘടനയും ലോക വ്യാപാര സംഘടനയും ഉണ്ടെന്ന് റഷ്യൻ ന്യുസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉപരോധം വഴി റഷ്യയുടെ ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗം പാശ്ചാത്യ ശക്തികൾ ഇല്ലാതാക്കിയതിനെ തുടർന്നാണിത്. ഉപരോധത്തിനൊപ്പം നിരവധി പാശ്ചാത്യ കമ്പനികൾ റഷ്യയിൽ നിന്നും പിൻവാങ്ങുന്നുമുണ്ട്.

സാധാരണയായി രാഷ്ട്രീയ കാര്യങ്ങളീൽ ഇടപെടാത്ത ലോകാരോഗ്യ സംഘടനയിലെ ചില അംഗ രാജ്യങ്ങൾ കഴിഞ്ഞദിവസം റഷ്യൻ അധിനിവേശത്തിനെതിരെ നിലപാട് എടുക്കാൻ സംഘടനയെ നിർബന്ധിതമാക്കിയിരുന്നു. യുക്രെയിനിലെ ആരോഗ്യ സംരക്ഷണ സവിധാനങ്ങൾക്ക് നേരെ റഷ്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയതോടെ റഷ്യ അവിടെയും ഒറ്റപ്പെടുകയായിരുന്നു. അതോടൊപ്പം മോസ്‌കോയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസുകൾ അടച്ചുപൂട്ടണമെന്നും ആ പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ഇരു രാജ്യങ്ങളിലേയും ആരോഗ്യ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത തികച്ചും രാഷ്ട്രീയമായ പ്രമേയം എന്നായിരുന്നു റഷ്യ ഈ പ്രമേയത്തെ അപലപിച്ചുകൊണ്ട് പറഞ്ഞത്. അന്താരാഷ്ട്ര വ്യാപാരങ്ങൾക്ക് മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന ലോക വ്യാപാര സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന കാര്യം ഇതിനുമുൻപും പല തവണ റഷ്യ പരിഗണിച്ചതാണ്. 19 വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2012 ലാണ് റഷ്യ ലോക വ്യാപാര സംഘടനയിൽ അംഗത്വമെടുത്തത്.

അപ്പോഴും അതിലെ ചില വ്യവസ്ഥകൾ പാശ്ചാത്യ ശക്തികൾക്ക് റഷ്യയുടെ മേൽ മേൽക്കൈ നൽകുന്നതാണെന്ന സംശയം റഷ്യയ്ക്ക് ഉണ്ടായിരുന്നു. ഇപ്പോൾ റഷ്യയുടെ ''മോസ്റ്റ് ഫേവേർഡ് നേഷൻ'' എന്ന പദവി യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പടെ പല രാജ്യങ്ങളും എടുത്തുകളഞ്ഞതോടെയാണ് ലോകാരോഗ്യ സംഘടന വിടുന്ന കാര്യം വീണ്ടും ആലോചനയിലെത്തുന്നത്. അങ്ങനെ റഷ്യ ലോക വ്യാപാര സംഘടനയിൽ നിന്നും പുറത്തുപോവുകയാണെങ്കിൽ, മറ്റു രാജ്യങ്ങൾക്ക് റഷ്യൻ ഉദ്പന്നങ്ങൾക്ക് മീതെ ലോക വ്യാപാര സംഘടന നിർദ്ദേശിച്ചിട്ടുള്ളതിലും അധികം തീരുവ ചുമത്താൻ കഴിയും. മാത്രമല്ല, റഷ്യൻ കമ്പനികൾക്ക് എതിരെ ഉപരോധവും ഏർപ്പെടുത്താനാകും.

അതിനിടെ യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ വ്യാപാര ഇടപാടുകൾ പൂർണ്ണമായും നിർത്തലാക്കാൻ മെക് ഡോണാൾഡ്സ് തീരുമാനിച്ചു. റഷ്യയിൽ ഇടപാടുകൾ ആരംഭിച്ച് 30 വർഷം തികയുമ്പോഴാണ് ഔട്ട്ലെറ്റുകൾ എല്ലാം വിറ്റ് കമ്പനി റഷ്യ ഉപേക്ഷിച്ചു പോകുന്നത്. കൊക്കോ-കോള, പെപ്സി, സ്റ്റാർബക്ക്സ് തുടങ്ങിയ പ്രമുഖരും റഷ്യയിലെ ഇടപാടുകൾ ഉപേക്ഷിക്കുകയോ താത്ക്കാലികമായി നിർത്തലാക്കുകയോ ചെയ്തിരിക്കുകയാണ്. അതുപോലെ ബ്രിട്ടീഷ് ഊർജ്ജ കമ്പനികളായ ഷെൽ, ബി പി എന്നിവയും ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോൾട്ടും റഷ്യയിലെ എല്ലാ ഇടപാടുകളും നിർത്തിവെച്ചിരുന്നു.

യുക്രെയിൻ അധിനിവേശം ആരംഭിച്ചതിൽ പിന്നെ റഷ്യ ലോകരാജ്യങ്ങൾക്കിടയിൽ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ആക്രമത്തെ അപലപിക്കുന്ന പ്രമേയത്തിൽ റഷ്യയുടെ പരമ്പരാഗത സുഹൃത്ത് രാജ്യങ്ങളിൽ നിന്നുപോലും റഷ്യക്ക് പിന്തുണ ലഭിച്ചില്ല എന്നത് ഈ വസ്തുത തുറന്നു കാണിക്കുന്നു. പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് 141 വോട്ടുകൾ ലഭിച്ചപ്പോൾ അഞ്ച് വോട്ടുകൾ മാത്രമാണ് അതിനെതിരെ വന്നത്. 35 രാജ്യങ്ങൾ വോട്ടിംഗിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ഉത്തര കൊറിയ, സിറിയ, ബെലാറൂസ്, എറിത്രിയ എന്നീ രാജ്യങ്ങൾ മാത്രമാണ് റഷ്യയ്ക്കൊപ്പം പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ചൈന, ക്യുബ, വെനിസുല എന്നീ രാജ്യങ്ങൾ പോലും റഷ്യയെ കൈയൊഴിയുകയായിരുന്നു.

അതിനു ശേഷമാണ് റഷ്യയ്ക്കെതിരെ ഉപരോധവുമായി പാശ്ചാത്യ സഖ്യം രംഗത്തെത്തുന്നത്. അന്താരാഷ്ട്ര പണമിടപാടുകൾ നടത്തുന്ന സ്വിഫ്റ്റ് പേയ്മെന്റ് സിസ്റ്റത്തിൽ നിന്നും ഒട്ടു മിക്ക റഷ്യൻ ബാങ്കുകളേയും ഒഴിവാക്കി. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ പോലും എണ്ണയ്ക്കും പ്രകൃതിവാതകത്തിനും റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കുവാനുള്ള ശ്രമത്തിലാണ്. അതിനിടെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുക്രെയിനിലെ സാധാരണക്കാരുടെ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP