Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രീയ അന്തിമഘട്ടത്തിലെത്തിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ആദ്യ കരട് പട്ടിക ജൂൺ പത്തിന് പുറത്തിറക്കും. തുടർന്ന് രണ്ട് തവണകളായി അപ്പീൽ നൽകാൻ അവസരമുണ്ടാകും. ആദ്യ ഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകർക്ക് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, നഗരസഭയിലെ അപേക്ഷകർക്ക് നഗരസഭാ സെക്രട്ടറിക്കും അപ്പീൽ നൽകാം. ജൂൺ 14 വരെ അപ്പീൽ നൽകാം. 10 ദിവസത്തിനുള്ളിൽ ഈ അപ്പീൽ തീർപ്പാക്കും. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും രണ്ടാം ഘട്ടത്തിൽ ജൂൺ 30നുള്ളിൽ കളക്ടർക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ജൂലൈ 14നകം തീർപ്പാക്കാനും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദ്ദേശം നൽകി.

രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഗ്രാമസഭകളിലും വാർഡ് സഭകളിലും പരിശോധനയ്ക്ക് വിധേയമാക്കും. പട്ടികയിൽ അനർഹർ കടന്നുകൂടിയെന്ന് കണ്ടെത്തിയാൽ ഗ്രാമസഭകൾക്ക്/ വാർഡ് സഭകൾക്ക് അവരെ ഒഴിവാക്കാൻ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികൾ പരിഗണിക്കും. ഓഗസ്റ്റ് 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികൾ അംഗീകാരം നൽകും. ശേഷം ഓഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അവസരം നൽകിയത് അനുസരിച്ച് 9,20,260 പേരാണ് അപേക്ഷിച്ചത്. തദ്ദേശ സ്ഥാപന തലത്തിൽ പരിശോധന നടത്തി 5,81,689 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. ജില്ലാ തലത്തിൽ ഈ പട്ടിക സൂപ്പർ ചെക്കിങ് നടത്തിയപ്പോൾ പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം 5,01,652 ആയി. ഇവരിൽ 3,24,328 പേർ ഭൂമിയുള്ളവരും 1,77,324 പേർ ഭൂമിയില്ലാത്തവരും ആണ്. ഈ കരട് പട്ടികയിന്മേലാണ് ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിക്കുന്നത്.

കേരളത്തിലെ എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാക്കാനുള്ള പ്രവർത്തനവുമായാണ് സർക്കാർ മുന്നോട്ട് കുതിക്കുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സമൂഹത്തിൽ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടവർക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന നൽകും. 20808 വീടുകളുടെ കൂടി താക്കോൽ കൈമാറിയതോടെ ലൈഫിൽ പൂർത്തിയായ വീടുകളുടെ എണ്ണം 2,95,006 ആയി. 34,374 വീടുകളുടെയും 4 ഭവന സമുച്ചയങ്ങളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവമായി രംഗത്തിറങ്ങണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP