Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2020ലെ റാങ്ക് ലിസ്റ്റിലെ ഒന്നാമനായ രാജഗോപാലിന് നൽകിയത് മൂന്ന് വർഷം ജോലി സ്ഥിരതാ വാഗ്ദാനം; ഒരു കൊല്ലം പൂർത്തിയാക്കിയപ്പോൾ പിരിച്ചു വിട്ടു; പിന്നീട് പഴയ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരിക്ക് നിയമനം; അഭിലാഷ് മോഹന്റെ ഭാര്യ കുസാറ്റിൽ എത്തിയത് സുതാര്യതയില്ലാ വഴിയിൽ

2020ലെ റാങ്ക് ലിസ്റ്റിലെ ഒന്നാമനായ രാജഗോപാലിന് നൽകിയത് മൂന്ന് വർഷം ജോലി സ്ഥിരതാ വാഗ്ദാനം; ഒരു കൊല്ലം പൂർത്തിയാക്കിയപ്പോൾ പിരിച്ചു വിട്ടു; പിന്നീട് പഴയ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരിക്ക് നിയമനം; അഭിലാഷ് മോഹന്റെ ഭാര്യ കുസാറ്റിൽ എത്തിയത് സുതാര്യതയില്ലാ വഴിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ തന്റെ ഭാര്യയുടെ ജോലി ബന്ധു നിയമനമാണെന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് മാധ്യമപ്രവർത്തകൻ അഭിലാഷ് മോഹനൻ രംഗത്തു വന്നിരുന്നു. മാധ്യമ പ്രവർത്തകയായ ഭാര്യ വന്ദന മോഹനൻ ദാസിനെ അഭിലാഷ് മോഹൻ ഇടപെട്ട് കുസാറ്റിൽ പി ആർ ഒ ആയി പിൻവാതിൽ നിയമനം നടത്തിയെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും ഇത് സത്യമാണെന്ന് തെളിയിച്ചാൽ മാധ്യമപ്രവർത്തനം നിർത്തി അവർ പറയുന്ന ജോലി ചെയ്യാമെന്നും അഭിലാഷ് മോഹനൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ ഒട്ടും സുതാര്യമായിരുന്നില്ല അഭിലാഷ് മോഹന്റെ ഭാര്യയുടെ നിയമനമെന്നാണ് മറുനാടൻ അന്വേഷണത്തിൽ വ്യക്തമാകുന്നത്.

ഒരു പദവിയിലേക്ക് അപേക്ഷ ക്ഷണിക്കുക. അതിൽ അഭിമുഖവും നിയമനവും നടത്തുക. അതിന് ശേഷം നിയമനം നടത്തുക. ഇതോടെ ആ പദവിയിലേക്ക് തയ്യാറാക്കിയ റാങ്ക് ലിസ്റ്റു തന്നെ അപ്രസക്തമാകും. കുസാറ്റിലേക്ക് 2020മെയ് മാസത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പി ആർ ആൻഡ് പി ഡയറക്ടർ എന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അഭിമുഖം കഴിഞ്ഞ് സർവകലാശാല റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു പോസ്റ്റിലേക്ക് വേണ്ടിയായിരുന്നു ഈ നടപടി ക്രമങ്ങൾ. ഒരു വർഷത്തേക്ക് കരാർ നിയമനം എന്ന തരത്തിലായിരുന്നു ഈ നടപടിക്രമങ്ങൾ. അങ്ങനെ 2020ൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുസാറ്റ് ആളെ നിയമിച്ചുവെന്നതാണ് വസ്തുത.

അത് മുതിർന്ന മാധ്യമ പ്രവർത്തകനായ കെ രാജഗോപാലിനെയായിരുന്നു. സർക്കാരിന് കീഴിലെ മറ്റൊരു സ്ഥാപനത്തിലെ പി ആർ ഒ പദവി രാജിവച്ചാണ് രാജഗോപാൽ കുസാറ്റിലെ പദവി ഏറ്റെടുത്തത്. രാജഗോപാൽ നിയമിതനായതോടെ തന്നെ 2020ലെ ആ റാങ്കു പട്ടിക അസാധുവായി എന്നതാണ് വസ്തുത. അതുകൊണ്ടാണ് അഭിലാഷ് മോഹന്റെ ഭാര്യയുടെ നിയമനം സുതാര്യത ഇല്ലാത്തതാകുന്നത്. യോഗ്യത നോക്കിയാലും അഭിലാഷ് മോഹന്റെ ഭാര്യയെക്കാൾ ഏറെ മുന്നിലാണ് രാജഗോപാൽ. മാതൃഭൂമിയിൽ തുടങ്ങി കൈരളി ടിവിയിലും മീഡിയാ വൺ ടിവിയിലും എല്ലാം പ്രവർത്തിച്ച് പരിചയമുള്ള മാധ്യമ പ്രവർത്തകൻ. ബിബിസി പോലും തൊണ്ണൂറുകളിൽ അംഗീകരിച്ച മലയാളത്തിലെ മാധ്യമ പ്രവർത്തകൻ. മാതൃഭൂമി പത്രത്തിന് തൃശൂരിൽ കാലുറപ്പിക്കാനായതിന് പിന്നിലും രാജഗോപാലിന്റെ മികവുണ്ട്.

പി എസ് സി വഴി ആരെങ്കിലും നിയമിക്കപ്പെട്ടാൽ ജോലി നഷ്ടമാകുമെന്ന വ്യവസ്ഥയും രാജഗോപാലിന് നൽകിയ നിയമന വാഗ്ദാന കത്തിലുണ്ടായിരുന്നു. അതായത് ഈ പോസ്റ്റ് പി എസ് സി വഴി ആളെ നിയമിക്കാവുന്ന തസ്തികയാണ്. പിന്നെ എന്തിനാണ് ഇങ്ങനെ കുസാറ്റ് പിൻവാതിൽ നിയമനം നടത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ഇഷ്ടമുള്ളവരെ നിയമിക്കാനുള്ള തന്ത്രമാണ് കരാർ നിയമനങ്ങളിലൂടെ നടത്തുന്നതെന്നും വ്യക്തമാണ്. സ്വയം ഭരണ സംവിധാനങ്ങളിലെ നിയമനങ്ങളിലെ സുതാര്യത പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.

രാജഗോപാൽ എന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ ഒരു വർഷം കരാർ അടിസ്ഥാനത്തിൽ കുസാറ്റിൽ ജോലിയും നോക്കി എന്നതാണ് വസ്തുത. രാജഗോപാലിന് നൽകിയ ആദ്യ നിയമന വാഗ്ദാന കത്തിൽ ഒരു വർഷത്തേക്ക് നിയമനം എന്ന് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് മറ്റൊരു ജോലിയുണ്ടെന്നും അതുകൊണ്ട് തന്നെ മൂന്ന് കൊല്ലത്തേക്ക് ജോലി സ്ഥിരത വേണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഒരു വർഷത്തിന് ശേഷം വീണ്ടും കരാർ പുതുക്കാമെന്നും മൂന്നു വർഷം വരെ ജോലി സ്ഥിരത ഉണ്ടാകുമെന്നും ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് വിശ്വസിച്ചാണ് തിരുവനന്തപുരത്തെ ജോലി വിട്ട് രാജഗോപാൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ഒരു കൊല്ലം പൂർത്തിയായപ്പോൾ രാജഗോപാലിനെ തൽസ്ഥാനത്തു നിന്നു കുസാറ്റ് നീക്കി. ജോലി സമയത്ത് രാജഗോപാലിനെതിരെ ഒരു ആരോപണവും കുസാറ്റ് ഉയർത്തിയിരുന്നില്ല. ജോലിയിൽ വീഴ്ചയും സംഭവിച്ചില്ല. അതുകൊണ്ട് തന്നെ തന്റെ കരാർ പുതുക്കണമെന്ന് കാട്ടി രാജഗോപാൽ കത്തും നൽ. ഇതിനിടെയാണ് രാജഗോപാലിനെ പിരിച്ചു വിടുന്നത്. ഇത് പഴയ റാങ്കു ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയെ എത്തിക്കാനുള്ള സുതാര്യമല്ലാത്ത കളികളുടെ തുടർച്ചയായിരുന്നു. തന്നെ പിരിച്ചു വിടുമ്പോൾ രാജഗോപാൽ ഇതൊന്നും മനസ്സിലാക്കിയിരുന്നില്ല. ഇതിനെതിരെ രാജഗോപാൽ പരാതിയും നൽകി എന്നതാണ് വസ്തുത.

രാജഗോപാലിനെ നീക്കിയ ശേഷം പുതിയ ആളിനെ നിയമിക്കാനുള്ള അവകാശം കുസാറ്റിനുണ്ട്. ആദ്യ റാങ്കുകാരനായ രാജഗോപാലിനെ നീക്കുന്നതു കൊണ്ടു തന്നെ പഴയ റാങ്ക് ലിസ്റ്റ് പോലും അപ്രസക്തമായി. അതിന് വീണ്ടും നടപടിക്രമങ്ങൾ തുടങ്ങണം. പുതിയ ആപ്ലിക്കേഷൻ വിളിക്കണം. ജോലിക്ക് അപേക്ഷിക്കുന്നവരെ അഭിമുഖം നടത്തി വീണ്ടും റാങ്ക് പട്ടിക തയ്യാറാക്കണം. അതിൽ നിന്ന് വേണം നിയമനം നടത്താൻ. എന്നാൽ 2022ലെ നിയമനത്തിന് കുസാറ്റ് ഈ സുതാര്യ വഴി സ്വീകരിച്ചില്ല. പകരം മുമ്പ് തയ്യാറാക്കിയ പട്ടികയിലെ രണ്ടാം റാങ്കുകാരിയെ നിയമിക്കുകയായിരുന്നു. പുതുതായി അപേക്ഷ ക്ഷണിച്ചാൽ യോഗ്യരായ പലരും അപേക്ഷിക്കുമായിരുന്നു. അതൊഴിവാക്കാനായിരുന്നു ഈ കള്ളക്കളിയെന്ന ആക്ഷേപമാണ് അഭിലാഷ് മോഹന്റെ ഭാര്യയുടെ കുസാറ്റിലെ നിയമനം ചർച്ചയാക്കുന്നത്. അതുകൊണ്ട് തന്നെ സുതാര്യമാണ് തന്റെ ഭാര്യയുടെ നിയമനമെന്ന വാദവും നിലനിൽക്കുമോ എന്നത് സംശയമാണ്.

ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ഡെക്കാൻ ക്രോണിക്കൾ എന്നീ പ്രമുഖ പത്രങ്ങളിൽ വന്ദനയ്ക്ക് 14 വർഷത്തെ പ്രവർത്തി പരിചയമുണ്ടെന്നും അഭിലാഷ് പറഞ്ഞിരുന്നു. നിയമനത്തിൽ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാൽ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് അവർ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ എന്നല്ല വന്ദനയുടെ വിലാസമെന്നും ഒരു സ്ത്രീക്ക് ജോലി ലഭിക്കുന്നതിന് ഭർത്താവിന്റെ സ്വാധീനം വേണോ എന്നും അഭിലാഷ് ചോദിച്ചിരുന്നു. ഓരാൾക്ക് സ്വന്തം കഴിവുകൊണ്ട് ജോലി ലഭിക്കുമ്പോൾ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തിരുന്നു.

ഇതൊക്കെ വസ്തുതയാണെങ്കിലും കുസാറ്റിലെ നിയമനം സുതാര്യമായിരുന്നില്ലെന്നാണ് രാജഗോപാലിന്റെ പരാതിയും വ്യക്തമാക്കുന്നത്. കോടതിയിലും രാജഗോപാൽ കേസ് കൊടുത്തിട്ടുണ്ട്. പുരോഗമന പക്ഷത്ത് നിന്ന് മാധ്യമ പ്രവർത്തനം നടത്തിയ രാജഗോപാലിന്റെ പ്രതിഭയെ കേരളത്തിൽ ആരും ചോദ്യം ചെയ്യില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP