Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിൻഭാഗത്തെ സീറ്റ് ഇളക്കിമാറ്റി മീൻപെട്ടി വെക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്ന ബൈക്ക് നിർണ്ണായകമായി; പിടിച്ചത് മാലയും വളയും ധരിക്കുന്ന കള്ളനെ; മീൻ കച്ചവടം നടത്തിയത് മോഷണത്തിന് മറയൊരുക്കാൻ; സൗമ്യനായ സ്വയം വാദിക്കും കള്ളൻ; പൂവരണി ജോയി 'കായംകുളത്തെ കൊച്ചുണ്ണിയായ' കഥ

പിൻഭാഗത്തെ സീറ്റ് ഇളക്കിമാറ്റി മീൻപെട്ടി വെക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്ന ബൈക്ക് നിർണ്ണായകമായി; പിടിച്ചത് മാലയും വളയും ധരിക്കുന്ന കള്ളനെ; മീൻ കച്ചവടം നടത്തിയത് മോഷണത്തിന് മറയൊരുക്കാൻ; സൗമ്യനായ സ്വയം വാദിക്കും കള്ളൻ; പൂവരണി ജോയി 'കായംകുളത്തെ കൊച്ചുണ്ണിയായ' കഥ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: അന്തർ ജില്ലാ വിഗ്രഹ മോഷണ സംഘത്തിന്റെ നായകനാണ് പൂവരണി ജോയ്. ചിങ്ങോലി കാവിൽപ്പടി, ഏവൂർ കണ്ണമ്പള്ളിൽ ദേവീക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിലെ സൗമ്യ മുഖം. ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ പത്തോളം മോഷണ ക്കേസുകളിലും ഇവർ പ്രതികളാണ്. കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ കണ്ണമ്പള്ളി ക്ഷേത്രത്തിൽ നടത്തിയ മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് പൂവരണി സംഘത്തെ കുടുക്കിയത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. സൗമ്യനായ മോഷ്ടാവ് ആണേ്രത ജോയ്. പൂവരണി ജോയ് നൂറിലധികം ക്ഷേത്ര മോഷണക്കേസുകളിൽ പ്രതിയാണ്. 2017 ൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ആലപ്പുഴ വാടക്കൽ, തുമ്പോളി ഭാഗങ്ങളിൽ താമസിച്ചു മത്സ്യകച്ചവടം നടത്തുകയായിരുന്നു. 2020 മുതൽ വീണ്ടും മോഷണം തുടങ്ങി. കായംകുളം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനം.

മോഷണ മുതലുകൾ വിറ്റുകിട്ടുന്ന തുക തുല്യമായി വീതിക്കുന്നത് ജോയുടെ പതിവാണ്. വീതംവയ്പിൽ 'നീതിമാൻ' ആയതിനാൽ ജോയിയുടെ സംഘത്തിലെ എല്ലാ പേരും അതിവിശ്വസ്തരാണ്. ഇത്തരത്തിൽ വലിയ മോഷണ ശൃംഖലയ്ക്കാണ് ജോയ് നേതൃത്വം നൽകിയതെന്നും പൊലീസ് പറഞ്ഞു. ആരെയും ആക്രമിക്കില്ല. കോടതി കൂടുതൽ കാലം ശിക്ഷിക്കാതിരിക്കാനാണ് അക്രമ വഴിയിൽ നിന്ന് മാറി സഞ്ചരിക്കുന്നത്. കോടതിയിൽ കേസുകൾ സ്വയം വാദിക്കുകയും ചെയ്യും ജോയ്. അങ്ങനെ തീർത്തും വ്യത്യസ്തനായ കള്ളൻ. വീടുണ്ടെങ്കിലും പുറത്തു താമസിക്കാനാണ് താൽപ്പര്യം. കായംകുളത്തെ കൊച്ചുണ്ണിയെന്ന വിളിപ്പേരും ജോയിക്ക് മോഷ്ടാക്കൾക്കിടയിലുണ്ട്. കൂടെയുള്ള മോഷ്ടാക്കളോട് കാട്ടുന്ന നീതി ബോധമാണ് ഇതിന് കാരണം. ഇതിനൊപ്പം സാധാരണക്കാരെ അക്രമിക്കില്ലെന്നതും ജോയിയെ നീതിമാനായ കള്ളനാക്കുന്നു.

ആലപ്പുഴ തുമ്പോളിക്കു സമീപം വാടക വീട്ടിലാണ് താമസം. വല്ലപ്പോഴുമേ ഈ വീട്ടിൽ എത്തൂ. നാട്ടിലുള്ളവരോട് സൗമ്യനായി ഇടപെടുന്ന ജോയ് മോഷ്ടാവാണെന്ന് പലരും അറിഞ്ഞത് അടുത്തിടെയാണ്. മത്സ്യവ്യാപാരി എന്ന വ്യാജേന മത്സ്യ കമ്മിഷൻ കേന്ദ്രങ്ങളിൽ രാത്രി കറങ്ങും. മത്സ്യവ്യാപാരികളുമായി ബന്ധം ഉണ്ടാക്കി അവരുമായി രാത്രി സഞ്ചരിച്ച് മോഷണ തന്ത്രം തയ്യാറാക്കും. ഇത് മോഷണത്തിന് വേണ്ടിയാണെന്ന് അവർ പോലുമറിഞ്ഞിരുന്നില്ല. അങ്ങനെ മത്സ്യത്തൊഴിലാളികൾക്കൊപ്പം നിന്ന് മോഷണ തന്ത്രങ്ങൾ രൂപപ്പെടുത്തി രാത്രിയിൽ കവർച്ച എന്നതാണ് രീതി.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി പരിസരം ജോയിയുടെ മറ്റൊരു താവളമാണ്. ഇവിടുത്തെ മിക്ക ലോഡ്ജുകളിലും ജോയ് താമസിച്ചിട്ടുണ്ട്. രാത്രി രോഗിയുടെ ബന്ധു ചമഞ്ഞ് ലോഡ്ജിൽ തങ്ങും. ലോഡ്ജിൽ ഇടം കിട്ടാത്തപ്പോൾ താമസം മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിലായിരിക്കും. നൂറിലേറെ മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ജോയ് മിക്ക കേസുകളും തനിയെയാണ് വാദിക്കുന്നത്. കേസ് സസൂക്ഷ്മം പഠിച്ച് പഴുതുകൾ കണ്ടെത്തി പൊലീസിന്റെ വാദങ്ങളെ കോടതിയിൽ ഖണ്ഡിക്കും. പല കേസുകളിലും രക്ഷപ്പെട്ടു. കേസിലെ വാദങ്ങൾ തനിക്ക് എതിരായാണ് നീങ്ങുന്നതെങ്കിൽ കുറ്റം അപ്പോൾ തന്നെ സമ്മതിച്ച് ശിക്ഷ വാങ്ങും.

ആഭരണങ്ങൾ ധരിക്കുന്ന മോഷ്ടാവാണ് ജോയി. അറസ്റ്റിലാകുന്ന സമയത്ത് സ്വർണമാലയും വളയും ജോയ് ധരിച്ചിരുന്നു. ആലപ്പുഴ കലവൂർ പള്ളിപ്പറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ(32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത് വീട്ടിൽ രമേശ്(27), അടിമാലി മാന്നാംക്കണ്ടം നന്ദനം വീട്ടിൽ വിഷ്ണു(30), പത്തനംതിട്ട ഓമല്ലൂർ വാഴമുട്ടം നെല്ലിക്കുന്നേൽ വീട്ടിൽ ഗിരീഷ്(51) എന്നിവരെയാണ് കായംകുളം ഡി.വൈ.എസ്‌പി: അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ജോയിയ്‌ക്കൊപ്പം അറസ്റ്റ് ചെയ്തത്.

രണ്ടര വർഷക്കാലമായി തൃശൂർ മുതൽ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കായംകുളം രാമപുരം ക്ഷേത്രത്തിലെ മോഷണശ്രമത്തിലും ഈ സംഘമാണ്. ആലപ്പുഴ ജില്ലയിൽ മാത്രം ആറു കേസുകൾ ഇവരുടെ പേരിലുണ്ട്. കരീലക്കുളങ്ങരയിൽ രണ്ടും ഹരിപ്പാട്, കനകക്കുന്ന്, അരൂർ, ആലപ്പുഴ നോർത്ത് എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണുള്ളത്.

ആലപ്പുഴ കാട്ടൂർ സ്വദേശിയായ സെബാസ്റ്റ്യൻ വളവനാട് വെട്ടുകേസുകൾ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ഇടുക്കി അടിമാലി പടിക്കുപ്പ സ്വദേശിയായ രമേശ് നേരത്തെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ മോഷണശ്രമക്കേസിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇടുക്കി കല്ലാർ പെട്ടിമുടി സ്വദേശിയായ വിഷ്ണു, രമേശിനൊപ്പം വെൽഡിങ് ജോലികൾ ചെയ്തു വരുന്ന ഗിരീഷ് മോഷണസ്വർണം ഉരുക്കി വിറ്റ കേസിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഏവൂർ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ മോഷണത്തിന് ശേഷം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു. കായംകുളം മേഖലയിലെ ക്ഷേത്രക്കവർച്ചകളിലെ പ്രധാനപ്രതി ജോയി ആണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം ആലപ്പുഴയിൽ പല സ്ഥലങ്ങളിലും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ അമ്പലപ്പുഴയിലെ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ തെളിഞ്ഞിരുന്നു.

പിൻഭാഗത്തെ സീറ്റ് ഇളക്കിമാറ്റി മീൻപെട്ടി വെക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്ന ബൈക്കായിരുന്നു. ഈ ബൈക്ക് തിരഞ്ഞുള്ള അന്വേഷണം വണ്ടാനം മെഡിക്കൽ കോളേജ് പരിസരത്താണ് പൊലീസിനെ എത്തിച്ചത്. ആശുപത്രിക്കു പുറത്ത് ബൈക്കിരിക്കുന്നതു കണ്ട് മണിക്കൂറുകളോളം അന്വേഷണ ഉദ്യോഗസ്ഥർ കാവൽ നിന്നെങ്കിലും ബൈക്കെടുക്കാൻ ആരും വന്നില്ല. തുടർന്ന് ആശുപത്രിക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഏവൂർ കണ്ണമ്പള്ളിൽ ദേവീക്ഷേത്രത്തിലെ മോഷണം കഴിഞ്ഞു പോകുന്നതിനിടെ സമീപത്തെ റോഡിൽ വെച്ച് തങ്ങളുടെ ബൈക്ക് കേടായിരുന്നെന്ന് പ്രതികൾ പൊലീസിനു മൊഴി നൽകി. ഈ സമയം രണ്ടുബൈക്കിലായി നാലുപേർ അതുവഴി വന്നു. അവർ തങ്ങളെ പിടികൂടുമെന്നു ഭയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്നായിരുന്നു ഒന്നാംപ്രതി പൂവരണി ജോയി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ക്ഷേത്രക്കവർച്ച സംഘത്തെ നേരിൽ കണ്ടവരെ പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP