Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർത്ഥിയില്ല; തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർത്ഥികളെ നിർത്താറില്ല; ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം; ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരി

തൃക്കാക്കരയിൽ സഭക്ക് സ്ഥാനാർത്ഥിയില്ല; തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർത്ഥികളെ നിർത്താറില്ല; ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാം; ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി. തൃക്കാക്കരയിൽ സഭയ്ക്ക് സ്ഥാനാർത്ഥി ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർത്ഥികളെ നിർത്താറില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികൾക്ക് തീരുമാനിക്കാമെന്ന് മാർ ആലഞ്ചേരി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ജനങ്ങളല്ലേ നിലപാട് എടുക്കേണ്ടത്. ജനങ്ങളുടേത് സഭയുടെ നിലപാട് ആയിരിക്കണമെന്നില്ല. സഭ എന്ന് പറയുന്നത് ജനങ്ങളുടെ കൂട്ടായ്മയാണ്. സഭ എന്ന് പറഞ്ഞ് ഒരു കൂട്ടർ മാറിനിൽക്കും. ഏത് പാർട്ടിക്ക് വോട്ട് ചെയ്യമെന്ന് അവർ തീരുമാനിക്കുമെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി. ചിലപ്പോൾ ചിതറി വോട്ട് ചെയ്‌തെന്നും വരാം. അത് ജനാധിപത്യത്തിൽ കണ്ടുവരുന്നതാണ്. ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന നിർദ്ദേശം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. നന്നായി പരിശ്രമം നടത്തി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ഥാനാർത്ഥികൾ ശ്രമിക്കണമെന്നും മാർ ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയിൽ മൽസരിക്കുന്ന ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തുവന്നിരുന്നു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്നും എന്നാൽ, അത് ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന നിയമസഭയുടേതാണെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം നാമനിർദ്ദേശം പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തൃക്കാക്കരയിൽ മത്സരചിത്രം തെളിഞ്ഞിട്ടുണ്ട്. ആകെ എട്ടുപേരാണ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് അപരനായി ജോമോൻ ജോസഫ് എന്നയാൾ സ്വതന്ത്രനായി രംഗത്തുണ്ട്. ബാലറ്റ് യന്ത്രത്തിൽ ആദ്യപേര് ഉമ തോമസിന്റെതാണ്. രണ്ടാമതായി ജോ ജോസഫും മൂന്നാമതായി എ.എൻ. രാധാകൃഷ്ണനുമുണ്ട്.

സ്ഥാനാർത്ഥികളും ചിഹ്നവും: കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസ് (കൈ), സിപിഎം സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് (ചുറ്റിക അരിവാൾ നക്ഷത്രം), ബിജെപി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ (താമര). സ്വതന്ത്ര സ്ഥാനാർത്ഥികൾ: അനിൽ നായർ (ബാറ്ററി ടോർച്ച്), ജോമോൻ ജോസഫ് സ്രാമ്പിക്കൽ (കരിമ്പു കർഷകൻ), സി.പി. ദിലീപ് നായർ (ടെലിവിഷൻ), ബോസ്‌കോ കളമശ്ശേരി (പൈനാപ്പിൾ), മന്മഥൻ (ഓട്ടോറിക്ഷ). ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്വദേശിയാണ് ജോമോൻ ജോസഫ്.

ഏറെ സസ്‌പെൻസുകൾക്കൊടുവിലായിരുന്നു ഇടതു സ്ഥാനാർത്ഥിയായി ജോ ജോസഫിനെ എൽഡിഎഫ് കൺവീനർ ഇ. പി. ജയരാജൻ പ്രഖ്യാപിച്ചത്. സഭയുടെ നോമിനിയാണ് ജോയെന്നതടക്കമുള്ള ആരോപണങ്ങൾ പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ സജീവമായിരുന്നു. തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP