Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'തർക്കമുള്ളിടത്ത് ജിയോ ടാഗ്, അല്ലാത്തിടത്ത് കല്ലിടൽ'; സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടി വേഗത്തിലാക്കും; ഉടമകൾക്ക് സമ്മതമെങ്കിൽ കല്ലിടും; കെ-റെയിൽ മുന്നോട്ട് വെച്ച മൂന്ന് നിർദേശത്തിന് അംഗീകാരം നൽകിയെന്ന് റവന്യൂമന്ത്രി കെ രാജൻ

'തർക്കമുള്ളിടത്ത് ജിയോ ടാഗ്, അല്ലാത്തിടത്ത് കല്ലിടൽ'; സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടി വേഗത്തിലാക്കും; ഉടമകൾക്ക് സമ്മതമെങ്കിൽ കല്ലിടും; കെ-റെയിൽ മുന്നോട്ട് വെച്ച മൂന്ന് നിർദേശത്തിന് അംഗീകാരം നൽകിയെന്ന് റവന്യൂമന്ത്രി കെ രാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കു കല്ലിടുന്നത് പൂർണമായി നിർത്തിയിട്ടില്ലെന്നും സാമൂഹികാഘാത പഠനം വേഗത്തിലാക്കാൻ ജിയോ ടാഗ് അടക്കമുള്ള മറ്റു മാർഗങ്ങൾക്ക് അംഗീകാരം നൽകിയതാണെന്നും റവന്യൂ മന്ത്രി കെ.രാജൻ.

തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാനും, അല്ലാത്ത സ്ഥലങ്ങളിൽ മാർക്ക് ചെയ്ത് സർവേ നടത്താനും, മറ്റിടങ്ങളിൽ ജിയോ ടാഗ് സംവിധാനങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദ്ദേശമാണ് കെ-റെയിൽ മുന്നോട്ട് വെച്ചതെന്നും മൂന്നിനും അംഗീകാരം നൽകുകയായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

സാമൂഹികാഘാത പഠനത്തിന്റെ വേഗം വർധിപ്പിക്കാനായി കെ-റെയിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. അതിൽ ഒന്ന് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടണം എന്നാണ്. രണ്ട്, കല്ലിടുന്നതിന് പുറമെ ഏതെങ്കിലും സ്ഥാവര ജംഗമ വസ്തുവിൽ മാർക്ക് ചെയ്ത് അടയാളപ്പെടുത്താനുള്ള അവസരം നൽകണം. മൂന്നാമത്തേത് ജിയോ ടാഗിങ് നടത്താനുള്ള അവസരം വേണം എന്നാണ് ഏജൻസി ആവശ്യപ്പെട്ടത്.

ഇതിനെത്തുടർന്ന് സാമൂഹികാഘാത പഠനത്തിന്റെ വേഗം വർധിപ്പിക്കുന്നതിന് വേണ്ടി ഈ മൂന്ന് വഴികളിൽ കൂടിയും അതിരടയാളം രേഖപ്പെടുത്തി സാമൂഹികാഘാത പഠനം നടത്താവുന്നതാണ് എന്ന അനുമതിയാണ് കൊടുത്തിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു.

സാമൂഹികാഘാത പഠനത്തിന് സാധാരണ നിലയിൽ അനുവദിക്കപ്പെട്ട സമയത്തിന്റെ വലിയ ഒരു ഭാഗം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ അത് വേഗതയിലാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മൂന്ന് കാര്യങ്ങൾ ഒരു പോലെ നടത്താൻ അവസരം ഉണ്ടാകണമെന്നാണ് കെ-റെയിൽ ആവശ്യപ്പെട്ടത്. അതിനുള്ള അനുമതിയാണ് നിലവിൽ നൽകിയിരിക്കുന്നത്.

കെ-റെയിൽ പ്രവർത്തനം വേഗതയിൽ ആക്കണമെങ്കിൽ സാമൂഹികാഘാത പഠനം വേഗതയിലാക്കണം. സാമൂഹികാഘാത പഠനം നടത്തുന്നത് ഭൂമി ഏറ്റെടുക്കാൻ വേണ്ടിയല്ല. ഭൂമി ഏറ്റെടുക്കുമ്പോൾ ആളുകൾക്കുണ്ടാകുന്ന ആഘാതം എത്രയാണ് എന്ന് അറിയാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

സർവേ നടപടികൾക്കു കാലതാമസം നേരിടുന്നതായി കോർപറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സർവേ നീണ്ടുപോയാൽ അത് എല്ലാക്കാര്യങ്ങളെയും ബാധിക്കും. അതിനാൽ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് വ്യത്യസ്ത രീതിയിലുള്ള സർവേയ്ക്ക് സർക്കാർ അനുമതി നൽകിയത്. സർവേ നടത്താനുള്ള ഒരു മാർഗം മൂന്നു മാർഗമായി വിപുലീകരിക്കാൻ കെറെയിൽ ആവശ്യപ്പെട്ടപ്പോൾ അതിന് അംഗീകാരം നൽകുകയായിരുന്നു.'

''സാമൂഹികാഘാത പഠനം ഭൂമി ഏറ്റെടുക്കാനല്ല. നഷ്ടപരിഹാരം നൽകാനുള്ളവർക്കു പറയാനുള്ളത് കേൾക്കും. അതു സംബന്ധിച്ച റിപ്പോർട്ട് വിദഗ്ധ സമിതി പഠിക്കും. അവരുടെ കൂടി അഭിപ്രായം കേട്ടശേഷമാകും അന്തിമ അലൈന്മെന്റ് തീരുമാനിക്കുക' മന്ത്രി പറഞ്ഞു.

വൻ പ്രതിഷേധങ്ങൾ, കടുത്ത രാഷ്ട്രീയ വിവാദങ്ങൾ, സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘർഷങ്ങൾ എല്ലാം അവസാനിക്കുകയാണ്. മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവർ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ ബലംപ്രയോഗിച്ച് സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സർവേ നടത്തും.

ജിയോ ടാഗിങ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്‌മെന്റ് കോർപറേഷന്റെ നിർദ്ദേശമനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിർദ്ദേശങ്ങളുയർന്നിരുന്നെങ്കിലും തർക്കമുള്ളിടത്ത് ഇനി ജിയോ ടാഗിങ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘർഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിർപ്പുയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവർ ലൈനിനെ അനുകൂലിച്ച് സർക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവർ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിർത്തിവച്ചതും വലിയ ചർച്ചയായി.

ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാൽ കല്ലിടൽ മാത്രമാണ് നിർത്തിയിട്ടുള്ളതെന്നും സർവേ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാർ പ്രതികരിച്ചു. 190 കിലോ മീറ്ററിലാണ് സിൽവർ ലൈൻ സർവേ പൂർത്തിയായത്. ഇനി 340 കിലോ മീറ്റർ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സർവേക്ക് സഹായം നൽകും.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ കല്ലിടലിൽ നിന്നുള്ള സർക്കാരിന്റെ പിന്മാറ്റം എന്നാണ് ഉയരുന്ന വിമർശനം. പ്രതിപക്ഷ സമരത്തിന്റെ ഒന്നാം ഘട്ട വിജയമെന്നാണ് വി ഡി സതീശറെ പ്രതികരണം. സർവ്വേ രീതിയിൽ മാത്രമാണ് മാറ്റമെന്നും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നുമാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കിയാണ് സർക്കാർ കല്ലിടൽ നിർത്തിയതെന്നും ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണറായി വിജയന് മുട്ടുമടക്കേണ്ടി വന്നുവെന്ന് വി മുരളീധരൻ വിമർശിച്ചു. കേന്ദ്ര സർക്കാർ കെ റെയിലിന് അനുമതി നൽകില്ല എന്ന് വ്യക്തമായതും തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആവർത്തിച്ചു. സർവേ രീതി മാത്രമാണ് മാറിയതെന്ന് ഇ പി ജയരാജൻ വിശദീകരിച്ചു. ഏതെങ്കിലും രീതിയിൽ സർക്കാർ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP