Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യാ-നേപ്പാൾ ബന്ധം രാഷ്ട്രീയത്തിന് അതീതം; ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിവിധ മേഖലകളിൽ ആറ് കരാറുകൾ ഒപ്പിട്ടു; ബൗദ്ധ സാംസ്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കും

ഇന്ത്യാ-നേപ്പാൾ ബന്ധം രാഷ്ട്രീയത്തിന് അതീതം; ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിവിധ മേഖലകളിൽ ആറ് കരാറുകൾ ഒപ്പിട്ടു; ബൗദ്ധ സാംസ്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കും

ന്യൂസ് ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്നും അത് ഹിമാലയം പോലെ ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പിട്ടു.

ബുദ്ധ പൂർണ്ണിമ ദിനത്തിൽ ശ്രീബുദ്ധൻ ജനിച്ച ലുംബിനിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എത്തിയത്. മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി ബൗദ്ധ വിഹാരത്തിൽ ഇന്ത്യ നിർമ്മിക്കുന്ന സാംസ്കാരിക കേന്ദ്രത്തിനും തറക്കല്ലിട്ടു. ബുദ്ധനെ പോലെ ശ്രീരാമനും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു എന്ന് മോദി പറഞ്ഞു.

നേപ്പാളില്ലാതെ അയോദ്ധ്യയിലെ ശ്രീരാമഭഗവാൻ പോലും അപൂർണ്ണനാണ്. ഭഗവാൻ ബുദ്ധന്റെ ത്യാഗവും സാമൂഹ്യ ആദ്ധ്യാത്മിക ധാരയുടേയും പൊൻനൂലാണ് ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ബുദ്ധഭഗവാൻ ജന്മമെടുത്ത പുണ്യസ്ഥാനത്തിന്റെ ഊർജ്ജം വിവരിക്കാൻ സാധിക്കാത്തതാണ്. മുക്തിധാം, പശുപതിനാഥ്, ജനക്പുരി, മായാദേവീ എല്ലാം പുണ്യസ്ഥലങ്ങളാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ സാഗർമാഥായുടെ നാട്. ഏറ്റവും പുരാതന സംസ്‌കാരത്തിന്റെ നാടാണിത്.

രാഷ്ട്രീയത്തിനപ്പുറമാണ് ഭാരതീയർ നേപ്പാളിനെ കാണുന്നത്. നേപ്പാളിൽ നിന്നുള്ളവർ കാശിവിശ്വനാഥനെ തൊഴുമ്പോഴും അതേ സാംസ്‌കാരിക ധാരയാണ് ഒഴുകുന്നത്. ഇത് ആദ്ധ്യാത്മികതയുടെ വലിയൊരു മൂലധനമാണെന്ന് നാം ഇരുരാജ്യത്തെ ജനങ്ങളും തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകത്തിലെ എല്ലാത്തരം പ്രശ്നങ്ങൾക്കിടയിലും ഇന്ത്യയും നേപ്പാളും ആഗോള മാനവികതയുടെ പ്രചാരകരായി രംഗത്ത് നേതൃത്വം കൊടുക്കേണ്ടവരാണ്. ലോകശാന്തി ക്കായി പ്രവർത്തിക്കേണ്ടവരാണ് ഇരുരാജ്യങ്ങളും. ശ്രീബുദ്ധൻ ബോധവും പരീക്ഷണവും ഒരുപോലെ കാണിച്ചു തന്ന ആദ്ധ്യാത്മിക വ്യക്തിത്വമാണ്. എല്ലാം നേടാനല്ല നേടിയതെല്ലാം ത്യജിക്കാനാണ് അദ്ദേഹം നമ്മെ ശീലിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മത്യാഗവും നിരന്തര പരീക്ഷണവും സാമൂഹ്യമായ ഉന്നതിക്കായിട്ടായിരുന്നു.

നാം സ്വയം ദീപമായി ജ്വലിക്കൂ. എന്നെയല്ല പൂജിക്കേണ്ടത്. സ്വയം പരീക്ഷണം നടത്തി ആത്മസാക്ഷാത്കാരം നേടൂ എന്നാണ് ബുദ്ധഭഗവാൻ നൽകിയ സന്ദേശം. മനുഷ്യ ജീവിതത്തിൽ യാതൊരു തരം വിഭജനമോ വേർതിരിവോ അദ്ദേഹം കണ്ടില്ല. വസുധൈവ കുടുംബകമെന്ന ഈ ലോകം മുഴുവൻ ഒന്നാണെന്ന സന്ദേശം അദ്ദേഹം മുറുകെപ്പിടിച്ചു. വൈശാഖ പൂർണ്ണിമയെന്ന ഒരേ തിഥിയിൽ ജനനവും ബോധോദയവും സമാധിയും സംഭവിക്കുക എന്നത് ലോകത്തിൽ ഒരു മഹാത്മാവിനും സംഭവിച്ചിട്ടില്ലെന്നും അത് ശ്രീബുദ്ധഭഗവാന്റെ അനുഗ്രഹം ലഭിച്ച നാം ഭാഗ്യവാന്മാരാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഗുജറാത്തിലെ വട്നഗറിലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് ബുദ്ധശിക്ഷണം നടന്നിരുന്നത്. ആ പുണ്യ സ്ഥലത്ത് ജനിക്കാനായത് തനിക്ക് വലിയ അനുഭൂതിയും അഭിമാനവുമാണ് നൽകുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

നേപ്പാളിൽ ബുദ്ധസംസ്‌കാരം പഠിപ്പിക്കാനുള്ള ഗവേഷണം നടത്താനുള്ള സ്ഥാപനം ഇന്ത്യ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബുദ്ധസർക്യൂട്ട് വഴി നേപ്പാളും ഇന്ത്യയുടെ സാംസ്‌കാരിക തീർത്ഥയാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിലും സന്തോഷമുണ്ട്. ഡോ. അംബേദ്ക്കർ ചെയർ ലുംബിനി സർവ്വകലാശാലയിൽ സ്ഥാപിക്കാനും തീരുമാനിച്ച വിവരം സസന്തോഷപൂർവ്വം അറിയിക്കുന്നു. ഇവയ്ക്കൊപ്പം കാഠ്മണ്ഡു, ത്രിഭുവൻ എന്നീ സർവ്വകലാശാലയുടെ വളർച്ചയ്ക്കും ഇന്ത്യയുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ഉറപ്പുതരുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

അതിർത്തിയിൽ ഇരുരാജ്യത്തെ ജനങ്ങൾക്കും വരാനും പോകാനുമായി ഭൗരാവ-സോനോലിയിൽ സംയുക്ത ചെക്പോസ്റ്റ് തുറക്കുന്നതിലൂടെ ടൂറിസം കൂടുതൽ വേഗത്തിലാകും. വാണിജ്യമേഖലയ്ക്കും ഉണർവ്വുണ്ടാകുമെന്നകാര്യത്തിൽ സംശയമില്ലെന്നും വരാനിരിക്കുന്ന നാളുകളിൽ ഇന്ത്യ-നേപ്പാൾ ബന്ധം സുശക്തമായിരിക്കുമെന്നും അതിർത്തിയിലെ സുരക്ഷയിലും അത് പ്രതിഫലിക്കുമെന്നും നരേന്ദ്ര മോദി ഉറപ്പുനൽകി.

നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദെയ്ബയുമായി ചർച്ച നടത്തിയ മോദി ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ പാത നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് രണ്ടു രാജ്യങ്ങളും ഒപ്പു വച്ചത്.

ബൗദ്ധ സാംസ്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കാൻ ഇന്ത്യ 30 വർഷമായി ശ്രമിക്കുകയാണ്. പല രാജ്യങ്ങൾക്കും അനുമതി നല്കിയ നേപ്പാൾ ഇതുവരെ ഇന്ത്യയ്ക്ക് സ്ഥലം നല്തിയിരുന്നില്ല. നരേന്ദ്ര മോദി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിലുള്ള നീക്കം ഊർജ്ജിതമാക്കി. ലുംബിനിയിലെ ബുദ്ധവിഹാരത്തിൽ ബാക്കി കിടന്ന രണ്ടു സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് നല്കിയത്. അതിർത്തിയിലെ തർക്കം ഉൾപ്പടെ പരിഹരിക്കാൻ അടുത്തിടെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP