Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെടിവെച്ച് കൊന്നത് രാജ്യദ്രോഹത്തിനോ അതോ ക്രിസ്തുമതം സ്വീകരിച്ചതിനോ? മതസഹിഷ്ണുതയ്ക്ക് പേരുകേട്ട തിരുവിതാംകൂർ രാജവംശം പ്രകോപിതരായത് തേക്കുതടി വെട്ടിയത് അടക്കമുള്ള നടപടികളിലോ? വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ദേവസഹായം പിള്ളയുടെ മരണത്തെ ചൊല്ലി വിവാദം

വെടിവെച്ച് കൊന്നത് രാജ്യദ്രോഹത്തിനോ അതോ ക്രിസ്തുമതം സ്വീകരിച്ചതിനോ? മതസഹിഷ്ണുതയ്ക്ക് പേരുകേട്ട തിരുവിതാംകൂർ രാജവംശം പ്രകോപിതരായത് തേക്കുതടി വെട്ടിയത് അടക്കമുള്ള നടപടികളിലോ? വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ദേവസഹായം പിള്ളയുടെ മരണത്തെ ചൊല്ലി വിവാദം

എം റിജു

കോഴിക്കോട്: വത്തിക്കാൻ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയുടെ മരണത്തെ ചൊല്ലി ചരിത്രകാരന്മാരിൽ ഭിന്നത. ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചതിനാണ് അദ്ദേഹത്തെ വെടിവെച്ച് കൊന്നത് എന്ന് പറയുന്നത് ശരിയല്ലെന്നാണ് ഇപ്പോൾ ഉയരുന്ന വാദം. ഞായറാഴ്ച വത്തിക്കാനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരിക്കെ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതിന്, 1752 ൽ നാഗർകോവിലിന് അടുത്ത് കറ്റാടിമലയിൽ വച്ച് ഇദ്ദേഹത്തെ വെടിവച്ചു കൊന്നുവെന്നാണ് വത്തിക്കാൻ പറയുന്നത്. നിലകണ്ഠ പിള്ള എന്ന പേര് മതംമാറിയതിന് ശേഷം ദേവസഹായം പിള്ള എന്ന് മാറ്റുകയായിരുന്നു.

എന്നാൽ അധികാര ദുർവിനിയോഗം നടത്തിയതിനും രാജ്യദ്രോഹത്തിനുമാണ്, ദേവസഹായം പിള്ളയെ തിരുവിതാംകൂർ രാജാവ് പുറത്താക്കിയതെന്ന് ചരിത്രകാരനായ ഡോ. ടി.പി. ശേഖരൻകുട്ടി നായർ പറയുന്നു. ക്രിസ്തുമതേത്താടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവർത്തിച്ചിരുന്ന മഹോദയപുരത്തേയും പത്മനാഭപുരത്തേയും രാജാക്കന്മാർ മതംമാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ച് കൊല്ലുകയില്ലെന്നും അദ്ദേഹം രേഖകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു.

കേരളാ കത്തോലിക്കാ സഭയിലെ ആഗോള വിഭാഗമായ ലത്തീൻ സഭയുടെ പ്രതിനിധിയാണ് ദേവ സഹായം പിള്ള. സീറോ മലബാർ സഭയ്ക്ക് ചാവറയച്ചനും അൽഫോൻസാമ്മയും എവുപ്രാസിയമ്മയും മറിയം ത്രേസ്യയും അടക്കം നാലു പേർ വിശുദ്ധ പദവിയിലുണ്ട്. ഭാരതസഭയിൽനിന്നു വിശുദ്ധ പദവിയിലേക്കുയരുന്ന ആദ്യ അൽമായനാണ് ഇദ്ദേഹം. ദേവസഹായംപിള്ളയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ വിശുദ്ധ പട്ടികയിലേക്കു ചേർക്കുന്നത്. 2012 ഡിസംബർ 2നാണ് വാഴ്‌ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്. തുടർന്നാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം ഇതിനായി സമർപ്പിച്ച രേഖകൾ മാർപാപ്പ അംഗീകരിച്ചത്.

ദേവസഹായം പിള്ളയുടെ ഭൗതികശരീരം കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് കത്തീഡ്രലിലാണ് സംസ്‌കരിച്ചത്. കന്യാകുമാരി ജില്ല ഇപ്പോൾ തമിഴ്‌നാട്ടിലാണെങ്കിലും ദേവസഹായത്തിന്റെ കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ദേവ സഹായത്തേയും മലയാളിയായും കേരള കത്തോലിക്കാ സഭയുടേയും ഭാഗമായി വിലയിരുത്തുന്നത്.

നമ്പൂതിരിയിൽനിന്ന് നസ്രാണിയിലേക്ക്

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്തു നട്ടാലത്ത് 1712 ഏപ്രിൽ 23 നാണ് ദേവസഹായം പിള്ളയുടെ ജനനം. നീലകണ്ഠപ്പിള്ള എന്നായിരുന്നു പേര്. ഒരു നമ്പൂതിരിക്കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വാസുദേവൻ നമ്പൂതിരിയും ദേവകിയമ്മയുമാണ് മാതാപിതാക്കൾ. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയ പിള്ള ആയോധനകലകളും വ്യാകരണവും മികവോടെ വശത്താക്കി. യൗവനമായപ്പോൾ അമരാവതിപുരം മേക്കൂട്ട് തറവാട്ടിലെ ഭാർഗവിയമ്മയെ വേളികഴിച്ചു.

തുടർന്നുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വിശ്വാസികളും സഭയും പറയുന്നത് ഇങ്ങനെയാണ്. 'മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേൽനോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ 'കാര്യക്കാരനു' മായി നിയമിതനായ നീലകണ്ഠപിള്ള ധർമ്മനിഷ്ഠനും ഈശ്വരാന്വേഷിയുമായ ഒരു സാത്വികനായിരുന്നു. 1741-ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് സൈനിക മേധാവിയായിരുന്ന ക്യാപ്റ്റൻ ഡിലനായി തടവിലാക്കപ്പെട്ടു. ബനഡിക്റ്റസ് യുസ്റ്റാച്ചിയോ ഡിലനായിയെ തിരുവിതാംകൂർ ചരിത്രത്തിൽ വലിയകപ്പിത്താൻ എന്നാണ് എഴുതിയിരിക്കുന്നത്.

കർമ്മകുശലനും ധിഷണാശാലിയും സത്യസന്ധനുമായിരുന്ന ക്യാപ്റ്റൻ ഡിലനായിയുടെ സാമുദ്രിക വിജ്ഞാനവും മറ്റു കഴിവുകളും മനസിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി. പാശ്ചാത്യശൈലിയിലുള്ള സൈനിക പരിശീലനം, ആയുധസംഭരണം തുടങ്ങിയവയിലൂടെ തിരുവിതാംകൂർ സേനയെ ശക്തിപ്പെടുത്തിയ ഡിലനായി പത്മനാഭപുരത്തിനടുത്തുള്ള ഉദയഗിരിയിൽ ഒരു നെടുങ്കൻ കോട്ട സ്ഥാപിച്ചു.

വലിയ ക്രിസ്തു ഭക്തനായിരുന്ന അദ്ദേഹം കോട്ടയ്ക്കുള്ളിൽ തന്നെ ക്രൈസ്തവ ദേവാലയവും രാജകീയ അനുമതിയോടെ പണികഴിപ്പിച്ചിരുന്നു. സ്വന്തം നാടും നാട്ടുകാരും നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കേണ്ടിവന്ന ആ ഡച്ചുകാരൻ ഔദ്യോഗിക കൃത്യങ്ങൾക്കുശേഷമുള്ള സമയം മുഴുവനും പ്രാർത്ഥനയിലും വേദവായനയിലും ചിലവഴിച്ച് സ്വന്തം വേദന മറന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം തൊട്ടടുത്തുള്ള പത്മനാഭപുരം കൊട്ടാരം പണിയുടെ കാര്യക്കാരനായി നിയമിതനായ നീലകണ്ഠപിള്ളയുമായി പരിചയപ്പെടുന്നത്. അവരുടെ സൗഹൃദം വളർന്നു. ഡിലനായിയുടെ പ്രാർത്ഥനാജീവിതവും വിശുദ്ധിയും ധാർമ്മികതയും കണ്ട നീലകണ്ഠപിള്ളയ്ക്ക് യേശുവിനെക്കുറിച്ച് അറിയുവാൻ താൽപ്പര്യമായി. അങ്ങനെ അദ്ദേഹത്തിന് മനം മാറ്റം ഉണ്ടായി.

മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം ക്രിസ്തുവിന്റെ വഴിയിലൂടെയുള്ള യാത്ര ആരംഭിച്ചു. 1745-ൽ ഈശോസഭാംഗമായ ഫാ. ജ്യോവാനി ബുട്ടാരി ഇദ്ദേഹത്തിനു ജ്ഞാനസ്നാനം നൽകി. ലാസർ ദേവസഹായംപിള്ള എന്ന പേരു സ്വീകരിച്ചു. തിരുവിതാംകൂർ രാജാവിന്റെ കീഴിൽ ഉദ്യോഗസ്ഥനായിരുന്നു അന്ന് അദ്ദേഹം. ഭാര്യ ഭാർഗവി അമ്മാളും ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്തുമതത്തിൽ ചേർന്നു. തെരേസ എന്നർഥം വരുന്ന ജ്ഞാനപ്പൂ അമ്മാൾ എന്ന പേര് സ്വീകരിച്ച

നീലകണ്ഠപിള്ളയുടെ മതപരിവർത്തനം ബ്രാഹ്മണരിൽ വലിയ വെറുപ്പുളവാക്കി. രാമയ്യൻ ദളവായ്ക്ക് ഇത് രാജാവിനോടും രാജാവിന്റെ മതത്തോടുമുള്ള വെല്ലുവിളിയായി തോന്നി. ദളവാ ദേവസഹായംപിള്ളയെ വിളിച്ച് ശാസിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും എന്നുവരെ ഭീഷണിപ്പെടുത്തി. പക്ഷേ ദേവസഹായം പിള്ള കുലുങ്ങിയില്ല. അവസാനം ജയിലറ. എന്നിട്ടും വഴങ്ങാതെ വന്നതോടെ രാജ കൽപ്പനം അതിക്രൂരമായി. 'കഴുത്തിൽ എരുക്കിൻ പൂമാലയിട്ട് റോഡിലൂടെ നടത്തി അപമാനിക്കുക, നാടായ നാടെല്ലാം ജനം അതു കണ്ട് ഭയചകിതരാകണം.'' ഇതായിരുന്നു ആ കൽപ്പന. എന്നിട്ടും മനസ്സ് മാറിയില്ല. 'ദേവസഹായംപിള്ളയെ കാറ്റാടിമലയിൽ കൊണ്ടുപോയി വെടിവച്ച് കൊല്ലുക.''എന്ന ഉത്തരവും എത്തി.അങ്ങനെ നാല്പതാം വയസിൽ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ദേവസഹായംപിള്ള കാറ്റാടിമലയിൽ വെടിയേറ്റു മരിച്ചു.''- ഇങ്ങനെയാണ് സഭാ സാഹിത്യങ്ങളിൽ പറയുന്നത്.

ശിക്ഷ രാജ്യദ്രോഹത്തിനോ?

എന്നാൽ മതത്തിനുവേണ്ടി നടത്തിയ കൊല അല്ല ഇതെന്ന് വിശദീകരിക്കുന്ന ചരിത്രകാരന്മാരും ഉണ്ട്. ചരിത്രകാരനായ ഡോ ടി പി ശങ്കരൻ കുട്ടിനായർ ഈ പക്ഷക്കാരനാണ്. അദ്ദേഹം ഇങ്ങനെ എഴുതുന്നു.

1903 ൽ തിരുവനന്തപുരത്തെ ബ്രിട്ടീഷ് റസിഡന്റിന്റെ ഓഫീസ് മാനേജരായിരുന്ന സി.എം. ആഗൂർ തന്റെ ചർച്ച് ഹിസ്റ്ററി ഓഫ് ട്രാവൻകൂറിൽ ഇങ്ങനെ പറയുന്നത് ടി പി ശങ്കരൻകുട്ടി നായർ ചൂണ്ടിക്കാട്ടുന്നു. 'നീലകണ്ഠപിള്ളയെ തിരുനെൽവേലി വടക്കൻകുളം പള്ളിയിലെ റവ. ഫാദർ ആർ. ബുട്ടാരിയയാണ് ജ്ഞാനസ്നാനം ചെയ്തത്. അന്നുമുതൽ തന്റെ സുഹൃത്തുക്കളെ പലരേയും ബുട്ടാരിയുടെ അടുത്തുവിട്ട് മതപരിവർത്തനം നടത്തിയിരുന്നു ദേവസഹായം പിള്ള. ഇത്തരം അടുപ്പംകൊണ്ട് ബുട്ടാരി മറ്റൊരു സഹായം ദേവസഹായം പിള്ളയോട് ചോദിച്ചു. വടക്കൻകുളം പള്ളി പണിയുന്നതിനും അതിനുവേണ്ട തേക്കുതടി അരുവാമൊഴി വഴി കൊണ്ടുപോകുന്നതിനുമുള്ള അനുവാദം. അപേക്ഷ സർക്കാരിന് നൽകിയോ എന്ന് എങ്ങും തെളിയുന്നുമില്ല. അനധികൃതമായി തേക്കുതടി വെട്ടി അരുവാമൊഴി വഴി വടക്കൻകുളത്തേക്ക് കൊണ്ടുപോയി ദേവസഹായം. ഇതിന്റെ പേരിൽ പല പരാതികളും കൊട്ടാരം സൂപ്രണ്ടും രാജാവിന്റെ സെക്രട്ടറിയുമായിരുന്ന ശിങ്കാരം അണ്ണാക്ക് ലഭിച്ചു. ഇത്തരം ഒരു സാഹചര്യത്തിലാണ് ദേവസഹായം പിള്ളയെ ദിവാന്റെ കൽപ്പനപ്രകാരം രാജാവിന്റെ മുൻപിൽ ഹാജരാക്കിയത്. '' സി.എം. ആഗൂറിന്റെ പുസ്തകം വ്യക്തമാക്കുന്നു.

കൊട്ടാരം ഉദ്യോഗസ്ഥരും തേക്കുതടി കടത്തൽ വലിയ കുറ്റമായി രാജാവിനെ ബോധ്യപ്പെടുത്തി. അങ്ങനെ അത് ഒരു രാജ്യദ്രോഹ കുറ്റമായി. മതംമാറിയ ഒരാൾ ക്ഷേത്രവുമായും രാജാവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് അന്നത്തെ നാട്ടാചാരപ്രകാരം അഭിലഷണീയമായിരുന്നില്ല എന്ന് എല്ലാവർക്കുമറിയാം. ഉദയഗിരിക്കോട്ടയിലായിരുന്നു പ്രധാന ജോലിയെങ്കിലും അത് തലസ്ഥാനത്തെ ക്ഷേത്രങ്ങളും ഓഫീസുകളും കൊട്ടാരവുമായൊക്കെ ബന്ധപ്പെട്ടിരുന്നു. തൊട്ടുകൂടായ്മ പോലുള്ള ഇന്നത്തെ അനാചാരങ്ങൾ അന്ന് ആചാരങ്ങളായിരുന്നു. ആ ഒരുകാലത്ത് മതം മാറിയ ഒരാൾ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുന്നത് അസ്വസ്ഥ ജനകവുമായിരുന്നു. പക്ഷേ അതിന്റെ പേരിലാണ് കൊല നടന്നത് എന്നതിന് തെളിവില്ലെന്ന എന്നാണ് ഡോ ടി പി ശങ്കരൻ കുട്ടിനായർ ചൂണ്ടിക്കാട്ടുന്നു.

തന്റെ വാദങ്ങൾ സാധൂകരിക്കാനായി ഡോ ടി പി ശങ്കരൻ കുട്ടിനായർ സ്റ്റേറ്റ് മാനുവൽ കർത്താവായ വി. നാഗമയ്യയെയും ഉദ്ധരിക്കുന്നു. 'ക്രിസ്തുമതേത്താടും ഇതരമതസ്ഥരോടും അനുകമ്പയോടെ പ്രവർത്തിച്ചിരുന്ന മഹോദയപുരത്തേയും പത്മനാഭപുരത്തേയും രാജാക്കന്മാർ മതംമാറിയെന്ന കാരണത്തിന് ഒരാളെ വെടിവച്ച് കൊല്ലുകയില്ലെന്ന് സ്റ്റേറ്റ് മാനുവൽ കർത്താവായ വി. നാഗമയ്യ (രണ്ടാം വാല്യം പേജ് 130) പറയുന്നു. (1906ൽ പ്രസിദ്ധീകരിച്ചത്). യൂണിവേഴ്‌സിറ്റി കോളേജിലെ ആദ്യത്തെ ബിഎ ഡിഗ്രി ജേതാവായ നാഗമയ്യ ദിവാൻ പദവി വേണ്ടെന്നുവച്ച് സ്റ്റേറ്റ് മാനുവൽ നിർമ്മാണത്തിൽ ലയിച്ച ഒരു സത്യാന്വേഷിയായിരുന്നു. ജോലിയിൽ നിന്നും പിരിച്ചുവിടാൻ വേണ്ട കുറ്റം ദേവസഹായം ചെയ്തിരുന്നു. അനുവാദമില്ലാതെ തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് വടക്കൻകുളം പള്ളി പണിയാൻ തേക്കുമരം വെട്ടി അരുവാമൊഴി വഴി എത്തിച്ച് തന്നെ ജ്ഞാനസ്‌നാനം ചെയ്യിച്ച ഫാ. ബുട്ടാരിയോട് കടപ്പാട് നിർവഹിച്ചത്. ഇത് തന്നെ പാലൂട്ടി വളർത്തിയ പത്മനാഭപുരം കൊട്ടാരത്തിലെ തിരുവിതാംകൂർ രാജാവിനോടും രാജ്യത്തോടും ചെയ്ത ഹീനമായ കുറ്റമെന്നവർ വിധിച്ചതിൽ കുറ്റം പറയാൻ സാധ്യമല്ല എന്ന സമീപനമാണ് നാഗമയ്യയുടേത്. ''- ഡോ ടി പി ശങ്കരൻ കുട്ടിനായർ നായർ ചൂണ്ടിക്കാട്ടി.

ഇതിന്റെ ചുവടുപിടിച്ച് സോഷ്യൽ മീഡിയയിലും ചർച്ച പുരോഗമിക്കയാണ്. മറ്റ് രാജ്യങ്ങളിൽ പലയിടത്തും നില നിന്നപോലെ മതം മാറിയവനെ കൊല്ലണം എന്ന സമീപനം തിരുവിതാംകൂറിൽ എവിടെയും ഇല്ലായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല തിരുവിതാകൂർ രാജവംശം എക്കാലവും മതസൗഹാർദത്തിന് പേരുകേട്ടവർ ആയിരുന്നു. മിഷനറിമാർക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും, സ്‌കൂളുകൾക്കും ആശുപത്രികൾക്കും വണ്ടേ സ്ഥലം വിട്ടുകൊടുത്തും, തിരുവിതാംകൂർ രാജക്കന്മ്മാർ ആയിരുന്നു. ഇനി അക്കാലത്ത് വ്യാപകമായ മതപരിവർത്തനങ്ങൾ ഉണ്ടായിട്ടും, എന്തുകൊണ്ട് മറ്റുള്ളവരെയല്ലാം വെറുതെ വിട്ടു എന്നാണ് സോഷ്യൽ മീഡിയയിൽ ചരിത്രകുതുകികൾ ചോദിക്കുന്നത്. അതുകൊണ്ടുതന്നെ മതം മാറ്റമല്ല ദേവസഹായം പിള്ളയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് ഇവർ സമർഥിക്കുന്നത്.

മാത്രമല്ല അക്കാലത്ത് തേക്ക്വെട്ടി കടത്തിയതുപോലുള്ള കാര്യങ്ങൾ നിഷ്പ്രയാസം രാജ്യദ്രോഹം ആക്കി മാറ്റാൻ കഴിയും. മാത്രമല്ല ക്രിസ്തുമതം ഉപേക്ഷിച്ച് തിരികെ വന്നാൽ നിന്നെ രക്ഷിക്കാം എന്ന് രാമയ്യൻ ദളവ പറഞ്ഞതിന് ഒരു തെളിവുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP