Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാഡ്മിന്റൺ റാക്കുമായി കോർട്ടിലെത്തിയത് അച്ഛന്റെ കൈപിടിച്ച്; പയറ്റി തെളിഞ്ഞ് വരവറിയിച്ചത് ഗോപീചന്ദ് അക്കാദമിയിലൂടെയും; ആദ്യമായി ഇന്ത്യ തോമസ് കപ്പിൽ മുത്തമിടുമ്പോൾ നിർണ്ണായകമായത് മലയാളിക്കരുത്ത്; ഇന്ത്യൻ ബാഡ്മിന്റണിന്റെ പവർഗെയിമർ എച്ച് എസ് പ്രണോയിയുടെ കളിജീവിതം

ബാഡ്മിന്റൺ റാക്കുമായി കോർട്ടിലെത്തിയത് അച്ഛന്റെ കൈപിടിച്ച്; പയറ്റി തെളിഞ്ഞ് വരവറിയിച്ചത് ഗോപീചന്ദ് അക്കാദമിയിലൂടെയും; ആദ്യമായി ഇന്ത്യ തോമസ് കപ്പിൽ മുത്തമിടുമ്പോൾ നിർണ്ണായകമായത് മലയാളിക്കരുത്ത്; ഇന്ത്യൻ ബാഡ്മിന്റണിന്റെ പവർഗെയിമർ എച്ച് എസ് പ്രണോയിയുടെ കളിജീവിതം

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: പ്രകാശ് പദുകോൺ എൺപതുകളിൽ തുടക്കമിട്ട ബാഡ്മിന്റൺ വിപ്ലവമാണ് ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ എത്തിനിൽക്കുന്നത്. ഇൻഡൊനീഷ്യയും മലേഷ്യയും ചൈനയും കൊറിയയും കൊടികുത്തിവാണ ബാഡ്മിന്റൺ കളിക്കളങ്ങളിൽ ഇന്ത്യക്കാർക്കും വിസ്മയങ്ങൾ സൃഷ്ടിക്കാനാവുമെന്ന് തെളിയിക്കുകയാണ് ഈ ചരിത്ര വിജയത്തിലൂടെ.തോമസ് കപ്പ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ ഇന്ത്യൻ ടീമിന്റെ വിസ്മയ പ്രകടനം ബാഡ്മിന്റൻ ആരാധകർക്കു സമ്മാനിച്ചത് അമ്പരപ്പും അതിലേറെ അഭിമാനവും.

ഗ്രൂപ്പ് ഘട്ടത്തിൽ ചൈനീസ് തായ്‌പേയിയോടു തോൽവി വഴങ്ങുകയും ക്വാർട്ടർ, സെമി മത്സരങ്ങളിൽ അധ്വാനിച്ചു മുന്നേറുകയും ചെയ്ത ഇന്ത്യൻ ടീമിനെയല്ല, ഫൈനൽ മത്സരത്തിൽ കണ്ടത്. കോർട്ടിൽ നിറഞ്ഞു നിന്ന അവരുടെ സംഘബലത്തിനു മുൻപിൽ 14 തവണ ചാംപ്യന്മാരായ ഇന്തൊനീഷ്യ നിഷ്പ്രഭരായി.ഇന്ത്യ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ നിറയുമ്പോൾ അതിൽ ഏറ്റവും തിളക്കമേറുന്നത് ഒരു മലയാളി താരത്തിന്റെ പേരാണ് എച്ച് എസ് പ്രണോയ്.ക്വാർട്ടറിൽ ചരിത്രം കുറിച്ച സെമിയിലേക്കും അവിടെ നിന്നു ഫൈലനിലേക്കും ഇന്ത്യ എത്തിയതിൽ ഈ തിരുവനന്തപുരത്തുകാരന്റെ പ്രകടനം നിർണ്ണായകമാണ്.

ഫൈനലിൽ കളിക്കേണ്ടി വന്നില്ലെങ്കിലും ക്വാർട്ടറിലും സെമിയിലും ഇന്ത്യയ്ക്കുവേണ്ടി അവസാന സിംഗിൾസ് ജയിച്ച് മുന്നേറ്റത്തിന് വഴിയൊരുക്കിയത് പ്രണോയിയുടെ പ്രകടനമാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ടൂർണമെന്റിൽ പ്രണോയ് പുറത്തെടുത്തത്. കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് വിജയം നേടാൻ പ്രണോയിക്ക് സാധിച്ചു.പവർ ഗെയിം കളിക്കുന്ന താരമാണ് പ്രണോയ് അതിനാൽ തന്നെ പരിക്കാണ് മിക്കപ്പോഴും പ്രണോയിയുടെ കരിയറിൽ വില്ലനായിട്ടുള്ളത്.

എട്ടാം വയസ്സിൽ അച്ഛന്റെ കൈപിടിച്ച് ബാഡ്മിന്റൺ കോർട്ടിലെത്തിയതാണ് എച്ച് എസ് പ്രണോയ്. മകനെ കളി പഠിപ്പിച്ചതും അച്ഛൻ സുനിൽകുമാർ തന്നെ.പ്രോത്സാഹനമേകി ഒപ്പം നിന്നു അമ്മ ഹസീനയും.അച്ഛൻ പകർന്ന കളിയടവുകളും അമ്മയുടെ സ്നേഹവും പ്രതിഭയ്ക്ക് കരുത്തായപ്പോൾ തിരുവനന്തപുരത്തുകാരനിലൂടെ രാജ്യത്തിന് ആദ്യമായി തോമസ് കപ്പ് സ്വന്തം.പതിനാറ് വയസ്സുവരെ അച്ഛനായിരുന്നു പരിശീലകൻ. അതിനുശേഷമാണ് പ്രണോയ് ഗോപീചന്ദ് അക്കാദമിയിലെത്തുന്നത്.

'കുട്ടി പ്രണോയ്റാക്കറ്റെടുത്ത ആദ്യ നാളുകളിൽ മികവ് തിരിച്ചറിഞ്ഞു. സംസ്ഥാന ചാമ്പ്യൻഷിപ്പുകളടക്കം ഇക്കാലളവിൽ നേടി.പ്ലസ്വണ്ണിന് പ്രമുഖ സ്‌കൂളിൽ പ്രവേശനം ലഭിച്ച വേളയിലാണ് ജൂനിയർ വേൾഡ് കപ്പ് വരുന്നത്. സ്‌കൂൾ അധികൃതർക്ക് ഹാജർ നിർബന്ധം. അവർ പറഞ്ഞതനുസരിച്ചാൽ ദേശീയ ക്യാമ്പും വേൾഡ് കപ്പും നഷ്ടമാകും. കളി നഷ്ടമാകാതിരിക്കാൻ ആ സ്‌കൂളിൽ നിന്നും ടിസി വാങ്ങി ഓപ്പൺ സ്‌കൂളിൽ ചേർക്കുകയായിരുന്നു. ആ പിന്തുണയുടെയും കരുതലിന്റെയും ഊർജത്തിലാണ് പ്രണോയിയുടെ ജൈത്രയാത്ര.

''മകൻ അംഗമായ ടീം തോമസ് കപ്പ് നേടിയതിൽ വളരെ സന്തോഷും അഭിമാനവുമുണ്ട്. ഫൈനലിൽ അവന് ഇറങ്ങാൻ കഴിയാതിരുന്നതിൽ വിഷമമില്ല. ഇന്ത്യ സ്വർണം നേടുകയാണ് പ്രധാനം. അത് സാധിച്ചു. സെമി ഫൈനലിൽ പ്രണോയ് പരിക്ക് മറന്ന് ഉജ്വലമായാണ് കളിച്ചത്.''പവർ ഗെയിമാണ് അവന്റേത്. ഈ ശൈലിയിൽ പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതൽ. പരിക്കുകളാണ് പലപ്പോഴും അവന് തിരിച്ചടിയായതെന്ന് അച്ഛൻ പ്രതികരിച്ചു.

കളിയെപ്പറ്റിയെല്ലാം വീട്ടിൽ ചർച്ച ചെയ്യും.കളിക്കാൻ പറ്റാവുന്നിടത്തോളം അവൻ കളിക്കണമെന്നാണ് ആഗ്രഹമെന്നും രക്ഷിതാക്കൾ പറഞ്ഞു.കളി കഴിഞ്ഞശേഷം അവൻ വിളിച്ചിരുന്നു. ഈ വിജയം നാടിനും വളർന്നുവരുന്ന താരങ്ങൾക്കും പ്രചോദനമാകുമെന്നാണ്
സുനിൽകുമാറിന്റെയും ഹസീനയുടെയും വാക്കുകൾ. ആനയറ സ്വദേശികളാണ് പ്രണോയിയുടെ മാതാപിതാക്കൾ. നിലവിൽ ആക്കുളത്താണ് താമസം. സഹോദരി പ്രിയങ്ക.

ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ബാഡ്മിന്റണിൽ ചാമ്പ്യന്മാരായി ഇന്ത്യ. ഫൈനലിൽ ഇന്തോനേഷ്യയെ 3-0 എന്ന നിലയിൽ തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്. 73 വർഷം പഴക്കമുള്ള ടൂർണമെന്റിൽ ഇന്ത്യ മെഡലുറപ്പിക്കുന്നത് ഇക്കുറി ആദ്യമായാണ്. ഫൈനലിലെത്തിയതോടെ വെള്ളിയും ഉറപ്പിച്ചിരുന്നു. 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തോൽപ്പിച്ചതോടെ സ്വർണനേട്ടത്തിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ഫൈനലിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച് അനായാസമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ നേടിയ വിജയം നിലനിർത്താൻ മറ്റു കളിക്കാർക്കും സാധിച്ചു. ലക്ഷ്യ സെൻ, എ. ഗിന്റിങ്ങിനെയാണ് തോൽപ്പിച്ചത്. സ്‌കോർ 8-21, 21-17, 21-16. 1-0ന് ലീഡെടുത്ത ഇന്ത്യ ഡബിൾസിലും ജയിച്ചതോടെ കിരീടത്തോടടുത്തു. സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ഡബിൾസിൽ മുഹമ്മദ് അഹ്‌സൻ, കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ വമ്പൻ പോരാട്ടത്തിലാണ് കീഴടക്കിയത്. സ്‌കോർ 18-21, 23-21, 21-19.

കിരീടനേട്ടം ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായിരുന്നു. ടീം അംഗങ്ങളെല്ലാം ഒരുപോലെ തിളങ്ങിയാൽ മാത്രം ലഭിക്കുമായിരുന്ന കിരീടം അകന്നുപോയതും അതുകൊണ്ടുതന്നെയാണ്. ഏറ്റവും മികച്ച ഒരു സംഘം മത്സരിക്കാനായി ഒത്തൊരുമയോടെ ഇറങ്ങിയതും ഇന്ത്യയ്ക്ക് നേട്ടമായി. കിഡംബി ശ്രീകാന്ത്, സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ടൂർണമെന്റിലുടനീളം തിളങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP