Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സേവാഗ് സ്റ്റൈലിൽ ട്രിപ്പിൾ അടിച്ച ക്ലാസിക് ബാറ്റ്‌സ്മാൻ; നെറ്റ്‌സിൽ ബോൾട്ടിന്റെ തീപാറും പന്തുകളെ അടിച്ചു പറത്തും സൂപ്പർ സ്റ്റാർ; കീവീസ് ഫാസ്റ്റ് ബൗളറുടെ പ്രശംസാ വചനവും കേൾക്കാത്ത ടീം മാനേജ്‌മെന്റ്; സ്ഥിരം പരാജയം പരാഗിന് വേണ്ടി തഴയുന്നത് ഈ പാതി മലയാളിയെ; കിരീടം ഉറപ്പിക്കാൻ കരുൺ നായരെ സഞ്ജു ഓർക്കേണ്ടതുണ്ടോ?

സേവാഗ് സ്റ്റൈലിൽ ട്രിപ്പിൾ അടിച്ച ക്ലാസിക് ബാറ്റ്‌സ്മാൻ; നെറ്റ്‌സിൽ ബോൾട്ടിന്റെ തീപാറും പന്തുകളെ അടിച്ചു പറത്തും സൂപ്പർ സ്റ്റാർ; കീവീസ് ഫാസ്റ്റ് ബൗളറുടെ പ്രശംസാ വചനവും കേൾക്കാത്ത ടീം മാനേജ്‌മെന്റ്; സ്ഥിരം പരാജയം പരാഗിന് വേണ്ടി തഴയുന്നത് ഈ പാതി മലയാളിയെ; കിരീടം ഉറപ്പിക്കാൻ കരുൺ നായരെ സഞ്ജു ഓർക്കേണ്ടതുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗർമാരുടെ നിരയിലാണ് ന്യൂസിലാൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ സ്ഥാനം. സ്വിങ് ബൗളിങിലൂടെ ബാറ്റർമാരുടെ ഉറക്കം കെടുത്തുന്ന ഇടംകൈയൻ ബൗളറാണ് അദ്ദേഹം. നിലവിൽ ഐപിഎല്ലിൽ സഞ്ജു സാംസണിനു കീഴിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചുകൊണ്ടിരിക്കുകയാണ് ബോൾട്ട്.

ഇന്ത്യൻ ക്യാപ്റ്റനും സ്റ്റാർ ഓപ്പണറുമായ രോഹിത് ശർമയുൾപ്പെടെ പല ലോകോത്തര ബാറ്റർമാർക്കും ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ബൗളറാണ് ബോൾട്ട്. തനിക്കെതിരേ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഇന്ത്യൻ ബാറ്റർ ആരാണെന്നു വെളിപ്പെടുത്തിയിരുന്നു ബോൾട്ട്. റോയൽസ് ടീമിലെ സഹതാരവും മലയാളിയുമായ കരുൺ നായരെയാണ് ബോൾട്ട് ഉയർത്തിക്കാട്ടിയത്. പക്ഷേ ബോൾട്ടിന്റെ വാക്കും രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ കേൾക്കുന്നില്ല. മുൻനിര കളിച്ചില്ലെങ്കിൽ മധ്യനിര തകർന്നടിയും. ജോസ് ബട്‌ലറും സഞ്ജുവും പടിക്കലും ജയ്‌സ്വാളുമാണ് പ്രതീക്ഷ. ഹിറ്റ്‌മെയർ പോയതോടെ ഫിനിഷർ ടീമിൽ ഇല്ല. എന്നിട്ടും കരുൺ നായരെ പരീക്ഷിക്കുന്നില്ല.

പക്ഷേ എന്തുകൊണ്ടും രാജസ്ഥാൻ ടീമിൽ കളിക്കാനുള്ള യോഗ്യത കരുൺ നായർക്കുണ്ട്. ബാറ്റിംഗിലെ ക്ലാസിനൊപ്പം ഷോട്ടുകളിലെ വ്യത്യസ്തതയും. എന്നിട്ടും രാജസ്ഥാൻ റോയൽസിന്റെ പ്ലെയിങ് ഇലവനിൽപ്പോലും സ്ഥാനമുറപ്പില്ലാത്ത താരമായി കരുൺ നായർ. നെറ്റ്സിൽ തനിക്കെതിരേയുള്ള കരുണിന്റെ ബാറ്റിങ് പ്രകടനം ട്രെന്റ് ബോൾട്ടിനെ പോലും വളരെയധികം ആകർഷിച്ചിരുന്നു. അതുകൊണ്ടു തന്നെയാണ് തനിക്കെതിര ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന ഇന്ത്യൻ താരം കരുൺ ആണെന്നു ബോൾട്ട് ചൂണ്ടിക്കാട്ടിയത്. എന്നിട്ടും സഞ്ജുവിന്റെ കാതിൽ മാത്രം ഇത് കേൾക്കുന്നില്ല.

ഐപിഎല്ലിലെ ഏറ്റവും വലിയ പരാജയമാണ് രാജസ്ഥാൻ റോയൽസിലെ മധ്യനിര ബാറ്റ്‌സ്മാൻ റയാൻ പരാഗ്. 70 ട്വന്റി ട്വന്റ് മത്സരത്തിൽ നിന്ന് നേടിയത് വെറും 1173 റൺസ്് മാത്രം. ഐപിഎല്ലിലും നിരവധി മത്സരം കളിച്ചിട്ടും രണ്ടോ മൂന്നോ ശ്രദ്ധിക്കുന്ന പ്രകടനം മാത്രം. കരുൺ നായർ നേടിയത് 150 കളിയിൽ 2989 റൺസും. സെഞ്ച്വറി അടക്കം ഇതിൽ ഉണ്ട്. 16 തവണയാണ് അമ്പതിൽ അധികം റൺസ് നേടിയത്. പോരാട്ടതിന് ഏകദിനത്തിലും ടെസ്റ്റിലും എല്ലാം കുറ്റൻ സ്‌കോർ നേടുന്ന താരം. എന്നിട്ടും കരുണിന് മുകളിലാണ് പരാഗിന് രാജസ്ഥാൻ റോൽസിൽ സ്ഥാനം. രാജസ്ഥാൻ തോറ്റ എല്ലാ കളിയിലും കരുൺ നായരെ പോലൊരു ക്ലാസ് ബാറ്റ്‌സ്മാന്റെ അഭാവം പ്രകടവുമാണ്.

ഈ സീസണിൽ രണ്ടു കളികൾ മാത്രമാണ് കരുൺ രാജസ്ഥാന് വേണ്ടി കളിച്ചത്. സമ്മർദ്ദ ഘട്ടത്തിലെത്തി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു കരുൺ നായർ. അതിന് അപ്പുറം പ്രതിഭ തെളിയിക്കാൻ അവസരം കിട്ടിയതുമില്ല. ഇവിടെയാണ് വലിയ സ്‌കോറുകൾ പടുത്തുയർത്താൻ കഴിയാതെ വിഷമിച്ചിട്ടും പരാഗ് ടീമിലെ സ്ഥിര സ്ഥാനമാകുന്നത് ചർച്ചയും ചോദ്യവുമാകുന്നത്. ബോൾട്ട് എന്ന ഇതിഹാസ താരത്തിന്റെ വാക്കുകളുടെ പ്രസക്തിയും ഇവിടെയാണ് ചർച്ചയാകേണ്ടത്.

ഒരു മൽസരത്തിൽ കരുൺ നായർക്കെതിരേ ഞാൻ ഇതുവരെ ബൗൾ ചെയ്തിട്ടില്ല. പക്ഷെ നെറ്റ്സിൽ ഞാൻ ഏതു തരത്തിലുള്ള ബൗൾ പരീക്ഷിച്ചാലും അതു വളരെ മികച്ച രീതിയിൽ നേരിടാനുള്ള കഴിവ് കരുണിനുണ്ട്. അതുകൊണ്ടു തന്നെയാണ് താൻ അദ്ദേഹത്തിന്റെ പേര് പറയുന്നതെന്നും ബോൾട്ട് വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ 15ാം സീസണിൽ രാജസ്ഥാൻ റോയൽസിനൊപ്പം ചേർന്നവരാണ് ട്രെന്റ് ബോൾട്ടും കരുൺ നായരും. മുംബൈ ഇന്ത്യൻസ് ഒഴിവാക്കിയ ശേഷമാണ് ബോൾട്ട് റോയൽസിലേക്കു വന്നത്. കരുണാവട്ടെ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിനൊപ്പമായിരുന്നു.

ബട്‌ലറും ജയ്‌സ്വാളും സഞ്ജുവും പടിക്കലും കരുൺ നായരും ഹിറ്റ്‌മെയറുമാണ് രാജസ്ഥാൻ ബാറ്റിംഗിൽ നെടുതൂണുകളാകേണ്ടത്. പ്‌ളേഫ് ഓഫിലേക്ക് കടക്കുന്ന രാജസ്ഥാന് ഇനി മുമ്പോട്ട് പോകാൻ മികച്ച ടീമിനെ തന്നെ കളിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബോൾട്ടിന്റെ വാക്കുകളുടെ പ്രസക്തി സഞ്ജുവും ടീം മാനേജ്‌മെന്റും ഉൾക്കൊള്ളേണ്ടത്.

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചു കഴിഞ്ഞ താരം കൂടിയാണ് കരുൺ. ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗിനു ശേഷം ടെസ്റ്റിൽ ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ച്വറിയടിച്ച താരമാണ് അദ്ദേഹം. 25ാം വയസ്സിൽ ഇംഗ്ലണ്ടിനെതിരേ ചെന്നൈയിൽ നടന്ന ടെസ്റ്റിലായിരുന്നു ഇത്. പുറത്താവാതെ 303 റൺസായിരുന്നു താരം നേടിയത്. പക്ഷെ ഈ ഇന്നിങ്സിനും കരുണിനെ ടീമിലെ സ്ഥിരസാന്നിധ്യമാക്കാൻ സഹായിച്ചില്ല. നിലവിൽ ഒരു ഫോർമാറ്റിലും താരം ദേശീയ ടീമിന്റെ ഭാഗമല്ല.

2013 മുതൽ ഐപിഎല്ലിന്റെ ഭാഗമാണ് കരുൺ നായർ. പക്ഷെ ഒരു ഫ്രാഞ്ചൈസിയിലും അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാവാൻ കഴിഞ്ഞില്ല. ഇതുവരെ 67 ഇന്നിങ്സുകൾ കളിച്ചിട്ടള്ള കരുൺ 23.92 ശരാശരിയിൽ ഐപിഎല്ലിൽ 1483 റൺസാണ് നേടിയത്. 128.07 ആണ് സ്ട്രൈക്ക് റേറ്റ്. 10 ഫിഫ്റ്റികൾ കരുണിന്റെ പേരിലുണ്ട. ഉയർന്ന സ്‌കോർ പുറത്താവാതെ നേടിയ 83 റൺസാണ്. 30 കാരനായ കരുൺ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയാണ് ആദ്യമായി കളിക്കുന്നത്.

2014ൽ അദ്ദേഹം രാജസ്ഥാൻ റോയൽസിലേക്കു വന്നു. 2016 മുതൽ 17 വരെ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പമായിരുന്നു. 2018-20 വരെ താരം പഞ്ചാബ് കിങ്സിനൊപ്പമായിരുന്നു. 2021ൽ കരുൺ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെത്തി. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട താരത്തെ മെഗാ ലേലത്തിൽ 1.4 കോടിക്കു രാജസ്ഥാൻ റോയൽസ് വാങ്ങുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP