Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിൻലാൻഡും സ്വീഡനും രണ്ടും കൽപിച്ച് നാറ്റോയിലേക്ക്; ബഹുജനപിന്തുണയും ഉയർന്നു; തിരിച്ചടി ഭയങ്കരമായിരിക്കുമെന്ന് റഷ്യ; ഇരുരാജ്യങ്ങൾക്കും അഭിമുഖമായി പുതിയ ആണവായുധ പോയിന്റുകൾ നിർമ്മിക്കാൻ പുടിന്റെ ഉത്തരവ്; ലോകം അസമാധാനത്തിൽ

ഫിൻലാൻഡും സ്വീഡനും രണ്ടും കൽപിച്ച് നാറ്റോയിലേക്ക്; ബഹുജനപിന്തുണയും ഉയർന്നു; തിരിച്ചടി ഭയങ്കരമായിരിക്കുമെന്ന് റഷ്യ; ഇരുരാജ്യങ്ങൾക്കും അഭിമുഖമായി പുതിയ ആണവായുധ പോയിന്റുകൾ നിർമ്മിക്കാൻ പുടിന്റെ ഉത്തരവ്; ലോകം അസമാധാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഷ്യൻ മുന്നറിയിപ്പുകളെ തൃണവൽഗണിച്ച് നാറ്റോ സഖ്യത്തിൽ ചേരാൻ തയ്യാറെടുക്കുന്ന ഫിൻലാൻഡിനും സ്വീഡനും എതിരെ പുതിയ ഭീഷണിയുമായി റഷ്യ രംഗത്തെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ടി വി ചാനലാണ് ഭീഷണിയുമായി എത്തിയിരിക്കുന്നത്. ഫിൻലാൻഡിനും സ്വീഡനും നാറ്റോയിൽ ചേർന്ന് അവരുടെ പ്രദേശങ്ങളിൽ നാറ്റോ സൈനിക താവളങ്ങൾക്ക് ഇടം നൽകിയാൽ ഈ രണ്ടു രാജ്യങ്ങൾക്കും നേരെ ആണവായുധങ്ങൾ വിന്യസിക്കും എന്നാണ് ഭീഷണി. അതേസമയം നാറ്റോയിൽ സ്വീഡൻ അംഗത്വമെടുക്കുന്നതിനോടുള്ള തങ്ങളുടെ എതിർപ്പ് ഉപേക്ഷിക്കുകയാണെന്ന് സ്വീഡന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രസ്താവിച്ചു. നാറ്റോയിൽ ചേരാനുള്ള ഉദ്ദേശ്യം ഫിൻലാൻഡ് വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഈ തീരുമാനവും വന്നത്.

ഭയം മൂലമാണ് ഈ രാജ്യങ്ങൾ നാറ്റോയിൽ ചേരുന്നതെങ്കിൽ, ചേർന്നതിനു ശേഷമായിരിക്കും അവർ കൂടുതൽ ഭയക്കേണ്ടി വരിക എന്നായിരുന്നു റഷ്യ ടി വി ചാനൽ പ്രതികരിച്ചത്. ഈ രാജ്യങ്ങളിൽ നാറ്റോ സൈന്യത്തെ വിന്യസിച്ചാൽ മേഖലയുടെ സന്തുലനാവസ്ഥ കാത്തു സൂക്ഷിക്കുന്നതിനായി റഷ്യയ്ക്ക് കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതായി വരും എന്നാണ് ടി വി ചാനൽ പറയുന്നത്. പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയിലുള്ള റഷ്യയുടെ കാലിനിൻഗ്രാഡ് മേഖലയിൽ ആണവായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് ഒരാഴ്‌ച്ച മുൻപ് റഷ്യ സെക്യുരിറ്റി കൗൺസിലിന്റെ ഡെപ്യുട്ടി ചെയർമാൻ ദിമിത്രി മെഡ്വെഡേവ് പറഞ്ഞിരുന്നു.

നാറ്റോ സഖ്യത്തെ കൂടുതൽ വിപുലപ്പെടുത്തുന്നത് തടയുക എന്നതായിരുന്നു റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന്റെ പല ലക്ഷ്യങ്ങളിൽ ഒന്ന്. എന്നാൽ, ഈ അധിനിവേശം കൊണ്ട് ഇപ്പോൾ ഉണ്ടാകുന്നത് വിപരീതഫലമാണ്. ഈ രണ്ട് സ്‌കാൻഡിനേവിയൻ രാജ്യങ്ങളും നാറ്റോ സഖ്യത്തിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ്. എം പി മാരുമായി ചർച്ച ചെയ്ത് അംഗീകാരം നേടിയശേഷം ഇന്നു തന്നെ നാറ്റോയിൽ ചേരാനുള്ള അപേക്ഷ സ്വീഡൻ സമർപ്പിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ 200 വർഷക്കാലമായി ഒരു സൈനിക സഖ്യത്തിലും ചേരാത്ത സ്വീഡൻ രണ്ടാം ലോക മഹായുദ്ധകാലത്തും തികഞ്ഞ നിഷ്പക്ഷത പുലർത്തുകയായിരുന്നു.

നാറ്റോ സഖ്യം ആരംഭിച്ച അന്നു മുതൽ തന്നെ അതിൽ ചേരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന സ്വീഡനിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആ നിലപാട് ഉപേക്ഷിച്ചിരിക്കുകയാണ്. തീരുമാനവുമായി മുന്നോട്ട് പോകുന്നതിനു മുൻപ് പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യും എന്ന് പ്രധാനമന്ത്രി മഗ്ദലന ആൻഡേഴ്സൺ പറഞ്ഞു. പാർലമെന്റിൽ ഇവർക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തീരുമാനം അനുകൂലമായിരിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. യൂറോപ്പും, സ്വീഡനും, സ്വീഡനിലെ ജനങ്ങളും ഒരു പുതിയ അപകടത്തെ അഭിമുഖീകരിക്കുന്ന കാലമാണിതെന്ന് ആൻഡേഴ്സൺ പറഞ്ഞു. സ്വീഡന്റെയും സ്വീഡിഷ് ജനതയുടെയും സുരക്ഷയ്ക്ക് ഏറ്റവും നല്ല ഉപാധി നാറ്റോ സഖ്യത്തിൽ ചേരുക എന്നതാണെന്നും അവർ പറഞ്ഞു.

പുടിൻ യുക്രെയിനിൽ അധിനിവേശം നടത്തിയിട്ട് മൂന്ന് മാസങ്ങൾ ആകുമ്പോൾ ഇതുവരെ നിഷ്പക്ഷത പാലിച്ചു പോന്ന രണ്ട് യൂറോപ്യൻ രാജ്യങ്ങൾ നാറ്റോ സഖ്യത്തിലേക്ക് പോകാനുള്ള ധീരമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇതോടെ30 അംഗങ്ങൾ ഉള്ള നാറ്റോ സഖ്യം കൂടുതൽ വിപുലപ്പെടുകയാണ്. നേരത്തേ നാറ്റോ സഖ്യത്തിൽ ചേരാനുള്ള സന്നദ്ധത ഫിൻലാൻഡ് പ്രസിഡണ്ട് സൗലി നിനിസ്റ്റോയും പ്രധാനമന്ത്രി സന മരീനും പ്രകടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ ഈ തീരുമാനത്തിന് ഫിന്നീഷ് പാർലമെന്റ് അംഗീകാരം നൽകും എന്നാണ് കരുതുന്നത്. ഫിൻലാൻഡ് അടുത്തയാഴ്‌ച്ച നാറ്റോയിൽ ചേരാനുള്ള ഔപചാരിക അപേക്ഷ നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ രണ്ടു രാജ്യങ്ങളേയും അംഗങ്ങളാക്കുന്ന കാര്യത്തിൽ തുർക്കി അവസാന നിമിഷത്തിൽ ചില എതിർപ്പുകൾ ഉന്നയിച്ചെങ്കിലും, നാറ്റോ സഖ്യം ഈ രണ്ടു രാജ്യങ്ങൾക്കും അംഗത്വം നൽകും എന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ പറഞ്ഞു. അതേസമയം, ഇവർക്ക് അംഗത്വം നൽകരുതെന്ന പിടിവാശി തുർക്കിക്കില്ലെന്നും തുർക്കിയുടെ ആശങ്കകൾ പരിഹരിച്ച് മുൻപോട്ട് പോകാൻ കഴിയുമെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് പറഞ്ഞു.

യുക്രെയിൻ നാറ്റോ സഖ്യത്തിൽ ചേരുന്നതുമായി ബന്ധപ്പെട്ടാണ് റഷ്യ യുക്രെയിൻ അധിനിവേശം ആരംഭിച്ചത്. നാറ്റോ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നതിനെതിരെ ആണ് യുദ്ധം എന്നായിരുന്നു പുടിന്റെ വാദം. ഇപ്പോൾ രണ്ട് യൂറോപ്യൻ രാജ്യങ്ങൾ കൂടി നാറ്റോയിൽ ചേരുന്നതോടെ റഷ്യയുടെ അതിർത്തിക്കടുത്തു വരെ നീളുകയാണ് നാറ്റോ സഖ്യം. റഷ്യയുമായി 830 മൈൽ അതിർത്തിയാണ് ഫിൻലാൻഡിനുള്ളത്. എന്നാൽ, ഫിൻലാൻഡ് എടുക്കുന്നത് തീർത്തും തെറ്റായ ഒരു തീരുമാനമാണ് എന്നായിരുന്നു പുടിൻ ഫിൻലാൻഡ് പ്രസിഡണ്ടിനോട് പറഞ്ഞത്.

അതേസമയം, കീവ് പിടിച്ചെടുത്ത് പാവ ഭരണകൂടത്തെ സ്ഥാപിക്കാൻ ഉദ്ദേശിച്ച് പുടിൻ നടത്തിയ അധിനിവേശം ഇപ്പോൾ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നതെന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു. ആക്രമിക്കാനെത്തിയ റഷ്യൻ സൈന്യത്തിന് ഫെബ്രുവരിയിൽ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് ആൾബലവും ആയുധബലവും നഷ്ടപ്പെട്ടു എന്നുംപാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP