Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവരം പുറത്തു വിട്ട മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; പുറത്തായവരിൽ ബ്രാഞ്ച് സെക്രട്ടറിയും; കേരളാ കോൺഗ്രസ് പാർട്ടികളിലെല്ലാം പ്രവർത്തിച്ച് കുറുമാറി ഏരിയാ കമ്മറ്റി അംഗമായ ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ സിപിഎമ്മിന്റെ പ്രകടനം: മൈലപ്ര സഹകരണ ബാങ്ക് കൊള്ളയിൽ ട്വിസ്റ്റ്

വിവരം പുറത്തു വിട്ട മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; പുറത്തായവരിൽ ബ്രാഞ്ച് സെക്രട്ടറിയും; കേരളാ കോൺഗ്രസ് പാർട്ടികളിലെല്ലാം പ്രവർത്തിച്ച് കുറുമാറി ഏരിയാ കമ്മറ്റി അംഗമായ ബാങ്ക് പ്രസിഡന്റിന്റെ വീടിന് മുന്നിൽ സിപിഎമ്മിന്റെ പ്രകടനം: മൈലപ്ര സഹകരണ ബാങ്ക് കൊള്ളയിൽ ട്വിസ്റ്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിനെ കോടികളുടെ വെട്ടിപ്പിൽ പങ്കാളിയായ പ്രസിഡന്റ് കുറ്റം മുഴുവൻ ജീവനക്കാരുടെ തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനിലായവരിൽ ഒരാൾ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി. കേരളാ കോൺഗ്രസിന്റെ സകല ബ്രാക്കറ്റുകളിലും പ്രവർത്തിച്ചതിന് ശേഷം ബാങ്ക് തട്ടിപ്പിൽ പിടിക്കപ്പെടാതിരിക്കാൻ സിപിഎമ്മിലെത്തുകയും ജില്ലാ സെക്രട്ടറിയുടെ ആശീർവാദത്തോടെ ഏരിയാ കമ്മറ്റിയംഗമാവുകയും ചെയ്ത ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ വീടിന് മുന്നിൽ സിപിഎം പന്തം കൊളുത്തി പ്രകടനം നടത്തി.

കേരളത്തിൽ നടന്ന അത്യപൂർവമായ സഹകരണ ബാങ്ക് തട്ടിപ്പാണ് മൈലപ്രയിലേത്. സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഒരു ഗോതമ്പ് സംസ്‌കരണ ഫാക്ടറി സ്ഥാപിക്കുകയും അതിലേക്ക് വകമാറ്റി 40 കോടിയോളം രൂപ തട്ടിയെടുക്കുകയുമാണ് ചെയ്ത്. മുൻ സെക്രട്ടറി ജോഷ്വ മാത്യു, പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മൻ എന്നിവരാണ് തട്ടിപ്പിന് പിന്നിൽ. മറുനാടൻ മലയാളിയാണ് ഈ വാർത്ത പുറത്തു വിട്ടത്. പിന്നാലെ മറ്റു മാധ്യമങ്ങൾ ഏറ്റെടുത്തതോടെ നിക്ഷേപകർ കൂട്ടത്തോടെ ബാങ്കിലെത്തി. അവർക്ക് പണം നൽകാൻ കഴിയാതെ വന്നതോടെ ജീവനക്കാർ ബാങ്കിനെതിരേ സമരം തുടങ്ങി. തട്ടിപ്പിന്റെ സകലനാൾ വഴികളും ജനങ്ങൾ അറിഞ്ഞു.

എന്നാൽ, ബാങ്കിന് ഒരു പ്രതിസന്ധിയുമില്ലെന്ന് വരുത്തി തീർക്കാനായിരുന്നു പ്രസിഡന്റിന്റെ ശ്രമം. ജനരോഷവും മാധ്യമവാർത്തകളുമായതോടെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ജോയിന്റ് രജിസ്ട്രാർക്കും നിൽക്കക്കള്ളിയില്ലാതെയായി. പൂഴ്‌ത്തി വച്ചിരുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തു വിടേണ്ടി വന്നു. ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിയെ പ്രതിയാക്കി കേസെടുത്തു. ഇവിടെയും സെക്രട്ടറിയുടെ രക്ഷയ്ക്ക് ഉതകും വിധമാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്. 3.94 കോടിയുടെ ക്രമക്കേട് പറഞ്ഞ ഓഡിറ്റ് റിപ്പോർട്ടിന് പിന്നാലെ എആർ നിയോഗിച്ച ഓഡിറ്ററും വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടും ക്രമക്കേടിലെ തുക വ്യത്യസ്തമായി കാണിച്ചു.

ഇതോടെ ബാങ്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോാടതി തടഞ്ഞു. സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റവുമാദ്യം വന്നു ചേരുന്നത് പ്രസിഡന്റിന്റെ പേരിലാണ്. ഇവിടെ സിപിഎം നിർദ്ദേശ പ്രകാരം പ്രസിഡന്റിനെ ഒഴിവാക്കി കോൺഗ്രസുകാരനായ മുൻ സെക്രട്ടറിയുടെ പേരിൽ മാത്രമാണ് കേസ് എടുത്തത്. തട്ടിയെടുത്ത പണം പ്രസിഡന്റും ജോഷ്വാ മാത്യുവും മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് തിരികെ അടയ്ക്കണമെന്ന ഓഡിറ്റ് നിർദ്ദേശം ചവറ്റു കൊട്ടയിൽ എറിഞ്ഞിട്ടാണ് പ്രസിഡന്റ് ബാങ്കിൽ പ്രതിസന്ധിയില്ലെന്ന് തട്ടി വിടുന്നത്. കേരളാ കോൺഗ്രസുകളുടെ വിവിധ ബ്രാക്കറ്റ് പാർട്ടികളിൽ നിന്ന് സിപിഎമ്മിൽ പ്രസിഡന്റ് രാഷ്ട്രീയ അഭയം പ്രാപിക്കാൻ തന്നെ കാരണമായത് ബാങ്ക് തട്ടിപ്പായിരുന്നു. ഇയാളെ തട്ടിപ്പിൽ രക്ഷിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സഹിതം ഇടപെടുന്നതായി ആരോപണമുണ്ട്. സിപിഎമ്മിലെ ജില്ലയിലെ പ്രമുഖന്റെ ബിനാമി നിക്ഷേപവും മൈലപ്ര ബാങ്കിലുണ്ട്.

സുപ്രധാന രേഖകൾ കടത്തിക്കൊണ്ടു പോകാൻ വന്ന പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും തടഞ്ഞു വച്ചതിനാണ് ജീവനക്കാരെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ, ഇക്കാര്യം മറച്ചു വച്ച് മറ്റു കാര്യങ്ങൾ സൂചിപ്പിച്ചാണ് സസ്പെൻഷൻ ഉത്തരവ്. മൈലപ്ര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള മൂന്നു ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി സിപിഎം പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബാങ്ക് പ്രസിഡന്റും ഏരിയാ കമ്മറ്റി അംഗവുമായ ജെറി ഈശോ ഉമ്മൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സസ്പെൻഷൻ പിൻവലിക്കുക, കുറ്റക്കാർ നിയമനടപടി നേരിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മൈലപ്ര ടൗൺ ബ്രാഞ്ച് കമ്മറ്റിയാണ് ജെറി ഈശോ ഉമ്മന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയത്.

രാഷ്ട്രീയ അഭയം തേടി സിപിഎമ്മിലെത്തിയ ജെറിയെ ചില ജില്ലാ നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. പ്രകടനത്തിന് മൈലപ്ര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി റോബിൻ തോമസ്, ലോക്കൽ കമ്മറ്റിയംഗം ജോഷ്വ കെ. മാത്യു എന്നിവർ നേതൃത്വം നൽകി. ജെറി ഈശോ ഉമ്മന്റെ വീടിന് ഗേറ്റിന് മുന്നിൽ പ്ലാക്കാർഡുകൾ തൂക്കി. പന്തം കൂട്ടിയിട്ട് കത്തിച്ചു. പ്രസിഡന്റിനെതിരേ പരസ്യ പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മറ്റികൾ ലോക്കൽ സെക്രട്ടറിയെ അറിയിച്ചിരുന്നു.

ജെറി ഈശോ ഉമ്മനെ സഹായിക്കുന്ന ജില്ലാ നേതൃത്വം സമരം ചെയ്തവർക്കെതിരേ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരെ അടക്കം സസ്പെൻഡ് ചെയ്യാനാണ് സാധ്യത.

മൈലപ്ര സഹകരണ ബാങ്ക് തകർക്കാൻ ജീവനക്കാരുടെ നേതൃത്വത്തിൽ ശ്രമമെന്ന് ബാങ്ക് പ്രസിഡന്റ്

മൈലപ്ര: സഹകരണ ബാങ്ക് തകർക്കാൻ ജീവനക്കാരുടെ നേതൃത്വത്തിൽ ചില ആളുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ അറിയിച്ചു. ജീവനക്കാരിൽ ചിലർ മനഃപൂർവം ബാങ്കിനെ കരിവാരി തേക്കുന്നു. ബാങ്കിന്റെ രേഖകൾ പുറത്തു വിടുകയും ചെയ്യുന്നുണ്ട്. നിക്ഷേപകരിൽ ഭീതി ഉയർത്തി 18 കോടി രൂപ പിൻവലിപ്പിച്ചു.

പെട്ടെന്ന് അത്രയും തുക പിൻവലിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഈ സമയത്ത് ബാങ്കിന്റെ ശാഖകൾ ഭരണസമിതിയുടെ അറിവോ സമ്മതമോ അനുവാദമോ ഇല്ലാതെ ജീവനക്കാരിൽ ചിലർ ഏകപക്ഷീയമായി ഏപ്രിൽ 18 മുതൽ അടച്ചിട്ടു. ഹെഡ് ഓഫീസിൽ എത്തി അവിടെ ശാഖകളുടെ പണമിടപാട് ഉൾപ്പെടെ ഇവർ നടത്തി. ശാഖകൾ അടച്ചിട്ടപ്പോൾ ലോൺ അടയ്ക്കുവാനും സ്വർണം പണയം വയ്ക്കുവാനും വന്നവർ ബുദ്ധിമുട്ട് അനുഭവിച്ചു. ബാങ്കിൽ അരാജകത്വമാണെന്ന് വരുത്തി തീർക്കാൻ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിൽ സമരം നടത്തി.

ബാങ്ക് ഭരണസമിതി ചേർന്ന് ശാഖകൾ തുറക്കാൻ മാനേജർമാർക്ക് കർശന നിർദ്ദേശം നൽകി. അച്ചടക്ക നടപടിയുടെ ഭാഗമായി അക്കൗണ്ടന്റ് കെ.വി. അർച്ചന, ജൂനിയർ ക്ലാർക്കുമാരായ തോമസ് ഡാനിയേൽ, പ്രിനു ടി. മാത്യൂസ് എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്നും പ്രസിഡന്റ് അറിയിച്ചു.

ഇപ്പോൾ നിക്ഷേപകരിൽ ചിലരെ തെറ്റിദ്ധരിപ്പിച്ചു ബാങ്കിനെതിരെ പ്രചാരണം നടത്തുവാനുമാണ് ഇവർ ശ്രമിക്കുന്നത്. കോവിഡ് കാലത്തു ലോൺ കുടിശിക ഇനത്തിൽ വൻ തുകയാണ് ബാങ്കിന് കിട്ടാനുള്ളത്. ഭരണസമിതി നേതൃത്വത്തിൽ ജീവനക്കാരുടെ സഹകരണത്തോടെ ഊർജിത കുടിിക നിവാരണം ശക്തമാക്കിയിരിക്കുകയാണെന്നും അതോടൊപ്പം ബാങ്കിന് ലഭിക്കുവാനുള്ള പണം ലഭ്യമാക്കുന്നതിനും ശ്രമിച്ചു വരികയാണെന്നും പ്രസിഡന്റ് അറിയിച്ചു.

സസ്പെൻഡ് ചെയ്ത ജീവനക്കാരുടെ വിവരങ്ങൾ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും ബാങ്ക് രേഖമൂലം അറിയിച്ചിട്ടുള്ളതായും പ്രസിഡന്റ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP